Image

വി.എസിനെ അനുനയിപ്പിക്കാന്‍ ചന്ദ്രചൂഢന്‍ രംഗത്ത്

Published on 13 May, 2012
വി.എസിനെ അനുനയിപ്പിക്കാന്‍ ചന്ദ്രചൂഢന്‍ രംഗത്ത്
തിരുവനന്തപുരം: സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി പോരുകുറിച്ച വി.എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്‍ രംഗത്ത്. രാവിലെ കന്റോണ്‍മെന്റ് ഹൌസിലെത്തിയ ചന്ദ്രചൂഢന്‍ വി.എസുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ അനുമതിയോടെയാണ് ചന്ദ്രചൂഢന്റെ അനുരഞ്ജന നീക്കമെന്നാണ് വിവരം. വി.എസുമായി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ചന്ദ്രചൂഢന്‍ പറഞ്ഞു. സ്വകാര്യ സന്ദര്‍ശനമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ തയാറായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വി.എസിനെ കണ്ടില്ലായിരുന്നുവെന്നും അതിനാലാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളല്ലെന്നും പറഞ്ഞു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയം ചര്‍ച്ച ചെയ്തെന്ന് പറഞ്ഞല്ലോ അതില്‍ എല്ലാമുണ്ടെന്നും ഇപ്പോ ഇത്രയൊക്കെയേ പറയാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു ചന്ദ്രചൂഢന്റെ മറുപടി. നല്ല ഉദ്ദേശ്യം വെച്ചാണ് ഇവിടെ വന്നതും പോകുന്നതും. എന്നാല്‍ പ്രത്യേക ദൌത്യവുമായല്ല സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ ആഭ്യന്തര സംഘര്‍ഷത്തെക്കുറിച്ച് ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. നിലവില്‍ ഒരു സംഘര്‍ഷ സ്ഥിതിയാണെന്നും അത് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടു പോകാന്‍ കഴിയുന്നതാമെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക