Image

ആഘോഷിക്കാനൊന്നുമില്ലാതെ യുഡിഎഫ്‌ സര്‍ക്കാരിന്‌ ഒന്നാം പിറന്നാള്‍

ജി.കെ Published on 17 May, 2012
ആഘോഷിക്കാനൊന്നുമില്ലാതെ യുഡിഎഫ്‌ സര്‍ക്കാരിന്‌ ഒന്നാം പിറന്നാള്‍
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാരിന്‌ മെയ്‌ 18ന്‌ ഒരു വയസ്‌ പൂര്‍ത്തിയാകുന്നു. കേവലം രണ്‌ട്‌ അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തില്‍ ഭരണം ആരംഭിക്കുകയും ഒരംഗത്തിന്റെ ആകസ്‌മിക നിര്യാണം മൂലം അംഗബലം വീണ്‌ടും കുറയുകയും ചെയ്‌തിട്ടും സര്‍ക്കാര്‍ ഒരുവയസ്‌ പൂര്‍ത്തിയാക്കി എന്നത്‌ ചെറിയകാര്യമല്ല. എന്നാല്‍ ഇതൊരു വലിയ കാര്യമാണെങ്കിലും ഇതിലും വലിയ കാര്യങ്ങളൊന്നും സര്‍ക്കാരിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എടുത്തുപറയാനില്ല എന്നതാണ്‌ മറ്റൊരു വിരോധാഭാസവും.

വികസനവും കരുതലുമെന്ന മുദ്രാവാക്യം മുറുകെ പിടിച്ച്‌ പെട്രോളില്‍ നിന്നുള്ള അധിക നികുതി വേണ്‌ടെന്നുവെച്ച ജനകീയ തീരുമാനത്തിലൂടെ പ്രതീക്ഷയോടെ ഭരണത്തിന്‌ ഹരിശ്രീ കുറിച്ച യുഡിഎഫ്‌ സര്‍ക്കാര്‍ പിന്നീട്‌ വിവാദങ്ങളുടെ ആഴങ്ങളില്‍ ഊളിയിട്ടപ്പോള്‍ എടുത്തുപറയാന്‍ കാര്യമായ ഭരണനേട്ടങ്ങളൊന്നുമില്ലാതെയാണ്‌ സര്‍ക്കാര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നത്‌.

ഒരു രൂപയ്‌ക്ക്‌ അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കാനായതും മൂലമ്പള്ളി പായ്‌ക്കേജ്‌ നടപ്പാക്കാനായതും അപേക്ഷിക്കുന്നവര്‍ക്ക്‌ അന്നു തന്നെ റേഷന്‍ കാര്‍ഡ്‌ ലഭ്യമാക്കാനുള്ള പദ്ധതിയും 10000 അധ്യാപകര്‍ക്ക്‌ ജോലി സ്ഥിരത ഉറപ്പു വരുത്താനുള്ള അധ്യാപക പാക്കേജും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വഴി 2.97 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കാനായതിലും ഒതുങ്ങുന്നു യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ ബാലന്‍സ്‌ ഷീറ്റ്‌.

സ്‌മാര്‍ട്‌ സിറ്റി അടക്കമുള്ള വന്‍കിട പദ്ധതികള്‍ ഇപ്പോഴും സുഖനിദ്രയില്‍ തന്നെയാണെന്നത്‌ സര്‍ക്കാരിന്‌ ഒട്ടും അഭിമാനകരമല്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന കര്‍മപരിപാടിക്ക്‌ എന്തുസംഭവിച്ചുവെന്ന്‌ അദ്ദേഹം പോലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്‌ടാവില്ല. സംസ്ഥാനത്ത്‌ തുടരുന്ന കര്‍ഷക ആത്മഹത്യകളും ഉയരുന്ന വിലക്കയറ്റവും ആശങ്കയുടെ ജലനിരപ്പ്‌ ഉയര്‍ത്തിയ മുല്ലപ്പെരിയാര്‍ പ്രശ്‌നവും സത്യം മാത്രം വിളിച്ചു പറയുന്ന സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിന്റെ പരസ്യ പ്രസ്‌താവനകളും സര്‍ക്കാരിന്‌ സൃഷ്‌ടിച്ച തലവേദന ചില്ലറയായിരുന്നില്ല.

അട്ടപ്പാടി ആദിവാസി ഭൂമി പ്രശ്‌നത്തിലും വൈദ്യുതി ബോര്‍ഡിലെ കൊറിയന്‍ കമ്പനികരാറിലും പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന്‌ പിന്നോക്കം പോയതും മൂന്നാര്‍ കൈയേറ്റങ്ങളില്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതും സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ സാക്ഷ്യപത്രങ്ങളായി ജനങ്ങള്‍ക്ക്‌ മുന്നിലുണ്‌ട്‌. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്‌ടി കഠിനാധ്വാനം ചെയ്യുന്നുണ്‌ടെങ്കിലും മറ്റു മന്ത്രിമാരുടെ കാര്യം അങ്ങനെയല്ലെന്നത്‌ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ ഒരു സര്‍ക്കാരിന്‌ ഒട്ടും ഭൂഷണമല്ല.

ടി.എം.ജേക്കബിന്റെ ആകസ്‌മിക നിര്യാണത്തെത്തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന പിറവം മണ്‌ഡലത്തിലെ ജീവന്‍മരണ പോരാട്ടത്തില്‍ സര്‍ക്കാര്‍ മുമ്പെങ്ങും കണ്‌ടിട്ടില്ലാത്തുപോലെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചപ്പോള്‍ നേടിയ തിളക്കമാര്‍ന്ന വിജയം ഈ കോട്ടങ്ങള്‍ക്കിടയിലും നേട്ടത്തിന്റെ പൊന്‍തൂവലായി എന്നു മാത്രം. പിറവത്തെ ഈ ഒത്തൊരുമ കണ്‌ട്‌ അന്തം വിട്ട പ്രതിപക്ഷത്തെപ്പോലും അമ്പരിപ്പിച്ച്‌ അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും പരസ്‌പരം കൊമ്പുകോര്‍ത്ത്‌ പിറവത്തെ ഒത്തൊരുമയുടെ കേടു തീര്‍ത്തു എന്നത്‌ പിന്നീടുള്ള ചരിത്രം.

അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ പരസ്‌പരം വെല്ലുവിളിച്ച്‌ കോണ്‍ഗ്രസും ലീഗും മുന്നോട്ടുപോയതോടെ യുഡിഎഫ്‌ സ സര്‍ക്കാരിന്‌ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനാകുമോ എന്നുപോലും ശങ്കിച്ചവര്‍ ഏറെയാണ്‌. ബാലകൃഷ്‌ണപിള്ളയും ഗണേഷും കൂടി പരസ്‌പരം പോരടിച്ച്‌ പരസ്യമായി രംഗത്തെത്തിയതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായ പാതാളത്തോളം താണു. ഇതിനിടെ സാമുദായിക സന്തുലനത്തിനായി മന്ത്രിമാരുടെ വകുപ്പുകള്‍ ആരോടും പറയാതെ മുഖ്യമന്ത്രി മാറ്റി മറിച്ചത്‌ കോണ്‍ഗ്രസിനുള്ളിലും പൊട്ടിത്തെറിയുണ്‌ടാക്കി. ഒടുവില്‍ നിലനില്‍പിനായി പുറമെയ്‌ക്കെങ്കിലും ഒത്തുതീര്‍പ്പിന്‌ നേതാക്കള്‍ തയാറയതോടെ സര്‍ക്കാര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുമെന്ന്‌ ഉറപ്പായി.

ഇതിനിടയ്‌ക്ക്‌ സിപിഎം, സിപിഐ സംസ്ഥാന സമ്മേളനങ്ങളും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാനത്ത്‌ നടന്നത്‌ സര്‍ക്കാരിന്‌ കുറച്ചു ദിവസത്തേക്കെങ്കിലും ആശ്വാസമായി. മാധ്യമങ്ങളുടെ ശ്രദ്ധ പൂര്‍ണമായും വി.എസിലേക്കും പിണറായിയിലേക്കും ചന്ദപ്പന്റെ നിലപാടുകളിലേക്കും ചുരുങ്ങിയതോടെ ഭറണപരാജയത്തില്‍ നിന്ന്‌ സര്‍ക്കാര്‍ കുറച്ചു കാലത്തേക്കെങ്കിലും തടതപ്പി എന്നതാണ്‌ യാഥാര്‍ഥ്യം. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പെന്ന അഗ്നിപരീക്ഷ നേരിടാന്‍ കൈയില്‍ ആയുധങ്ങളൊന്നും ഇല്ലാതിരിക്കെയാണ്‌ ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്‌പശേഖരന്‍ ദാരുണമായി കൊല്ലപ്പെട്ടത്‌. ചത്തതു കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെയെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ നേതാക്കള്‍ സിപിഎമ്മിനുമേല്‍ ചാടി വീണു. അന്വേഷണം പുരോഗമിക്കുനന്തിനിടെ തന്നെ മന്ത്രിമാര്‍ പ്രതികളെ പ്രഖ്യാപിച്ചു. ചന്ദ്രശേഖരന്‍ വധം മാത്രമാണ്‌ നെയ്യാറ്റിന്‍കരയില്‍ പിടിച്ചുനില്‍ക്കാന്‍ ലഭിച്ച അവസാന പിടിവള്ളിയെന്നത്‌ ഒന്നാം പിറന്നാളില്‍ സര്‍ക്കാരിന്‌ ഒട്ടും അഭിമാനം പകരുന്ന നേട്ടമല്ല.

നെയ്യാറ്റിന്‍കര അഗ്നിപരീക്ഷണത്തില്‍ സിപിഎമ്മില്‍ നിന്ന്‌ പുറത്തുചാടിയ ആര്‍.ശെല്‍വരാജിനെ വിജയിപ്പിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലപാടുകളും നിലനില്‍പ്പും കൂടുതല്‍ ദുര്‍ബലമാകും. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഎമ്മിനെ കടന്നാക്രമിച്ചതോടെ സര്‍ക്കാരിനെ മറിച്ചിടാനില്ലെന്ന മുന്‍ നിലപാട്‌ സിപിഎം മാറ്റിയതും കുഞ്ഞൂഞ്ഞിനു കൂട്ടര്‍ക്കും ഇനി കണ്‌ടില്ലെന്ന്‌ നടിക്കാനാവില്ല. ആടിനില്‍ക്കുന്ന പി.ജെ.ജോസഫും ജനതാദളും സര്‍ക്കാരിന്റെ ആശങ്കയേറ്റുന്നുണ്‌ട്‌. എന്നാല്‍ നെയ്യാറ്റിന്‍കരയിലും പിറവം ആവര്‍ത്തിച്ചാല്‍ അത്‌ സര്‍ക്കാരിന്‌ കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാനുള്ള ഊര്‍ജമാവും നല്‍കുക. എന്തായാലും കുഞ്ഞൂഞ്ഞിനും സംഘത്തിനും മുന്നിലുള്ള വഴികള്‍ അത്ര സുഗമമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക