Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -20: കാരൂര്‍ സോമന്‍)

Published on 16 December, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -20: കാരൂര്‍ സോമന്‍)
പൂങ്കാറ്റും പുഞ്ചിരിയും

ലണ്ടനിലെ ലേഡീസ് ഹോമിലുള്ളവര്‍ അഭിമാനപുരസ്സരം ജസീക്കയെ സ്വീകരിച്ചു. പേരുകൊണ്ട് അവളെയറിയുന്ന ചുരുക്കംപേര്‍ അവിടെയുമുണ്ടായിരുന്നു. സിസ്റ്റര്‍ നോറിന്‍ അവളുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചു. അവള്‍ക്കെതിരെ കള്ളത്തലവന്മാരുടെ ഒരു സാമ്രാജ്യം തിരിഞ്ഞാലും അതിനെ നേരിടുമെന്ന് അവള്‍ക്ക് ധൈര്യം പകര്‍ന്നു. സിസ്റ്ററുടെ വാക്കുകള്‍ അവള്‍ക്ക് വെറുംവാക്കായി തോന്നിയില്ല. മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവച്ചിട്ടുള്ള സ്ത്രീകള്‍ സമൂഹത്തില്‍ കുറവാണ്. ഇവളുടെ പ്രവൃത്തി നല്ലതുതന്നെ. പോലീസും വേശ്യകള്‍ക്ക് സപ്പോര്‍ട്ടാണ്. അവരുടെ കാര്യത്തില്‍ പോലീസ് ഇടപെടാറില്ല. പല ഫ്‌ളാറ്റുകളിലും വീടുകളിലും വേശ്യകള്‍ പാര്‍ക്കുന്നത് പോലീസിനറിയാം.

പല സന്ദര്‍ഭങ്ങളിലും ലേഡീസ് കെയര്‍ ഹോമില്‍ വിളിച്ച് പോലീസ് ഇക്കാര്യം അറിയിക്കാറുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. തെരുവുകളില്‍ വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ടെങ്കിലും കുടിയേറ്റക്കാരായിട്ടുള്ള പലരും പോലീസിന്റെ കണ്ണുവെട്ടിച്ച് ഈ പ്രവൃത്തി ചെയ്യുന്നുണ്ട്. അതില്‍പെട്ട ഏതാനും സ്ത്രീകള്‍ കെയര്‍ഹോമിലുണ്ട്. അവര്‍ പോയ ഫ്‌ളാറ്റില്‍ ബംഗ്ലാദേശ്കാരി യുവതിയെ കണ്ടെത്തി. സിസ്റ്റര്‍ അവളെ കുറെ ഉപദേശിച്ചു. നിത്യവും ഇതിലൂടെ ആരോഗ്യം നശിക്കുന്നു. സമ്പന്നര്‍ക്ക് മുന്നില്‍ തളര്‍ന്ന് കിടക്കാനല്ല നിന്റെ ശരീരത്തെ ഉപയോഗിക്കേണ്ടത്. അതിലുപരി എഴുന്നേറ്റ് നിന്ന് അതിനെ തോല്പിക്കാനാണ് ശ്രമിക്കേണ്ടത്. നീ നല്ലൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുക. നിന്റെ സുരക്ഷിതത്വത്തിന് ഞങ്ങള്‍ ഒരുക്കമാണ്. നിന്റെ വീട്ടുകാരുമായി ഞങ്ങള്‍ സംസാരിക്കാം.

ജാക്കി സിസ്റ്ററെ പ്രതീക്ഷിച്ച് കെയര്‍ ഹോമിന്റെ വാതില്‍ക്കല്‍ കാത്തിരുന്നു. ഉടനെ എത്തുമെന്നാണ് മെര്‍ളിന്‍ പറഞ്ഞത്. കാറിന്റെ ശബ്ദം കേട്ട് ജാക്കി തലയുയര്‍ത്തി നോക്കി. സിസ്റ്റര്‍ കാര്‍മേലും മറ്റൊരു യുവസുന്ദരിയും കൂടി വരുന്നത് കണ്ടു. ഇവിടുത്തെ പുതിയ അന്തേവാസി ആയിരിക്കും. മെര്‍ളിനും അവിടേക്ക് വന്നു.
""സുഖമായിരിക്കുന്നോ ജാക്കീ'' സിസ്റ്റര്‍ കര്‍മേല്‍ ജാക്കിയോട് ചോദിച്ചു.
""സുഖം''
അവന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
മെര്‍ളിന്‍ ജസീക്കയെ കൂട്ടി അകത്തേക്കു നടന്നു.
സിസ്റ്റര്‍ ജാക്കിയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ഏതെങ്കിലും ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു ജോലി തരപ്പെടുത്തുന്ന കാര്യം അവന്‍ സിസ്റ്ററുമായി സംസാരിച്ചു. അവന്‍ ആശങ്കയോടെ കാത്തിരുന്നു. ഇവിടെ ഒരു ജോലി സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. അത് അവനറിയാം. അവരുടെ സംസാരത്തില്‍ നിന്ന് എന്തെന്നറിയാന്‍ കഴിഞ്ഞില്ല. സിസ്റ്റര്‍ ഒരു പേപ്പറില്‍ എന്തോ എഴുതുന്നതായിട്ടാണ് കണ്ടത്. 
അവന്‍ ആകാംക്ഷയോട് കാത്തിരുന്നു.
സിസ്റ്റര്‍ ആ പേപ്പര്‍ അവനെ ഏല്പിച്ചിട്ട് പറഞ്ഞു.
""ഇതാണ് കമ്പനിയുടെ അഡ്രസ്. അവിടെ ചെന്ന് മിസ്റ്റര്‍ സ്‌പെന്‍സര്‍ ജോബിനെ കാണണം. അദ്ദേഹം എന്തെങ്കിലും ജോലി തരും. ഈ സ്ഥാപനം എല്ലാക്കൊല്ലവും ഞങ്ങളെ സഹായിക്കാറുണ്ട്. അതുമാത്രമാണ് ഞാനുമായുള്ള ബന്ധം.''
അവനെ സംബന്ധിച്ച് അത് വലിയൊരു ആശ്വാസമായിരുന്നു. ബാങ്കിലെ പലിശ മുടങ്ങിയിട്ട് മാസങ്ങളായി. ഇവിടുത്തെ ചിലവുകള്‍ ധാരാളമാണ്. കഴിയുന്നത്ര ചെലവു ചുരുക്കിയാണ് ജീവിക്കുന്നത്. എന്നിട്ടും കയ്യില്‍ മിച്ചമൊന്നും ഇല്ല. അവന്‍ സിസ്റ്റര്‍ക്ക് നന്ദി പറഞ്ഞ് എണീറ്റു.
""ഷാരോണ്‍ നിന്നെ വിളിക്കാറുണ്ടോ?''
സിസ്റ്റര്‍ ചോദിച്ചു.
""വിളിക്കാറുണ്ട് സിസ്റ്റര്‍. സിസ്റ്റര്‍ എന്നാണ് നാട്ടിലേക്കെന്ന് ചോദിച്ചു.''
മനസ്സില്‍ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണത്.
കൊട്ടാരം കോശിയെ കാണാനുള്ള ആഗ്രഹമാണ് മനസ് നിറയെ.
""ഈ വര്‍ഷം ഇന്ത്യയിലേക്ക് യാത്ര കാണും.''
മെര്‍ളിന്‍ ഒരു ഫയലുമായി വന്നപ്പോള്‍ ജാക്കി യാത്ര പറഞ്ഞു പോയി. പുറകെ മെര്‍ളിനും പോയി. സിസ്റ്റര്‍ കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. സിസ്റ്റര്‍ മെയില്‍ ചെക്ക് ചെയ്ത് ആവശ്യമായതിന് മറുപടി അയച്ചു. അതിന് ശേഷം ലോകവാര്‍ത്തയിലേക്ക് കണ്ണോടിച്ചു.പിശാചിന്റെ മക്കള്‍ ഈ ലോകത്ത് വളരുന്നതിന്റെ തെളിവുകളാണ് വാര്‍ത്തകള്‍ മുഴുവന്‍. വളരെ ഗൗരവത്തോടെയാണ് സിസ്റ്റര്‍ വാര്‍ത്തകള്‍ വായിച്ചത്. എല്ലാം ലോകമനഃസാക്ഷിക്ക് മുറിവു നല്കുന്ന വാര്‍ത്തകള്‍ മാത്രം. ജീവന്‍ വെടിഞ്ഞ പാവങ്ങളുടെ ആത്മാക്കള്‍ അലയുന്നു. അവരെയോര്‍ത്ത് ദുഃഖിക്കുന്ന ബന്ധുമിത്രാദികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മനസ് വെമ്പി. സിസ്റ്റര്‍ കാര്‍മേലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വല്ലാത്ത ഒരു വീര്‍പ്പുമുട്ടലാണ് അനുഭവപ്പെട്ടത്. സമാധാനമായി കഴിയുന്ന ലോകജനതയെ ഈ പിശാചുക്കളുടെ കയ്യില്‍ നിന്ന് മോചിപ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം. കണ്ണീരോട് ദൈവത്തോട് അപേക്ഷിക്കണം.
 സിസ്റ്റര്‍ പെട്ടെന്ന് വേദപുസ്തകവും കയ്യിലെടുത്ത് പ്രാര്‍ത്ഥനാമുറിയിലേക്ക് കടന്നു. മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാനാണ് സിസ്റ്റര്‍ എപ്പോഴും ശ്രമിക്കുന്നത്. മുറിയിലെത്തിയ ജസീക്കയും ഫാത്തുമയും സിസ്റ്ററെ തിരഞ്ഞു. അവര്‍ എല്ലാ മുറിയിലും തിരഞ്ഞു നടക്കുന്നതിനിടയില്‍ സിസ്റ്റര്‍ നോറിനെ കണ്ടു. ""എന്താ ജസീക്ക അസുഖം വല്ലതുമുണ്ടോ?'' സിസ്റ്റര്‍ തിരക്കി
""ഇല്ല സിസ്റ്റര്‍, ഞങ്ങള്‍ സിസ്റ്ററ് കാര്‍മേലിനെ അന്വേഷിച്ചു നടക്കുകയാണ്.''
""സിസ്റ്റര്‍ ഇപ്പോള്‍ ധ്യാനത്തിലായിരിക്കും.''
അവര്‍ പ്രാര്‍ത്ഥനാമുറിയിലെത്തിയപ്പോള്‍ കൈകള്‍ രണ്ടും ഉയര്‍ത്തി കര്‍ത്താവിന്റെ ദയയ്ക്കായി അപേക്ഷിക്കുന്ന സിസ്റ്ററെയാണ് കണ്ടത്.
""സിസ്റ്ററിന് എന്തോ സങ്കടം ഉണ്ടായിട്ടുണ്ട്. അതാ സമയം തെറ്റി പ്രാര്‍ത്ഥനാമുറിയില്‍ കയറിയത്'' ഫാത്തിമ അടക്കം പറഞ്ഞു.

സിസ്റ്റര്‍ കാര്‍മേലിന്റെ ജീവിതചര്യകള്‍ മനുഷ്യചിന്തകള്‍ക്ക് അതീതമാണെന്ന് ജസീക്കയ്ക്ക് മനസ്സിലായി.  ദൈവത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതും ആ പ്രതിച്ഛായക്ക് ഭംഗം വരുത്തുന്നതും ഈ രംഗത്തുള്ളവരുടെ സമീപനമാണെന്ന് ജസീക്കയ്ക്ക് അറിയാം. സിസ്റ്റര്‍ കാര്‍മേല്‍ വ്യത്യസ്തയാണ്. ആ പാത പിന്തുടരുക അത്ര എളുപ്പമല്ലെന്ന് ജസീക്ക മനസ്സിലാക്കി. സ്‌നേഹപൂര്‍വ്വമുള്ള ആ പെരുമാറ്റം ആരിലാണ് ആത്മസംതൃപ്തി നിറയ്ക്കാത്തത്.
അവര്‍ കൃഷിയിടത്തിലേക്ക് നടന്നു.
ദിനങ്ങള്‍ മുന്നോട്ടു പോയി. ലേഡീസ് കെയര്‍ ഹോമിലെ കാര്‍മേലിന്റെ പ്രഭാഷണം കഴിഞ്ഞപ്പോള്‍ അവിടെയിരുന്നവര്‍ ജസീക്കയോട് ഒരു മോഡലായി നടന്നു കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അവരുടെ ആവശ്യം മാനിച്ചവള്‍ സ്റ്റേജില്‍ കയറി നടന്നു. അവളുടെ അരയന്നത്തെപ്പോലുള്ള നടത്തം ആനന്ദം നല്കുന്നതായിരുന്നു. അവള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മറുപടി പ്രസംഗവും നടത്തി. അവള്‍ സ്വന്തം നാട്ടില്‍ തുടങ്ങുന്ന കെയര്‍ ഹോമിലേക്ക് സിസ്റ്റര്‍ കര്‍മേലിനെപ്പോലുള്ള ദൈവദാസിമാരെ അയക്കണം എന്ന് അവള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സദസ്സില്‍ കരഘോഷം ഉയര്‍ന്നു. സിസ്റ്റര്‍ നോറിന്‍ ഇതിന് മറുപടി പറയണമെന്ന് സദസ്യര്‍ ആവശ്യപ്പെട്ടു. എല്ലാവരും ആകാംക്ഷയോടെ നോറിനെ നോക്കി. വെറുമൊരു മാനേജരായ താന്‍ സഭാപിതാക്കന്മാരോട് ആലോചിക്കാതെ എങ്ങിനെ ഉറപ്പു കൊടുക്കും. സിസ്റ്റര്‍ കാര്‍മേല്‍ സിസ്റ്റര്‍ നോറിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. സിസ്റ്റര്‍ നോറിന്‍ എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക