Image

കശ്മീരില്‍ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണം; യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

Published on 08 December, 2019
കശ്മീരില്‍ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണം; യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം
ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചതും രാഷ്ട്രീയ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ഇന്ത്യന്‍ വംശജയും ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗവുമായ പ്രമീള ജയപാലും റിപ്പബ്ലിക്കന്‍ അംഗം സ്റ്റീവ് വാറ്റ്കിന്‍സും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.

അതിര്‍ത്തി കടന്നുള്ള ഭീകരത മൂലം ജമ്മു കശ്മീരില്‍ ഇന്ത്യ നേരിടുന്ന കടുത്ത സുരക്ഷാ വെല്ലുവിളികളെയും പ്രമേയം അംഗീകരിക്കുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ട് നാലുമാസത്തിലേറെയായി. മിക്ക ആളുകള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമല്ല.

ആശയവിനിമയത്തിനുള്ള ശേഷിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കാനും ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു. താഴ്!വരയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, രാജ്യാന്തര മനുഷ്യാവകാശ നിരീക്ഷകരെയും മാധ്യമപ്രവര്‍ത്തകരെയും ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനും ഇന്ത്യയിലുടനീളം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെ മതപ്രേരിതമായ എല്ലാ അക്രമങ്ങളെയും പ്രമേയം അപലപിക്കുകയും ചെയ്യുന്നു.

‘നിയമാനുസൃതമായ സുരക്ഷാ മുന്‍ഗണനകള്‍ക്കായി സ്വീകരിക്കുന്ന നടപടികള്‍ എല്ലാ ആളുകളുടെയും മനുഷ്യാവകാശങ്ങളെ മാനിക്കുന്നുവെന്നും രാജ്യാന്തര മനുഷ്യാവകാശ നിയമം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു’– പ്രമേയം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക