Image

വഞ്ചനക്കേസുകളില്‍ ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റില്‍

Published on 12 December, 2019
വഞ്ചനക്കേസുകളില്‍ ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റില്‍
ഭോപാല്‍: വ്യാജരേഖ ചമക്കല്‍, വഞ്ചനക്കേസുകളില്‍ ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റില്‍. മധ്യപ്രദേശ് കാത്തലിക് ചര്‍ച്ച് മുന്‍ വക്താവും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായ ഫാ. ആനന്ദ് മുട്ടുങ്ങലാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ മുട്ടുങ്ങലിനെ ഡിസംബര്‍ 26വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) ഹരി ഓം ദീക്ഷിത് പറഞ്ഞു.

2017ല്‍ ലഭിച്ച 200ഓളം പേരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഫാ. മുട്ടുങ്ങല്‍ അറസ്റ്റിലായത്. ഭോപാലില്‍ ഭവന പ്ലോട്ടുകള്‍ നല്‍കാമെന്നുപറഞ്ഞ് പണംവാങ്ങിയ ശേഷം മുട്ടുങ്ങലും മറ്റ് എട്ടുപേരും ചേര്‍ന്ന് വഞ്ചിച്ചതായാണ് പരാതി. മുട്ടുങ്ങലിനെ പ്രധാന പ്രതിയാക്കിയാണ് കേസെടുത്തത്. ഇതുസംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ഭോപാല്‍ രൂപത ആര്‍ച് ബിഷപ് ലിയോ കോര്‍ണെലിയോ പറഞ്ഞു.

മുട്ടുങ്ങല്‍ ഇപ്പോഴും പുരോഹിതനായിരിക്കുന്നതിനെക്കുറിച്ച ചോദ്യത്തിന് 'അദ്ദേഹത്തിന്റെ മാനസിക പരിവര്‍ത്തനത്തിനായി പ്രാര്‍ഥിക്കുന്നു' എന്നായിരുന്നു ബിഷപ്പിന്റെ മറുപടി. ഫാ. മുട്ടുങ്ങല്‍ നിരപരാധിയാണെന്നും ചിലരുടെ ഗൂഢാലോചനയുടെ ഇരയാണെന്നും രാഷ്ട്രീയ ഇസൈ മഹാസഭ (ആര്‍.ഐ.എം) വക്താവ് റിച്ചാര്‍ഡ് ജെയിംസ് പറഞ്ഞു. ആര്‍.ഐ.എം ദേശീയ കോഓഡിനേറ്റര്‍ കൂടിയാണ് മുട്ടുങ്ങലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Madhyamam)
Join WhatsApp News
മുട്ടാട് അറസ്റ്റില്‍ 2019-12-12 20:23:17
 ഇങ്ങനെ ഒത്തിരിയൊത്തിരി മുട്ടാടുകള്‍ ഉണ്ട് പിടിക്കപെടാതെ 
അതില്‍ നിങ്ങള്‍ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ട്രുമ്പും ഉള്‍പ്പെടും.
- സരസമ്മ NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക