Image

അനിയന്‍ ജോര്‍ജ് മലയാളം ടെലിവിഷന്‍ റീജണല്‍ ഡയറക്ടര്‍

മലയാളം ടിവി ന്യൂസ് Published on 12 July, 2011
അനിയന്‍ ജോര്‍ജ് മലയാളം ടെലിവിഷന്‍ റീജണല്‍ ഡയറക്ടര്‍
കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ നേതൃപാടവത്തില്‍ എത്തി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ നിരവധി തലങ്ങളില്‍ ശോഭിച്ച് അമേരിക്കയില്‍ കുടിയേറിയ അനിയന്‍ ജോര്‍ജ് മലയാളം ടെലിവിഷന്റെ റിജണല്‍ ഡയറക്ടര്‍ ആയിരിക്കും എന്ന് മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം പ്രസ്താവിച്ചു.

പ്രവാസികള്‍ക്കു വേണ്ടി പ്രവാസികളാല്‍ ആരംഭിക്കുന്ന മലയാളം ടെലിവിഷന്‍ നോര്‍ത്തമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായി മാത്രമേ കാണാന്‍ കഴിയൂ എന്ന് അനിയന്‍ ജോര്‍ജ് പറഞ്ഞു.
തന്റെ അമേരിക്കന്‍ ജീവിതത്തിലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പദവി ആണിതെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളികളുടെ പൂര്‍ണമായ സഹകരണം ആവശ്യമാണെന്നും അനിയന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ സംഘടനകളായ ഫൊക്കാനയുടേയും, ഫോമായുടേയും ജനറല്‍ സെക്രട്ടറി ആയിരുന്ന അനിയന്‍ ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു.

കേരളത്തിലെ ബാര്‍ കൗണ്‍സില്‍ അംഗമായ അനിയന്‍ നിരവധി വര്‍ഷങ്ങള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ഒരു പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം ഏറ്റവും ഒടുവില്‍ ന്യൂയോര്‍ക്ക് ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഇന്‍ഡ്യക്കാരുടെ പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമത്തിലെ നൂലാമാലകള്‍ക്കെതിരെ പ്രക്ഷോഭം നടത്താന്‍ എത്തിയവരുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. മലയാളികളുടെ ഉന്നമനത്തിനു മാത്രമായി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മലയാളം ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിക്കും എന്ന് മലയാളം ടെലിവിഷന്‍ സി.എഫ്.ഓ,യും പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ് പ്രസ്താവിച്ചു.

ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റവേയില്‍ സ്ഥിതി ചെയ്യുന്ന മലയാളികളുടെ സ്വന്തം ചാനലിന്റെ സ്റ്റുഡിയോയും ഓഫീസും എപ്പോഴും സജീവമാണെന്നും, പ്രോഗ്രാമുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും അനിയന്‍ ജോര്‍ജ് പറഞ്ഞു.

കേരളാ അസ്സോസിയേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ , പ്രസിഡന്റ് എന്നീ നിലകളില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച അദ്ദേഹം ഏഷ്യാനെറ്റ് യു.എസ്.എ.യുടെ നിരവധി പ്രോഗ്രാമുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. അമേരിക്കന്‍ തൊഴിലവസരങ്ങള്‍ , സക്‌സെസ്ഫുള്‍ മലയാളി ബിസിനസ്‌മെന്‍ ഇന്‍ യു.എസ്.എ എന്നീ പരിപാടികള്‍ കൂടാതെ യുസ് വീക്കിലി റൗണ്ടപ്പിന്റെ അവതാരകനായും നിരവധി തവണ ചാനലില്‍ എത്തിയിട്ടുണ്ട്. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ അനിയന്‍ ജോര്‍ജിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലെ ഈ സ്ഥാനം എല്ലാം കൊണ്ടും അഭികാമ്യമാണെന്ന് കേരളാ അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറയുകയുണ്ടായി.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന അനിയന്‍ മലയാളം ടെലിവിഷന്റെ പ്രോഗ്രാമുകളിലും , മലയാളം ഐ.പി.ടി.വി.യുടെ വിതരണ ശൃംഖലയിലും പങ്ക് വഹിക്കുന്നതാണ്. ന്യൂജേഴ്‌സിയിലെ സ്റ്റുഡിയോയില്‍ നടത്തിയ നിരവധി ടോക് ഷോകളുടെ ചുക്കാന്‍ പിടിച്ചതും ഇദ്ദേഹത്തിന്റെ കഴിവിനെ വിളിച്ചറിയിക്കുന്നു.

നോര്‍ത്തമേരിക്കയിലെ മലയാളികളുടെ പുതിയ തലമുറയെ കേന്ദ്രീകരിച്ച് നിരവധി ടാലന്റ് മത്സരങ്ങള്‍ നടത്തുന്നതാണെന്നും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആലോചിച്ചു വരുന്നതായും ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം പറഞ്ഞു.

ഇതിനോടകം ചിക്കാഗോ, ഹൂസ്റ്റണ്‍ , ഫ്‌ളോറിഡാ, ഡാളസ്, ഒക്കലഹോമ, ഫിലഡല്‍ഫിയ, വാഷിംഗ്ടണ്‍ എന്നീ സ്ഥലങ്ങളില്‍ മലയാളം ടിവിയുടെയും, മലയാളം ഐ.പി.ടി.വി.യുടെയും ഡയറക്ടര്‍മാരെ എടുത്തതായും അദ്ദേഹം പ്രസ്താവിച്ചു.

മലയാളം ടിവിയുടെയും, മലയാളം ഐ.പി.ടി.വി ശൃംഖലയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ദയവായി malayalamiptv@gmail.com എന്ന ഈ മെയിലില്‍ ബന്ധപ്പെടുക.
അനിയന്‍ ജോര്‍ജ് മലയാളം ടെലിവിഷന്‍ റീജണല്‍ ഡയറക്ടര്‍അനിയന്‍ ജോര്‍ജ് മലയാളം ടെലിവിഷന്‍ റീജണല്‍ ഡയറക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക