Image

സഹോദരിയ്ക്ക് ജോലി, കുടുംബത്തിന് സുരക്ഷ; കമ്മിഷണറുടെ ഉറപ്പില്‍ ഉന്നാവ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു

Published on 08 December, 2019
സഹോദരിയ്ക്ക് ജോലി, കുടുംബത്തിന് സുരക്ഷ; കമ്മിഷണറുടെ ഉറപ്പില്‍ ഉന്നാവ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ലഖ്‌നോ കമ്മിഷണര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുവതിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം തയ്യാറായത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാല്‍ മാത്രമേ യുവതിയുടെ മൃതദേഹം സംസ്‌കരിക്കൂവെന്ന് യുവതിയുടെ കുടുംബം അറിയിച്ചിരുന്നു.


കുടുംബത്തിന് സുരക്ഷ നല്‍കുമെന്നും വേഗത്തില്‍ വിചാരണ നടക്കുമെന്നും ഉറപ്പ് നല്‍കിയ ശേഷമാണ് മൃതദേഹം ഉച്ചയ്ക്ക് 12.30 ഓടെ സംസ്‌കരിച്ചത്.

യുവതിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സഹോദരിക്ക് ജോലി നല്‍കുമെന്നും ലഖ്‌നൗ കമ്മീഷണര്‍ മുകേഷ് മെഷ്‌റാം ഉറപ്പുനല്‍കി. യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടത് പ്രകാരം നിയമവും നടപടിക്രമവും പരിശോധിച്ച്‌ സ്വയംരക്ഷയ്ക്ക് തോക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പ്രതിനിധി ഉറപ്പു നല്‍കി.


റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗ കേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു പോയി തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉന്നാവിലെക്ക് പുറപ്പെട്ട മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് രാത്രി 9.30ക്ക് ശേഷമാണ് ഗ്രാമത്തില്‍ എത്തിയത്. രാത്രി വൈകി എത്തിയതിനാല്‍ സംസ്‌കാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക