Image

പിതാവ്.. പുത്രന്‍ .... (കഥ: ജോസഫ് നമ്പിമഠം)

Published on 21 January, 2020
പിതാവ്.. പുത്രന്‍ .... (കഥ: ജോസഫ് നമ്പിമഠം)
ഈ കഥ നടക്കുന്നത് എണ്‍പതുകളുടെ രണ്ടാം പകുതിയിലാണ്. സെല്‍ഫോണും ഇന്റര്‍നെറ്റും ഒന്നും ഇല്ലായിരുന്ന കാലം. അമേരിക്കയിലേക്ക് ഞാന്‍ ഒരു തുടക്കക്കാരനായി വന്ന കാലം. ഇത് കഥയാണോ നടന്ന സംഭവം ആണോ? അതോ രണ്ടും കൂടി ഇഴ പിരിച്ചെടുത്തതോ? നിങ്ങള്‍ എന്നോട് ഈ ചോദ്യം ചോദിച്ചേക്കുമെന്നു മുന്നില്‍ കണ്ടു കൊണ്ട് പറയട്ടെ. അങ്ങിനെയൊക്കെ അല്ലേ കഥകള്‍ രൂപപ്പെടുന്നത്?
  
ഡാളസ് നഗരത്തിന്റെ തിരക്കുപിടിച്ച വെസ്റ്റ് എന്‍ഡില്‍ നിന്നും അധികം അകലത്തില്‍ അല്ലാതെയും കെന്നഡി വധം കൊണ്ട് കുപ്രസിദ്ധവുമായ സ്ഥലത്ത്, ഇന്നുള്ള കെന്നഡി മ്യൂസിയത്തിന് അടുത്തായും സ്ഥിതിചെയ്യുന്ന ഡാളസ് കൗണ്ടി കമ്മ്യൂണിറ്റി കോളേജില്‍ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങുന്‌പോള്‍ ഇരുട്ടുവീണിരുന്നു.

പ്ലാസ്റ്റിക് കമ്പനിയിലെ ജോലികഴിഞ്ഞാല്‍ നേരെ കോളേജിലേക്ക്, അതുകഴിഞ്ഞാല്‍ നേരെ കുട്ടികളുടെ ബേബിസിറ്ററുടെ അടുത്തേക്ക്. അവിടന്ന്  അവരെയും കൊണ്ട് നേരെ റ്റൂബെഡ്‌റൂം അപ്പാര്‍ട്ടുമെന്റിലേക്ക്. ഭാര്യക്ക് ഒരു കമ്പനിയില്‍ ത്രീ റ്റു ഇലവന്‍ ഷിഫ്റ്റിലാണ് ജോലി. അവള്‍ ഇപ്പോള്‍ ജോലിയിലാണ്.

ഞങ്ങള്‍ ഒരു അപ്പാര്‍ട്‌മെന്റിലാണ് താമസം, തുടക്കക്കാരായാ എല്ലാ മലയാളികളെയും പോലെ.
ഒരുവീട് വാങ്ങണം എന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. നല്ല വരുമാനമുണ്ടെങ്കിലേ അതെല്ലാം  നടക്കൂ. അതിലേക്കുള്ള ശ്രമഫലമായിട്ടാണ് ഈ ക്ലാസ്സിനു ചേര്‍ന്നത്. രണ്ടുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞാല്‍ സാമാന്യം നല്ല ഒരു ജോലിയില്‍ പ്രവേശിക്കാം. പക്ഷെ അതുവരെയുള്ള കഷ്ട്ടപ്പാടാണ് പ്രശ്‌നം.
 
നാട്ടില്‍ നിന്ന് നേടിയ ബിരുദസര്‍ട്ടിഫിക്കറ്റുമായി, വലിയ പ്രതീക്ഷളുമായിട്ടാണ് അമേരിക്കയില്‍ എത്തിയത്. എന്നാല്‍ ആ പ്രതീക്ഷകളൊക്കെ എട്ടുനിലയില്‍ പൊട്ടുന്നതാണ് കണ്ടത്. നാട്ടില്‍ പഠിച്ച ഇംഗ്ലീഷില്‍ ഞാന്‍ സംസാരിച്ചാല്‍, ടെക്‌സണ്‍ ആക്‌സെന്റ്  ഉള്ള ഇംഗ്ലീഷ് പറയുന്നവന് ഒന്നും പിടികിട്ടുന്നില്ല. അവര്‍ പറയുന്നത് എനിക്കും.

ഒത്തിരി ഏറെ സ്ഥലത്തു കയറിയിറങ്ങളി ജോലിക്കുള്ള ആപ്പ്‌ലിക്കേഷന്‍സ് ഫില്ലു ചെയ്ത ശേഷം ഒരു പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി കിട്ടി. പ്ലാസ്റ്റിക് ഗ്രാന്യൂളുകള്‍ ഉരുകി തിളച്ച്, ഫര്‍ണസ്സില്‍ നിന്ന് മോള്‍ഡിലേക്കു വീണ്, പ്ലാസ്റ്റിക് കാര്‍ട്ടണുകളായി എന്റെ മുന്നിലേക്ക് വീണുകൊണ്ടേയിരിക്കും.

ഭ്രാന്തന്‍ സ്വഭാവമുള്ള റിക് എന്ന വെളുമ്പന്‍ സൂപ്പര്‍വൈസര്‍ വന്നു മെഷീന്റെ സ്പീഡ് അല്പം കൂട്ടിവെക്കും. എന്നെ അയാള്‍ക്ക്  തീരെ പിടിച്ചിട്ടില്ല. ഓടിനടക്കുകയും, വായില്‍ വരുന്ന തെറിവിളിക്കുകയും, കയ്യിലിരിക്കുന്ന സാധനങ്ങള്‍ ദേഷ്യത്തോടെ എറിയുകയും പുലമ്പുകയും ഒക്കെ ചെയുന്ന അവനെ കണ്ടാല്‍ ഒരു ഡ്രഗ് അഡിക്റ്റിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. അധികം ദേഷ്യം കൂടുന്‌പോള്‍ അവന്റെ ഭാര്യയും അവിടെത്തന്നെ ജോലിക്കാരിയുമായ ഡയാന്‍ വന്നു ഇടപെട്ടു അവനെ ശാന്തനാക്കും.

പ്‌ളാസ്റ്റിക് കാര്‍ട്ടണുകള്‍, പനം കായ് പഴുത്തു വീഴുംപോലെ വീണുകൊണ്ടേയിരിക്കും. അതിന്റെ അരികുകള്‍, ഒരു ചെറിയ അരിവാ പോലെ ഇരിക്കുന്ന ഉപകരണം കൊണ്ട് ചെത്തിമിനുസപ്പെടുത്തി എടുത്തു അടുക്കി വെക്കുക എന്നതാണ് എന്റെ ജോലി.

ഞാന്‍ ഒരെണ്ണം ചെത്തി മിനുക്കി എടുത്തു വെക്കുമ്പോഴേക്കും മൂന്നെണ്ണം വീണു കഴിഞ്ഞിരിക്കും. നൂറ്റിപ്പത്തു ഡിഗ്രി ചൂടുള്ള, എയര്‍ കണ്ടിഷന്‍ ഇല്ലാത്ത ആ മെഷീന്‍ റൂമില്‍ ഞാന്‍ പാന്റ് മാത്രം ഇട്ടു വിയര്‍ത്തൊഴുകി പണിയിലായിരിക്കും.

ഇടയ്ക്കിടെ, റിക്കിന്റെ അസിസ്റ്റന്റും മെക്‌സിക്കനുമായ ഹുസ്സെ (നമ്മുടെ ജോസ് അവര്‍ക്കു ഹുസ്സെ ആണ്) എന്നെ നോക്കി ചിരിച്ചുകൊണ്ട് മറ്റു മെക്‌സിക്കന്‍ പണിക്കാരോട് എന്തെല്ലാമോ പറയുന്നുമുണ്ട്.

ഒന്നുകൊണ്ടും തളരാന്‍ പാടില്ല. ജോലി ഇല്ലാതെ അമേരിക്കയില്‍ ജീവിക്കാന്‍ പറ്റുമോ?
അപ്പാര്‍ട്ടുമെന്റിന്റെ പേയ്‌മെന്റ്, കാറിന്റെ പേയ്‌മെന്റ്, മറ്റു ചിലവുകള്‍, അതിന്റെ കൂടെ ഇപ്പോള്‍ ബേബിസിറ്ററിനു വേണ്ട പണം കൂടി കണ്ടെത്തണം. അതുകൂടാതെ നാട്ടില്‍ ബന്ധുക്കളെയും സഹോരങ്ങളെയും സഹായിക്കണം. അമേരിക്കയില്‍ ആണല്ലോ ഞാന്‍. ഡോളര്‍ കായ്ക്കുന്ന മരം അവിടുണ്ട് എന്നാണല്ലോ അവരുടെ ചിന്ത.

എന്തുവന്നാലും തളരാന്‍ പാടില്ല. പിടിച്ചുനില്‍ക്കണം. ചെറിയ ജോലിയിലായാലും തുടങ്ങി മുന്നോട്ടു പോകണം, മക്കളെ വളര്‍ത്തണം, സ്വന്തമായി വീട് വാങ്ങണം, സഹോദരങ്ങള്‍ള്‍ക്കു വരാന്‍ ഫയല്‍ ചെയ്യണം, അമേരിക്കന്‍ പൗരത്വവും നേടണം.....

ഇങ്ങിനെ അന്തമില്ലാത്ത ചിന്തകളും, വിയര്‍പ്പു തൂവുന്ന ദേഹവുമായി മല്ലിടുന്ന ഈ ജോലിയില്‍ നിന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടി നല്ല ഒരു ജോലിയില്‍ കയറണം. ഇതെല്ലം ഓര്‍ത്താണ് കമ്മ്യൂണിറ്റി കോളേജില്‍ ഉള്ള റേഡിയോളജിയുടെ ആ കോഴ്‌സിന്  ചേരാന്‍ തീരുമാനിച്ചത്.

അഡ്മിഷനുള്ള കടമ്പകള്‍ പലതു കടക്കണം. അന്ന്, ബിരുദം നേടിയതിന്റെ ട്രാന്‍ക്രിപ്റ്റുകളൊന്നും കൈയില്‍ ഇല്ലായിരുന്നു. ഉണ്ടെങ്കില്‍ത്തന്നെ അതിനൊന്നും ഒരു വിലയുമില്ലായിരുന്നു. അതിനാല്‍ ബാച്ചിലര്‍ ബിരുദമുള്ള എനിക്ക് ഇവിടത്തെ പത്താം കഌസ്സിന് തുല്യമായ ജി ഈ ഡി (ഏ ഋ ഉ) പരീക്ഷ എഴുതി പാസ്സാകേണ്ടിവന്നു, കോഴ്‌സിലേക്ക് അഡ്മിഷന്‍ ലഭിക്കാന്‍.

അതുനേടിയ ശേഷം അപേക്ഷിച്ചപ്പോഴാണ് അറിയുന്നത് പത്തുപേര്‍ക്കുള്ള കോഴ്‌സിലേക്ക് നാല്പത്തഞ്ചു പേര്‍ അപേക്ഷിച്ചിട്ടുണ്ട് എന്ന്. അതിനായി ഒരു ടെസ്റ്റ്  നടത്തി. അവര്‍ തരുന്ന ഒരു വിഷയത്തെപ്പറ്റി ഇംഗ്ലീഷില്‍ ഒരു പാസ്സേജ് എഴുതിക്കൊടുക്കണം. അത് ഭംഗിയായി ചെയ്തതുകൊണ്ട് അഡ്മിഷന്‍ കിട്ടി. അങ്ങിനെയാണ് ഈ കോഴ്‌സില്‍ അഡ്മിഷന്‍ കിട്ടിയത്. എങ്ങിനെയും ഈ കോഴ്‌സ് പൂത്തിയാക്കണം. വരുമാനമുള്ള മെച്ചപ്പെട്ട ജോലിയില്‍ കയറണം.

മൂന്നാം നിലയിലുള്ള കഌസ്സ്‌റൂമില്‍ നിന്ന് താഴെയെത്തി. ഇരുട്ട് വീണു തുടങ്ങിരിക്കുന്നു. നേരിയ മഞ്ഞിന്റെ ആവരണത്തില്‍ ഡാളസ് നഗരം ഒരു മായിക ലോകം പോലെ മുന്നില്‍. കണ്ണെത്താ ദൂരത്തില്‍ അംബരചുംബികളുടെ തലപ്പുകള്‍. തൊട്ടടുത്തായി ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ പ്ലാസ.

അല്‍പ്പം അകലെയായി ഡീലി പ്ലാസാ, എതിര്‍വശത്തായി ഗ്രാസി നോള്‍, ഡീലി പ്ലാസക്ക് എതിര്‍വശത്തായി  കെന്നഡിയുടെ ഘാതകന്‍ ലീ ഹാര്‍വീ ഒസ്വാള്‍ഡ് വെടിവെക്കാന്‍ പതിയിരുന്ന റ്റെക്‌സസ് ബുക്ക് ഡെപ്പോസിറ്റോറി  ബില്‍ഡിംഗ്. ഇന്ന് അതു കെന്നഡി മ്യൂസിയമായി അറിയപ്പെടുന്നു. കെന്നഡി മ്യൂസിയത്തിനരികെ ഉള്ള പാര്‍ക്കിംഗ് ലോട്ടിലാണ് ഞാന്‍ വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നതു. അല്പദൂരം നടക്കണം. അവിടെ റേറ്റ് കുറവായതിനാലാണ് അവിടെ പാര്‍ക്ക് ചെയുന്നത്.

ചെറുതായി മഞ്ഞു  പൊഴിയാല്‍ തുടങ്ങിയിരിക്കുന്നു. അത് പ്രതീക്ഷിച്ചിരുന്നതല്ല. ഹുഡ് ഇല്ലാത്ത ജാക്കറ്റ്, സിപ്പ് വലിച്ചിട്ടു നേരെയാക്കി വഴിയിലേക്കിറങ്ങി നടക്കാന്‍ തുടങ്ങി.

തെരുവ് ഏതാണ്ട് വിജനമായിരുന്നു. പിറകില്‍ ഹുഡ് കൊണ്ട് തലമൂടി ഒരാള്‍. ആജാന ബാഹുവായ ഒരു  കറമ്പന്‍! 

പൊതുവെ മലയാളികള്‍ക്കുള്ള കറമ്പന്‍ ഫോബിയ എന്റെ ഉള്ളിലും കയറിക്കൂടി. മഞ്ഞു പൊഴിച്ചിലിന്റെ ശക്തി  വര്‍ദ്ധിച്ചിരിക്കുന്നു. മോശമായ കാലാവസ്ഥ മുന്‍കൂട്ടി അറിഞ്ഞിരുന്നതുകൊണ്ടാണ് വീഥികള്‍ ഇത്രയും വിജനമായത്.

ഞാന്‍ ധൈര്യം സംഭരിച്ച് നടപ്പിന് വേഗത കൂട്ടി. സൂത്രത്തില്‍ ഞാന്‍ ഒന്ന് പിന്നിലേക്ക് പാളി നോക്കി. അതാ ആയാളും നടപ്പിനു വേഗതകൂട്ടിയിരിക്കുന്നു!

ഉള്ളിലാകെ ഒരു പേടി.

അല്‍പ്പം ദൂരെയായി, സിക്‌സ്ത് ഫ്‌ളോര്‍ മ്യൂസിയം, ഒരു പ്രേതാലയം പോലെ, നേരിയ മഞ്ഞിന്റെ
ആവരണമണിഞ്ഞു തണുത്തു മരച്ച് , നില്‍ക്കുന്നു.
 
ഞാന്‍ ഇപ്പോള്‍ നടക്കുന്ന ഈ വഴിയിലൂടെ, ആ കെട്ടിടത്തിന് മുന്നിലൂടെ കടന്നു പോകുമ്പോഴാണ്, അതിന്റെ ആറാം നിലയില്‍നിന്നു ഘാതകന്‍, ഭാര്യ ജാക്വിലിനോടും അന്നത്തെ ടെക്‌സാസ് ഗവര്‍ണര്‍ ആയിരുന്ന ജോണ്‍ കോണലിയുമൊപ്പം കെന്നഡി സഞ്ചരിച്ചിരുന്ന തുറന്ന കാറിലേക്ക് നിറയൊഴിച്ചത്.

വെടിയേറ്റ അമേരിക്കന്‍ പ്രെസിഡന്റ് തന്റെ തല ജാക്കിയുടെ തോളിലേക്ക് ചായിക്കുന്നതും, കാഴ്ചക്കാര്‍ ഭീതിയോടെ നിലവിളിക്കുന്നതും എല്ലാം ഒരു ഉള്‍ക്കിടിലത്തോടെ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.

എന്റെ പിറകെ പിന്‍തുടരുന്ന ആ കറമ്പന്റെ കൈയിലും തോക്കു ഉണ്ടാവുമോ?
അങ്ങിനെ സംഭവിച്ചാല്‍....
 
ഇരുട്ട് കനത്തിരിക്കുന്നു. മഞ്ഞു  പൂര്‍വ്വാധികം ശക്തിയോടെ പെയ്യുന്നുണ്ട്.

പിറകില്‍ കറമ്പന്റെ വേഗത്തിലുള്ള നടത്തം...ഹുഡ് കൊണ്ട് തലമൂടി.... കൈകള്‍ രണ്ടും പോക്കറ്റുകളില്‍ തിരുകി....

കെന്നഡി വധത്തിന്റെ ഓര്‍മ്മകള്‍.... വീട്ടിലെത്താന്‍ വൈകിയാലുള്ള പ്രശ്‌നങ്ങള്‍...
ഇരുട്ട്....  വിജനമായ തെരുവ്.... മഞ്ഞില്‍  കുതിര്‍ന്ന മുടിയിഴകള്‍....

എന്റെ കാലുകള്‍ക്കു വേഗത വര്‍ദ്ധിച്ചു. പോക്കറ്റിലുള്ള എന്റെ വാലറ്റില്‍ കാര്യമായ പണമൊന്നും ഇല്ലെന്നു കറമ്പന് അറിയില്ലല്ലോ!
ഞാന്‍ അല്‍പ്പം കൂടി സ്പീഡ് കൂട്ടി. 
ഏതാണ്ട് വണ്ടിയുടെ സമീപം എത്തി.
അവിടെയും വിജനം.
പെട്ടെന്ന്, കാര്‍ കീ സ്ലോട്ടിലിട്ട് തിരിച്ച് വണ്ടിതുറന്ന് അകത്തുകയറി.

പാസ്സന്‍ജര്‍ സീറ്റില്‍കിടക്കുന്നു, തൂവെള്ള നിറമുള്ള ഒരു ഈരിഴയന്‍ തോര്‍ത്ത്!
ഞാന്‍ കാറിന്റെ കതകുകള്‍ പൂട്ടിയ ശേഷം പുറത്തേക്കു നോക്കി.
അവിടെങ്ങും ആരെയും കണ്ടില്ല.
കറമ്പന്‍ എവിടെ?

മൂടല്‍ മഞ്ഞിന്റെ അവരണമണിഞ്ഞ പാര്‍ക്കിങ് ലോട്ടിലെ ലൈറ്റുകളില്‍ നിന്ന് പ്രകാശം അരിച്ചുവീഴുന്നു.
ഇലകളില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞിന്‍കണികകള്‍
ചെറുതായി വീശുന്ന  കാറ്റ്
വിജനമായ പാര്‍ക്കിംഗ് ലോട്ട്
തലയിലാകെ പഞ്ഞി പോലെ വെളുത്ത മഞ്ഞിന്‍ ശകലങ്ങള്‍.

അപ്പോഴാണ് തോര്‍ത്തിലേക്കു എന്റെ ശ്രദ്ധ വീണ്ടും പതിഞ്ഞത്.
കാറിന്റെ ഡോര്‍ പൂട്ടിയിട്ടുണ്ടോ എന്ന് ഒന്നുകൂടി ഉറപ്പു വരുത്തിയശേഷം തോര്‍ത്ത് കൈയിലെടുത്ത്  ഞാന്‍  തല നന്നായി തോര്‍ത്തി.
അതിനു ശേഷം തോര്‍ത്ത് അത് കിടന്നിരുന്ന സീറ്റിലേക്ക് തിരികെ ഇട്ടു.
പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ടാക്കി പാര്‍ക്കിങ് ലോട്ടില്‍ നിന്നിറങ്ങി നഗരവീഥികള്‍ പിന്നിട്ടു ഹൈവേയിലേക്ക് കയറിയപ്പോള്‍ ആശ്വാസമായി.
വാച്ചിലേക്ക് നോക്കി. കുഴപ്പമില്ല. സമയത്ത് എത്തിച്ചേരാം.

ആശ്വാസത്തോടെ, ഒരു ദീര്‍ഘശ്വാസം വിട്ടുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞിരുന്നു.
അപ്പോഴാണ് പെട്ടെന്ന്  തല തോര്‍ത്തിയ തോര്‍ത്തുമുണ്ടിന്റെ കാര്യം ഓര്‍മിച്ചത്!
ഞാന്‍ പാസന്‍ജര്‍ സീറ്റിലേക്ക് നോക്കി.
എവിടെ ഞാന്‍ അല്‍പ്പം മുന്‍പ് തോര്‍ത്തിയ ആ തോര്‍ത്തുമുണ്ട്?

അവിടെയെങ്ങും ഒന്നും കാണുന്നില്ല. സീറ്റിന്‍റെ താഴേക്കും നോക്കി.
ഇല്ല.. ആവിയെങ്ങും ഒന്നുമില്ല
ഇതെന്തു മറിമായം?
വണ്ടിയില്‍ കയറിയപ്പോള്‍ സീറ്റില്‍ കിടന്നിരുന്നു. അതെടുത്തു തല തോര്‍ത്തുകയും ചെയ്തു.
പക്ഷെ ഇപ്പോള്‍ അത് അവിടെ ഇല്ല.
എല്ലാം വെറും തോന്നല്‍ ആയിരുന്നോ?
വിശ്വസിക്കാന്‍ പറ്റുന്നില്ല.

പെട്ടെന്ന്,
ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ ഒരു മിന്നലാട്ടം.
ഇന്ന് മാര്‍ച്ച് 19 
അതെ, ഇന്നാണ് എന്റെ  പിതാവിന്റെ ചരമദിനം.
അദ്ധ്യാപകന്‍ ആയിരുന്ന എന്റെ പിതാവ് തന്നെ ആയിരുന്നു സ്കൂളില്‍ എന്റെ ആദ്യ ഗുരുവും.

ആശാന്‍ കളരിയിലേക്കു എന്നേ തോളിലേറ്റികൊണ്ടുപോയിരുന്നതും എന്റെ പിതാവ് തന്നെ ആയിരുന്നു. 
എപ്പോഴെങ്കിലും മഴ നനഞ്ഞു കയറിവരുമ്പോള്‍ ഒരു വെളുത്ത തോര്‍ത്തെടുത്ത തല നന്നായി
തോര്‍ത്തി തരുന്ന പിതാവ്.
എല്ലാ മക്കളെയും കാള്‍ എന്നെ സ്‌നേഹിച്ചിരുന്ന എന്റെ പിതാവ്.
അതെ, ഇന്നാണ് ആദ്ദേഹത്തിന്റെ മരണ വാര്‍ഷികം. തിരക്കുകള്‍ക്കിടയില്‍  ഞാന്‍ അത് മറന്നുപോയിരിക്കുന്നു!
 
അതെന്നേ ഓര്മിപ്പിക്കാനായിരുന്നോ ആ വെളുത്ത തോര്‍ത്ത് അവിടെ വന്നത്.?
ഞാന്‍ കണ്ടത് വെളുത്ത തോര്‍ത്തു തന്നെ ആയിരുന്നോ?
അതോ പിതാവ്, പുത്രന്റെ അടുത്തേക്ക് പരിരിശുദ്ധാല്‍മാവിന്റെ രൂപത്തില്‍ എത്തിയതോ?

അന്തിയും, ഇരുട്ടും, മനസ്സിന്റെ ടെന്‍ഷനും എല്ലാം ചേര്‍ന്നപ്പോള്‍ ഉള്ളില്‍ രൂപം കൊണ്ട മായിക കാഴ്ചകളോ?
ആവൊ?

ഞാന്‍ സീറ്റില്‍ ഒന്ന് ഇളകിയിരുന്നു.
മൂടല്‍ മഞ്ഞിന്റെ നേരിയ ആവരണം കീറി മുറിച്ചു മുന്നോട്ടു പോകുന്ന ഹെഡ് ലൈറ്റിന്റെ  പ്രകാശകിരണങ്ങളുടെ ഭംഗി ആസ്വദിച്ച് കൊണ്ട്, ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തി സ്പീഡ് കൂട്ടി ഞാന്‍ യാത്ര തുടര്‍ന്നു.
വേഗമെത്തണം. കുട്ടികളെ പിക്ക് ചെയ്യണം.
ഭക്ഷണ കൊടുക്കണം.ഉറക്കണം.
എന്നിട്ട് കുളിക്കണം. നാളത്തേക്കുള്ള പാഠ്യഭാഗങ്ങള്‍ ഹൃദ്വിസ്ഥമാക്കണം. രാവിലെ ഉണരണം.. ജോലിക്കു പോകണം .. വൈകിട്ട്  ഡൗണ്‍ടൗണിലെ ഇതേ കമ്മ്യൂണിറ്റി കോളേജില്‍ വീണ്ടുമെത്തണം....

***                 ***                     ***     
"എന്താ ഇന്ന് എണീക്കുന്നില്ലേ"?
പതിവിലും കവിഞ്ഞു ഉറങ്ങിക്കിടക്കുന്ന എന്റെ കാലില്‍ തൊട്ടു കുലുക്കി വിളിക്കുന്ന ഭാര്യ.
ഞാന്‍ കണ്ണ് തിരുമ്മി ഉണര്‍വിലേക്ക്

എണ്‍പതുകളിലെ എന്റെ ജീവിതം ...
പ്ലാസ്റ്റിക് കമ്പനിയിലെ ജോലി ...
ഭ്രാന്തന്‍ സ്വഭാവമുള്ള റിക്ക് ...
സുതാര്യമായ മഞ്ഞിന്‍റെ ആവരണത്തില്‍ മൂടിയ ഡൌണ്‍ ടൗണിന്റെ വശ്യമായ നിരത്തുകള്‍ ...
പിന്നാലെ കൂടിയ ആജാനബാഹുവായ കറുമ്പന്‍ ...
കാറിന്റെ സീറ്റില്‍ കണ്ട തൂവെള്ള ഈരിഴയന്‍ തോര്‍ത്ത് ...
കെന്നഡിയെ വധിക്കാന്‍ വേണ്ടി ഘാതകന്‍ ഒളിച്ചിരുന്നു എന്ന് പറയപ്പെടുന്ന ആറാംനിലയിലെ ബുക്ക് ഡെപ്പോസിറ്റോറി ബില്‍ഡിംഗ്...
കെന്നഡി വധത്തെപ്പറ്റിയുള്ള അനേകം തിയറികള്‍ ...

സത്യവും, മിഥ്യയും, സ്വപ്നവും, യാഥാര്‍ഥ്യവും,ചരിത്രവും എല്ലാം കൂടിക്കലര്‍ന്ന ജീവിതമെന്ന സമസ്യ.

ഉറക്കച്ചടവോടെ കണ്ണുതിരുമ്മി, ഞാന്‍ കലണ്ടറിലേക്കു നോക്കി.
ഇന്ന് മാര്‍ച്ച് 19.

അതെ ഇന്നാണ് എന്റെ പിതാവിന്റെ മുപ്പതാം ചരമദിനം.
ഫ്രെയിം ചെയ്തു, മുറിയിലെ ബുക്ക് ഷെല്‍ഫില്‍ വെച്ചിരിക്കുന്ന ഫോട്ടോയിലേക്കു ഞാന്‍ നോക്കി നിന്നു. 
അപ്പോള്‍, വലതുകരം മുന്നോട്ടു നീട്ടി എന്റെ തലയില്‍ തൊട്ട് അനുഗ്രഹിക്കുന്നതായും, കവിളില്‍ ഒരു മുത്തം വീണതായും എനിക്ക് തോന്നി.

ഹൃദയത്തിന്റെ ആഴക്കടലില്‍ നിന്ന് സുനാമിത്തിരകള്‍ പൊന്തിവരുന്നതും, മിഴികളുടെ തീരം ഭേദിച്ച് കര കവിഞ്ഞൊഴുകുന്നതും ഞാന്‍ അറിഞ്ഞു.
Join WhatsApp News
Washington 2020-01-21 22:40:25
'ആ കറമ്പന്റെ ' എന്നെ ഇങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല . ആഫ്രിക്കൻ അമേരിക്കൻ എന്ന് വിളിക്കണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക