Image

ഇറ്റലിയിൽ മരണസംഖ്യ ആയിരം കടന്നു

Published on 14 March, 2020
ഇറ്റലിയിൽ മരണസംഖ്യ ആയിരം കടന്നു

റോം: റോമിലെ ഫ്യുമിച്ചിമോ വിമാനത്താവളത്തിൽ കുടുങ്ങിയ 45 ഓളം വരുന്ന സംഘത്തിലെ 15 മലയാളികൾക്ക് നാട്ടി ലേക്ക് പോകാൻ യാത്രാനുമതി കിട്ടിയതിനെ തുടർന്ന് അവർ ശനി യാഴ്ച രാവിലെ എമിറേറ്റ്‌സ് വിമാനത്തിൽ എത്തും. ഇവരെ 14 ദിവസം നിരീക്ഷണ വിധേയമാക്കിയത് ശേഷമേ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കുകയുള്ളൂ. ഭൂരിഭാഗവും വിദ്യാർഥികളാണ്. സംഘത്തിലെ ബാക്കിയുള്ളവർ തിങ്കളാഴ്ചയോടെ കൂടി ഇവിടെ നിന്നും പുറപ്പെടും.

ഇവർക്ക് വൈറസ് ബാധ ഇല്ലെന്നുള്ള ഹെൽത്ത് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ 17 അംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം വെള്ളിയാഴ്ച രാവിലെ റോമിൽ എത്തിയിരുന്നു. റോമിലെ ഇന്ത്യൻ എംബസ്സിയുടെ മേൽനോട്ടത്തിലാണ് കാര്യങൾ നടക്കുന്നത്.

വ്യാഴാഴ്ച 189 പേർ കൂടി മരിച്ചതോടെ ഇറ്റലിയിൽ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ 1016 ആയി. ചൈന കഴിഞ്ഞാൽ കോവിഡ്~19 ബാധിച്ച് ഏറ്റവും കൂടുതലാളുകൾ മരിച്ച രാജ്യമാണ് ഇറ്റലി.

രാജ്യത്ത് ബുധനാഴ്ച രോഗം പുതിയതായി സ്ഥിരീകരിച്ചത് 2313 പേർക്കായിരുന്നെങ്കിൽ വ്യാഴാഴ്ച ഇത് 2651 പേർക്കാണ്. ആകെ 15,113 പേർ. മരിച്ചവരും രോഗം ഭേദമായവരും കൂടി ഉൾപ്പെടുന്നതാണ് ഈ കണക്ക്.

രോഗം പടരുന്ന സാഹചര്യത്തിൽ റോമിലെ സിയാംപിനോ വിമാനത്താവളം അടച്ചിടാനും, ഫിയുമിച്ചിനോ ടെർമിനലിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ ഇറ്റാലിയൻ മെഡിക്കൽ ചീഫ് ഡോ.റോബർട്ടോ സ്റ്റെല്ല ( 67 )കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. നിലവിൽ ഇറ്റലിയിൽ തെരുവിലെങ്ങും ആളൊഴിഞ്ഞ പ്രതീതിയാണ്. വാഹനങ്ങൾ എല്ലായിടത്തും നിശ്ചലമാണ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 9 അംഗ ചൈനീസ് മെഡിക്കൽ സംഘം ഇറ്റലിയിൽ എത്തി. ഇവർക്കൊപ്പം 35 ടൺ മരുന്നുകളും 18 ലക്ഷം മാസ്‌കുകളും 30 ഐസിയു സംവിധാനവും ചൈന ഇറ്റലിയിലേക്ക് അയച്ചിട്ടുണ്ട്. അതിരുകളില്ലാത്ത കരുതലാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

രോഗം പ്രതിരോധിക്കുന്നതിനായി ഇറ്റലിയിലെത്തിയ ചൈനീസ് സംഘത്തിന് ഇറ്റാലിയൻ ഭരണകൂടം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

അയർലണ്ടും പ്രതിരോധ ക്രമീകരണങ്ങൾ ശക്തമാക്കി

കൊറോണബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കാൻ ഐറിഷ് സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് അയർലണ്ടിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ശിശു സംരക്ഷണ സൗകര്യങ്ങളും ശനിയാഴ്ച്ച മുതൽ അടയ്ക്കും.

നൂറിലധികം ജനങ്ങൾ കൂടുന്ന എല്ലാ ഇൻഡോർ ബഹുജന സമ്മേളനങ്ങളും ,അഞ്ഞൂറിലധികം ആളുകൾ ചേരുന്ന പൊതു ബഹുജന സമ്മേളനങ്ങളും റദ്ദാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.നാളെ മുതൽ മാർച്ച് 29 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക