Image

തിരുവിതാംകൂര്‍ രാജവാഴ്ചയുടെ അസ്തമയവും ജനാധിപത്യത്തിന്റെ ഉദയവും (ജോസഫ് പടന്നമാക്കല്‍)

Published on 10 December, 2019
തിരുവിതാംകൂര്‍ രാജവാഴ്ചയുടെ അസ്തമയവും ജനാധിപത്യത്തിന്റെ ഉദയവും (ജോസഫ് പടന്നമാക്കല്‍)
 ഇന്‍ഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കില്‍ തിരുവിതാംകൂര്‍ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീരുമാനങ്ങള്‍ അഭിമാനിക്കത്തക്കതാണെന്ന്  നമുക്കു മനസിലാക്കാന്‍ സാധിക്കും.  നാട്ടുരാജ്യങ്ങളില്‍ ഒരു നിയമനിര്‍മ്മാണ സഭ നിലവിലുണ്ടായിരുന്ന ഏക രാജ്യവും തിരുവിതാംകൂറായിരുന്നു. ആറു ഔദ്യോഗിക അംഗങ്ങളും രണ്ടു അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെട്ട ഒരു നിയമ കൗണ്‍സില്‍ 1888ല്‍ തിരുവിതാകൂറിലുണ്ടായിരുന്നു. പിന്നീട് 1898ല്‍ നിയമോപദേശകരുടെ അംഗംസംഖ്യ എട്ടുമുതല്‍ പതിനഞ്ചു വരെ വര്‍ദ്ധിപ്പിക്കുകയുണ്ടായി. അവരില്‍ അഞ്ചില്‍ രണ്ടുപേര്‍ അനൗദ്യോഗമായുള്ളവരുമായിരുന്നു. ഒരു തിരഞ്ഞെടുപ്പിനെ അക്കാലങ്ങളില്‍ അംഗീകരിച്ചിരുന്നില്ല. 1920ലും 1922 ലും രാജ്യത്തിന്റെ നിയമങ്ങളെ സംബന്ധിച്ച് പരിഷ്ക്കാരങ്ങളുണ്ടായിരുന്നു.

1932ല്‍ തിരുവിതാംകൂര്‍ രാജാവായി കിരീട ധാരണം ചെയ്ത ശ്രീ ചിത്തിര തിരുന്നാളിന്റെ ഭരണകാലത്ത് വിപ്‌ളവപരമായ നിരവധി നിയമ പരിഷ്ക്കാരങ്ങളും നടപ്പിലാക്കിയിരുന്നു. നിയമ നിര്‍മ്മാണ സഭകളെ ശ്രീ മൂലം അസംബ്ലിയെന്നും ശ്രീ ചിത്തിര സ്‌റ്റേറ്റ് കൗണ്‍സില്‍ എന്നും രണ്ടായി തിരിച്ചിരുന്നു. 1932ല്‍ നിയമ സഭകളുടെ ഭരണ പരിഷ്ക്കാരങ്ങളില്‍ തൃപ്തരല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ നിവര്‍ത്തന പ്രസ്ഥാനമെന്ന സംഘടന രൂപീകരിച്ചു. അന്നത്തെ ജനസംഖ്യയില്‍ ക്രിസ്ത്യാനികളും ഈഴവരും മുസ്ലിമുകളും മൊത്തം ജനസംഖ്യയുടെ  എഴുപതു ശതമാനം ഉണ്ടായിരുന്നെങ്കിലും നിയമ നിര്‍മ്മാണ സഭകളിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും നായന്മാരും മറ്റു സവര്‍ണ്ണ ജാതികളുമായിരുന്നു. വസ്തു ഉള്ളവര്‍ക്കു മാത്രം നിയമ സഭയില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നതിനാല്‍! നായന്മാര്‍ക്ക് അതൊരു നേട്ടമായിരുന്നു. രാജ്യം മുഴുവന്‍ ഭരണസ്വാതന്ത്ര്യം അനുഭവിക്കുന്നതും നിയന്ത്രിക്കുന്നതും നായന്മാര്‍ മാത്രമായിരുന്നു. ഈഴവരും മതന്യുന പക്ഷങ്ങളും അസംബ്‌ളി അംഗത്വം തങ്ങളുടെ ജനസംഖ്യയുടെ  അനുപാതത്തില്‍ വേണമെന്നു ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെവികൊള്ളുന്നില്ലായിരുന്നു. അതുമൂലം ഈഴവരും മറ്റു മത ന്യുന പക്ഷങ്ങളും വോട്ടിങ്ങില്‍ നിന്ന് വേറിട്ടുനിന്നുകൊണ്ടു പ്രതിക്ഷേധങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു.

1938ല്‍ ഹരിപുരയില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍, രാജാക്കന്മാര്‍ ഭരിക്കുന്ന  സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും പാര്‍ട്ടി അവരുടെ പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ  അകന്നുനില്‍ക്കാനും  തീരുമാനിച്ചിരുന്നു.  തിരുവിതാംകുര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സും അതേ വര്‍ഷം സ്ഥാപിതമായി. 1930ലെ കാര്‍ഷിക തൊഴിലാളി മുന്നേറ്റം രാഷ്ട്രീയത്തില്‍ ഇടതുമുന്നണികള്‍ ജന്മമെടുക്കാന്‍ കാരണമായി. അത്, പിന്നീട് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന സംഘടനയായി മാറുകയും ചെയ്തു. മലബാറിലെ ദേശീയ മുസ്ലിമുകള്‍ ഇടതു മുന്നണികള്‍ക്ക് പിന്തുണ കൊടുക്കുകയുമുണ്ടായി. ട്രാവന്‍കുര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദിവാന്‍ ഭരണം അവസാനിപ്പിക്കണമെന്നുള്ള സമരങ്ങളും ആരംഭിച്ചു. എന്നാല്‍ ഗാന്ധിജി ഇടപെട്ട് അങ്ങനെയൊരു തീരുമാനത്തില്‍നിന്നും സ്‌റ്റേറ്റ് കോണ്‍ഗ്രസിനെ പിന്‍വലിപ്പിച്ചു. ഇത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ വിഭജനത്തിനു കാരണമായി. അന്ന്, ഇടതു ചായ്'വുള്ള യുവാക്കള്‍ ഒത്തുകൂടി സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയുമുണ്ടായി.

തിരുവിതാംകൂറിനെ സംബന്ധിച്ചടത്തോളം സ്വാതന്ത്ര്യം നേടിയശേഷമുള്ള അധികാര കൈമാറ്റം സമാധാന പൂര്‍വമായിരുന്നില്ല. 1946 ഒക്ടോബര്‍ മാസം തിരുവിതാംകൂറില്‍ എവിടെയും അക്രമങ്ങള്‍കൊണ്ട് പുകയുകയായിരുന്നു. സര്‍ സിപി യുടെ കിരാത പോലീസു വേട്ടയ്ക്കും ഭരണത്തിനുമെതിരായുള്ള കാര്‍ഷിക തൊഴിലാളികളുടെ വാരിക്കുന്തവുമേന്തിയുള്ള സമരം തിരുവിതാംകൂറിനെ രക്തഭൂമിയായ ഒരു രാജ്യമാക്കി മാറ്റിയിരുന്നു. 1947ല്‍ സ്വാതന്ത്ര്യം നേടിയശേഷം തിരുവിതാംകൂര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള, സര്‍വ്വാധികാര സ്വതന്ത്ര രാഷ്ട്രമായിരിക്കുമെന്ന് സര്‍ സിപി പ്രഖ്യാപിച്ചു. സിപിയുടെ ഈ പ്രഖ്യാപനം ജനങ്ങളെ പ്രകോപ്പിക്കുകയും ഒടുവില്‍ അദ്ദേഹത്തിന്റെ വധശ്രമം വരെ എത്തുകയുമുണ്ടായി. സി.പി.  രഹസ്യമായി രാജ്യം വിടുകയും ചെയ്തു.

ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം ജനകീയമായ ഒരു സര്‍ക്കാരിന്റെ ആവശ്യമുന്നയിച്ചുകൊണ്ട് നാടിന്റെ നാനാ ഭാഗത്തുനിന്നും ശബ്ദതരംഗങ്ങള്‍ ഉയര്‍ന്നിരുന്നു. 1947 സെപ്റ്റംബര്‍ നാലാം തിയതി തിരുവിതാംകൂറില്‍ ഒരു ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായുള്ള രാജ വിളംബരമുണ്ടായി. പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ടാവകാശം നിശ്ചയിച്ചുകൊണ്ട് ഒരു അസംബ്ലി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് 1948 ഫെബ്രുവരിമാസത്തില്‍ തിരുവിതാംകൂറിലെ 120 അസംബ്ലി മണ്ഡലങ്ങളിലായി ആദ്യത്തെ തിരഞ്ഞെടുപ്പ് നടത്തി. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പുമായിരുന്നു അത്. കോണ്‍ഗ്രസിനു 97 സീറ്റും തമിഴ്‌നാട് കോണ്‍ഗ്രസ് 14 സീറ്റുകളും നേടി കോണ്‍ഗ്രസ് ഭൂരിപക്ഷ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴു സീറ്റുകളില്‍ നിരോധിച്ചിരുന്ന കമ്മ്യുണിസ്റ്റുകള്‍ പാര്‍ട്ടി ലേബലില്ലാതെ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടിയില്ല.

1948 മാര്‍ച്ച് ഇരുപത്തിനാലാം തിയതി അസംബ്ലിയെ നിയമങ്ങള്‍ രൂപീകരിക്കാനുള്ള ലെജിസ്ലേറ്റീവ് അസംബ്ലിയായി രാജാവ് പ്രഖ്യാപിച്ചു. താല്‍ക്കാലികമായി ഒരു സര്‍ക്കാര്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടു. ചില പ്രധാനപ്പെട്ട വകുപ്പുകള്‍ രാജാവ് സ്വന്തം ചുമതലയില്‍ വഹിച്ചുകൊണ്ട് മറ്റു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ചുമതല താല്‍ക്കാലിക സര്‍ക്കാരിനു നല്‍കാനും തീരുമാനിച്ചു. 1948 മാര്‍ച്ച് ഇരുപത്തിനാലാം തിയതി പട്ടം താണുപിള്ള തിരുവിതാംകൂറിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി ചുമതലയെടുത്തു. സി.കേശവനും ടി.എം. വര്‍ഗീസും ഉള്‍പ്പടെ മൂന്നംഗ മന്ത്രിസഭാ കവടിയാര്‍ കൊട്ടാരത്തില്‍ മഹാരാജാവിന്റ മുമ്പാകെ സത്യപ്രതിജ്ഞയും  ചെയ്തു. രാജകീയ ഭരണം അവസാനിപ്പിച്ച് ഒരു ജനാധിപത്യ സംവിധാനത്തിലുള്ള സര്‍ക്കാരിന്റെ തുടക്കമായിരുന്നു അത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായും തിരുവിതാംകൂര്‍ അറിയപ്പെട്ടു. പട്ടം താണുപിള്ളയുടെ മന്ത്രിസഭ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. മന്ത്രിമാര്‍ മൂന്നുപേരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായി തീര്‍ന്നു. ആരാണ് വലിയവനെന്നുള്ള പേഴ്‌സണാലിറ്റി കോംപ്ലക്‌സ് ഒരു കാരണമായിരുന്നു. നായര്‍, ക്രിസ്ത്യന്‍, ഈഴവ എന്നുള്ള ചേരി തിരിവും ആരംഭിച്ചു. മൂന്നംഗം മാത്രമുള്ള മന്ത്രിസഭയ്ക്ക് ശരിയായി ഭരിക്കാനും സാധിക്കുന്നില്ലായിരുന്നു. വര്‍ഗീയതയും ചേരി തിരിഞ്ഞുള്ള കളിയും തുടങ്ങി. ടി.എം.വര്‍ഗീസിനെതിരെ ശക്തമായ ഒരു ഗ്രുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ടി.എം. വര്‍ഗീസിനെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട ഒരു നേതാവ് അക്കാലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തെ വര്‍ഗീയവാദിയും സൂത്രശാലിയുമായി പ്രതിയോഗികള്‍ വിലയിരുത്തിക്കൊണ്ടിരുന്നു. നിഷ്കളങ്കനും ആത്മാര്‍ത്ഥതയുള്ളവനും ജനങ്ങളെ സ്‌നേഹിക്കുന്നവനുമായ ഒരു നേതാവായിരുന്നു അദ്ദേഹം.

അന്ന് ദേശീയ ലെവലില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഘടകം തിരുവിതാംകൂറില്‍ രൂപീകരിച്ചിട്ടില്ലായിരുന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായ പട്ടം താണുപിള്ള ഏകാധിപത്യ മനോഭാവമാണ് പുലര്‍ത്തിയിരുന്നത്. സി.കേശവനോടോ, ടി.എം. വര്‍ഗീസിനോടോ ആലോചിക്കാതെ തീരുമാനങ്ങള്‍ മുഴുവന്‍ പട്ടം താണുപിള്ള സ്വയം നിര്‍വഹിച്ചുകൊണ്ടിരുന്നു. എങ്കിലും പട്ടത്തിന്റെ ഏകാധിപത്യത്തിന്റെ പേരില്‍ ടി.എം. വര്‍ഗീസോ സി. കേശവനോ മന്ത്രിസഭയില്‍ നിന്നും രാജി വെക്കാന്‍ മുതിര്‍ന്നില്ല. നിശബ്ദമായി ക്യാബിനറ്റിന്റെ അന്തസ് കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചു.

സ്വാതന്ത്ര്യ സമര പോരാളിയായ സി. കേശവന്‍ സാവധാനം പട്ടം തണുപിള്ളയുടെ ഏകാധിപത്യ പ്രവണതയെ എതിര്‍ക്കാന്‍ തുടങ്ങി. അങ്ങനെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ആരംഭിച്ചു. 1948 ഒക്ടോബര്‍ ഒമ്പതാം തിയതി ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് 'കേരളാ പ്രദേശ് കോണ്‍ഗ്രസ്സ്' എന്ന ലേബലില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് പട്ടം മന്ത്രിസഭ രാജി വെക്കാനും പ്രമേയം പാസാക്കി. എന്നാല്‍ പട്ടം താണുപിള്ള രാജി വെക്കാന്‍ തയ്യാറായില്ല. പാര്‍ട്ടിയുടെ അച്ചടക്കത്തിനും പാര്‍ട്ടി വിഭജിക്കുന്നതിനും അത് കാരണമായി. പട്ടം താണുപിള്ളയ്ക്ക് ഭൂരിപക്ഷം അസംബ്ലിയുടെ പിന്തുണയുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ള 'നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ' തീരുമാനം തിരസ്ക്കരിച്ചതുമൂലം സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് അസംബ്ലിയില്‍ പട്ടം താണുപിള്ളയ്‌ക്കെതിരെ അവിശ്വസപ്രമേയം കൊണ്ടുവന്നു. ആ സാഹചര്യത്തില്‍ പട്ടം താണുപിള്ള 1949 ഒക്ടോബര്‍ പതിനേഴാം തിയതി മുഖ്യമന്ത്രിപദം രാജി വെച്ചു.

പട്ടം താണുപിള്ള രാജി വെച്ചയുടന്‍ പറവൂര്‍ ടി.കെ. നാരായണപിള്ളയെ കോണ്‍ഗ്രസ്സ് നിയമസഭാ കഷിയുടെ നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം എ.ജെ ജോണ്‍, കെ.ആര്‍ ഇലങ്കത്ത്, വി.ഓ.മാര്‍ക്കോസ്, എന്‍.കുഞ്ഞുരാമന്‍, ഇ.കെ. മാധവന്‍ എന്നിവര്‍ അംഗങ്ങളായി മന്ത്രി സഭ രൂപീകരിച്ചു. ആര്‍.വി. തോമസിനെ നിയമസഭയുടെ സ്പീക്കറായും തിരഞ്ഞെടുത്തു. 1948 ഒക്ടോബര്‍ ഇരുപത്തിരണ്ടാം തിയതി പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയും ചെയ്തു. പുത്തനായി രൂപീകരിച്ച രാഷ്ട്രീയ സംവിധാനത്തില്‍ പട്ടം താണുപിള്ളയ്ക്ക് യാതൊരു സ്ഥാനവും കൊടുക്കാഞ്ഞതിനാല്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടി വിടുകയും 'പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി' എന്ന ഒരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

1948 ഡിസംബറില്‍ 'ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ്' എന്ന പ്രാദേശിക പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ചേര്‍ന്നു. സി.കേശവന്‍ പ്രസിഡണ്ടായി ട്രാവന്‍കൂര്‍ ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ്സ് രൂപീകരിക്കുകയുമുണ്ടായി. സമുദായ സൗഹാര്‍ദ്ദത്തോടെ ഭരണം നിര്‍വഹിക്കാന്‍ പറവൂര്‍ ടി.കെ. നാരായണപിള്ള അങ്ങേയറ്റം ശ്രമിക്കുന്നുണ്ടായിരുന്നു. മന്ത്രിസഭയ്ക്ക് നായന്മാരുടെയും ഈഴവരുടെയും സഹകരണം ലഭിക്കാന്‍ അങ്ങേയറ്റം നയതന്ത്രരൂപേണ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. മന്നത്തു പത്ഭനാഭനെയും ആര്‍. ശങ്കറെയും ദേവസ്വം ബോര്‍ഡിന്റെ ചുമതല ഏല്‍പ്പിച്ചു. എന്നാല്‍ ഈ നിയമനം കൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. മന്നത്തിന്റെയും ശങ്കറിന്റെയും വാചാലമായ പ്രസംഗങ്ങള്‍ സര്‍ക്കാരിനെ ക്രിസ്ത്യന്‍ സര്‍ക്കാരായി ചിത്രീകരിച്ചു. ദേവസ്വം ബോര്‍ഡിന്റെ ചുമതലക്കാരെന്ന നിലയില്‍ അവര്‍ ഹിന്ദുക്കളെ സംഘടിപ്പിച്ച് മന്ത്രിസഭയുടെ പേരില്‍ അങ്ങനെയൊരു വൈകാരികത സൃഷ്ടിച്ചു. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മുഴുവന്‍ ജാതി വര്‍ഗീയത സൃഷ്ടിക്കാന്‍ ഇവര്‍ക്കു  സാധിച്ചു.

1949 ജൂലൈ ഒന്നാം തിയതി സര്‍ദാര്‍ പട്ടേലിന്റെയും വി.പി.മേനോന്റെയും നേതൃത്വത്തില്‍ തിരുവിതാംകൂറും കൊച്ചിയും രാജ്യങ്ങള്‍ തമ്മില്‍ സംയോജനം നിലവില്‍വന്നു. അക്കാലത്ത് അനേകം നാട്ടുരാജ്യങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്ന ശ്രമത്തിലുമായിരുന്നു. തിരുവിതാംകൂര്‍ രാജാവ് രാജപ്രമുഖനായി സ്ഥാനമേറ്റെടുത്തു. പറവൂര്‍ ടി.കെ. നാരായണ പിള്ളയുടെ നേതൃത്വത്തില്‍ തിരുകൊച്ചിയുടെ ആദ്യത്തെ മന്ത്രിസഭയും സ്ഥാനാരോഹിതരായി. ഈ.ജോണ്‍ ഫിലിപ്പോസ്, കുഞ്ഞിരാമന്‍, ആനി മസ്ക്രീന്‍, ഇ.കെ. മാധവന്‍, ഇക്കണ്ട വാരിയര്‍, കെ. അയ്യപ്പന്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, റ്റി.എ. അബ്ദുള്ള എന്നിവര്‍ സഹമന്ത്രിമാരുമായിരുന്നു. പിന്നീട് റ്റി.എ.അബ്ദുള്ളയും, ആനി മസ്ക്രീനിനും, കെ. അയ്യപ്പനും മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചു. ജോണ്‍ പീലിപ്പോസിനെതിരെ ചില കുറ്റാരോപണങ്ങള്‍ ഉണ്ടാവുകയും അതുമൂലം ആനി മാസ്ക്രീന്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തോട് രാജി വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തില്‍ ക്യാബിനറ്റിന് സ്വതന്ത്രമായ തീരുമാനം എടുക്കാന്‍  സാധിക്കാത്തതിനാല്‍ പറവൂര്‍ ടി. കെ. നാരായണപിള്ളയുടെ മന്ത്രിസഭ 1951 ഫെബ്രുവരി ഇരുപത്തിനാലാം തിയതി രാജി വെക്കുകയും ചെയ്തു.

1951 ഫെബ്രുവരി ഇരുപത്തിയെട്ടാം തിയതി സി കേശവനെ അസംബ്ലിയുടെ നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം ഇല്ലാതാക്കാന്‍ സി കേശവന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. ക്യാബിനറ്റിന്റെ ഐക്യമത്യവും അദ്ദേഹം ആഗ്രഹിച്ചു. നിയമസഭയിലെ പ്രഗത്ഭരായ എ.ജെ.ജോണിനെയും ടി.കെ.നാരായണപിള്ളയെയും പനമ്പള്ളി ഗോവിന്ദമേനോനെയും മന്ത്രിസഭയില്‍ ചേര്‍ത്തു. എന്നാല്‍ സി കേശവന്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങിയില്ല. പനമ്പള്ളിയെ  ക്യാബിനറ്റില്‍ എടുത്തതില്‍ എ. ജെ. ജോണും പറവൂര്‍ ടി.കെ. നാരായണപിള്ളയും എതിര്‍ത്തു. പനമ്പള്ളിയും അതുപോലെ ജോണും പറവൂര്‍ ടികെയും മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഇഷ്ടപ്പെട്ടില്ല. ഈ രാഷ്ട്രീയക്കളരിയില്‍ സി. കേശവന് ഒന്നുകില്‍ എ.ജെ ജോണിനെയും പറവൂര്‍ ടി.കെ നാരായണ പിള്ളയെയും മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യുകയോ അല്ലെങ്കില്‍ പനമ്പള്ളിയെ  പുറത്താക്കുകയോ ചെയ്യണമായിരുന്നു. അദ്ദേഹം ഒരു വ്യക്തമായ തീരുമാനമെടുക്കാനാവാതെ പനമ്പള്ളിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാവുകയും ചെയ്തു.

പനമ്പള്ളിയും പാര്‍ട്ടിയും തമ്മില്‍ ഇടയാന്‍ തുടങ്ങി. കൊച്ചി രാജ്യവും തിരുവിതാംകൂറും തമ്മിലുള്ള പ്രാദേശിക നിലവാരങ്ങളിലുള്ള രാഷ്ട്രീയ ചിന്താഗതികള്‍ ഉടലെടുക്കാനും തുടങ്ങി. കൊച്ചിയിലെ എം.എല്‍.എ മാര്‍ ഒന്നായി സി.കേശവനെതിരെ റാലി സംഘടിപ്പിച്ചു. പനമ്പള്ളി ഒഴിച്ച് ആരെ വേണമെങ്കിലും കൊച്ചിയില്‍ നിന്നു മന്ത്രി സഭയില്‍ ചേര്‍ക്കാമെന്നു സി കേശവന്‍ പ്രഖ്യാപിച്ചു. എന്നാല്‍ കൊച്ചിയിലെ എംഎല്‍എ മാര്‍ അത് തിരസ്ക്കരിക്കുകയും പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സഹായം തേടുകയും ചെയ്തു.

ഹൈക്കമാന്റ് പ്രാദേശിക പ്രശ്‌നത്തിന് ഇടപെടരുതെന്നു സി.കേശവന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ കൊച്ചിയില്‍ നിന്നുള്ള പതിനെട്ട് എം.എല്‍.എ മാര്‍ സി കേശവന്‍ മന്ത്രിസഭയ്‌ക്കെതിരെ വോട്ടു ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഡെമോക്രറ്റിക്ക് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ മന്നത്തു പത്ഭനാഭനും ആര്‍ ശങ്കറും സി കേശവന്റെ മന്ത്രിസഭയെ പിന്താങ്ങി. പനമ്പള്ളിയ്ക്കു പകരം കൊച്ചിയില്‍ നിന്നുള്ള മറ്റേതെങ്കിലും എം.എല്‍.എ യെ മന്ത്രിസഭയില്‍ എടുക്കുന്നതിന് യോജിക്കുകയും ചെയ്തു. എങ്കിലും എ.ജെ. ജോണും പറവൂര്‍ ടി.കെ. നാരായണ പിള്ളയും രാജി വെക്കണമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. കോണ്‍ഗ്രസ്സിന്റെ ഐക്യമത്യം ആവശ്യമെന്ന് ഹൈക്കമാന്‍ഡിന് തോന്നി. അതനുസരിച്ച് എ.ജെ.ജോണും പറവൂര്‍ റ്റീ.കെയും മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. മന്ത്രിസഭ ഉടച്ചു വാര്‍ക്കുകയും പുതിയ മന്ത്രിമാരായി കുട്ടി കൃഷ്ണമേനോന്‍, എല്‍.എം പൈലി, എന്നിവരെ കൊച്ചിയില്‍നിന്നും കെ.എം കോര, സി. ചന്ദ്ര ശേഖരപിള്ള എന്നിവരെ മന്ത്രിമാരായി തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തു.

1950 ജനുവരി ഇരുപത്തിയാറാം തിയതി ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് രാഷ്ട്രമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് 19511952 ല്‍ പട്ടംതാണുപിള്ള പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയ സംഘടന രൂപീകരിച്ചിരുന്നു. മന്നത്തു പത്മനാഭനും ആര്‍ ശങ്കറും നേതാക്കന്മാരായി ഡെമോക്രറ്റിക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചിട്ടുണ്ടായിരുന്നു.

1952 ആരംഭത്തോടെ ഇന്ത്യയുടെ ദേശീയ ലവലിലുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും അസംബ്ലി തിരഞ്ഞെടുപ്പുകളും നടന്നു. ഇരുപത്തിയൊന്നു വയസായിരുന്നു വോട്ടുചെയ്യാനുള്ള പ്രായപരിധി.   തിരുകൊച്ചിയിലും 1951 അവസാനത്തോടെയും 1952 ആരംഭത്തോടെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നുണ്ടായിരുന്നു. 108 അസംബ്ലി സീറ്റുകളിലും പന്ത്രണ്ടു പാര്‍ലമെന്റ് സീറ്റുകളിലും തിരഞ്ഞെടുപ്പ് തകൃതിയായി നടന്നു. കോണ്‍ഗ്രസിന് 44 സീറ്റും സോഷ്യലിസ്റ്റുകള്‍ക്ക് പതിനൊന്നും ബാക്കി 53 പേര്‍ സ്വതന്ത്രരായവരും തിരഞ്ഞെടുപ്പില്‍ വിജയിച്ചു. കമ്മ്യുണിസ്റ്റുകാരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നതുകൊണ്ടു അവര്‍ക്ക് സ്വന്തം ലേബലില്‍ മത്സരിക്കാന്‍ സാധിക്കില്ലായിരുന്നു. തന്മൂലം സ്വതന്ത്രരായി അവര്‍ മത്സരിച്ചു. സ്വതന്ത്രരില്‍ പകുതിയില്‍ കൂടുതലും കമ്മ്യുണിസ്റ്റുകാരായിരുന്നു. എട്ടുപേര്‍ തമിഴ്‌നാട് കോണ്‍ഗ്രസ്സും ആറു പേര്‍ ആര്‍.എസ്പി പാര്‍ട്ടിയിലുള്ളവരുമായിരുന്നു.  സ്വതന്ത്രരുടെയും തമിഴ്‌നാട് കോണ്‍ഗ്രസിന്റെയും പിന്തുണയോടെ എ.ജെ. ജോണിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. അസംബ്ലിയില്‍ എ.ജെ. ജോണ്‍ രണ്ടു വോട്ടിനു പനമ്പള്ളിയെ തോല്‍പ്പിച്ചാണ് നേതൃത്വം കരസ്ഥമാക്കിയത്.

1952 മാര്‍ച്ച് പന്ത്രണ്ടാം തിയതി എ.ജെ. ജോണ്‍ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി സഭയില്‍ പനമ്പള്ളി ഗോവിന്ദ മേനോന്‍, ടി.എം. വര്‍ഗീസ്, കളത്തില്‍ വേലായുധന്‍ നായര്‍, വി. മാധവന്‍, കെ. കൊച്ചുകുട്ടന്‍ എന്നിവര്‍ മന്ത്രിമാരായിരുന്നു. തമിഴ്‌നാട് കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് ചിദംബര നാടാരും ക്യാബിനറ്റിലുണ്ടായിരുന്നു. ജോണ്‍ മന്ത്രിസഭയും അധിക കാലം നീണ്ടു നിന്നില്ല. തമിഴ്‌നാട് കോണ്‍ഗ്രസ്സ്, തെക്കുള്ള തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ മദ്രാസുമായി ചേരണമെന്ന് ആവശ്യപ്പെട്ടു. തെക്കുള്ളവര്‍ കൂടുതല്‍ ജനങ്ങളും തമിഴ് സംസാരിക്കുന്നതായിരുന്നു കാരണം. തമിഴ്‌നാട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുകയും 'ചിദമ്പര നാടാര്‍' മന്ത്രി സ്ഥാനം രാജി വെക്കുകയുമുണ്ടായി. തമിഴ് നാട് കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ മന്ത്രിസഭ പുറത്താവുകയുമുണ്ടായി.അങ്ങനെ, ഭാഷാപ്രശ്‌നത്തിന്റെ പേരില്‍ എ.ജെ. ജോണ്‍ മന്ത്രിസഭ അവിശ്വാസ പ്രമേയത്തിലൂടെ താഴെ വീണു. താല്‍ക്കാലിക സര്‍ക്കാരായി മന്ത്രിസഭ തുടര്‍ന്നു.

1954 ഫെബ്രുവരിയില്‍ തിരുകൊച്ചിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്നു. അപ്രാവിശ്യം മൊത്തം 118 അസംബ്ലി മണ്ഡലങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ്സ് 45, തമിഴ്‌നാട് കോണ്‍ഗ്രസ്സ് 12, പിഎസ്പി 19, കമ്മ്യൂണിസ്റ്റ് 23, ആര്‍എസ്പി 9, കെ.എസ് പി മൂന്ന് എന്നിങ്ങനെയായിരുന്നു, അന്നത്തെ  കക്ഷി നില!തിരഞ്ഞെടുപ്പിനുമുമ്പ് പിഎസ്പിയും കോണ്‍ഗ്രസും തമ്മില്‍ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തില്‍ ഒരു ധാരണയുണ്ടായിരുന്നെങ്കിലും പിഎസ്പി കോണ്‍ഗ്രസിനെ പിന്താങ്ങുന്നതില്‍നിന്നും പിന്‍വാങ്ങിയിരുന്നു. രാഷ്ട്രീയ അനശ്ചിതത്വം ഉണ്ടായിരുന്നതിനാല്‍ 'കോണ്‍ഗ്രസ്സ്' പിഎസ്പിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പിന്താങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഒരു നാലംഗ മന്ത്രിസഭ നിലവില്‍ വന്നു. ഗവണ്‍മെന്റിന്, കോണ്‍ഗ്രസില്‍നിന്നും തമിഴ്‌നാട് കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഗവണ്‍മെന്റ് എന്‍.എസ്.എസ്‌നു ശരിയായ പ്രാതിനിധ്യം   കൊടുത്തില്ലെന്നായിരുന്നു ഒരു പ്രധാന കാരണം. ആറു കോണ്‍ഗ്രസ്സ് എം.എല്‍.എ മാരുടെ സഹായത്തോടെ തമിഴ്‌നാട് കോണ്‍ഗ്രസ്സ് അവിശ്വാസ പ്രമേയം കൊണ്ടുവരുകയും മന്ത്രിസഭ താഴെ വീഴുകയും 1956ല്‍ മന്ത്രിസഭാ രാജി വെക്കുകയുമുണ്ടായി. ഇതിനിടയില്‍ രണ്ടു പിഎസ്പി ക്കാര്‍ കോണ്‍ഗ്രസിനെ പിന്താങ്ങി. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ സഹായത്തോടെ പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ അഞ്ചംഗ മന്ത്രിസഭ തിരുകൊച്ചിയില്‍ നിലവില്‍ വന്നു. പനമ്പള്ളി മന്ത്രിസഭയും നിലനില്‍ക്കാതെ വന്നപ്പോള്‍ തിരുകൊച്ചിയില്‍ പ്രസിഡന്റ് ഭരണം നടപ്പാക്കി. പി.എസ്. റാവു രാജപ്രമുഖന്റെ ഉപദേശകനായി ഭരണം തുടര്‍ന്നു.

1956 നവംബര്‍ ഒന്നാം തിയതി തിരുകൊച്ചിയും മലബാറും യോജിച്ചുകൊണ്ട് കേരളാസ്‌റ്റേറ്റ് നിലവില്‍ വന്നു. കേരളാ പുനഃസംഘടനയില്‍ കേരളത്തിന് തെക്കുള്ള പ്രദേശങ്ങള്‍ തമിഴ്‌നാടിന്റെ ഭാഗങ്ങളായി തീര്‍ന്നു. തോവാള, അഗസ്തീശ്വരം, കാല്‍ക്കുളം, വിളവിന്‍കോട്, മുതലായ നാഞ്ചനാടന്‍ പ്രദേശങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ മലബാറും കാസര്‍കോട് താലൂക്കും കണ്ണൂരും കേരളത്തിനു ലഭിച്ചു.

1957ല്‍ കേരളം രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള നിയമസഭയിലെ വലിയ കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് സ്വതന്ത്രരുടെ സഹായവും വേണ്ടി വന്നു. കോണ്‍ഗ്രസ്സ് 43, കമ്മ്യുണിസ്റ്റ് 60, പിഎസ്പി 9, മുസ്ലിം ലീഗ് 8, അഞ്ചു കമ്യുണിസ്റ്റ് അനുഭാവികളായ സ്വതന്ത്രര്‍, മറ്റൊരു സ്വതന്ത്രന്‍ എന്നിങ്ങനെയായിരുന്നു കഷി നില. 1957 ഏപ്രില്‍ അഞ്ചാം തിയതി ഇ.എം.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ടിവിതോമസ്, അച്യുതമേനോന്‍, കെ.സി. ജോര്‍ജ്, ജോസഫ് മുണ്ടശേരി, എ.ആര്‍. മേനോന്‍, കെ.പി. ഗോപാലന്‍, വി.ആര്‍.കൃഷ്ണയ്യര്‍, ടി.എ. മജീദ്, പി.കെ. ചാത്തന്‍, കെ.ആര്‍. ഗൗരി എന്നിവര്‍ ക്യാബിനറ്റ്  മന്ത്രിമാരുമായിരുന്നു. 28 മാസമേ ഈ മന്ത്രി സഭ ഭരിച്ചുള്ളൂ. മന്ത്രിസഭയെക്കെതിരെ വിമോചനസമരം ശക്തമായി ആഞ്ഞടിച്ചു. ഈ ഭരണകാലത്താണ് നിരവധി ആരോപണങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വന്നത്.

1959ല്‍ വിദ്യാഭ്യാസബില്ലിനെതിരെ പ്രക്ഷോപണം ആഞ്ഞടിച്ചു. മതനേതാക്കന്മാരും പുരോഹിതരും മെത്രാന്മാരും നായര്‍ സമുദായവും മന്നവും ശങ്കറും ചാക്കോയും സമര മുന്നണിയിലുണ്ടായിരുന്നു. കൃഷി പരിഷ്ക്കാരങ്ങള്‍ ഭൂഉടമകളെയും വേദനിപ്പിച്ചിരുന്നു. നാടു മുഴുവന്‍ പോലീസ് ലാത്തി ചാര്‍ജും വെടിവെപ്പും നടത്തി. രാജ്യത്ത് അസമാധാനം എവിടെയും വ്യാപിച്ചപ്പോള്‍ കേന്ദ്രം ഇടപെട്ടു. കേന്ദ്രം കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുകയും 1959 ജൂണ്‍ പന്ത്രണ്ടാം തിയതി തുടങ്ങിയ വിമോചന സമരം അവസാനിക്കുകയും ചെയ്തു. ഇതുമൂലം അനേകരുടെ ജീവന്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കും കേരളത്തില്‍ അധികാരം ഉറപ്പിക്കാമെന്ന ഉറച്ച വിശ്വാസവുമുണ്ടായി.

തിരുവിതാംകൂര്‍ രാജവാഴ്ചയുടെ അസ്തമയവും ജനാധിപത്യത്തിന്റെ ഉദയവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Joseph Padannamakkel 2019-12-11 10:32:21
എന്റെ ഫേസ്ബുക്കിലുണ്ടായിരുന്ന ഇ-മലയാളിയുടെ എല്ലാ ലിങ്കുകളും മുന്നറിയിപ്പുകൂടാതെ ഫേസ്ബുക്ക് കമ്പനി ഔദ്യോഗികമായി നീക്കം (delete) ചെയ്തു. ഈമലയാളിയുടെ ലിങ്ക് ഫേസ്ബുക്കിൽ പരസ്യമാണത്രെ! ഏതോ സാമൂഹിക ദ്രോഹി മലയാളിയെ ഫേസ്ബുക്കിൽ ഡേറ്റ എൻട്രി ക്ലർക്കായി ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു! കാലാകാലങ്ങളായി ഞാൻ എഴുതിയ ലേഖനങ്ങൾ ഫേസ്ബുക്കിൽ എങ്ങനെ പരസ്യമാകുന്നതെന്നും മനസിലാകുന്നില്ല. നിരുപയോഗമായ ഫേസ്ബുക്കിൽ നിന്ന് വിട പറയാൻ സമയമായിരിക്കുന്നുവെന്നും തോന്നുന്നു! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക