Image

ബ്രിട്ടിഷ് തന്ത്രം ബിജെപി പയറ്റുമ്പോള്‍ ഹിന്ദു ഇന്ത്യ സ്വപ്നം കാണുന്നവരോട്

Social media Published on 15 December, 2019
ബ്രിട്ടിഷ് തന്ത്രം ബിജെപി പയറ്റുമ്പോള്‍ ഹിന്ദു ഇന്ത്യ സ്വപ്നം കാണുന്നവരോട്
നോട്ട് നിരോധനം വന്ന ആദ്യ മണിക്കൂറുകളില്‍ പാര്‍ട്ടി ഭേദമന്യേ ഇന്ത്യക്കാര്‍ മോഡിക്ക് അനുകൂലമായിരുന്നു. അങ്ങനെയായിരുന്നു അവകാശ വാദങ്ങള്‍. കള്ളപ്പണം ഇല്ലാതാവും, കള്ളനോട്ട് ഇല്ലാതാവും, ഭീകര വാദികള്‍ക്ക് പണം കിട്ടാതാവും, അഞ്ച് ലക്ഷം കോടിജനാവില്‍ വരും, ഇന്ത്യ വികസിക്കും, പെട്രോള്‍ വില 50 രൂപയാകും, ഡോളര്‍ വില 50 രൂപയാകും...

അവസാനം എന്തുണ്ടായി? കള്ളപ്പണം കുന്നു കൂടി, കള്ളനോട്ടടി വ്യാപകമായി, ഭീകരവാദം കൂടി, ഖജനാവ് കാലിയായി, പെട്രോള്‍ വില കൂടി, ഡോളര്‍ വില കൂടി. നോട്ട് നിരോധനം സംഘടിത കൊള്ളയാണെന്നും രാജ്യത്തിന്റെ നട്ടെല്ല് തകരുമെന്നും മന്‍മോഹന്‍ സിംഗിനെ പ്പോലുള്ളവര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ക്ക് മനസ്സിലാവാന്‍ നടു ഒടിയേണ്ടി വന്നു! സമാന സംഭവമാണ് NRC (The National Register of Citizens) യില്‍ ആവര്‍ത്തിക്കുന്നത്.

നമ്മുടെ രാജ്യത്തിന് സുരക്ഷിതത്വം വേണം, നുഴഞ്ഞു കയറ്റക്കാരെ തടയണം, വിദേശികളെ നാടു കടത്തണം .നല്ലതല്ലേ...? നുഴഞ്ഞ് കയറ്റക്കാരെ കണ്ടു പിടിക്കണ്ടേ? അതിനെന്ത് വേണം? കോടികള്‍ മുടക്കി ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരുടേയും കയ്യും കണ്ണും രേഖപ്പെടുത്തി വെച്ച ആധാര്‍ പോരേ? ഏതാനും ലക്ഷം വരുന്ന നുഴഞ്ഞു കയറ്റക്കാരെ പിടിക്കാന്‍ 130 കോടി ജനങ്ങളെ പരിശോധിക്കണോ? കള്ളനോട്ട് പിടിക്കാന്‍ നോട്ട് നിരോധിച്ച പോലെ!

അതാണ് ചെയ്യാന്‍ പോകുന്നത്, ഇത് വരെയുള്ള രേഖകള്‍ക്ക് പുറമെ 50 വര്‍ഷത്തിനുമുമ്പ് ഇന്ത്യയില്‍ ഉള്ളവരാണെന്ന് തെളിയിക്കണം, മുസ്ലിംകള്‍ മാത്രമല്ല കെട്ടോ, എല്ലാ മതക്കാരും തെളിയിക്കണം. പതിനായിരക്കണക്കിന് കോടി രൂപയും അധ്വാനവുമാണ് ചെലവിടുന്നത്! എന്തിനീ വിഡ്ഢിത്തം എന്നാണ് ആദ്യം ചോദിക്കേണ്ടത്. നോട്ട് നിരോധന കാലത്ത് ആ ചോദ്യം ചോദിച്ചവര്‍ വിരളമായിരുന്നു, ഇപ്പോഴും ആ ചോദ്യം ഉയരുന്നില്ല.
.
അതിനെന്താ തെളിയിക്കാമല്ലോ എന്നാണെങ്കില്‍, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്ക് വേണ്ടി പോരാടിയ പട്ടാളക്കാരന് തെളിയിക്കാന്‍ പറ്റിയിട്ടില്ല ! പിന്നെയല്ലേ നിങ്ങള്‍ക്ക് ! നിങ്ങളുടെ രേഖകളിലെ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് മതി ഇന്ത്യക്കാരനല്ലാതാവാന്‍ ! ആസാമില്‍ 20 ലക്ഷം മനുഷ്യരാണ് ശരിയായ രേഖകളില്ലാതെ പുറത്തായത്! അതില്‍ 5 ലക്ഷത്തിന് താഴെ മാത്രമേ മുസ്ലിംകളുള്ളൂ...
ദലിതുകളും ഗോത്രവര്‍ഗ്ഗക്കാരും ആദിവാസികളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ എത്രപേര്‍ക്ക് 50 വര്‍ഷം മുമ്പത്തെ രേഖകള്‍ കാണിക്കാന്‍ സാധിക്കും?

അഛന്റെയോ മുത്തഛന്റെയോ രേഖകള്‍ ഇല്ലാത്ത കോടിക്കണക്കിന് മനുഷ്യരെ പുറത്താക്കി പിന്നീട് അപ്പീല്‍ കോടതികള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ പറയുന്നത് എന്തിനാണ്? ഇന്ത്യക്കാരെ തിരിച്ചറിയലാണ് ലക്ഷ്യമെങ്കില്‍ ആധാര്‍ അടിസ്ഥാന രേഖയാക്കിയാല്‍ പോരേ? കണ്ണും വിരലടയാളവും ഫോട്ടോയും പതിച്ച ആധാര്‍ കയ്യിലില്ലേ?

നോട്ട് നിരോധനം പോലെ ഇവിടെയും ലക്ഷ്യം വേറെയാണ്. അത് തിരിച്ചറിയാതിരിക്കാനാണ് നോട്ട് നിരോധനകാലത്ത് കാക്കാമാര്‍ക്ക് പണി കിട്ടും കള്ളപ്പണം കൊണ്ടാണ് അവര്‍ ജീവിക്കുന്നത് എന്ന് വര്‍ഗീയത മനസ്സിലുള്ള ഹിന്ദുവിനോട് പറഞ്ഞത്. മുസ്ലിംകള്‍ പൗരത്വം കിട്ടാതെ നാടുവിടുമ്പോള്‍ അവരുടെ സ്വത്ത് നിങ്ങള്‍ക്ക് കിട്ടുമെന്നാണ് ഇന്ന് പറയുന്നത്. അയോധ്യയുടെ കെട്ടിറങ്ങിയതോടെ വര്‍ഷങ്ങളോളം തമ്മില്‍ തല്ലാനുള്ള എല്ലിന്‍ കഷ്ണമാണ് ബിജെപി എറിഞ്ഞുതരുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്ന എത്രമനുഷ്യരുണ്ട് നമുക്കിടയില്‍ ?

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശികള്‍ വ്യാപകമായി കുടിയേറി എന്ന് ആരോപിക്കപ്പെടുന്ന ആസാമിന്റെ ജനസംഖ്യ 3 കോടിയാണ്, മാസങ്ങളോളം നീണ്ടുനിന്ന പൗരത്വ നാടകങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ക്യൂ നിന്ന് വലഞ്ഞ് അപ്പീല്‍ കോടതിയും നിരങ്ങിയപ്പോള്‍ പുറത്തായവര്‍ 19 ലക്ഷം അതില്‍ 15 ലക്ഷത്തോളം വരുന്ന അമുസ്ലിംകള്‍ പുതിയ പൗരത്വ നിയമം വരുന്നതോടെ അകത്താവും ബാക്കി വരുന്നത് 5 ലക്ഷത്തില്‍ താഴെ മുസ്ലിംകള്‍ ! അതായത് ആസ്സാം ജനസംഖ്യയുടെ വെറും 1.6 ശതമാനം പേര്‍!

ഇന്ത്യയില്‍ ഏറ്റവുമധികം മുസ്ലിംജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ആസ്സാം എന്നോര്‍ക്കണം
അതിര്‍ത്തിയും നുഴഞ്ഞുകയറ്റവുമായി ഒരു ബന്ധവുമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രേഖകള്‍ ഇല്ലാത്തവരുടെ എണ്ണം ഇതിന്റെ പത്തിലൊന്ന് വരില്ല! ഇനി വാദത്തിന് 1.6 ശതമാനം എന്ന് സമ്മതിച്ചാല്‍ 130 കോടി ഇന്ത്യക്കാരില്‍ 2 കോടി മനുഷ്യരെ പൗരത്വത്തിന് പുറത്ത് നിര്‍ത്താം. 130 കോടിയില്‍ നിന്ന് 2 കോടി പോയാലും 2 കോടി വന്നാലും കടലില്‍ കായം കലക്കിയത് പോലെയാണെന്ന് മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് പറ്റും?

നോട്ട് നിരോധനത്ത്തിന്റെ മറവില്‍ അടിച്ചു മാറ്റിയ 5 ലക്ഷം കോടിയും മോഡിയുടെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ പങ്ക് വെച്ചെടുത്തതാണ്, ഇന്ന് MLA മാര്‍ക്കും നിയമപാലകര്‍ക്കും കോടികള്‍ കൊണ്ട് തുലാഭാരം നടത്തുന്നതും ആ പണം കൊണ്ടാണ്.ഉള്ളിക്ക് വില കൂടിയതിന്റെ പേരില്‍ ഗവണ്‍മെന്റുകള്‍ വീണ നാടാണ് നമ്മുടേത്, ഇന്നിതാ 150 രൂപ ഉള്ളിവില വന്നിട്ടും ചര്‍ച്ചയുണ്ടോ പ്രതിഷേധമുണ്ടോ?

ഡിവൈഡ് ആന്റ് റൂള്‍ എന്ന പഴയ ബ്രിട്ടിഷ് തന്ത്രം ബിജെപി പയറ്റുമ്പോള്‍ ഹിന്ദു ഇന്ത്യ സ്വപ്നം കാണുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍? വില്‍ക്കാന്‍ പറ്റുന്നതൊക്കെ വിറ്റു തുലക്കുന്ന റിസര്‍വ്വ് ബേങ്കിലെ കരുതല്‍ ധനം വരെ വാങ്ങിയിട്ടും സംസ്ഥാനങ്ങളുടെ GST കുടിശ്ശിക പോലും കൊടുക്കാനാവാത്ത സമ്പദ്വ്യവസ്ഥയെക്കുറിച്ച് എട്ടും പൊട്ടും തിരിയാത്ത കുറേ സ്‌കൂള്‍ ഡ്രോപൗട്ടുകള്‍ ഭരിക്കുന്ന മനോഹരമായ രാമരാജ്യം സ്വപ്നം കാണുന്ന നിഷ്‌കുകള്‍ക്ക് നല്ല നമസ്‌കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക