Image

ആഫ്രിക്കയില്‍ 94 ലക്ഷം പേര്‍ മുഴുപട്ടിണിയില്‍, ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി

Published on 11 December, 2019
ആഫ്രിക്കയില്‍ 94 ലക്ഷം പേര്‍ മുഴുപട്ടിണിയില്‍, ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി
പാരീസ്: ആഫ്രിക്കയിലെ 16 രാജ്യങ്ങളിലെ 94 ലക്ഷം പേര്‍ ഭക്ഷണമില്ലാതെ പ്രയാസപ്പെടുകയാണെന്ന് ഐക്യരാഷ്ട്ര സഭ അധികൃതര്‍. ഒരു വര്‍ഷത്തിനിടെ പട്ടിണിയിലായവരുടെ എണ്ണം ഇരട്ടിയാകുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും സുരക്ഷിതത്വമില്ലായ്മയുമാണ് ഈ അവസ്ഥക്ക് കാരണം. നൈജീരിയ, നൈജര്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിലാണ് കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നത്. നൈജീരിയയില്‍ 40 ലക്ഷം പേരും നൈജറില്‍ 15 ലക്ഷം പേരും ബുര്‍ക്കിനഫാസോയില്‍ 12 ലക്ഷം പേരും പട്ടിണിയുടെ ദുരിതം അനുഭവിക്കുകയാണ്.  മാലി, ബുര്‍ക്കിനഫാസോ, നൈജീരിയ എന്നിവിടങ്ങളില്‍ സുരക്ഷിതത്വമില്ലായ്മ വര്‍ധിച്ചിട്ടുണ്ട്.

കാലാവസ്ഥ മാറ്റവും ആഫ്രിക്കയില്‍ പട്ടിണി കൂടാന്‍ കാരണമായതായി ഐക്യരാഷ്ട്രസഭയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍ പറയുന്നു. ഈ മേഖലയില്‍ ജനനനിരക്ക് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ബുര്‍ക്കിനഫാസോയില്‍ ഗ്രാമീണ മേഖലയില്‍ സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവ അടഞ്ഞുകിടക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് വീടുകളില്‍ താമസിക്കാനുള്ള അവസരവുമില്ലെന്ന് പാരിസ് കേന്ദ്രമായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മന്‍െറിന്‍െറ ആഫ്രിക്കയിലെ സാഹെല്‍ വിഭാഗം മേധാവി സിബിരി ജീന്‍ സൗന്തി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക