Image

ബോറിസിന്റെ വിജയം: ആശ്വാസവും ആശങ്കയുമായി മെര്‍ക്കല്‍

Published on 14 December, 2019
ബോറിസിന്റെ വിജയം: ആശ്വാസവും ആശങ്കയുമായി മെര്‍ക്കല്‍
ബര്‍ലിന്‍: ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരാതിരിക്കുകയും ബോറിസ് ജോണ്‍സന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തതില്‍ ആശ്വാസം പ്രകടിപ്പിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

ഭരണപക്ഷത്തിനു കേവല ഭൂരിപക്ഷം ലഭിച്ചതോടെ ബ്രെക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ അവസാനിച്ചിരിക്കുകയാണ്. ഏതു തരത്തിലായാലും ഒരു തീരുമാനമുണ്ടാകുമെന്ന് ഉറപ്പായിരിക്കുന്നു. വീണ്ടും തൂക്കു പാര്‍ലമെന്റ് നിലവില്‍ വന്നിരുന്നെങ്കില്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം നീണ്ടു പോകുമായിരുന്നു എന്നും മെര്‍ക്കല്‍ വിലയിരുത്തി.

അതേസമയം, ബോറിസ് ജോണ്‍സന്റെ വിജയം ജനുവരിയില്‍ തന്നെ ബ്രെക്‌സിറ്റ് നടപ്പാകുമെന്ന് ഏറെക്കുറെ ഉറപ്പിക്കുന്നതുമാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതോടെ യൂറോപ്യന്‍ വന്‍കര നേരിടാന്‍ പോകുന്ന പ്രതിസന്ധികളെച്ചൊല്ലിയുള്ള ആശങ്കയും മെര്‍ക്കല്‍ മറച്ചു വച്ചില്ല.

ബ്രിട്ടന്റെ രൂപത്തില്‍ പുതിയൊരു എതിരാളിയാണ് യൂറോപ്യന്‍ യൂണിയനു മുന്നില്‍ ഇനിയുള്ളതെന്ന് അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ നിലവാരങ്ങളും രീതികളും പാലിക്കുന്ന എതിരാളിയായിരിക്കണമെന്നില്ല വ്യാപാര രംഗത്തെ ബ്രിട്ടന്‍. ഈ സാഹചര്യത്തെ ഗുണപരമായി നേരിടാന്‍ സാധിക്കുന്നിടത്താണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക