Image

ഹിന്ദുരാഷ്ട്രമോ? വംശീയ ശുദ്ധീകരണമോ? എന്താണ് പൗരത്വ ഭേദഗതി -പൗരത്വ രജിസ്റ്റര്‍?- (പി.വി.തോമസ് -ഡല്‍ഹികത്ത് )

പി.വി.തോമസ് Published on 21 December, 2019
ഹിന്ദുരാഷ്ട്രമോ? വംശീയ ശുദ്ധീകരണമോ? എന്താണ് പൗരത്വ ഭേദഗതി -പൗരത്വ  രജിസ്റ്റര്‍?- (പി.വി.തോമസ് -ഡല്‍ഹികത്ത് )
അമേരിക്കയില്‍ രാഷ്ട്രപതി ഡൊണാള്‍ഡ് ട്രമ്പ് ഇംപീച്ച് ചെയ്യപ്പെട്ടു. പാക്കിസ്ഥാനില്‍ മുന്‍ പട്ടാള മേധാവി പര്‍വേസ് മുഷറഫ് വധശിക്ഷക്ക് വിധിക്കപ്പെട്ടു. ഇന്ത്യയില്‍ പ്രധാനമന്ത്രി മോഡിയും ഗൃഹമന്ത്രി അമിത് ഷായും ജനവിചാരണ നേരിടുകയാണ്. ഇവരെല്ലാം ജനവിരുദ്ധമായി ഭരണത്തെ ഭരഘടനയെ ദുരുപയോഗം ചെയ്തുവന്ന ആരോപണത്തിന് വിധേയരാണ്.

സ്വതേ രാഷ്ട്രീയ പ്രക്ഷുബ്ധരായ ഇന്ത്യയിലെ രണ്ട് അന്താരാഷ്ട്ര അതിര്‍ത്തി പ്രവശ്യകളായ ജമ്മു-കാശ്മീരും വടക്കുകിഴക്കന്‍ ഇന്ത്യയും പ്രക്ഷുബ്ധമാണ്. ഇന്ത്യ ഒന്നാകെ ഇരമ്പിമറിയുകയാണ്. ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര ഗവണ്‍മെന്റ് എടുത്ത് കളഞ്ഞ് അതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി. ജമ്മു-കാശ്മീര്‍ ഭരണാഘടനാനുസൃതം അനുഭവിച്ചുകൊണ്ടിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞു. അതാണ് കാശ്മീരില്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചത്. കാശ്മീരില്‍ കേന്ദ്രം സംഘപരിവാറിന്റെ മറ്റൊരു രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയായിരുന്നു. അതിനാല്‍ ജമ്മു-കാശ്മീര്‍ ഇന്ന് പഴയതിലേറെ അരക്ഷിതാവസ്ഥയിലാണ്. തൊട്ടുപിന്നാലെയാണ് പൗരത്വഭേദഗതിനിയമം വരുന്നത്. ഇത് ഇന്ത്യ ഒന്നാകെയും വടക്കു കിഴക്കന്‍ ഇന്ത്യയെ പ്രത്യേകിച്ചും പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ചുരുക്കത്തില്‍ ഇന്ത്യ ഇന്ന് ഒരു അഗ്നി പര്‍വ്വതത്തിന്റെ നിഴലിലാണ്. പൗരത്വഭേദഗതി നിയമം സംഘപരിവാറിന്റെ മറ്റൊരു രാഷ്ട്രീയ അജണ്ടയായിരുന്നു. ഇന്ത്യയുടെയോ വടക്കുകിഴക്കന്‍ ഇന്ത്യയുടെയോ ചില പ്രത്യേക ചരിത്ര-രാഷ്ട്രീയ-മത-വംശീയ പാശ്ചാത്തലങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ഈ നിയമത്തിന് സാധിച്ചില്ല. സര്‍വ്വോപരി അത് ഇന്ത്യയുടെ ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരുമാണ്. അത് വിഭാഗീയവും മത വിവേചനാപരവും ആണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ അത് ഇന്ത്യന്‍ പൗരത്വത്തെ മുസ്ലീം വിരുദ്ധം ആക്കുവാന്‍ നടത്തുന്ന നിയമപരമായ ഇടപെടല്‍ ആയി ചൂണ്ടികാണിക്കപ്പെടുന്നു. അല്ലെങ്കില്‍ മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി താഴ്ത്തികെട്ടുവാനുള്ള ഒരു ശ്രമം ആയി കാണപ്പെടുന്നു. ഇത് സംഘപരിവാറിന്റെ, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ, പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്കുളള നിര്‍ണ്ണായകമായ ഒരു ചുവടു വയ്പ്പു ആയിട്ടും ചൂണ്ടികാണിക്കപ്പെടുന്നു. ഇതില്‍ തെറ്റില്ല. 

ഇതുകൊണ്ടൊക്കെതന്നെ ആണ് ഈ നിയമം അനുശാസിക്കുന്നത് മുസ്ലീങ്ങള്‍ ഒഴികെയുളളവര്‍ക്കു മാത്രമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങഅങളില്‍ നിന്നും ഇന്‍ഡ്യന്‍ പൗരത്വം നല്‍കുകയുളളൂവെന്ന്. കാരണം ഇവര്‍ ആ രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഹിന്ദുക്കള്‍, ന്യൂനപക്ഷം എന്ന പേരില്‍ പീഡനം ഏല്‍ക്കുന്നവര്‍ ആണഅ. അഹമ്മദിയ മുസ്ലീങ്ങളും ഷിയ മുസ്ലീങഅങളും പാക്കിസ്ഥാനില്‍ പീഡനം ഏല്‍ക്കുന്നവര്‍ ആണ് അവര്‍ക്ക് പ്രവേശനം ഇല്ല. ഈ മൂന്ന് രാജ്യം വിട്ടാല്‍ ബര്‍മ്മയിലെ രോഹിംഗ്യ മുസ്ലീങ്ങളും ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കളും ക്രിസ്ത്യാനികളും ന്യൂനപക്ഷം എന്നപേരില്‍ പീഡനം ഏല്‍ക്കുന്നവര്‍ ആണ. അവര്‍ക്കും ഈ നിയമം അനുസരിച്ച് ഇന്‍ഡ്യന്‍ പൗരത്വം അനുവദനീയം അല്ല. രോഹിംഗ്യകളും തമിഴ് ഹിന്ദുക്കളും ഇന്‍ഡ്യയില്‍ നിന്നും അഭയാര്‍ത്ഥികള്‍ ആയിട്ട് ആയിരക്കണക്കിന് ഉണ്ട്. പക്ഷേ, അവര്‍ക്കൊന്നും പുതിയ നിയമത്തിന്റെ ആനുകൂല്യം ഇല്ല. കാരണം അവരൊന്നും ആര്‍.എസ്.എസി.ന്റെ ഒറിജിനല്‍ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. മനുഷ്യാവകാശത്തിന്റെയും മനുഷ്യത്വത്തിന്റെയും പേരില്‍ പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും അഫ്ഘാനിസ്ഥാനിലെയും ഹിന്ദുക്കള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം നല്‍കുന്ന ഈ നിയമം എന്തുകൊണ്ട് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കി? ശരിയാണ് ഹിന്ദുക്കള്‍ക്ക് ഒപ്പം സിക്ക്, പാഴ്‌സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ വിഭാഗത്തിനും ഈ നിയമം പൗരത്വം നല്‍കുന്നുണ്ട്. ഇവരില്‍ എത്രപേര്‍ ഈ മൂന്ന് രാജ്യങ്ങളില്‍ ഉണ്ട്? ഇന്‍ഡ്യയില്‍ തന്നെ പാഴ്‌സി ജനസംഖ്യ അറുപതിനായിരത്തില്‍ താഴെ ആണ്! ഹിന്ദുവോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലുള്ള വെറും ഒരു പ്രഹസനം മാത്രം ആണ് മറ്റ് മതവിഭാഗങ്ങളെ ഒറ്റപ്പെടുത്തിയത്. ആര്‍.എസ്.എസ്. പ്രീണനവും ഹിന്ദു വോട്ട് ബാങ്ക് രാഷ്ട്രീയവും ആണ്. ഐക്യരാഷ്ട്രസഭ ഈ നിയമത്തെ അപലപിച്ചിട്ടുണ്ട്. അമേരിക്കയിയും മറ്റ് പല രാഷ്ട്രങ്ങളും. ഇവരെല്ലാം കാശ്മീരിലെ അവസ്ഥയെയും ആര്‍ട്ടിക്കിള്‍ 370 ന്റെ തുടച്ചുമാറ്റലിനെയും അപലപിച്ചിരുന്നു. പക്ഷേ, ഇപ്പോഴത്തെ ഇന്‍ഡ്യന്‍ ഗവണ്‍മെന്റ് ഇതൊന്നും ചെവികേള്‍ക്കുന്നില്ല. കാരണം അത് ജനാധിപത്യത്തിന്റെ വഴിവിട്ടിരിക്കുന്നു. ശരിയാണ് പാര്‍ലിമെന്റിന്റെ ഇരുസഭകളും ഭൂരിപക്ഷത്തോടെ അംഗീകരിച്ചതാണ് ഈ നിയമങ്ങള്‍. ലോകസഭയില്‍ ബി.ജെ.പി.ക്ക് തനതായി കേവല ഭൂരിപക്ഷം ഉണ്ട്. രാജ്യസഭയില്‍ ചരിത്ര-രാഷ്ട്രീയ ദിശാബോധം ഇല്ലാത്ത പ്രാദേശികപാര്‍ട്ടികള്‍-അണ്ണ ഡി.എം.കെ., റ്റി.ഡി.പി., വൈ.എസ്.ആര്‍.കോണ്‍ഗ്രസ്, ജെ.ഡി.യു., ബിജു ജനതദള്‍ തുടങ്ങിയവര്‍ ബില്ലിനെ അനുകൂലിച്ചും ഇതാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ശിവസേന ലോകസഭയില്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്‌തെങ്കിലും രാജ്യസഭയില്‍ ഇറങ്ങിപ്പോയി. അതിന് യാതൊരു അര്‍ത്ഥവും കഴമ്പും ഇല്ല. ജെ.ഡി.യു. മറ്റൊരു ബില്ലും ഈ കരിനിയമത്തിന്റെ ഇണയും ആയ നാഷ്ണല്‍ രജസ്റ്റര്‍ ഓഫ് സിറ്റിസന്‍സിനെ എതിര്‍ക്കുമെന്ന് കേള്‍ക്കുന്നു. അതിലും കാര്യമില്ല.

ഈ കരിനിയമത്തിലൂടെ ഇന്‍ഡ്യയുടെ വിദേശനയം ഉലയുക മാത്രം അല്ല വിദേശ മൂലധന നിക്ഷേപത്തിന് കോട്ടം സംഭവിക്കുക കൂടെ ആണ് സംഭവിച്ചിരിക്കുന്നത്. കത്തി എരിയുന്ന വടക്ക്- കിഴക്കന്‍ ഇന്‍ഡ്യയും ഇതരഭാഗങ്ങളും വിദേശമൂലധന നിക്ഷേപത്തിന്റെ പട്ടികയില്‍ താഴെ പോയിരിക്കുകയാണ്. ബംഗ്ലാദേശിലെ രണ്ട് മന്ത്രിമാരും ജപ്പാന്റെ പ്രധാനമന്ത്രിയും ആണ് ഇതുമൂലം ഇന്‍ഡ്യ സന്ദര്‍ശനം റദ്ദാക്കിയത്. എന്തിനുവേണ്ടി ആണ് ഈ ഭരണഘടന ലംഘനപരമായ നിയമം, മനുഷ്യാവകാശലംഘന നിയമം, മുസ്ലീം വിരുദ്ധമായ നിയമം, ബി.ജെ.പി. ജനങ്ങളില്‍ അടിച്ചേല്‍പിച്ചത്? ഇത് സംഘപരിവാറിന്റെ, ആര്‍.എസ്.എസിന്റെ ആദ്യകാല അജണ്ടകളില്‍ ഒന്നായതുമാത്രം കൊണ്ടല്ലേ? ഈ വിവേചനത്തില്‍ ഭരണഘടന വിധ്വംസനത്തില്‍ എവിടെയാണഅ മോഡി-ഷാ വികസനം? ഇത് വടക്ക് കിഴക്കന്‍ ഇന്‍ഡ്യയിലെയും ഇതര ഭാഗങ്ങളിലെയും എതനിക്ക് ക്ലെന്‍സിംങ്ങിന്റെ ഭാഗം ആണ്. മുസ്ലീം വിവേചനത്തിന് നിയമസാധുത നല്‍കുന്നതിന്റെ ഭാഗം ആണ്. സര്‍വ്വോപരി ഹിന്ദു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗവും ആണ്. അതിനാല്‍ ഇത് സ്വീകാര്യം അല്ല. ഗോള്‍ വാള്‍ക്കറുടെയും സവര്‍ക്കറിന്റെയും മുസ്ലീം വിരുദ്ധ, ഇന്‍ഡ്യ വിഭജന രാഷ്ട്രീയത്തിന്റെ ബാക്കി പത്രം ആണ്. അതിനാല്‍ ഇത് സ്വീകാര്യം അല്ല. ഹിന്ദു മാഹസഭയുടെയും, ജനസംഘിന്റെയും, ആര്‍.എസ്.എസിന്റെയും വിഘടിതവിഭജന രാഷ്ട്രീയം ആണ് ബി.ജെ.പി. ഇതിലൂടെ നടപ്പില്‍ വരുത്തുന്നത്. ബി.ജെ.പി.യും ഇതില്‍ നിന്നും ഒട്ടും വിഭിന്നം അല്ല. അതിനാല്‍ ഈ നിയമം ഇന്‍ഡ്യന്‍ ഭരണഘടനക്ക് സ്വീകാര്യം അല്ല. ഈ നിയമത്തിന്റെ അവതാരകനായ ഗൃഹമന്ത്രി അമിത്ഷായുടെ അഭിപ്രായപ്രകാരം ഇന്‍ഡ്യയുടെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. അതിനാല്‍ ഈ ബില്ലും ഉചിതവും ന്യായാര്‍ഹവും ആണ്. പക്ഷേ, ഷാ മനസിലാക്കേണ്ട ഒരു കാര്യം ഇന്‍ഡ്യയുടെ രൂപീകരണം മതാടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്നതാണ്. മറിച്ച് മതേതര അടിസ്ഥാനത്തില്‍ ആയിരുന്നു. അതാണ് ഇന്‍ഡ്യയുടെ ഭരണഘടനയുടെ അടിത്തറ. ശരിയാണ് പാക്കിസ്ഥാന്റെ രൂപീകരണം മതാടിസ്ഥാനത്തില്‍ ആയിരുന്നു. പക്ഷേ, അതല്ലല്ലോ ഇന്‍ഡ്യ ഗാന്ധിയും അംബേദ്ക്കറും നെഹ്‌റുവും വിഭാവന ചെയ്ത ഇന്‍ഡ്യ പാക്കിസ്ഥാന്റെ ഒരു വികൃതകാര്‍ബണ്‍ കോപ്പി അല്ലായിരുന്നല്ലോ.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസ്തിത്വ ഭ്രംശനത്തിന്റെ ഭീതിയുടെ നിഴലില്‍ ആണ്. അവരുടെ പ്രാദേശിക-ട്രൈബല്‍ ഐഡന്റിറ്റി നിലനിര്‍ത്തുവാനുള്ള സമരത്തില്‍ ആണ് അവര്‍. അസമിനും സിക്കിമിനും, മിസോറമിനും, അരുണാചല്‍ പ്രദേശിനും, മേഘാലയക്കും, നാഗലാന്റിനും മണിപ്പൂരിനും ഈ കരിനിയമം ഉയര്‍ത്തിയ വെല്ലുവിളികള്‍ നിരവധിയാണ്, അടിസ്ഥാനപരം ആണ്. ഈ വെല്ലുവിൡകള്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളിലുള്ള സംസ്ഥാനങ്ങള്‍ക്കും ഇന്നര്‍ലൈന്‍ പെര്‍മിറ്റുള്ള സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകം ആണ്. തത്വത്തില്‍ ഈ നിബന്ധനകള്‍ ഇപ്പോള്‍ കേന്ദ്രം അല്പം വ്യാപിപ്പിച്ചെങ്കിലും ഭീഷണി നിലനില്‍ക്കുന്നു.

നാഷ്ണല്‍ രെജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍.ആര്‍.സി.) പൗരത്വ ഭേദഗതി നിയമവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ ആണ്. ഇവ രാജ്യത്തിന്റെ നന്മയെന്നതിലുപരി സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഭാഗം ആണ്. ആസാമില്‍ എന്‍.ആര്‍.സി.ക്ക് എന്ത് സംഭവിച്ചു? അവിടെ ബംഗ്ലാദേശില്‍ നിന്നുള്ള അവിഹിത കുടിയേറ്റക്കാരില്‍ പകുതിയിലേറെ ഹിന്ദുക്കള്‍ ആയിരുന്നു(12 ലക്ഷം). അതിനെ നേരിടുവാനുള്ള വിദ്യ ആയിരുന്നു പൗരത്വഭേദഗതി നിയമം. ഇവ രണ്ടും രണ്ട് ദേശീയ വിപത്തുകള്‍ ആണ്. അവ രാഷ്ട്രീയ പ്രേരിതം ആണ്. മതവിവേചനത്തില്‍ ഉടലെടുത്ത അവയുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയില്‍ ആണ്.

ഹിന്ദുരാഷ്ട്രമോ? വംശീയ ശുദ്ധീകരണമോ? എന്താണ് പൗരത്വ ഭേദഗതി -പൗരത്വ  രജിസ്റ്റര്‍?- (പി.വി.തോമസ് -ഡല്‍ഹികത്ത് )
Join WhatsApp News
Opinion 2019-12-21 12:56:37
 ഇനി മോദിയെം ഇമ്പീച്ചു ചെയ്താലേ ലോകം നന്നാകു .
benoy 2019-12-21 12:20:43
"ബഹുമാന്യനായ ശ്രീ പി വി തോമസ്" സാറെ, സാറിന്റെ അതിരുകടന്ന ആത്മരോഷം ഏതൊരു കമ്മ്യൂണിസ്റ്റിനും, സോഷ്യലിസ്റ്റിനും, ലിബറലിനും മനസിലാക്കാവുന്നതും സമാനത തോന്നുന്നതുമാണ്. എന്തുചെയാം; താങ്കൾക്കും താങ്കളേപ്പൊലുള്ളവർക്കും ഇനി ഇതൊക്കെ സഹിക്കുകയും ശപിക്കുകയും മാത്രമേ  നിവർത്തിയുള്ളു. ഇന്ത്യയും ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും മുന്പോട്ടുപോയിക്കൊണ്ടേയിരിക്കും.
എല്ലാവര്ക്കും എല്ലായിപ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധ്യമല്ല എന്ന സാമാന്യ തത്വം താങ്കൾ മനസിലാക്കാത്തതും സാമാന്യ ബുദ്ധിയുടെ അഭാവവുമാണ്  താങ്കളെ ഇതുപോലുള്ള ലേഖനങ്ങൾ എഴുതുവാൻ പ്രേരിപ്പിക്കുന്നത്. 
ഒരു പരിധിവരെ ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവിന് ഈ നിയമം പരിഹാരമാവുമെങ്കിൽ അത്രയും നല്ലതു. ഇനി ശ്രീ അമിത് ഷാ യൂണിഫോം സിവിൽ കോഡ് കൂടി പാസാക്കുകയാണെങ്കിൽ രാജ്യം രക്ഷപെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക