Image

"ആനി മാണി" കുടുംബ ചിത്രവും ,രാഷ്ട്രീയ ചിത്രവും

അനില്‍ പെണ്ണുക്കര Published on 12 December, 2019
"ആനി മാണി" കുടുംബ ചിത്രവും ,രാഷ്ട്രീയ ചിത്രവും
ഫാഹിം ഇര്‍ഷാദ് സംവിധാനം ചെയ്ത മനോഹരമായ ചിത്രമാണ് ആനി മാണി.കേരളാ അന്താരഷ്ട്ര ചലചിത്രോത്സവത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്ന് .   വടക്കെ ഇന്ത്യയിലെ ഒരു കളിയുടെ പേരാണ് ആനി മാണി. പരസ്പരം കൈകളില്‍ പിടിച്ച് കാലില്‍ ഉറച്ച് നിന്ന് കറങ്ങുന്ന ഒരു കളി.മനോഹരമായ കഥയും, തിരക്കഥയും സംവിധായകന്റെതു തന്നെ. വളരെ ശക്തമായ ഒരു കുടുംബകഥ പറയുന്ന സിനിമ .പക്ഷെ ആ കഥയ്ക്കുള്ളില്‍ പുകഞ്ഞു നീറുന്ന ഇന്ത്യയിലെ ഒരു രാഷ്ട്രീയ വിഷയം കൃത്യമായി പറയുന്നുണ്ട്.ഈങ്ക്വിലാബിന്റെ അകമ്പടിയില്ലാതെ രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണിത്.

പുതുമുഖ സംവിധായകനായ ഫാഹിം ഇര്‍ഷാദ് വളരെ കയ്യടക്കത്തോടെയാണ് ഈ സിനിമയെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.

ഉത്തരേന്ത്യയിലെ ഒരു നഗരത്തില്‍ കബാബ് വില്‍പ്പന കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ യത്‌നിക്കുന്ന ഭൂട്ടോയും കുടുംബവുമാണ് കഥയില്‍ പ്രധാനം. സ്വസ്ഥമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഇറച്ചി നിരോധനം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ജീവിതം തുലാസിലായി ഏറെ വിഷമിച്ച ഭൂട്ടോയെ ഭാര്യ പച്ചക്കറി പലഹാരങ്ങള്‍ വില്‍പ്പന നടത്തി ജീവിക്കാമെന്ന് ആശ്വസിപ്പിക്കുന്നു എങ്കിലും അതൊരു പരിഹാരമായി ഭൂട്ടോ കരുതുന്നില്ല.

ഭൂട്ടോയുടെ പിതാവ് ഒരു റേഡിയോ പരസ്യ അനൗണ്‍സറാണ്. നാട്ടിലെ മരണങ്ങള്‍ അനൗണ്‍സ് ചെയ്യുന്നതും അദ്ദേഹമാണ്.
കൂട്ടു കുടുംബത്തില്‍ ഭൂട്ടോയും ഭാര്യയും അവരുടേതായ ഒരു ഇടം കണ്ടെത്തുന്നു. അവരുടേതായ നിമിഷങ്ങളില്‍ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരിലുപരി കാമുകി കാമുകന്മാരായി മാറുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രണയത്തെ ചില വാക്കിലും, നോക്കിലും ,സ്പര്‍ശനത്തിലും എങ്ങനെ അവതരിപ്പിക്കാം എന്നും ഈ സിനിമ കാണിച്ചുതരുന്നു.

ശാന്ത സുന്ദരമായ ജീവിതത്തിനിടയ്ക്ക് അയാള്‍ കൊല ചെയ്യപ്പെടുന്നു. ഒറ്റ ഷോട്ടില്‍ ഒതുക്കിയ ഒരു കൊലപാതകം. പിതാവു തന്നെ ഭൂട്ടോയുടെ മരണവും റേഡിയോയില്‍ അനൗണ്‍സ് ചെയ്യുന്നു. ഗര്‍ഭിണിയായ ഭാര്യയുടേയും, അമ്മയുടേയും, സഹോദരിയുടേയും, മരുമകളുടേയും കരച്ചില്‍ നമ്മെ വല്ലാതെ ഉലയ്ക്കും.

ഒരു ഉള്‍ക്കിടിലത്തോടെ കണ്ട സിനിമയാണ് ആനി മാണി.ഗോവന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ഈ ചിത്രത്തിന് കേരളത്തിന്റെ ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ. അത്രത്തോളം മനോഹരമായി പറഞ്ഞ ഒരു കഥയാണ് ആനി മാണിയുടേത്.



"ആനി മാണി" കുടുംബ ചിത്രവും ,രാഷ്ട്രീയ ചിത്രവും"ആനി മാണി" കുടുംബ ചിത്രവും ,രാഷ്ട്രീയ ചിത്രവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക