Image

ഉന്നാവ്‌, ത്രിപുര സംഭവങ്ങളില്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കാന്‍ പ്രതിപക്ഷം, അടിയന്തര യോഗം വിളിച്ച്‌ സോണിയ ഗാന്ധി

Published on 08 December, 2019
ഉന്നാവ്‌, ത്രിപുര സംഭവങ്ങളില്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കാന്‍ പ്രതിപക്ഷം, അടിയന്തര യോഗം വിളിച്ച്‌ സോണിയ ഗാന്ധി
 ന്യൂഡല്‍ഹി: ഉന്നാവിലും ത്രിപുരിയും പെണ്‍കുട്ടികളെ ചുട്ടുകൊന്ന സംഭവങ്ങളില്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കാന്‍ പ്രതിപക്ഷം.

 ഇന്ന്‌ വൈകിട്ട്‌ ആറ്‌ മണിക്ക്‌ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. പാര്‍ലമെന്റില്‍ ഏത്‌ തരത്തിലുള്ള പ്രതിഷേധം നടത്തണമെന്ന്‌ ഇന്ന്‌ നടക്കുന്ന യോഗം തീരുമാനിക്കും.

ഉന്നാവ്‌ സംഭവത്തില്‍ ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സമാന സംഭവം ത്രിപുരയിലും ആവര്‍ത്തിച്ചിരിക്കുന്നത്‌. 

രണ്ട്‌ വിഷയങ്ങളും ഉന്നയിച്ച്‌ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കാനാണ്‌ പ്രതിപക്ഷത്തിന്റെ തീരുമാനം. രാജ്യത്ത്‌ വര്‍ധിച്ചിവരുന്ന സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ്‌ പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌.

കഴിഞ്ഞ ദിവസം പ്രതിപക്ഷ എംപിമാര്‍ സംഭവം ലോക്‌സഭയില്‍ ഉന്നയിപ്പോള്‍ വിഷയം രാഷ്ട്രീയവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ആരോപിച്ചിരുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്‌, തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍ എന്നിവര്‍ മന്ത്രിയുമായി വാക്കേറ്റം ഉണ്ടാക്കിയിരുന്നു. 

ഇരുവരെയും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്‌. ഇതുസംബന്ധിച്ച പ്രമേയം നാളെ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും.

ഉന്നാവ്‌ സംഭവത്തിന്‌ സമാനമായി ത്രിപുരയിലും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ ശേഷം തീ കൊളുത്തി കൊന്നു. പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ്‌ ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്‌തത്‌. പിന്നാലെ കാമുകനും അമ്മയും ചേര്‍ന്നാണ്‌ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നത്‌. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ്‌ സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക