Image

മനസ്സേ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 25 January, 2020
മനസ്സേ (കവിത: മാര്‍ഗരറ്റ് ജോസഫ്)
മനസ്സേ, നീയൊരു മായാവി,
മനനം വരമാം വ്യാപാരി,
ജനിമൃതിയോളം കൂട്ടാളി,
കണികാണാത്ത വഴികാട്ടി,
മഹസ്സില്‍ താവളമാകുന്ന,
തമിസിന്‍ കാളിമയോലുന്ന,
രസഭാവങ്ങളിളക്കുന്ന,
സുഖ: ദു:ഖങ്ങളില്‍ നീന്തുന്ന,
രഹസ്യങ്ങള്‍ കുടികൊള്ളുന്ന,
വിസ്മയവേദിയാകുന്ന,
മായക്കുതിരേ, ചിലനേരം,
കടിഞ്ഞാണില്ലാതെവിടേയ്ക്ക്?
ലഹരിത്തിരയില്‍ ചാഞ്ചാടി-
ദുഷ്കര്‍മ്മങ്ങളില്‍ മുഴുകാനോ?
കൊല്ലും കൊലയും തൊഴിലാക്കി-
പൈശാചികത വളര്‍ത്താനോ?
പകയാല്‍ വരനെ വഞ്ചിച്ച്-
ദുരിതക്കടലില്‍ താഴ്ത്താനോ?
മതഭ്രാന്തേറി നിഷ്കരുണം-
സകലം തച്ചുമുടിക്കാനോ?
പട്ടിണി മാറ്റാന്‍ പണിയാതെ-
മോഷണവിദ്യ പഠിക്കാനോ?
"അരുതെ'യെന്നുള്‍വിളിയേവര്‍ക്കും-
നിഷ്ഫല,മെല്ലാം ജലരേഖ.
ആരറിയുന്നു, മനുഷ്യാ, നിന്‍-
മാനസവ്യാപാരങ്ങള്‍ ക്ഷണം.
എത്ര വികാര വിചാരങ്ങള്‍!
ഉണരുന്നതിനൊപ്പം തകരുന്നു;
ഉയിരിന്‍ പൊരുളായ് ജന്മങ്ങള്‍
അദൃശ്യമായി നയിക്കുന്ന,
നിതാന്ത സഞ്ചാരീ, മനമേ,
നിഗൂഢതയോ പ്രിയങ്കരം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക