Image

രാജ്യത്തെ രക്ഷിക്കാന്‍ രംഗത്തിറങ്ങേണ്ട സമയമായി: സോണിയാ ഗാന്ധി

Published on 14 December, 2019
രാജ്യത്തെ രക്ഷിക്കാന്‍ രംഗത്തിറങ്ങേണ്ട സമയമായി: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങി സമരംനടത്തേണ്ട സമയമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. “ഏതുവ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും അങ്ങനെയൊരു സമയംവരും. ഈ ഭാഗത്തോ ആ ഭാഗത്തോ നില്‍ക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടിവരും. ഇപ്പോള്‍ ആ സമയമാണ്. രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനായി പോരാടണം” സോണിയ പറഞ്ഞു. തലസ്ഥാനത്തെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബചാവോ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

“അനീതി സഹിക്കുന്നത് വലിയ കുറ്റകൃത്യമാണ്. അതിനാല്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഉണരണം. നമ്മുടെ യുവാക്കള്‍ ജോലിക്കായി അലയുന്നു. ജീവിക്കാന്‍പറ്റാത്തത്ര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍കൂടി. തൊഴിലാളികളും നമ്മുടെ സഹോദരങ്ങളും രാവുംപകലുമെന്നില്ലാതെ ശൈത്യത്തിലും ചൂടിലും മഴയത്തും തൊഴില്‍ചെയ്യുന്നു. എന്നിട്ടുമവര്‍ക്ക് രണ്ടുനേരം ഭക്ഷിക്കാനുള്ള കൂലി ലഭിക്കുന്നില്ല. വായ്പയെടുത്തുതുടങ്ങിയ ചെറുതും വലുതുമായ ബിസിനസുകളെല്ലാം മോദിസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാല്‍ തകര്‍ന്നു”  ഇതിനുനേരെയൊക്കെ പോരാടണ്ടേയെന്ന് സോണിയ ചോദിച്ചു.

“എന്തുകൊണ്ടാണ് സാമ്പത്തികരംഗം തകര്‍ന്നത്. എവിടെയാണ് തൊഴിലുകള്‍ പോയത്. എവിടെയാണ് കൊണ്ടുവരുമെന്നുപറഞ്ഞ കള്ളപ്പണം. ജി.എസ്.ടി. നടപ്പാക്കിയതോടെ മോദിയുടെ ഖജനാവ് കാലിയായോ. ആര്‍.ബി.ഐ.യുടെ കൈയില്‍നിന്നെടുത്ത ദശലക്ഷക്കണക്കിന് പണം എവിടെപ്പോയി. എന്തുകൊണ്ടാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്നത്. ഇതൊക്കെ അന്വേഷിക്കേണ്ടേ’’ സോണിയ ചോദിച്ചു.

പൗരത്വനിയമഭേദഗതി ഇന്ത്യയുടെ ഹൃദയത്തിന് മുറിവേല്‍പ്പിച്ചതായി അവര്‍ പറഞ്ഞു. മോദിഷാ സര്‍ക്കാര്‍ പാര്‍ലമെന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ മാനിക്കുന്നില്ല. യഥാര്‍ഥപ്രശ്‌നങ്ങള്‍ മറച്ചുവെച്ച് ജനങ്ങളെ പോരടിപ്പിക്കുകയാണ് അവരുടെ അജന്‍ഡ. ഭരണഘടനയെ ഓരോ ദിവസവും ലംഘിച്ച് ഭരണഘടനാദിനം ആഘോഷിക്കുകയാണവരെന്ന് സോണിയ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക