Image

പ്രായശ്ചിത്തം (കവിത: രാജന്‍ കിണറ്റിങ്കര)

Published on 10 December, 2019
പ്രായശ്ചിത്തം (കവിത: രാജന്‍ കിണറ്റിങ്കര)
നിര്‍ദ്ദയം
അരിഞ്ഞു തള്ളുമ്പോള്‍
ഓര്‍ത്തില്ല
ഒരിക്കല്‍
ഒരു ശൂന്യത
ബാക്കി വച്ച്
നീ പടിയിറങ്ങുമെന്ന്
എന്നാലും
ഒഴുകിയ കണ്ണീരൊക്കെയും
നിനക്ക്
നോവുമെന്നോര്‍ത്തായിരുന്നു
ഉരിഞ്ഞുകളഞ്ഞ
നിന്റെ കവചങ്ങള്‍ ഒക്കെയും
പ്രതികാരം പോലെ
കാറ്റില്‍ പാറി നടക്കുന്നുണ്ട്
സ്വന്തം കുട്ടിയുടെ
നൃത്തം കഴിഞ്ഞാല്‍
സ്‌റ്റേജിന് പുറകിലേക്കോടുന്ന
അമ്മമാരെപ്പോലെ
നീയെങ്ങോട്ടാണ്
അപ്രത്യക്ഷമായത്
നീയെന്റെ മുന്നിലുള്ളപ്പോള്‍
കണ്ണുകളാണ്
കരഞ്ഞത്
ഇന്ന് നിന്റെ
അഭാവത്തില്‍
മനസ്സാണ് കരയുന്നത്
തിരിച്ചു വരിക
ഇനിയൊരിക്കലും
നിന്നെ നോവിച്ചൊരു
മുതലക്കണ്ണീരൊഴുക്കില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക