Image

നീലിയും നളിനനും (സുധീര്‍ പണിക്കവീട്ടില്‍)

Published on 19 May, 2012
നീലിയും നളിനനും (സുധീര്‍ പണിക്കവീട്ടില്‍)
(കവിതയിലെ കണ്ണന്‍ ഭഗവാനല്ല. നാട്ടിലെ മന്ത്രാലയത്തില്‍ പണ്ട്‌ നടന്ന ഒരു സംഭവത്തിന്റെ പത്രറിപ്പോര്‍ട്ടിനെ ആസ്‌പദമാക്കി രചിച്ചത്‌)

സുധീര്‍ പണിക്കവീട്ടില്‍

താമരപൊയ്‌കക്കല്‍പ്പം ദൂരെയൊരാലിന്‍ കൊമ്പില്‍
താമര കണ്ണന്‍ നിന്നു കള്ളനെ പോലെയന്നും
പാല്‍ കുടമേന്തി പോകും ഗോപികമാരെ നോക്കി
അവര്‍ തന്‍ നിതംബത്തിന്‍ താളത്തില്‍ തലയാട്ടി

കാര്‍മുകിലൊളിവേണി മണിമാര്‍ തമ്മില്‍ തമ്മില്‍
അടക്കം പറയുന്ന രഹസ്യം ചെവിയോര്‍ത്തും
കഞ്ചുകകെട്ടിനുള്ളില്‍ കാമന്റെ മരാളങ്ങള്‍
കരണം മറിയുന്ന കാഴ്‌ച്ച കണ്ടാനന്ദിച്ചും
മജ്‌ഞുളാംഗിമാരവര്‍ അജ്‌ഞനകണ്ണാല്‍ -കാമ
ശരങ്ങളെയ്യുന്നത്‌ തടയാന്‍ ഒരുങ്ങിയും
അക്ഷികളടച്ച്‌ കൊണ്ടംബുജാക്ഷിമാര്‍ രാവില്‍
മാരലീലകള്‍ക്കായി കാമനെയോര്‍ക്കുന്നതും

ചിന്തകള്‍ മണിതേരില്‍ ഉല്‍ക്കടാവേശത്തോടെ
കണ്ണനെ അലട്ടികൊണ്ടുരുളാന്‍ തുടങ്ങവേ
കാര്‍മുകില്‍വര്‍ണ്ണന്‍ നിന്നു വിണ്ണിലെ പെണ്ണിന്‍ മുടി-
കെട്ടിലഴകായ്‌ മിന്നും നാടയില്‍ കണ്ണും നട്ട്‌
കൈവിരല്‍ തുമ്പാല്‍ തൊട്ടാല്‍ ഒളിസേവക്കായ്‌
ഒത്ത മങ്കമാരൊരുങ്ങുന്ന നാടിത്‌ സ്വര്‍ഗ്ഗം തന്നെ
എങ്കിലും സ്വര്‍ഗാംഗനമാരെത്രെ സുരതത്തില്‍
വിദഗ്‌ദ്ധര്‍ കാമന്‍ കൊട്ടും താളത്തില്‍ തുള്ളുന്നവര്‍
അവരില്‍ നളിനാക്ഷി ഈ വഴി വരുന്നേരം
ഒന്നു മുട്ടീടേണമാ ഹ്രുദയ കവാടത്തില്‍
തുറക്കാതിരിക്കുമോ മന്ദിരവാതില്‍ ദേവി
അര്‍ഘ്യവുമായി മുട്ടി വിളിച്ചാല്‍ പുരോഹിതന്‍
നിശ്‌ച്ചയിച്ചുറച്ചതും ഓര്‍ത്തുകൊണ്ടനുദിനം
സുന്ദര സൗധത്തിന്റെ കോട്ടകള്‍ കെട്ടിയുള്ളില്‍

ഒരു നാള്‍ ചെന്നു മന്ദസ്‌മിതവും തൂകി കണ്ണന്‍
കന്യകയിരിക്കുന്ന മുറിയില്‍ നിര്‍ലജ്‌ജനായ്‌
ഇംഗിതമവളോട്‌ പറഞ്ഞു സ്‌പര്‍ശിക്കുവാന്‍
പാണികള്‍ നീട്ടുന്നേരം തടഞ്ഞ്‌ തന്വംഗിയാള്‍
ഇക്ഷണം ഇറങ്ങുക എന്‍ മുറിക്കുള്ളില്‍ നിന്നും
ഇക്കഥ മറക്കുക - കന്യകയാജ്‌ഞാപിച്ചു
തല്‍ക്ഷണം നിലം പതിച്ചായിരം വ്യാമോഹങ്ങള്‍
പതുക്കെ മന്ത്രിച്ചുപോയ്‌ - അന്ധനാണെന്നും കാമം.

*****************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക