Image

ഡിവോഴ്‌സ് (കഥ: സ്വപ്ന നായര്‍)

Published on 12 December, 2019
ഡിവോഴ്‌സ് (കഥ: സ്വപ്ന നായര്‍)
ഒഴിവു ദിവസമായതുകൊണ്ടാവും യാത്രയില്‍ തിരക്കുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കപ്പുറമുള്ള ഇരിപ്പിടത്തിലായിരുന്നിട്ടും അവള്‍ പറയുന്നതെനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. ഫോണിലായതിനാല്‍ മറ്റേയറ്റത്തെ മറുപടികള്‍ കേള്‍ക്കാനാവില്ലെങ്കിലും ഊഹിക്കാമായിരുന്നു. കന്നട അത്ര നന്നായറിയില്ലെങ്കിലും അത്യാവശ്യം മനസ്സിലാക്കാനും മറുപടി പറയാനും പറ്റുന്നതുകൊണ്ട് വെറുതെ ശ്രദ്ധിക്കാന്‍ തോന്നി. അതങ്ങിനെയാണ്... ഒരു പരിചയവും ഇല്ലാത്തവരെ അവരറിയാതെ അറിയാന്‍ ശ്രമിക്കുന്നത് നല്ല രസമാണ്.

അവള്‍ വല്ലാത്ത ദേഷ്യത്തിലായിരുന്നു, പരിസരബോധമില്ലാത്തപോലെ വാക്കുകളില്‍ അതു പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ തലകുനിച്ച് താന്താങ്ങളുടെ ഫോണുകളില്‍ തിരക്കിലായതുകൊണ്ട് അവളുടെ സംസാരം ഗൗനിച്ചതേയില്ല.

അവളുടെ സംസാരത്തിലെ ഒരു വാക്കാണ് എന്റെ ശ്രദ്ധ അവളിലേക്ക് തിരിച്ചത്. " ബിസാക്ക് ബിടുത്തിനി" എന്നവള്‍ വാശിയോടെ പലവട്ടം ആവര്‍ത്തിച്ചു. എന്താണ് അവള്‍ " വലിച്ചെറിയാന്‍ "പോകുന്നത് എന്നായിരുന്നു എനിക്കറിയേണ്ടിയിരുന്നത്. അവള്‍ പതിയെ പറഞ്ഞ വാക്ക് ഞാന്‍ ഒടുവില്‍ കണ്ടെത്തി,"ഡിവോഴ്‌സ്". അവള്‍ വലിച്ചെറിയാന്‍ പോകുന്നത് ഡിവോഴ്‌സ് ആണ്. ഏറിയാല്‍ ഇരുപത്തിയഞ്ച് വയസ്സേ വരൂ. മുഖത്തേക്ക് അവളറിയാതെ നോക്കുന്നതെങ്ങിനെയെന്നാലോചിക്കുമ്പോഴെക്കും ഞങ്ങള്‍ക്കിടയിലുള്ള രണ്ടുപേര്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി. അടുത്തുള്ള ഇരിപ്പിടങ്ങള്‍ കാലിയായതുകൊണ്ട് അവള്‍ അല്‍പം ചരിഞ്ഞിരുന്നു. ഇടയ്ക്ക് സിഗ്‌നല്‍ പോയതുകൊണ്ട് നിശബ്ദമായ ഫോണില്‍ അവള്‍ ഫോട്ടോകള്‍ സ്‌ക്രോള്‍ ചെയ്യാന്‍ തുടങ്ങി. ഒരു മൂന്നുവയസുകാരനിരുവശവുമിരിക്കുന്ന അച്ഛനമ്മമാരുടെ ചിത്രം വന്നപ്പോള്‍ ഒരു നിമിഷം നോക്കി, അടുത്ത നിമിഷം വാശിയോടെ അതവസാനിപ്പിച്ച് വീണ്ടും ഫോണ്‍ ഡയല്‍ ചെയ്യാനൊരുങ്ങി. സ്ക്രീനില്‍ "അപ്പ" എന്നാണ് തെളിഞ്ഞത്. "കട്ടായിത്തപ്പാ, ഇവത്തേ അഡ്വക്കേറ്റത്ര മാത്താഡബേക്കു" എന്നതിനു മറുപടിയായി വളരെ മയത്തില്‍ മറുതലയ്ക്കല്‍ സംസാരമുണ്ടായിട്ടുണ്ടാവണം. "ഞാന്‍ എത്രയോ വട്ടം ക്ഷമിച്ച് അവസരങ്ങള്‍ കൊടുത്തിട്ടും അല്‍പം പോലും അയാള്‍ മാറിയതേയില്ലല്ലോ"എന്നവള്‍ പരാതിപ്പെടുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അച്ഛനല്ലേ, അനുനയിപ്പിക്കാന്‍ നോക്കാനേ പറ്റൂ. അവളുടെ ശബ്ദത്തിലെ പാരുഷ്യം എന്നെ അലോസരപ്പെടുത്തിയിരുന്നു. ഒടുവില്‍ വൈകിട്ട് വീട്ടിലേക്കെത്താമെന്നവള്‍ സമ്മതിച്ച് ആ സംസാരം അവസാനിപ്പിച്ചപ്പോള്‍ എനിക്കും സമാധാനമായി. കലഹം ഇപ്പോ തീരെ താങ്ങാന്‍ കഴിയുന്നില്ല. എന്താണോ എന്തോ!

സംസാരം കഴിഞ്ഞപ്പോള്‍ ഞാനവളെ വീണ്ടും ശ്രദ്ധിച്ചു തുടങ്ങി. മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിയ മുടി, കട്ടിയില്‍ എഴുതിയ കണ്ണുകള്‍ ഒട്ടും ചേരാത്ത വല്ലാത്ത പിങ്ക് ലിപ് സ്റ്റിക്. വേഷവും എന്തിന് ചെരിപ്പുപോലും ചേരുന്നില്ല. ആരും നമ്മെ തിരിച്ചറിയാതിരിക്കാനോ, തന്നിലെ യഥാര്‍ത്ഥ സ്വത്വത്തെ മറച്ചുപിടിക്കാനോ ഉള്ള ഒരു ശ്രമമായേ ആ ചേര്‍ച്ചയില്ലായ്മയെ തോന്നിയുള്ളൂ..
ചിലപ്പോള്‍ നമ്മള്‍ അങ്ങിനെയാണ്...
നമ്മെത്തന്നെ മറച്ചു പിടിക്കും!
ആരും കാണാതെ!
ആരെയും അറിയിക്കാതെ!
പ്രച്ഛന്നവേഷത്തിന്റെ മറവില്‍ വേദനകളെ മറച്ചു പിടിക്കും.

ആ ഫോണ്‍ വിളിക്കൊടുവില്‍ പൊടിഞ്ഞ കണ്ണുനീര്‍ത്തുള്ളി എത്ര വിദഗ്ദ്ധമായാണവള്‍ മറച്ചത്! എവിടെയോ എനിക്ക് നൊന്തു. ഒരു പരിചയവുമില്ലാത്തൊരാളിന്റെ സ്പര്‍ശം അവള്‍ക്ക് അരോചകമായേക്കുമെന്ന ചിന്ത എന്നെ തടുത്തു.

അണിഞ്ഞിരിക്കുന്ന മുഖപടം മാറ്റി , മറഞ്ഞിരിക്കുന്ന അവളെ കണ്ടുപിടിച്ചു എന്നറിഞ്ഞാല്‍ എങ്ങിനെയാവും പ്രതികരിക്കുക? കഥയിലേയില്ലാത്ത ഞാന്‍ എങ്ങിനെ രംഗപ്രവേശം നടത്തും! കൂടുതല്‍ ചിന്തിക്കും മുന്നെ സ്‌റ്റേഷനെത്തുകയും അവള്‍ തിരക്കിട്ട് ഇറങ്ങുകയും ചെയ്തു.

പാതിവഴിയെത്തിയ ആലിംഗനവുമായി ഞാന്‍ ബാക്കി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക