Image

നീലച്ചിറകുള്ള മൂക്കുത്തികൾ (നോവൽ-3 : സന റബ്സ്)

Published on 11 March, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ (നോവൽ-3 : സന റബ്സ്)
നീലച്ചിറകുള്ള മൂക്കുത്തികൾ.. 3

വെന്മേഘക്കൂട്ടങ്ങളുടെ നനുത്ത അടുക്കുകള്‍ താഴേക്ക്‌ ചിതറി പൊഴിഞ്ഞുകൊണ്ടിരുന്നു.

വിദേത് കൊടുത്ത ഗിഫ്റ്റില്‍തന്നെ  അവളുടെ കണ്ണുകളുടക്കി നിന്നു. പതുപതുത്ത വൈറ്റ് ഫോം മെറ്റീരിയലില്‍ പച്ചയും ചുവപ്പും പട്ടുനൂലുകളാല്‍ ഉടുപ്പിട്ട ഒരു കൊച്ചു പാവക്കുട്ടി!

മൈ ഗോഡ്, വിദേത് എന്താണാഗ്രഹിക്കുന്നത്  മനസ്സില്‍? എന്താണ് ആ മനസ്സില്‍ എന്ന് പലപ്പോഴും പിടികിട്ടാറില്ല. വിവാഹിതരാകാം എന്ന സ്വപ്നം പങ്കിട്ടു പരസ്പരം കൈകള്‍ കോര്‍ത്തു എന്നല്ലാതെ മറ്റൊന്നും അയാള്‍ പറഞ്ഞിട്ടില്ലെന്നും അവള്‍ ഓര്‍ത്തു. ആ പാവക്കുട്ടിയെ തലോടി കണ്ണുകളടച്ചുകൊണ്ട് അവളത് നെഞ്ചോട്‌ ചേര്‍ത്തു.

 ‘ഹായ് പ്രണോതിമേം....”തൊട്ടടുത്ത സീറ്റില്‍ നിന്നും ഉള്‍ക്കര്‍ഷം നിറഞ്ഞ വിളി കേട്ട മിലാന്‍ കണ്ണുതുറന്നു.

“ഹായ് മേം....ഐ ആം കരോലിന്‍...കരോലിന്‍നീറ്റ.....എ ബിഗ്‌ ഫാന്‍ ഓഫ് യു....”

അത്ഭുതത്തോടെയും ആരാധനയോടെയും അതിലുപരി  മനോഹരമായ ചിരിയോടെയും തന്‍റെ നേര്‍ക്ക് കൈനീട്ടിയ ആ പെണ്‍കുട്ടിയുടെ കൈകളിലേക്ക് ഒരൊതുങ്ങിയ ചിരിയോടെ മിലാന്‍ തന്‍റെ കൈകളും നീട്ടി.

“ഞാന്‍ കൊല്‍ക്കത്തയില്‍ തന്നെയാണ് പഠിക്കുന്നത്.” കരോലിന്‍ പറഞ്ഞു.

പരിചയപ്പെട്ടപ്പോള്‍, തന്‍റെ യൂണിവേര്‍‌സിറ്റിയില്‍ തന്നെയാണ് കരോലിന്‍ പഠിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ പരസ്പരം കൂടുതല്‍ സംസാരിച്ചു.

കൊല്‍ക്കത്തയിലെ പ്രസിദ്ധമായ രബീന്ദ്രഭാരതി യുനിവേഴ്സിറ്റി ക്യാമ്പസ്‌!!

അവിടെയാണ് മിലാന്‍ ഇപ്പോള്‍ പോസ്റ്റ്‌ഗ്രാടുവേഷന്‍ ചെയ്യുന്നത്. അവളുടെ തിരക്കുകള്‍ക്കനുസരിച്ചു പ്രത്യേക പരിഗണനയോടെ അധികൃതര്‍ ക്ലാസ്സുകള്‍ അറേഞ്ച് ചെയ്തു കൊടുക്കുന്നുണ്ട്.

 മുംബൈ സാന്തക്രൂസ് എയര്‍പോര്‍ട്ടില്‍ നിന്നും ഫാഷന്‍ ഷോ നടക്കുന്ന കൊല്‍ഹാപുര്‍ ഛത്രപതി  സ്റ്റേഡിയത്തിലേക്ക് പോകുംവഴി മിലാന്‍ കാറിലിരുന്നു അച്ഛനെ വിളിച്ചു. അച്ഛന്റെ ഗൗരവമുള്ള ശബ്ദം കാതില്‍ മുഴങ്ങിയപ്പോള്‍ ചെറിയൊരു സങ്കോചത്തോടെ മിലാന്‍ പറഞ്ഞു.

“അച്ഛാ...മുംബൈയിലുണ്ട് ഞാന്‍...അച്ഛന്‍ വരില്ലേ ഇങ്ങോട്ട്...?”

“നീ എപ്പോള്‍ എത്തി.?”

ഒരു നിമിഷത്തിനു ശേഷമാണു മിലാന്‍ മറുപടി പറഞ്ഞത്. “ഇപ്പോള്‍...പോകുന്ന വഴിയാണ്..”

“ഉം....” വീണ്ടും ഗൗരവത്തോടെ സഞ്ജയ്‌പ്രണോതി മൂളി.

“അമ്മയെവിടെ....?”

“ഇവിടെയുണ്ട്...അവളും വരും...”

“ഉം ...ശരി...” മിസ്സ്‌ മുംബൈ ബ്യുട്ടികണ്ടസ്റ്റില്‍ പങ്കെടുക്കാനാണ് മിലാന്‍ പ്രണോതി കൊല്‍ക്കത്തയില്‍ നിന്നും നാലു ദിവസം മുന്‍പേ പുറപ്പെട്ടതെന്നും എന്നാല്‍ റിഹേര്‍സല്‍ ക്യാമ്പില്‍ എത്തിയിട്ടില്ലെന്നും സഞ്ജയ്‌പ്രണോതിയ്ക്ക് വിവരം ലഭിച്ചിരുന്നു. പക്ഷേ യാത്രയെക്കുറിച്ച്  അയാളൊന്നും ചോദിച്ചില്ല അവളോട്‌.

മോഡലിംഗിന് താല്പര്യമുണ്ടെന്നു പറഞ്ഞപ്പോഴും  ആകെയുള്ളൊരു മകളെ ആ വഴിക്ക് വിടാന്‍ അയാള്‍ക്ക് മടിയുണ്ടായിരുന്നു. എന്നാലും അത്രയും സങ്കുചിതമായ ചിന്താഗതികളിലൂടെ പോയി  മകളുടെ ആഗ്രഹങ്ങള്‍  മുളയിലേ നുള്ളേണ്ട എന്ന് കരുതിയാണ് അയാളും കുടുംബവും അവളുടെ വഴികളിലൂടെ നടന്നത്.

 മിലാനു പക്ഷെ തെറ്റിയില്ല.

അത്രയും ആര്‍ജ്ജവത്തോടെയും പാഷനോടെയുമാണ് അവള്‍ ആ തൊഴിലിനെ സ്വീകരിച്ചത്. തൊട്ടതെല്ലാം പൊന്നാകും വിധത്തില്‍ റാമ്പില്‍ നിന്നും ചുവടു വെച്ച് വെള്ളിത്തിരയിലേക്കും നടന്നു കയറിയപ്പോള്‍ അയാള്‍ വല്ലാതെ ആശ്വസിച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യവും കിരീടം അവളെതേടിയെത്തി.

അവിചാരിതമായമായാണ് മിലാന്‍,ദാസില്‍ എത്തിപ്പെട്ടത്.വികലാംഗരായ കുട്ടികളുടെ പഠനത്തിനുള്ള സഹായത്തിനായി നടത്തിയ ഒരു ഫണ്ട്‌ റൈസിംഗ് പ്രോഗ്രാമിന്റെ പൊതുപരിപാടിയില്‍ വെച്ചായിരുന്നു അവരുടെ ആദ്യസംഗമം.

മിലാന്‍റെ ഇടതൂര്‍ന്ന മുടിയില്‍ അണിഞ്ഞിരുന്ന മനോഹരമായ റെഡ്ഫിഷ്‌ ഹെയര്‍ബോ  എവിടെയോ ഊര്‍ന്നുപോയത് തപ്പിത്തിരഞ്ഞു നടക്കുകയായിരുന്നു അവള്‍.

“എക്സ്ക്കൂസ്മീ മിസ്സ്‌ മുംബൈ...” പുറകില്‍ നിന്നുള്ള വളരെ ആര്‍ദ്രമായ ആ വിളി കേട്ടാണ് അവള്‍ തിരിഞ്ഞു നോക്കിയത്.

“ഓഹ്...സര്‍...റായ് സര്‍....” മിലാന്‍ ബഹുമാനത്തോടെ അയാളെ നോക്കി ചിരിച്ചു.

“തിരയുന്നത് ഇതാണോ?” അയാള്‍ അവളുടെ ചുവന്ന ഹെയര്‍ ബോ  മുന്നിലേക്ക്‌ നീട്ടി.

“ഓഹ്...സര്‍...താങ്ക്യൂ...ദിസ്‌ ഈസ്‌ മൈ ഫേവറിറ്റ്...നഷ്ടം തീരെ ഓര്‍ക്കാന്‍ കൂടി കഴിഞ്ഞില്ല....താങ്ക്യൂ സൊ മച്ച് സര്‍...” അവള്‍  വീണ്ടും നന്ദി പറഞ്ഞു.

“ഓക്കേ ഓക്കേ. ഇഷ്ടങ്ങളൊന്നും നഷ്ടപ്പെടുത്തരുത്.” ആ വാചകത്തില്‍ അയാളൊന്നു ഊന്നി എന്ന് തോന്നി. “എന്നാണിനി അടുത്ത പ്രോഗ്രാം...? ദാസിന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം അവള്‍ ഉത്സഹാത്തോടെ മറുപടി കൊടുക്കുമ്പോള്‍ തന്നെ അവളുടെ അമ്മ ശാരിക അങ്ങോട്ട്‌ വന്നു.

“വളരെ ടാലന്റഡായ കുട്ടിയാണ് മിലാന്‍..തെരഞ്ഞെടുക്കുന്ന വേഷങ്ങളെല്ലാം വളരെ മീനിഗ്ഫുള്‍ ആണ്..ഇനിയും ഹൈട്സ്ഓഫ് കരിയര്‍ കാത്തിരിക്കുന്നു...ശ്രദ്ധിച്ചു ചൂസ് ചെയ്യണം എല്ലാമിനി..” അയാളൊരു മുതിര്‍ന്ന ബന്ധുവിനെപ്പോലെ സംസാരിച്ചുകൊണ്ടിരുന്നു.

തിരികെ വീട്ടിലേക്കു പോകുമ്പോള്‍ കാറില്‍ വെച്ച് സഞ്ജയ് പ്രണോതി മകളോട് ചോദിച്ചു. “റായ് വിദേതന്‍ നിനക്ക് നമ്പര്‍ തന്നിരുന്നോ മോളു...”

“തന്നു അച്ഛാ..എന്താവശ്യത്തിനും വിളിക്കാന്‍ പറഞ്ഞു..വളരെ കേയറിംഗ് ഉണ്ടല്ലേ അച്ഛാ..വലിയ ആളാണെന്ന ജാഡയൊന്നുമില്ല.”

“ഉം...” അയാള്‍ ആലോചനയോടെ ഒന്ന് മൂളി.

“പക്ഷെ മിലു...അയാളെക്കുറിച്ച് അത്ര നല്ല കാര്യങ്ങളല്ല പുറത്തു നിന്ന് കേള്‍ക്കുന്നത്..ബിസിനസ്സിലും മറ്റു കാര്യങ്ങളിലും അയാളെ വെല്ലാന്‍ ആരുമില്ല.അതുപോലെ തന്നെ സ്ത്രീ വിഷയത്തിലും അയാളൊരു കിംഗ്‌മേക്കെര്‍ ആണ്...കേട്ടിട്ടില്ലേ...രണ്ടാം വിവാഹമാണ്..അതും ഡിവോര്‍സിന്‍റെ അടുത്താണ്..ആദ്യവിവാഹത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്..മകളും അച്ഛന്റെ പാതയിലാണ് ഈ വിഷയത്തില്‍ എന്ന് കേള്‍ക്കുന്നു..” ശാരികയാണ് ഇത്രയും പറഞ്ഞത്.

ശാരികഭഗത് ജനിച്ചതും വളര്‍ന്നതും കേരളത്തിലാണെങ്കിലും സഞ്ജയുമായുള്ള വിവാഹത്തിന് ശേഷം വിദേശത്തെയ്ക്കും  പിനീടയാളോടൊപ്പം മഹാരാഷ്ട്രയിലേക്കും കൂടുമാറുകയായിരുന്നു. മിലാന്‍ മോഡല്‍ ആകുന്നതിനോടോ നടിയാകുന്നതിനോടോ തീരെ യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല അവര്‍ക്ക്.

“അമ്മാ...കേള്‍ക്കുന്ന എല്ലാം വിശ്വസിക്കരുത്...എപ്പോഴും ക്യാമറാവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും കാണാം..വെരി ട്രാന്‍സ്പരന്‍റ്..അതോണ്ടാണ് എല്ലാം മറ്റുള്ളവര്‍ക്ക് തെറ്റാകുന്നത്.”

“ശരികള്‍ ചെയ്യുന്നവരും ഈ ലോകത്തുണ്ട്. അവരെ ആളുകള്‍ കാണുകയും ചെയ്യുന്നുണ്ട്.”
അന്നും അയാള്‍  വളരെ ആഭിജാത്യത്തോടെയാണ് സംസാരിച്ചത്.മനസ്സില്‍ താന്‍ ഇതുവരെ കണക്കുക്കൂട്ടിയിരുന്ന റായുടെ ഇമേജില്‍ നിന്നും വളരെ വ്യത്യസ്തനായിട്ടായിരുന്നു അയാള്‍ ഇടപ്പെട്ടിരുന്നത്. കണ്ടുമുട്ടിയ പൊതുപരിപാടികളിലെല്ലാം അയാള്‍ അവളുടെ കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തിയത് അവളെ അയാളിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

സിനിമകള്‍ തെരഞ്ഞെടുക്കേണ്ട വിധത്തെക്കുറിച്ച് ഫാഷന്‍ഷോകളുടെ വിപുലമായ സാധ്യതകളെക്കുറിച്ച് ചാന്‍സുകളില്‍ എത്തിപ്പെടാനെടുക്കേണ്ട തന്ത്രങ്ങളെക്കുറിച്ച്.....അങ്ങനെ എല്ലാം അയാള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.

പിന്നീടു ആ ബന്ധം വളര്‍ന്നതും തങ്ങളുടെ  മകള്‍ അയാളിലേക്ക് പോകുന്നതും അത് വിവാഹത്തിലേക്ക് എത്തുചേര്‍ന്ന്കൊണ്ടിരിക്കുന്നതും  ശാരികയും സഞ്ജയും വല്ലാത്ത ഉള്‍ക്കിടിലത്തോടെ നോക്കിനിന്നു.

“ഒരാളുടെ വിവാഹജീവിതം നന്നായില്ലെങ്കില്‍ അതില്‍ നില്‍ക്കാതെ മറ്റൊരു വിവാഹത്തിലേക്ക് പോയതില്‍ എന്താണ് തെറ്റുള്ളത്?” മിലാന്‍ അമ്മയോട് ചോദിച്ചു.

“ഒരു തെറ്റുമില്ല...എന്നാല്‍ ആ തെറ്റ് ആവര്‍ത്തിക്കുന്നതിനെക്കുറിച്ച് നിനക്കെന്താണ് പറയാനുള്ളത്...?”

“അമ്മാ..വിദേത് അത്രയും വലിയൊരു കൊള്ളരുതാത്തവനല്ല...ജീവിതത്തിലെ അയാളുടെ ജയപരാജയങ്ങള്‍ അയാള്‍ ഒളിച്ചുവെച്ചിട്ടൊന്നും ഇല്ലല്ലോ...എല്ലാവര്‍ക്കുമറിയാം...വിവാഹം കഴിച്ചിട്ട് തന്നെയല്ലേ അയാള്‍ ജീവിക്കുന്നത്....അല്ലാതെ അഴിഞ്ഞാടി ജീവിക്കുനില്ലല്ലോ....”

“അത് നിനക്കറിയാഞ്ഞിട്ടാണ്;അയാള്‍ ഒന്നാന്തരം ഒരു കാസ്സനോവയാണ്...” ശാരിക പരിഹാസത്തോടെയാണത് പറഞ്ഞത്.

“അമ്മാ..പ്ലീസ്...വിദേത് എന്നോട് പറഞ്ഞിട്ടുണ്ട് പല കാര്യങ്ങളും....വിവാഹത്തിനു ശേഷം നമ്മളോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന് നോക്കിയാല്‍ പോരെ...”

“എന്താണ് അയാളിലുള്ള പ്രത്യേകത....നിന്നേക്കാള്‍ എത്രയോ സീനിയര്‍ ആണയാള്‍....”ഒന്ന് നിറുത്തി ശാരിക തുടര്‍ന്നു. “മിലു...നിനക്ക് നല്ലൊരു കരിയര്‍ ഉണ്ട്...നിനക്കൊപ്പമുള്ള ഒരാളെ......,ചെറുപ്പക്കാരനായ ഒരാളെ നിനക്ക് സ്വീകരിക്കാം..ജീവിതത്തില്‍ നിങ്ങള്‍ക്കു ഒരുമിച്ചു മുന്നേറാം...കുട്ടികളുണ്ടാകും...നല്ല ഫ്യൂച്ചറുണ്ടാകും. നിങ്ങള്‍ക്കൊരുമിച്ചു വയസ്സാകാം....അതൊരു ചെറിയ കാര്യമല്ല...അയാളുടെ ഇപ്പോഴത്തെ ശോഭ അല്ലെങ്കില്‍ ഹെല്‍ത്ത്‌ കുറച്ചു കഴിഞ്ഞാല്‍ നിന്നോളം വരില്ല. നീയപ്പോഴും ചെറുപ്പമായിരിക്കും....ജെനറേഷന്‍ഗ്യാപ് പ്രണയിക്കുമ്പോള്‍ മനസ്സിലാവില്ല....”

“ശരിയായിരിക്കാം അമ്മാ, എങ്കിലും രണ്ട് വിവാഹങ്ങള്‍ പരീക്ഷിച്ചു വേണ്ടെന്നു വെച്ചോരാള്‍ കുറച്ചു കരുതലോടെ അല്ലെ മറ്റൊരു ബന്ധത്തിന് മുതിരൂ..” മിലാന്‍റെ തര്‍ക്കസ്വരങ്ങള്‍ കേട്ട് ശാരിക അവളെ ശ്രദ്ധയോടെ  നോക്കി.

“മോളെ, പ്രായത്തില്‍ കൂടിയ ആളുകളെ വിവാഹം കഴിക്കുമ്പോള്‍ എപ്പോഴും പെണ്‍കുട്ടികള്‍ കുറച്ചധികം കെയര്‍ പുരുഷനില്‍ നിന്നും പ്രതീക്ഷിക്കും. എന്നാല്‍ പ്രായത്തിന്‍റെ സീനിയോരിറ്റി പുരുഷന്‍ പ്രകടിപ്പിക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലും അല്ലെങ്കില്‍ ആ ജീവിതം വിജയിക്കില്ല. അതായിരിക്കാം അയാളുടെ വിവാഹജീവിതത്തില്‍ സംഭവിച്ചത്.”

വീണ്ടും ശാരിക ചോദിച്ചു.”  എന്താണ് നീ അയാളില്‍ കാണുന്നത്?”

“ഐ ലവ് ഹിം..ആന്‍ഡ്‌ ഹി ലവ്സ് മീ...അതുകൊണ്ട്...അതിലപ്പുറം എന്താണ് വേണ്ടത്? എനിക്കിഷ്ടമാണ്, എന്നെ ജീവനാണ് വിദേതിന്..” ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി മിലാന്‍ കിതച്ചു.

സഞ്ജയ്‌ വന്ന് മിലാനെ  ചേര്‍ത്തുപിടിച്ചു അകത്തേക്ക് കൊണ്ടുപോയി. ഇനി മിണ്ടരുത് എന്ന് അയാള്‍ ചുണ്ടില്‍ കൈചേര്‍ത്ത് ശാരികയെ ആംഗ്യം കാണിച്ചു.

അമ്മയോടും അച്ഛനോടും തര്‍ക്കിച്ചു നിന്നെങ്കിലും വിദേതിന്റെ മുഖം മനസ്സില്‍ തെളിയുമ്പോള്‍ മിലാനും അവളെക്കുറിച്ചും അയാളെക്കുറിച്ചും അവലോകനം ചെയ്തിരുന്നു.

എന്താണിത്രമാത്രം തന്നെ ഭ്രമിപ്പിക്കുന്നത്...?

മറ്റാരും സ്നേഹിക്കാത്തപ്പോലെ അയാള്‍ സ്നേഹിക്കുന്നു...മറ്റാരും ശ്രദ്ധിക്കാത്തപ്പോലെ അയാള്‍ ശ്രദ്ധിക്കുന്നു. മറ്റാരെക്കാളും കൂടുതല് ലാളിക്കപ്പെടാന്‍ താനും ആഗ്രഹിക്കുന്നില്ലേ...ഏതു മനുഷ്യര്‍ക്കാണ് ജീവിതത്തില്‍ മോഹങ്ങളില്ലാത്തത്..

തന്‍റെ രണ്ടാം വിവാഹമോചനം ദാസ്  കുറച്ചു വേഗത്തില്‍ തന്നെ കൈകാര്യം ചെയ്തത് മിലാനുമായി അടുപ്പത്തില്‍ ആയതിനാലാണെന്ന്  പരക്കെ ശ്രുതിയുയര്‍ന്നിരുന്നു. അത് സത്യവുമായിരുന്നു. വിവാഹമോചനം കിട്ടിയാലുടനെ തങ്ങളുടെ വിവാഹവാര്‍ത്ത പുറത്തുവിടാന്‍ ആണ് ദാസ്  തീരുമാനിച്ചിരുന്നത്.

അയാളുടെ ഓരോ വിളികളിലും മകള്‍ സന്തോഷിക്കുന്നത് ശാരിക കണ്ടു. അതിലുപരി ദാസ് അവളെ ശ്രദ്ധിക്കുന്നു എന്നതും അവര്‍ കണ്ടു. പക്വതയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ മിലാന് കഴിയുന്നത്‌ ദാസിന്റെ സ്വാധീനം കൊണ്ടാണെന്നും മനസ്സിലാക്കിയപ്പോള്‍ നിശബ്ദരായി മനസ്സില്ലാമനസ്സോടെ അനുകൂലിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

എങ്കിലും തങ്ങളുടെ ആശങ്കകള്‍ ഫോണിലൂടെയും നേരിട്ടും വിദേതുമായി അവര്‍ ചര്‍ച്ച ചെയ്തു.

“നിന്‍റെ അമ്മയുടെ സംശയവും ഭയവും എന്നാണ് മാറുക മിലാന്‍?” ഓരോ രാത്രിയിലും വിളിക്കുമ്പോള്‍ ദാസ് മിലാനോട് ചോദിച്ചു.

“കേള്‍ക്കുമ്പോള്‍ വിദേത് ഇരിറ്റെററ് ആകുന്നുവല്ലേ?” മിലാന്‍ ചോദിച്ചു.

“ഏയ്‌, ഇല്ലയില്ല. നെവെര്‍, ഞാന്‍ ആയിരുന്നു എങ്കിലും സെയിംവേ ഓര്‍ ഇതില്‍ കൂടുതല്‍ ആയിരിക്കും, മേബീ...”

അമ്മ വളരെ ആശങ്കപ്പെടുന്നു എന്ന് അവള്‍ക്കും അറിയാമായിരുന്നു. അച്ഛന്‍ അത് പുറത്തേക്ക് കാണിക്കുന്നില്ല എന്നേയുള്ളൂ എന്നും.

ഇന്നലെ...

ഈ വര്‍ഷത്തെ മിസ്സ്‌ മുംബൈ കോന്‍റ്റസ്റ്റിന്റെ യാത്രയുടെ തലേന്ന് ഒറീസ്സയില്‍ വെച്ചാണ് വിദേതും മിലാനും ഒരുമിച്ചത്.

സുപ്രധാനമായ തീരുമാനമെടുക്കും മുന്‍പേ ഒരുമിച്ചു കാണണം എന്ന് വിദേത് പറഞ്ഞപ്പോള്‍ വളരെ സ്വകാര്യമായ ആ കൂടിക്കാഴ്ച്ചയ്ക്ക് മിലാന്‍ തയ്യാറായി! അല്ലെങ്കില്‍ തന്നെ നാളെ ഭര്‍ത്താവാകാന്‍ പോകുന്ന ആളല്ലേ... അതിലൊരു തെറ്റും അവള്‍ കണ്ടില്ല!

എങ്കിലും തനൂജാതിവാരിയുമായുള്ള വിദേതിന്റെ കൂടിക്കാഴ്ച്ചകള്‍.... എന്തോ...മിലാന്‍ ചിന്താമഗ്നയായിതന്നെ കാണപ്പെട്ടു.

 കാരവാനില്‍ വെച്ചും സ്റ്റേഡിയത്തില്‍ എത്തിയതിനു ശേഷവും  മകളുടെ ആലോചനാഭാവം ശാരിക മനസ്സിലാക്കിയിരുന്നു. എങ്കിലും അവരൊന്നും ചോദിച്ചില്ല.

വിവാഹത്തോളം എത്തിനില്‍ക്കുന്ന ഒരു ബന്ധത്തെക്കുറിച്ച് ഇനിയും സംശയം പ്രകടിപ്പിക്കുന്നത് സ്വയം വിലക്കുറക്കാനേ ഉപകരിക്കു എന്നവര്‍ക്ക് ബോധ്യമുണ്ട്.

പരിപാടി കഴിഞ്ഞു മടങ്ങും നേരം മിലാന്‍ ശാരികയോട് പറഞ്ഞു. “അമ്മാ...നാളെക്കഴിഞ്ഞു യൂണിവേഴ്സിറ്റിയില്‍ പോണം..കൊല്‍ക്കത്ത..ടിക്കറ്റ് എടുക്കണം..എക്സാം ആയി അടുത്ത മാസം...”

മുംബൈയില്‍ നിന്നും ഉടനെത്തന്നെ കൊല്‍ക്കത്തയിലേക്ക് പോകുമെന്ന് മിലാന്‍ വിദേതിനോട് പറഞ്ഞിട്ടില്ലായിരുന്നു.

“ഒഹ്..ഇനി വിളിക്കുമ്പോള്‍ പറയാം...” അമ്മയുടെ മടിയിലേക്ക്‌ തലവെച്ചു അവളൊന്നു കണ്ണുകളടച്ചു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ സമയത്ത് മിലാന്‍ വിദേതിനെ വിളിച്ചു. പതിവിനു വിപരീതമായി അയാളുടെ വേറൊരു പിഎ നാരായണസാമി ആണ് ഫോണ്‍ എടുത്തത്‌.

“മേം ...ഞാന്‍ പറയാം സാബിനോട്..തിരക്കിലാണ്..”

ഒന്നും പറയാതെ മിലാന്‍ ഫോണ്‍ വെച്ചു. അയാള്‍ തിരികെ വിളിക്കുന്നതും കാതോര്‍ത്ത് വെള്ളാരംകല്ലുകള്‍ തുറന്നടയുന്ന ആ കൊച്ചു പാവക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്ത് മിലാന്‍ ഉറങ്ങാതെ കിടന്നു.

sana rubs ph 91 75102 56742

                                              (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ (നോവൽ-3 : സന റബ്സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക