Image

സമ്പദ്‌വ്യവസ്ഥ കുഴപ്പത്തിലാണ്'; കാരണങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് തുടങ്ങിയെന്ന് രഘുറാം രാജന്‍

Published on 07 December, 2019
സമ്പദ്‌വ്യവസ്ഥ കുഴപ്പത്തിലാണ്'; കാരണങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് തുടങ്ങിയെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തുനിന്ന് മോദി സര്‍ക്കാരിന് കൈമാറിക്കിട്ടിയ ക്ലേശങ്ങളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അഞ്ചോളം പ്രശ്‌നങ്ങളാണ് യുപിഎ സര്‍ക്കാരിന് ശേഷം വന്ന മോദിയുടെ സര്‍ക്കാരിന് കൈമാറിക്കിട്ടിയത്. പിന്നീട് രാജ്യത്തിന് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ചത് ആ കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ടുഡെ മാസികയില്‍ ഹൗ ടു ഫിക്‌സ് എക്കണോമി എന്ന ലേഖനത്തിലാണ് രഘുറാം രാജന്‍ ഈ കാരണങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.

വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതാണ് അതില്‍ പ്രധാനപ്പെട്ടതായി രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നത്, പ്രവൃത്തികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിക്കാന്‍ താമസിക്കുന്നത് എന്നിവയാണ് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

 ഊര്‍ജോത്പാദനവും അതിന്റെ വിതരണത്തിലും നേരിടുന്ന പ്രശ്‌നങ്ങളാണ് രണ്ടാമത്തേത്. വൈദ്യുത വിതരണ കമ്പനികള്‍ കടക്കെണിയിലായിരിക്കുന്നതിനാല്‍ ഊര്‍ജോത്പാദന രംഗത്തുള്ളവര്‍ക്ക് നല്‍കാനുള്ള തുക വൈകിപ്പിക്കുകയോ വാങ്ങുന്നത് നിര്‍ത്തുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു .

വ്യവസായികള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ കിട്ടാക്കടം പെരുകി. ഇതിന്റെ ഫലമായി കൂടുതല്‍ വായ്പകള്‍ നല്‍കുന്നത് ബാങ്കുകള്‍ കുറയ്ക്കുകയും അത് വിപണിയെ ബാധിക്കുകയും ചെയ്യുന്നുവെന്നും മൂന്നാമത്തെ കാരണമായി അദ്ദേഹം പറയുന്നു.

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളാണ് നാലാമത്തേത്. ഇതില്‍ ദശകങ്ങളായി തുടര്‍ന്നുവന്ന സര്‍ക്കാര്‍ നയങ്ങളും കാരണമായെന്നാണ് അദ്ദേഹം പറയുന്നത്. ക്രമരഹിതമായ വിലയീടാക്കലും സബ്‌സിഡി നല്‍കലും ഇതിന് കാരണമായി രഘുറാം രാജന്‍ ചൂണ്ടിക്കാണിക്കുന്നു. ജലദൗര്‍ലഭ്യം നേരിടുന്ന ഒരു രാജ്യം കൃഷിക്ക് ജലം അധികമായി വേണ്ടിവരുന്ന നെല്ല് പോലെയുള്ള വിളകള്‍ കൃഷി ചെയ്ത് അത് കയറ്റുമതി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.  മുന്‍ സക്കാരുകള്‍ കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ നിയന്ത്രിക്കാനോ ഒഴിവാക്കുന്നതിലോ പരാജയപ്പെട്ടതാണ് അഞ്ചാമത്തെ കാരണമായി രഘുറാം രാജന്‍ ചൂണ്ടിക്കാണിക്കുന്നത്. 2014ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഫലപ്രദമായ നടപടികളിലൂടെ ഇടനിലക്കാരുടെ ഇടപെടല്‍ കുറച്ചു. കൃഷിയിടത്തില്‍ നിന്ന് തീന്‍മേശയിലേക്കുള്ള ഭക്ഷണത്തിന്റെ സഞ്ചാരത്തില്‍ ഇടനിലക്കാരുടെ ഇടപെടല്‍ ഗണ്യമായി കുറഞ്ഞു.

കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍, വിത്തുകള്‍, കൃഷിഭൂമി എന്നിവ ലഭ്യമാകാതിരിക്കുന്നത്, സര്‍ക്കാര്‍ കടം എഴുതി തള്ളുന്നതിനായി വിഭവങ്ങളെ ഉപയോഗിക്കുന്നത് തുടങ്ങിയവ ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. കടം എഴുതി തള്ളുന്ന രീതിയെ തെറ്റായ വിനിമയ രീതിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക