Image

ചന്ദ്രശേഖരന്‍ വധം: കസ്റഡിയിലുള്ള ഒരാള്‍ മാപ്പുസാക്ഷിയാകും

Published on 15 May, 2012
ചന്ദ്രശേഖരന്‍ വധം: കസ്റഡിയിലുള്ള ഒരാള്‍ മാപ്പുസാക്ഷിയാകും
തലശേരി: റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഒരാള്‍ മാപ്പുസാക്ഷിയാകും. കൊടി സുനിയുടെ സന്തതസഹചാരിയും ന്യൂമാഹി ഇരട്ടക്കൊലക്കേസില്‍ പ്രതിയുമായ കൊച്ചക്കാലന്‍ സുമേഷിനെയാണു മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നത്. ദിവസങ്ങളായി പോലീസ് കസ്റഡിയിലുള്ള സുമേഷ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെയും മാഹിയിലെയും രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളാണ് പോലീസിന് നല്‍കിയിട്ടുള്ളത്. ചന്ദ്രശേഖരന്‍ വധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും കൊലയുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ സുമേഷിന് അറിയാവുന്നതുകൊണ്ടാണ് മാപ്പുസാക്ഷിയാക്കുന്നതെന്ന് അറിയുന്നു. വിവാഹിതനായ ശേഷം ഓപ്പറേഷനുകളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു ഇയാളത്രെ. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ചൊക്ളി നെടുമ്പ്രം ഷാറോണ്‍ വില്ലയില്‍ മീത്തലെചാലില്‍ വീട്ടില്‍ കൊടി സുനി എന്ന എം.കെ. സുനില്‍കുമാറിനൊപ്പം വര്‍ഷങ്ങളായി പല സംഭവങ്ങളിലും പങ്കെടുത്തിട്ടുള്ള ചാലക്കര മണ്ടപ്പറമ്പ് കോളനിയിലെ പി.കെ സുമേഷ് എന്ന കൊച്ചക്കാലന്‍ സുമേഷ് (29) ചന്ദ്രശേഖരന്‍ വധം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പോലീസ് കസ്റ്റഡിയിലായിരുന്നു. കൊടി സുനിയോടൊപ്പം വിവിധ കേസുകളില്‍ പ്രതികളായിട്ടുള്ള പലരും ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. കേസില്‍ ഇന്നു വൈകുന്നേരത്തോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും വിലപ്പെട്ട ചില വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിടുമെന്നും അറിയുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അറസ്റിലായതോടെ ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചില നേതാക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനിടെ പൊട്ടിക്കരയുകയും തളര്‍ന്നു വീഴുകയും ചെയ്തിരുന്നു. ചന്ദ്രശേഖരനോടൊപ്പം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുള്ള പടയങ്കണ്ടി രവീന്ദ്രന്‍ ആദ്യഘട്ടങ്ങളില്‍ അന്വേഷണ സംഘവുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ തന്റെ പങ്ക് തുറന്നുപറയുകയായിരുന്നുവെന്നു പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനു ക്ഷണിച്ച് കൊലയാളികള്‍ക്കു പ്രിയ സുഹൃത്തിനെ ഒറ്റിക്കൊടുത്ത തനിക്ക് ആ വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുമോ എന്ന ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായപ്പോള്‍ രവീന്ദ്രന്‍ പൊട്ടിക്കരയുകയായിരുന്നു. ഓര്‍ക്കാട്ടേരിയില്‍ പൂ വില്‍പ്പനയും മില്‍മ പാല്‍ വ്യാപാരവും ഒപ്പം ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തി സ്വരൂപിച്ച പണം കൊണ്ടാണ് രവീന്ദ്രന്‍ വീടുനിര്‍മിച്ചത്. ഗൃഹപ്രവേശനത്തിനുള്ള ക്ഷണക്കത്ത് ഓര്‍ക്കാട്ടേരി ജംഗ്ഷനില്‍ കൊലയാളി സംഘത്തിന്റെ കണ്‍മുന്നില്‍വച്ചാണ് രവീന്ദ്രന്‍ ചന്ദ്രശേഖരനു കൈമാറിയത്. കൊലയാളികള്‍ക്ക് ചന്ദ്രശേഖരന്‍ ഏതാണെന്ന് അറിയാനുള്ള സൂചനായിരുന്നു അത്. ഭാര്യ രമയേയും മകനേയും കൂട്ടി വേണം ഗൃഹപ്രവേശനത്തിനെത്താനെന്നും വീട്ടില്‍ നേരിട്ടുവന്ന് ഇരുവരെയും ക്ഷണിക്കുമെന്നും ചന്ദ്രശേഖരനോട് പറഞ്ഞിരുന്നതായും രവീന്ദ്രന്‍ പോലീസിനോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക