Image

ശിശിരകാല വിഷമ സന്ധികള്‍!! ശരീരസന്ധീ വേദനകള്‍!!!

Published on 18 January, 2020
ശിശിരകാല വിഷമ സന്ധികള്‍!! ശരീരസന്ധീ വേദനകള്‍!!!
ശൈത്യകാലമാവുമ്പോഴേയ്ക്കും മാറി നിന്ന നടുവേദനയും കഴുത്തുവേദനയും സന്ധിവേദനകളും തിരിച്ചു വന്നതായി അനുഭവപ്പെടുന്നോ? ഒട്ടും അതിശയിക്കാനില്ല, ആധുനിക വൈദ്യശാസ്ത്രപരമായി അന്തരീക്ഷ താപനിലയും സന്ധിവേദനകളുമായി വലിയ ബന്ധങ്ങള്‍ കല്പിച്ചിട്ടില്ലെങ്കിലും ആയുര്‍വേദങ്ങളില്‍ ശിശിരകാലത്തു വാതദോഷങ്ങളുടെ അധികരണം കാണപ്പെടുന്നതായി രേഖപ്പെടുത്തുന്നു . പലഭാഗങ്ങളിലായി വേദനകളുടെ ഓടി നടക്കലാണ് വാതം. ആന്തരിക പ്രകൃതിയ്ക്ക് ബാഹ്യപ്രകൃതിയുമായും സ്ഥൂല പ്രപഞ്ചത്തിന് സൂക്ഷ്മ പ്രപഞ്ചവുമായും ബന്ധം കല്പിച്ചു ചികിത്സകള്‍ നിര്‍ദ്ദേശിക്കുന്ന ഹോളിസ്റ്റിക് രീതികളായ യോഗ പ്രകൃതിചികിത്സാ ആയുര്‍വേദ ശാസ്ത്രങ്ങള്‍ ഇത്തരം വേദനകളെ മനസിലാക്കി പ്രത്യേകമായ ദിനചര്യകളും വ്യായാമങ്ങള്‍ ഉള്‍പ്പെട്ട ചികിത്സാ സങ്കേതങ്ങളും നിര്‍ദ്ദേശിക്കാറുണ്ട്. ഇത് കൂടുതലും പഴമക്കാര്‍ക്കു പരിചയമുള്ള ഒരു സ്ഥിതിവിശേഷവുമാണ്.

അമേരിക്കയില്‍ ശൈത്യകാലം ആരംഭിക്കുമ്പോള്‍, പറ്റുമെങ്കില്‍ നാട്ടില്‍ തുടരാനും സുഖ ചികിത്സകള്‍ എടുക്കുവാനും പഴമക്കാരായ മാതാപിതാക്കള്‍ ശ്രമിക്കുന്നതിനു ഇങ്ങനെയും ഒരു കാരണമുണ്ടെന്നറിയുക!.

കാരണങ്ങള്‍ അറിഞ്ഞു പ്രതിരോധമെടുത്താല്‍ ശൈത്യകാലത്തെ സന്ധിവേദനകള്‍ പ്രത്യേകിച്ചും നടുവ് കഴുത്തു വേദനകള്‍ കുറയ്ക്കാം .തണുപ്പില്‍ നട്ടെല്ലിനോട് ചേര്‍ന്നുള്ള പേശികള്‍ സ്‌നായുക്കള്‍ സ്തരങ്ങള്‍ ഞരമ്പുകള്‍ എല്ലാം മുറുകുകയും ഇലാസ്തികത കുറയുകയും ചെയ്യാറുണ്ട് . ഇവ നടുവ് കഴുത്തു വേദനകളും പല തരത്തിലുള്ള ക്ഷതങ്ങളും ഉണ്ടാക്കുന്നതിനു കാരണമാകുന്നു. പ്രായമായവരില്‍ പുറമേയ്ക്ക് സ്പര്‍ശന ശേഷി കുറയുകയും ബാലന്‍സ്, ന്യൂറോ മസ്കുലാര്‍ കോ ഓര്‍ഡിനേഷന്‍ മുതലായവ കുറഞ്ഞു,വീഴ്ചകളും അതോടൊപ്പം എല്ലു പൊട്ടല്‍ സന്ധിപേശീ വേദനകള്‍ മുതലായവയ്ക്കും സാധ്യത കൂടുതല്‍ ആണ്. വിന്ററില്‍ കാണപ്പെടുന്ന സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ അഥവാ സീസണല്‍ ഡിപ്രെഷന്‍ (Seasonal Depression) സൂര്യപ്രകാശം കുറയുന്നത് കൊണ്ട് സെറോടോണിന്‍ കുറഞ്ഞും ഹോളിഡേ സ്‌ട്രെസ്സായും ഇപ്പോള്‍ സാധാരണമാണ്, ഇവയും നടുവിലേക്ക് രക്തചംക്രമണം കുറച്ചു വേദനയും വിഷമങ്ങളും കൂട്ടുന്നു, ഡിപ്രെഷന്‍ എന്ന അവസ്ഥ നടുവേദന കൂട്ടുന്നത് ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുകയും ഒരു ഇന്റഗ്രേറ്റീവ് അപ്പ്രോച്ച് ആഹ്വാനം ചെയ്യുന്നുമുണ്ട്. സമ്മറിനെ അപേക്ഷിച്ചു തണുപ്പ് കൂടിയ, നീളം കുറഞ്ഞ ദിവസങ്ങളുള്ള  വിന്ററില്‍ വ്യായാമ സാധ്യതകള്‍ കുറയുന്നതും കൂടുതല്‍ സമയം ശൈത്യാനുബന്ധ കാര്യങ്ങള്‍ക്കു ചെലവാക്കേണ്ടി വരുന്നതുമെല്ലാം ഈ ദുരവസ്ഥ കൂട്ടുന്നുണ്ട്.

നട്ടെല്ലിന്റെ ഡിസ്ക്കില്‍ ജലാംശം കുറവ് വരുന്ന തരത്തില്‍ നിര്‍ജ്ജലീകരണവും തണുപ്പുകാലത്തെ നടുവേദനകള്‍ക്കു കാരണമാകാറുണ്ട് . തണുത്ത വരണ്ട കാലാവസ്ഥയില്‍, ഉണ്ടാകുന്ന വിയര്‍പ്പു വളരെ വേഗം വലിഞ്ഞു പോകുകയും   വേനല്‍ കാലത്തിനു വിപരീതമായി ദാഹം അനുഭവപ്പെടാതിരിക്കുകയും കൂടുതല്‍ ജലാംശം ഉഛ്വാസ  വായുവിലൂടെ നഷ്ടപ്പെടുന്നത് അറിയാതിരിക്കുകയും ചെയ്യുന്നത് നിര്ജ്ജലീകരണത്തിനും ശരീര തളര്‍ച്ച, ഉന്മേഷക്കുറവ്, സന്ധിവേദനകള്‍ എന്നിവയിലേക്കും നയിക്കുന്നു . ഇക്കാലങ്ങളില്‍ നാം ധരിക്കുന്ന കട്ടിയും ഭാരവും കൂടിയ  ജാക്കറ്റുകള്‍, ചൂട് നില നിര്‍ത്തുന്ന ഇന്നറുകള്‍ എന്നിവ ചൂടും വിയര്‍പ്പും ഉണ്ടാക്കുന്നുണ്ടെങ്കിലും ബാഷ്പനഷ്ടം നാം ശ്രദ്ധിക്കണമെന്നില്ല.  ശൈത്യാവസ്ഥയില്‍ ശരീരം തലച്ചോറിലേക്ക് കൊടുക്കുന്ന സിഗ്‌നലുകളിലും പന്തികേടുകള്‍ സംഭവിക്കാറുണ്ട് ദാഹത്തിനു പകരം വിശപ്പ് അനുഭവപ്പെട്ടേക്കാം, ബോധപൂര്‍വ്വം വെള്ളം കുടിക്കുന്നില്ലെങ്കില്‍ ഡീഹൈഡ്രേഷന്‍, ഡ്രൈ സ്കിന്‍, മൂത്രം ചുടിച്ചില്‍ മുതലായവയും കുഞ്ഞുങ്ങള്‍ പ്രായമായവര്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് നിര്ജ്ജലീകരണത്തിന്റെ  കൂടിയ  അവസ്ഥാന്തരങ്ങളും ഉണ്ടാകാം.

ശ്രദ്ധയോടെയുള്ള വ്യായാമങ്ങള്‍, ബോധപൂര്‍വ്വമുള്ള ജലപാനം, കുനിയുകയും നിവരുകയും ചെയ്യുമ്പോള്‍ പുലര്‍ത്തുന്ന ശ്രദ്ധ എന്നിവയും ചൂട് നിലനിര്‍ത്തുന്നതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ വസ്ത്രധാരണവും മേല്പറഞ്ഞ അവസ്ഥകള്‍ വരാതിരിക്കാന്‍ അനിവാര്യമാണ്. ഇന്‍ഡോര്‍ വ്യായാമങ്ങളായ യോഗ, സൂമ്പ, ഡാന്‍സ്,  മറ്റു ഇന്‍ഡോര്‍  ഗെയിമുകള്‍  മുതലായവ ശീതകാലത്തെ ശാരീരിക വ്യഥകളെയും ഡിപ്രഷനെയും കുറയ്ക്കാന്‍ വളരെ നല്ലതാണ്. ബാലാസാന, ഭുജംഗാസന, ത്രികോണാസന , അധോമുഖശ്വാനാസന, ഊര്‍ധ്വമുഖശ്വാനാസന  മുതലായ യോഗാസനങ്ങള്‍ നടുവേദനയ്ക്കും , കഴുത്തിനുള്ള ശീതളീകരണ വ്യായാമങ്ങള്‍ ഗുരുനിര്‍ദിഷ്ഠമായ സ്‌ട്രെച്ച്കളും സൂര്യനമസ്!കാരം മുതലായവ മുഴുവന്‍ ശരീരത്തിനും,  കഴുത്തിന് പ്രത്യേകിച്ചും ഗുണം ചെയ്യുന്നവയാണ്. ആയുര്‍വേദ പ്രകൃതി ചികിത്സകള്‍ പോലെ തന്നെ ജാപ്പനീസ് ഷിയാറ്റ്‌സ്!യു പ്രയോഗവും പേശീ ബലം,   സന്ധികളുടെ ആരോഗ്യം എന്നിവ  വര്‍ധിപ്പിച്ചു ശിശിരകാലശരീരവ്യഥകള്‍ക്കു ശമനമേകുന്നു.  

ലേഖകന്‍
ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍ BNYS,MSc.sPy.
ശനിയാഴ്ചകളില്‍ 6:00- 7:00, 7:30- 8:30, 9:00- 10:00, എന്നീ സമയങ്ങളില്‍ ചിക്കാഗോ CMA, Mt.Prospect ഹാളിലും, 10:30- 11:30, 11:45- 12:45 എന്നീ സമയങ്ങളില്‍ കെ സി എസ് കമ്മ്യൂണിറ്റി സെന്റര്‍ Okton Street ലും ക്ലാസുകള്‍ നയിക്കുന്നു.
Contact +12245954257, e-mail: drjinoybnys@gmail.com

ശിശിരകാല വിഷമ സന്ധികള്‍!! ശരീരസന്ധീ വേദനകള്‍!!!ശിശിരകാല വിഷമ സന്ധികള്‍!! ശരീരസന്ധീ വേദനകള്‍!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക