Image

പ്രവാസതീരത്ത് ഒരു ഭാഷാസ്‌നേഹി (സുധീര്‍ പണിക്കവീട്ടില്‍)

Published on 18 February, 2020
പ്രവാസതീരത്ത് ഒരു ഭാഷാസ്‌നേഹി (സുധീര്‍ പണിക്കവീട്ടില്‍)
(ശ്രീ വാസുദേവ് പുളിക്കലിന്റെ "വിചാരധാരകള്‍'' എന്ന പുസ്തകം ഫെബ്രുവരി 15നു കെ.സി. എ.എന്‍. എ സെന്ററില്‍ (ബ്രഡോക്ക് അവന്യു) വച്ചു പ്രകാശനം ചെയ്യുകയുണ്ടായി).

അവതാരിക


അമേരിക്കന്‍ മലയാളിയായ ശ്രീ വാസുദേവ് പുളിക്കലിന്റെ  മൂന്നാമത്തെ പുസ്തകമാണിത്. ഇതിനു മുമ്പ് അദ്ദേഹം രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ  നാല്‍പ്പത്തിയഞ്ച്  ലേഖനങ്ങളും, ഇരുപത്തിയാറു് നിരൂപണങ്ങളുമാണു ഉള്ളടക്കം ചെയ്തിരിക്കുന്നത്. നാലു പതിറ്റാണ്ടിലേറെ കാലം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ടും മലയാളഭാഷയെ ഇന്നും സ്‌നേഹിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം അമേരിക്കന്‍ മലയാളസാഹിത്യമെന്ന ശാഖയുടെ വളര്‍ച്ചയ്ക്കുവേണ്ടി നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ട്. കലോപാസകനായ ശ്രീ വാസുദേവ് പുളിക്കല്‍ കലയേയും സാഹിത്യത്തേയും കുറിച്ചുള്ള തന്റെ ബൗദ്ധികവും സ്വതന്ത്രപരവുമായ വീക്ഷണങ്ങള്‍ രാഷ്ട്രീയഛായ നല്‍കാതെ ലേഖനങ്ങളിലൂടെയും, നിരൂപണങ്ങളിലൂടെയും ആകര്‍ഷകമായി അവതരിപ്പിച്ചിട്ടുണ്ട്.

മാനവരാശിയുടെ  പുരോഗതിയും ക്ഷേമവും അദ്ദേഹം ലക്ഷ്യം വയ്ക്കുന്നു. ഗീതയും, ഉപനിഷത്തും, ഇതിഹാസങ്ങളും, ഹരിനാമകീര്‍ത്തനവും, ജ്ഞാനപ്പാനയുമെല്ലാം ശ്രീ വാസുദേവ് വിഷയമാക്കുന്നു. നിരൂപകന്‍ ലേഖകന്‍ എന്നതിലുപരി ഇദ്ദേഹം കവിതകള്‍, അദ്ധ്യാത്മിക ലോകത്തുനിന്നും കണ്ടെടുക്കുന്ന മുത്തുകള്‍, യുവതലമുറയുമായ അഭിമുഖങ്ങള്‍ എന്നിവയിലും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ലേഖനങ്ങളും, നിരൂപണങ്ങളും എഴുതാനുള്ള ശ്രീ വാസുദേവിന്റെ നൈപുണ്യം ഈ പുസ്തകത്തിലെ രചനകളില്‍ പ്രകടമാണ്.

ഗുരുദേവസംഹിതകളും ക്രുതികളും വായിച്ച്് അവയെല്ലാം വായനക്കാര്‍ക്കാര്‍ക്ക് വേണ്ടി സരളമായി പുനരാഖ്യാനം ചെയ്യുകയും വേദികളില്‍ പ്രസംഗിക്കുകയും ചെയ്യുന്നത് വ്രുതംപോലെ ഇദ്ദേഹം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.  ആര്‍ഷഭാരതസംസ്കാരം ലോകത്തിനു നല്‍കിയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകളിലൂടെ അദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക് മതപരവും സാംസ്കാരികവുമായ അറിവിന്റെ ഒരു വാതായനം തുറന്നിടുകയാണ്. ഇത്തരം ലേഖനങ്ങള്‍ വിദേശത്ത് കുടിയേറിപാര്‍ക്കുന്ന ഒരു വിഭാഗം മലയാളികളില്‍ മതസൗഹാര്‍ദ്ദം വളര്‍ത്താനും അവരില്‍ സാഹോദര്യം എന്ന ഭാവം ഉറപ്പിക്കാനും സഹായകമാകുന്നു. ജന്മനാടുമായ് വിട്ടുനില്‍ക്കുന്ന കാലത്തിനു ദൈര്‍ഘ്യമേറുമ്പോള്‍ സാധാരണമനുഷ്യര്‍ മറന്നുപോകുന്ന വിഷയങ്ങള്‍ നിരന്തരം എഴുതി അവരെ നാടുമായി ബന്ധിപ്പിച്ചു  നിര്‍ത്താനും ഈ രചനകള്‍ക്ക് കഴിവുണ്ട്. ശ്രീ വാസുദേവ് ഉന്നംവയ്ക്കുന്ന ലക്ഷ്യവും അതുതന്നെ. പിറന്നനാടിന്റെ ഓര്‍മ്മകള്‍ കൈവിടാതെ അതേസമയം അവിടത്തെ അനാവശ്യവും കാലഹരണപ്പെട്ടതുമായ ആചാരങ്ങള്‍  കുടിയേറ്റഭൂമിയിലേക്ക് ഇറക്കുമതി ചെയ്തു  ജീവിതം ദുസ്സഹമാക്കുകയും ചെയ്യരുതെന്ന സൂചനകള്‍ കൂടി അദ്ദേഹം നല്‍കുന്നു.
വിജ്ഞാനത്തിന്റെ ഒരു സഞ്ചി കയ്യില്‍ പിടിക്കുമ്പോഴും ഒട്ടും അഹങ്കരമില്ലാതെ സ്വതസിദ്ധമായ സൗമ്യതയും ശാന്തതയും എപ്പോഴും അദ്ദേഹം സൂക്ഷിക്കുന്നു. ഗുരുവിനെപോലെന്"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന'' ഇവിടെ എല്ലാവരും വാഴണമെന്ന ആത്മാര്‍ത്ഥമായ അദേഹത്തിന്റെ ആഗ്രഹം രചനകളിലെല്ലാം വ്യക്തമാണ്.

അമേരിക്കയിലെ കലാ-സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ തന്റേതായ ഒരു കയ്യൊപ്പു പതിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നു ഈ പുസ്തകത്തിന്റെ ഉള്ളടക്കം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അമേരിക്കയില്‍ മലയാളഭാഷയുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതുകയും ഇവിടത്തെ പത്രമാസികകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അവയില്‍നിന്ന്  തിരഞ്ഞെടുത്ത ക്രുതികളാണു അദ്ദേഹം ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് എത്തിക്കുന്നത്. നാട്ടിലേയും ഇവിടത്തേയും ആനുകാലിക വിഷയങ്ങള്‍ സുസൂക്ഷ്മം നിരീക്ഷിക്കുകയും അവയെ സശ്രദ്ധം അപഗ്രഥിച്ച് വായനകാരുടെ അറിവിലേക്കായി എഴുതുകയും ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ട അവസ്ഥകള്‍ ആനുകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് സുതാര്യമായി അദ്ദേഹം അവതരിപ്പിക്കുന്നു.

സാഹിത്യകാരനു സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരിക്കണമെന്നു വിശ്വസിക്കുന്ന എഴുത്തുകാരനാണ് ശ്രീ വാസുദേവ്. പ്രതിബദ്ധതയോടൊപ്പം മാനവരാശിയെ പുരോഗതിയിലേക്ക് നയിക്കുന്ന ചിന്തകളും എഴുത്തുകാര്‍ അവരുടെ രചനകളില്‍ കൊണ്ടുവരണമെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ നിരൂപണങ്ങളെ നിരൂപണോപന്യാസങ്ങള്‍ എന്നു വ്യഖ്യാനിക്കാം. (Article Critique) പൂര്‍ണ്ണമായി വിമര്‍ശനമല്ല. മറിച്ച് നിരൂപണം ചെയ്യപ്പെടുന്ന ക്രുതിയെ അപഗ്രഥിച്ച്, തന്റെതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കയാണു ചെയ്യുന്നത്. അതായ്ത് എഴുത്തുകാരന്‍ എഴുതിയത് ശരിയച്ചെന്നും അതു എപ്രകാരം എഴുതണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നില്ല. അതേസമയം ക്രുതിയെക്കുറിച്ച് ഒരു സംഗ്രഹം നല്‍കി വായനക്കാരെ ബോധിപ്പിക്കുകയും അതില്‍നിന്നും അദ്ദേഹം കണ്ടെത്തുന്ന വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു.

ഇതിലെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. അമേരിക്കയിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങള്‍ക്ക് അവരുടെ മക്കള്‍ പ്രായമാകുമ്പോള്‍ അഭിമുഖീക്കരിക്കേണ്ടിവരുന്ന ഒരു പ്രശ്‌നമാണ് സാംസ്കാരിക വ്യത്യാസങ്ങളോട് പൊരുത്തപ്പെടുക എന്ന സമ്മര്‍ദ്ദം. ആര്‍ഷഭാരത സംസ്കാരത്തില്‍ വിശ്വസിക്കുകയും അവരുടെ തലമുറകള്‍ അതുതന്നെ അനുഗമിക്കണമെന്നു അനുശാസിക്കുകയും ചെയ്യുന്ന അവര്‍ക്ക് അക്കാര്യത്തില്‍ മക്കള്‍ക്കുള്ള വിയോജിപ്പ് ഉള്‍കൊള്ളാന്‍ പ്രയാസമായിരുന്നു. ഇത്തരം സൂക്ഷ്മമായ വിഷയങ്ങളെ എങ്ങനെ നേരിടണമെന്ന സൂചനകള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കാണാവുന്നതാണ്. ഒരു ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ സങ്കടപ്പെടുന്നുണ്ട്. "ആര്‍ഷ സംസ്കാരത്തിന്റെ ബീജമന്ത്രങ്ങള്‍ മക്കള്‍ക്ക് ചൊല്ലികൊടുക്കുന്നുണ്ടെങ്കിലും അതു അവരുടെ മനസ്സില്‍ പതിയാതെ ഊര്‍ന്നുപോകുന്നു. ഭാരതീയസംസ്കാരത്തിന്റെ വേരുകള്‍ അവരില്‍ പടരുന്നില്ല.'' കാലത്തിന്റെ  കാല്‍പ്പാടുകളായി ഭാവിയില്‍ അവശേഷിക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ അന്നത്തെ സമൂഹം ജിജ്ഞാസയോടെ വായിക്കയും ഒരു പക്ഷെ സ്വീകാര്യമായ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമായിരിക്കും.

അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങളാണു രണ്ടാം ഭാഗത്തില്‍. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കൊപ്പം ഇവിടത്തെ പ്രസിദ്ധീകരണ ങ്ങളില്‍ എഴുതുന്ന നാട്ടിലേയും മറ്റുരാജ്യങ്ങളിലേയും മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. നിരൂപണങ്ങള്‍ വളരെ വിസ്തരിച്ച് എഴുതുന്ന ഒരു രീതിയാണു അദ്ദേഹം സ്വീകരിക്കുന്നത്. എഴുത്തുകാര്‍ക്ക് പ്രോത്സാഹനമാകുംവിധം ക്രുതിക്ക് ഒരു ആസ്വാദനം നല്‍കുകയും പിന്നീട് തന്റേതായ കാഴ്ചപ്പാടിലൂടെ അതു നോക്കി കാണുകയും ചെയ്യുന്നു. അങ്ങനെ പരിശോധിക്കുമ്പോല്‍ ലഭിക്കുന്ന അനുമാനങ്ങള്‍ (Inference) അദ്ദേഹം വിശദീകരിക്കുന്നു, അമേരിക്കന്‍മലയാള സാഹിത്യത്തിനു ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ ഇത്തരം രചനകള്‍ സഹായകമാകും.ന്അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരെ കുറിച്ച് എഴുതിയിട്ടുള്ള ഈ നിരൂപണങ്ങളിലൂടെ അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വളര്‍ച്ച വായനകാര്‍ക്കനുഭവപ്പെടുന്നത്‌കൊണ്ട് ഈ പുസ്തകം അമേരിക്കന്‍ മലയാളികളുടെ അഭിമാനമാകും. ഈ നിരൂപണങ്ങള്‍ അമേരിക്കന്‍ മലയാളസാഹിത്യകാരന്മാരുടെ സര്‍ഗ്ഗ ശക്തിയും, വാസനാബലവും വ്യക്തമാക്കുന്നതാണു. ഓരൊ എഴുത്തുകാരുടേയും അഭിരുചിയും, ശൈലിയും, ഭാഷയുമെല്ലാം അദ്ദേഹം അപഗ്രഥിച്ചെഴുതുന്നുണ്ട്. അമേരിക്കന്‍ മലയാളസാഹിത്യം വളര്‍ന്നു പുരോഗമിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അമേരിക്കന്‍മലയാളസാഹിത്യ അക്കാദമി രൂപീകരിക്കാനും അതുവഴി എഴുത്തുകാര്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന അവാര്‍ഡുകള്‍ നല്‍കാനും അദ്ദേഹം അമേരിക്കന്‍മലയാളി എഴുത്തുകാരുടെ സംഘടനാനേത്രുത്വം വഹിക്കുമ്പോള്‍ ശ്രമിക്കുകയുണ്ടായി. മലയാളഭാഷക്ക് ശ്രേഷ്ടപദവി ലഭിച്ചപ്പോള്‍ ന്യൂയോര്‍ക്കില്‍ കൂടിയ സമ്മേളനത്തില്‍ ശ്രീ കെ. ജയകുമാര്‍ അദ്ധ്യക്ഷനായപ്പോള്‍ ശ്രീ പുളിക്കല്‍ മലയാളഭാഷക്ക് ലഭിച്ച പദവിയില്‍ സന്തോഷിക്കുന്നെന്നും ആ പദവി നിലനിര്‍ത്താന്‍  ലോകമെമ്പാടുമുള്ള മലയാളസംഘടനകളെ പ്രത്യേകിക്ല് സാഹിത്യസംഘടനകളെ അംഗീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി. മലയാളി എവിടെ പോയാലും അവന്റെ ഭാഷയും സംസ്കാരവും കാത്തുസൂക്ഷിക്കണമെന്ന ആഗഹം അദ്ദേഹത്തിന്റെ ക്രുതികളില്‍ പ്രകടമാണ്.

പ്രവാസികളെ പ്രബുദ്ധരാക്കാനും അവരെ ആത്മീയമായി ഉദ്ധരിക്കാനും സഹായകമായ വിവരങ്ങള്‍ അടങ്ങുന്നതാണു ലേഖനങ്ങള്‍. സാഹിത്യത്തിനു സമൂഹത്തെ ഉദ്ധരിക്കാനും നേര്‍വഴിക്ക്് നയിക്കാനും കഴിയുമെന്നു ശ്രീ വാസുദേവ് പുളിക്കല്‍ ലേഖനത്തില്‍ പറയുന്നുണ്ട്. ലേഖനങ്ങള്‍  അധികവും മലയാളികളുടെ ജീവിതത്തെ പൊതുവായും അമേരിക്കന്‍ മലയാളികളെ ഉദ്ദേശിച്ചുകൊണ്ടുമാണ്. അമേരിക്കയില്‍ നിന്നും ധാരാളം മലയാളം പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങുന്നതുകൊണ്ട് എഴുത്തുകാരും മാധ്യമങ്ങളും തമ്മില്‍ ഉണ്ടാകേണ്ട സുഹ്രുത്ബന്ധത്തിന്റെ ആവശ്യകത സുതാര്യമായി പ്രതിപാദിക്ലുകൊണ്ട് എഴുതിയ ലേഖനങ്ങളും അതെക്കുറിച്ച് ഇദ്ദേഹം നടത്തിയ ചര്‍ച്ചകളും വളരെ ശ്രദ്ധേയമാണ്. മാത്രുഭാഷയെ അളവറ്റു സ്‌നേഹിക്കുന്ന ഒരു മനസ്സിന്റെ ഉടമയാണ് ശ്രീ വാസുദേവെന്നു ഈ പുസ്തകത്തിലെ ഉടനീള രചനകളില്‍ പ്രകടമാണ്.

അമേരിക്കന്‍ മലയാളിസമൂഹത്തിലെ ഇളംതലമുറകള്‍ക്ക് വേണ്ട നിയന്ത്രണവും, മാര്‍ഗ്ഗദര്‍ശകങ്ങളും നല്‍കാന്‍ മാതാപിതാക്കള്‍ അവരുടെ സാംസ്കാരിക പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവരും അതു പാലിക്കുന്നവരുമാകണമെന്ന അഭിപ്രായമുള്ളയാളാണ്  ശ്രീ വാസുദേവ്. സമൂഹം തെറ്റയ വഴിയിലേക്ക് അധഃപതിക്കുമ്പോള്‍ അവരെ വീണ്ടെടുക്കാന്‍ സാഹിത്യത്തിനു കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോള്‍ കലയും സാഹിത്യവും സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും അതേസമയം നല്ല ജീവിതം നയിക്കാനും അനുപേക്ഷണയീമാണെന്നു ഇദ്ദേഹം വിശ്വസിക്കുന്നതായി കാണാം.

ശ്രീ വാസുദേവ് പുളിക്കലിന്റെ ഈ പുസ്തകം അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും പ്രയോജനകരവും ആസ്വാദകരവുമാകുമെന്നുള്ളത് സംശയാതീതമാണ്. ഈ പുസ്തകത്തെ സഹ്രുദയസമക്ഷം അവതരിപ്പിക്കുക എന്ന എന്റെ ദൗത്യം സാഹ്ലാദം ഞാന്‍ നിര്‍വഹിക്കുന്നു.

ശുഭം


Join WhatsApp News
Thomas Koovalloor 2020-02-19 23:09:46
It is time to promote Malayalam in the U. S. Happy to see that Sree Vasudev Pulickal and many other American MALAYALEES doing a great job through their writings. Thanks to Sree Sudhir Panikkaveetil for projecting Sree Vasudev Ji in a better way. Congratulations to both Writers. Thomas Koovalloor
മംഗ്ലീഷ് ഭാഷ സ്നേഹികള്‍ 2020-02-20 07:35:50
മലയാള ഭാഷയെ പ്രൊമോട്ട് ചെയ്യാൻ റെഡിയായി വരുന്നവർ പലരും ഇംഗ്ലീഷിൽ എഴുത്തും പ്രസംഗവും നടത്തി താൻ ഒരു വലിയ സംഭവം തന്നെ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കാണാം. എടോ കൂവേ ! മലയാളത്തെ വളർത്താൻ ഇന്ഗ്ലീഷിൽ എഴുതിയാൽ എങ്ങനെ! ഇതുപോലെ ഒരുത്തൻ മലയാള സാഹിത്യത്തെ വളർത്താൻ കൂടിയ ടെലികോൺഫ്രൻസിൽ വന്നു, തൻ്റെ എട്ടാം ക്ലാസ് ഇഗ്ലീഷ് അദ്ദേഹം വിതറി. ആർക്കും അയാൾ പറയുന്നത് ആർക്കും മനസ്സിൽ ആകുന്നില്ല എന്ന് പറഞ്ഞപ്പോൾ എന്നാൽ ഞാൻ മംഗ്ലീഷിൽ പറയാം എന്നായി. മംഗ്ലീഷ് എഴുത്തു ഭാഷ ആണ് മാഷേ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം ഷുഭിതനായി കിടക്കയും എടുത്തു പോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക