Image

പുരാവസ്തുക്കള്‍ (കവിത: സീന ജോസഫ്)

Published on 15 December, 2019
പുരാവസ്തുക്കള്‍ (കവിത: സീന ജോസഫ്)
പുരാവസ്തുക്കള്‍ എനിക്കെന്നും ഏറെ ഇഷ്ടമായിരുന്നു!
ഉപയോഗിച്ചുപയോഗിച്ച് നിറവും ചേലും
മങ്ങിപ്പോയൊരു  ജീവിതമാണതിലൊന്നാമത്.

എന്നും ഒരേ വിരസക്കാഴ്ച്ചകള്‍ സമ്മാനിക്കുന്ന,
ചുറ്റും ചുളിവുകള്‍ വീണ രണ്ടു തിമിരക്കണ്ണുകളുണ്ട്.
ഇരുള്‍ക്കാടുകളില്‍ പുതുമയുടെ മിന്നാമിന്നി തിരയുന്ന,
തീര്‍ത്തും ചുളിവുകള്‍ വീഴാത്ത ഒരു മനസ്സുമുണ്ട്.

ഒരുപാട് നടന്നിട്ടും ഒത്തിരി തേഞ്ഞിട്ടും പരാതി ഇല്ലാതെ
ഇന്നും കൂടെ നടക്കുന്ന ഒരു ജോഡി ചെരുപ്പുണ്ട്.
ഇരുകൈകൊണ്ടും മുറുകെപ്പിടിച്ച് ഊതിയാറ്റിക്കുടിക്കാന്‍
വക്കുപൊട്ടിയ ഒരു പഴയ ചൈനക്കോപ്പയുമുണ്ട്.

നിറം മങ്ങിപ്പഴകിയിട്ടും മുഖം തുടയ്ക്കാനെന്നപോല്‍
ഇന്നും കൂടെക്കൊണ്ടു നടക്കുന്ന ഒരു തൂവാലയുണ്ട്.
പണ്ടെന്നോ അതു സമ്മാനിച്ചൊരു സൗഹൃദത്തിന്‍
ഇലഞ്ഞിപ്പൂമണം അതിലിപ്പോഴും ഇഴകലര്‍ന്നിട്ടുണ്ട്.

ഓര്‍മ്മകള്‍ക്കു പതിയെപ്പതിയെ തെളിച്ചം കുറയുമ്പോള്‍
അക്ഷരങ്ങള്‍ക്കെങ്കിലും മിഴിവു കൂട്ടുവാന്‍
കൂടെക്കൂട്ടിയൊരു കറുമ്പന്‍ കണ്ണടയുണ്ട്.
അക്ഷരത്തെളിച്ചങ്ങള്‍ ഓര്‍മ്മകളിലേക്കു കൂടി
വെളിച്ചം തെളിച്ചേക്കുമെന്നൊരു വ്യാമോഹവുമുണ്ട്.

ഓര്‍ക്കാപ്പുറത്ത് പദമിടറുമ്പോള്‍ കൈകളില്‍ താങ്ങായി
പനീര്‍പ്പൂപടം പതിച്ച ഒരു ഊന്നുവടി എപ്പോഴും കൂടെയുണ്ട്.
നീയിപ്പോള്‍ ഇടറുമെന്ന് അറിയാമായിരുന്നു എന്ന്
കണ്ണില്‍ മിന്നാതെ മിന്നുന്ന ഒരു ചിരി ചാരെയുമുണ്ട്.

ഞാനും നീയുമിപ്പോള്‍ പുരാവസ്തുക്കളെങ്കിലും
നമുക്കിടയില്‍ ചിരപരിചിതത്വത്തിന്‍ ഇഴയടുപ്പമുണ്ട്.
പുരാവസ്തുക്കള്‍ എനിക്കെന്നും ഏറെ ഇഷ്ടമായിരുന്നു,
ഉരുകിത്തീരാറായ  ഈ ജീവിതത്തോട് ഇത്രമേല്‍
സ്‌നേഹം തോന്നുവാന്‍ വേറെന്തു കാരണമാണുള്ളത്?!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക