Image

ഏകാധിപതികള്‍ക്ക് കാലം കടുത്തശിക്ഷ നല്കും - വീരേന്ദ്രകുമാര്‍

Published on 15 May, 2012
ഏകാധിപതികള്‍ക്ക് കാലം കടുത്തശിക്ഷ നല്കും - വീരേന്ദ്രകുമാര്‍
കുമ്പനാട്: സിപിഎമ്മിന് ഇന്ത്യയില്‍ അധികാരം ലഭിക്കുകയും പിണറായി വിജയന്‍ അഖിലേന്ത്യ സെക്രട്ടറി ആകുകയും ചെയ്തിരുന്നുവെങ്കില്‍ വി.എസ്. അച്യുതാനന്ദനെ ഇല്ലായ്മ ചെയ്യുമായിരുന്നെന്ന് സോഷ്യലിസ്റ് ജനതാ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. എസ്ജെഡി പത്തനംതിട്ട ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കുമ്പനാട് നാഷണല്‍ ക്ളബ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാര്‍ ചെയ്ത ഉമ്മന്‍ തലവടി നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും അന്ത്യചുംബനം നല്കാന്‍ മുഖം പോലും ബാക്കിവയ്ക്കാതെ 51 കക്ഷണങ്ങളായി വെട്ടിനുറുക്കുകയായിരുന്നു. മുഖം ഉണ്ടാക്കുന്നതിനായി മൂന്നര മണിക്കൂറാണ് ഡോക്ടര്‍മാര്‍ കഠിനാധ്വാനം ചെയ്തത്. ഇത്തരത്തിലുള്ള പൈശാചിക കൊലപാതകത്തോടു സിപിഎം പ്രതികരിച്ചത് എങ്ങനെയാണെന്ന് കേരള സമൂഹം പരിശോധിക്കണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരനെ കൊന്നത് സിപിഎം ആണെന്നു പറയുന്നില്ല. അത് അന്വേഷിച്ച് തെളിയിക്കേണ്ടതാണ്. എന്നാല്‍ കൊലപാതകം കഴിഞ്ഞയുടന്‍ ഇതു നടത്തിയവര്‍ മതതീവ്രവാദികളും ക്വട്ടേഷന്‍ സംഘവുമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. പിണറായിയ്ക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും അന്വേഷണ വിഭാഗം ചോദിച്ചറിയണം. മൃതദേഹത്തോടു കാണിക്കുന്ന മാന്യതപോലും സിപിഎം പ്രകടിപ്പിച്ചില്ല. മരിച്ച ചന്ദ്രശേഖരന്‍ കുലംകുത്തി മാത്രമല്ല, കുലദ്രോഹിയുമാണെന്നാണ് പിണറായി ആവര്‍ത്തിച്ചു പറഞ്ഞത്. ഈ പരാമര്‍ശം സാക്ഷരകേരളത്തിന് അപമാനമാണെന്നും എം.പി. വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെയും പിണറായിയുടെയും മുമ്പില്‍ ഓച്ഛാനിച്ചും മുട്ടുമടക്കിയും നില്‍ക്കുന്നവര്‍ക്കു മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുകയുള്ളൂവെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രതിഷേധം ഉണ്ടാകണം. പ്രതിഷേധം ഇല്ലെങ്കില്‍ ഫാസിസം വളരും. എല്ലാ ഏകാധിപതികള്‍ക്കും ചരിത്രം നല്കിയ ശിക്ഷ പിണറായിയെയും കാത്തിരിക്കുകയാണെന്നും വീരേന്ദ്രകുമാര്‍ ഓര്‍മിപ്പിച്ചു. കിരാതവാഴ്ചയ്ക്കെതിരെ പ്രതികരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ജനങ്ങളുടെ ആദരവ് ലഭിക്കുകയുള്ളൂ. മനുഷ്യത്വവും സ്നേഹവും നഷ്ടപ്പെട്ട സിപിഎം കോര്‍പറേറ്റ് പാര്‍ട്ടിയായി അധഃപതിച്ചിരിക്കുകയാണ്. എല്‍ഡിഎഫില്‍ ചേരാന്‍ ഒരുക്കമല്ലെന്നും ഇതിനുവേണ്ടി പിണറായി ശ്രമിക്കണ്െടന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ക്യാമ്പില്‍ ജില്ലാ പ്രസിഡന്റ് ജോ എണ്ണയ്ക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷേയ്ക്ക് പി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, അഡ്വ. പ്രശാന്ത് പി. കുറുപ്പ്, രാജു മണ്ണടി, ജോസ് കാഞ്ഞിരത്തുംമൂട്ടില്‍, എന്‍.സി. തോമസ്, ഷാജി വി. കോശി, സാംസണ്‍ ദാനിയേല്‍, അഡ്വ. ജോണ്‍സണ്‍ കെ. മാത്യു, മനോജ് മാധവശേരി, സജന്‍ പുല്ലാട് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നു നടന്ന പഠനക്ളാസിന് മനയത്ത് ചന്ദ്രന്‍ നേതൃത്വം നല്കി. ഉച്ചകഴിഞ്ഞു നടന്ന കാര്‍ഷിക സെമിനാര്‍ ഡോ. ബീനാറാം ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക