Image

സന റബ്സ് - നീലച്ചിറകുള്ള മൂക്കുത്തികള്‍ - 4

Published on 15 March, 2020
 സന റബ്സ് -   നീലച്ചിറകുള്ള മൂക്കുത്തികള്‍ - 4

     ഹോട്ടല്‍ മുറിയിലെ ബാല്‍ക്കണിയി ലെ തണുത്ത പ്രഭാതത്തില്‍ റായ് വിദേതന്‍  അല്പം അലസതയോടെ ചാഞ്ഞിരുന്നു. സൈലന്റില്‍ ഇട്ട ഫോണ്‍ മുരണ്ടുകൊണ്ടേയിരുന്നപ്പോള്‍ അയാളത് ചെവിയോട് ചേര്‍ത്തു.

“സര്‍, നാളെയാണ് നമ്മള്‍ സോനഗച്ചിയിലെ  ക്യാമ്പൈന്‍ പോകുന്നത്. തലേന്ന്  ഓര്‍മ്മപ്പെടുത്താന്‍ സര്‍ പറഞ്ഞിരുന്നു.” സ്റ്റാഫിന്റെ സ്വരം കേട്ട് അയാള്‍ ആ കാര്യം പെട്ടെന്ന് ഓര്‍മ്മിച്ചു.

“ഓഹ്,യെസ്..നിങ്ങള്‍ മിലാന്‍ പ്രണോതിയെ ഒഫീഷ്യല്‍ ആയി ഒന്ന് വിളിക്കണം. എന്നിട്ട് ഈ ക്യാമ്പയിന്‍ കാര്യം പറയണം. പങ്കെടുക്കാന്‍ താല്പര്യമുണ്ടോ എന്നൊന്ന് ചോദിക്കൂ.” അയാള്‍ നിര്‍ദ്ദേശിച്ചു. വളരെ നാളുകള്‍ക്ക് ശേഷം ആളും ആരവവും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു ദിവസമായാതിനാല്‍ മടിപിടിച്ച പക്ഷിയെപ്പോലെയായിരുന്നു അന്ന് മുഴുവനും അയാൾ. 

 തിരക്കുകളില്‍ നിന്നൊഴിഞ്ഞു  മാറിനിന്ന് നോക്കുമ്പോള്‍  കൊല്‍ക്കത്താ നഗരത്തിന് മുകളില്‍  അപരിചിതമായ ഒരു മേലങ്കി ചൂഴ്ന്നുനില്‍ക്കുന്നതായി കാണാം.  ചിരപരിചിതവും ഒരേസമയം വളരെ വ്യത്യസ്തവുമായ ജീവിതങ്ങളുടെ മേലങ്കി!

  അക്ഷരങ്ങളാല്‍ വെളിച്ചത്തിലേയ്ക്കു നയിച്ച നായകന്മാരുടെ പ്രൌഡഗംഭീരമായ തലയെടുപ്പിന്റെ പ്രഭ ജനഹൃദയങ്ങളില്‍ ഇപ്പോഴും ഒളിച്ചിതറുന്നു. ടാഗോറിന്റെ ഗീതാഞ്ജലിയില്‍ നിന്നുതിര്‍ന്ന പളുങ്കുമണികള്‍ ആ മഹാനഗരത്തിലെ തെരുവുകള്‍ക്ക്‌ വെളിച്ചം നല്‍കുന്നുണ്ട്. സൗമ്യവും സമ്യക്കുമായ ജീവിതങ്ങള്‍ നിറയുന്ന  ക്യാന്‍വാസുകള്‍ക്ക് നിറപ്പകിട്ടേറെയാണ്.

കൊല്‍ക്കത്ത എല്ലാവരെയും സ്വീകരിക്കുന്നു. പതുപതുത്ത കൈകളാല്‍ ആലിംഗനം ചെയ്യുമ്പോള്‍ പരുപരുത്ത കൈകളാല്‍ പ്രഹരവും ഏല്‍പ്പിക്കുന്നു. പൊടിപടലങ്ങള്‍ നിറഞ്ഞ കണ്ണാടിജനലുകള്‍ക്കപ്പുറത്തു വാടിവീഴുന്ന ജന്മങ്ങളുണ്ടവിടെ. നിസ്സഹായതയും പരാജയവും വിദ്വേഷവും കപടതയും നിറഞ്ഞ സ്ത്രീമനസ്സുകള്‍ മൂടുപടത്തിനുള്ളില്‍ തലകുനിച്ചിരിക്കുന്നു. പുറത്തേക്ക് വഴികളില്ലാത്ത അതിവിശാലതയില്‍ തടവിലാക്കപ്പെട്ടവരും അവിടെയുണ്ട്. സോനഗാച്ചിയിലേക്കുള്ള ഇരുണ്ട വഴിയാണത്. ഉന്നതമായ സംസ്കാരവും വിണ്ടുകീറിയ യാഥാര്‍ത്ഥ്യങ്ങളും ഒരുപോലെ മത്സരിക്കുന്ന കാഴ്ച നഗരത്തെ പിടികിട്ടാത്ത സമസ്യയായി മൂടിയിരിക്കുന്നു.

എന്‍ജിഓയുടെ മേല്‍നോട്ടത്തില്‍ സോനഗച്ചിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി വരുന്നുണ്ട്. അവര്‍ക്ക് വേണ്ട പഠനാവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നതില്‍ ദാസും മേല്‍നോട്ടം വഹിക്കുന്നു. ആ ചേരിയിലേക്ക് നേരിട്ടെത്തി അവിടത്തെ മനുഷ്യരെ ബോധവല്‍ക്കരിക്കല്‍ ശ്രമകരമായ ജോലിയാണ്.അധികൃതര്‍ അതെളുപ്പമാക്കാനും കൂടി ദാസിന്റെ സ്റ്റാര്‍ഡത്തെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ അവരോട് അലിവോടെയും സ്നേഹത്തോടെയും ഇടപഴകാന്‍ ദാസിനു കഴിയുന്നു എന്നത് അയാളുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു.

വൈകീട്ട് അയാള്‍ മിലാനെ വിളിച്ചു.

“ഓഫീസില്‍ നിന്നും വിളിച്ചില്ലേ?” അയാള്‍ ചോദിച്ചു.

മിലാന്‍ ചിരിച്ചു.”ഞാന്‍ കരുതി എല്ലാം ഇനി ഓഫീസ് വഴിയാണെന്ന്..”

“അതല്ല,ചിലതൊക്കെ ഒഫീഷ്യല്‍ ആവണ്ടേ, നാളത്തെ പരിപാടിക്ക് വരുന്നുണ്ടോ? ഒരുമിച്ചു ഒരു സേവനം ചെയ്യാനുള്ള അവസരമാണ്.”

“ഞാന്‍ വരാം വിദേത്. ഞാനിവിടെ ഉണ്ടല്ലോ.” മിലാന്‍ സമ്മതം അറിയിച്ചു.

കുറച്ചു കഴിഞ്ഞു അയാളുടെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. തനൂജാ തിവാരി!

“ഹലോ, ഹൌ ടു യു ടു..?” ഫോണ്‍ അറ്റന്‍ഡ് ചെയ്തു അയാള്‍ ചോദിച്ചു.

“ഹായ്, റായ്...” തനൂജയുടെ അമര്‍ന്ന ചിരി അയാള്‍ ചെവിയില്‍ കേട്ടു.

“നാളെ സോനഗച്ചിയില്‍ ക്യാമ്പയിന്‍ തുടങ്ങുകയല്ലേ? വാട്ട്‌ ഇഫ്‌ ഐ കം ദേര്‍..”  മണൽത്തരികൾ പൊരിയുംപോലുള്ള തനൂജയുടെ ചോദ്യത്തിനു ഒരുത്തരം പറയാനാവാതെ അയാള്‍ ഒരു നിമിഷം തടഞ്ഞു നിന്നു.

“ഓക്കേ ഓക്കേ, വേറെ ആരോക്കെയുണ്ട്?” അയാള്‍ തിരിച്ചു ചോദിച്ചു.

“നോ, മി ഒണ്‍ലി,  റായ് ഉണ്ടെങ്കില്‍ ഒരുമിച്ചു കുറച്ചു സമയം കിട്ടുമല്ലോ എന്ന് കരുതി...” തനൂജ വീണ്ടും ചിരിച്ചു.

“ഷുവര്‍...ബട്ട്‌ തിരക്കായിരിക്കും..” ഒഴിഞ്ഞുമാറാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെങ്കിലും സ്വരത്തില്‍ അത് പ്രകടമാകാതിരിക്കാന്‍ അയാള്‍  പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

“ഇറ്റ്‌സ് ഒക്കെ, ഞാന്‍ വരുന്നുണ്ട്, അല്പം സഹായം എന്‍റെയും ഭാഗത്ത്‌ നിന്നും...സീ യൂ ടുമാറോ..”

“ഓക്കെ, ദാറ്റ്‌ ഈസ്‌ എ ബിഗ്‌ ഹെല്പ്...താങ്ക്സ്, സീ യൂ..” ആലോചനയോടെ അയാള്‍ ഫോണ്‍ വെച്ചു. സിനിമയിലും പൊതുഅരങ്ങിലും ഉള്ളവര്‍ പലരും നാളെ വരുന്നുണ്ട്. എങ്കിലും  തനൂജയും മിലാനും ഒരേ വേദിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍...

കൂടുതല്‍ ആലോചിക്കാതെ അയാള്‍ മറ്റു ജോലികളില്‍ മുഴുകി.

പിറ്റേന്ന് പതിനൊന്നു മണിയോടെ മിലാന്‍ ക്യാമ്പില്‍ എത്തി. പൊട്ടിപ്പൊളിഞ്ഞ ഇഷ്ടികക്കല്ലുകള്‍ നിരതെറ്റി കിടക്കുന്ന ഇടുങ്ങിയ വഴികള്‍...ഒന്ന് രണ്ടു പേര്‍ക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാന്‍ കഴിയുന്ന  പഴകിയടര്‍ന്ന നരച്ച കെട്ടിടങ്ങളുടെ ഇടയിലൂടെ അവള്‍ നടന്നു കയറി.
പുറത്തു നിന്നാല്‍ മതി അറ്റം വരെ കാണാവുന്ന തുറന്ന വീടുകളായിരുന്നു പലതും. പലയിടത്തും പഴയ സാരികളാണ് വാതിലായി ഉപയോഗിച്ചിരിക്കുന്നത്. ചില വരാന്തകളില്‍ വസ്ത്രങ്ങളുടുക്കാതെ പരസ്പരം ഒട്ടിപ്പിടിച്ചു പതുങ്ങിയിരിക്കുന്ന  കുട്ടികളെ കണ്ടു. കൌമാരാക്കാരായ പെണ്‍കുട്ടികളുടെയും മുതിര്‍ന്ന സ്ത്രീകളുടെയും ചിലമ്പിച്ച ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു. മൂത്രത്തിന്റെയും മലത്തിന്റെയും അസഹ്യമായ ഗന്ധത്തിനപ്പുറം ഓടകളില്‍ ഒലിച്ചു പോകാനാകാതെ അവയെല്ലാം കെട്ടിനില്‍ക്കുന്നുതും കണ്ട് മിലാന് മനം പിരട്ടലുണ്ടായി.

 മുന്നോട്ടു പോയപ്പോൾ ക്യാമ്പ്  നടക്കുന്ന ഇടം കണ്ടു.  ചില അദ്ധ്യാപകര്‍ ക്ലാസ് എടുക്കുന്നു. ഒരിടത്ത് ഡോകുമെന്ററി കാണിക്കുന്നുണ്ട്. കുറച്ചപ്പുറത്ത്‌ നിന്ന് ദാസ് ഇറങ്ങി വന്നു. മിലാന്‍റെ മുഖത്തെ വല്ലായിക കണ്ട് അയാള്‍ ചിരിച്ചു. “വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ്. പറ്റുന്നില്ലേ നില്ക്കാന്‍..?”

അവള്‍ സമ്മതമാണെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. കുറച്ചു കുട്ടികള്‍ അവരുടെ അടുത്തേക്ക് ഓടിവന്നു അവരെ നോക്കി ചുറ്റിപറ്റി നിന്നു.

എന്ത് ചോദിക്കണമെന്നറിയാതെയാണ് അവര്‍ നില്‍ക്കുന്നതെന്ന് മിലാന് മനസ്സിലായി. “ഇങ്ങു വാ.., എന്താ നിങ്ങളുടെയൊക്കെ പേര്?”

മറുപടി പറയാതെ അതിലൊരു കുട്ടി അവളോട്‌ ചോദിച്ചു. “ദീദീ ദീദീ... എന്നാ പോകുക ഇവിടെ നിന്ന്?”

“ഒന്നോ രണ്ടോ ദിവസം..എന്തേ..? അവള്‍ ചോദിച്ചു.

“ദീദി പോകേണ്ട. അല്ലെങ്കില്‍ എന്നും വരുമോ?” വളരെ നിഷ്കളങ്കമായ ആ മുഖങ്ങളും ചോദ്യങ്ങളും കണ്ട് മിലാന് അവരുടെ അടുത്തേക്ക് ചെന്നു.

“എന്നും വരാന്‍ പറ്റുമോ? ജോലിക്ക് പോകേണ്ടേ?” അവള്‍ ചോദിച്ചു.

“ഞങ്ങള്‍ക്കും ജോലി കിട്ടുമോ ദീദീ, ഞങ്ങളും വരട്ടെ?”

“കിട്ടും, നന്നായി പഠിച്ചാല്‍ മതി. പഠിച്ചു വലുതായാല്‍ ജോലി കിട്ടും.”

“എന്നും വെള്ളം കിട്ടുമോ?” പുറകില്‍ നിന്ന ഒരാണ്‍കുട്ടി അല്പം ഉറക്കെ ചോദിച്ചു.

“എന്താ...? എന്താ ചോദിച്ചേ..” അവള്‍ വിളിച്ചു ചോദിച്ചു.

ദാസ് മിലാന്‍റെ തോളില്‍ കൈ വെച്ചു. പതുക്കെ തലകുനിച്ചു ചെവിയില്‍ പറഞ്ഞു. “ഇവിടെ വെള്ളം കിട്ടാന്‍ വിഷമമാണ്.ലോറിയില്‍ ദൂരേന്നു കൊണ്ട് വരണം.അതും ചിലപ്പോഴൊക്കെ വരാറില്ല.”

മിലാന്‍ പകപ്പോടെ ആ കുട്ടികളുടെ മുഖത്തേക്ക് നോക്കി.

“ദീദി വന്നതോണ്ട് ആ കുളിമുറിയിലും കക്കൂസിലും വെള്ളം വന്നു. അപ്പൊ ദീദി ഇവിടെ ഉണ്ടായാല്‍ എന്നും ഞങ്ങള്‍ക്ക് വെള്ളം കിട്ടുമല്ലോ,കുളിക്കാനും കഴുകാനും കുടിക്കാനുമെല്ലാം...”

നിസ്സഹായതയോടെ അവളാ കുട്ടികളെ നോക്കി.

“എന്താണ് നമുക്കിവര്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുക വിദേത് ? ദേ ആള്‍സോ വാണ്ടട് റ്റു ലിവ്..” അല്പം കഴിഞ്ഞു മിലാന്‍ ദാസിനോട് ചോദിച്ചു.

“പറ്റുന്നത് കുറേയുണ്ട്. ദേ വാണ്ട്‌ വാട്ടര്‍ നൌ , യു നോ, മൂന്നാം വേള്‍ഡ് വാര്‍ നടക്കുക ഇനി വെള്ളത്തിന്‌ വേണ്ടിയായിരിക്കും എന്ന് കേട്ടിട്ടില്ലേ?” അയാള്‍ തുടര്‍ന്നു. “മിലാന്‍, ഇവിടെ പല ജീവിതങ്ങളും കാണും. ചിലതെല്ലാം കാണുമ്പോള്‍ വികാരത്തിന് പുറത്ത് തീരുമാനങ്ങളെടുത്തു അവര്‍ക്ക് വാഗ്ദാനങ്ങള്‍ ഒന്നും നല്‍കരുത്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് പരിഹരിക്കാൻ... യു ഹാവ് റ്റൂ തിങ്ക്‌ ആന്‍ഡ്‌ ടോക്.”

“യെസ്..” ആലോചനയോടെ മിലാന്‍ മൂളി. പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറാന്‍ വഴിയില്ലാതെ വിഷമിക്കുന്ന മനുഷ്യരെ നേര്‍ക്കുനേരേ ആദ്യമായാണ് അവള്‍ കാണുന്നത്. സോനഗാച്ചി എന്നാല്‍ വേശ്യാത്തെരുവ് എന്നതിലപ്പുറം കൂടുതലായി അവളൊന്നും മനസ്സിലാക്കിയിട്ടില്ലായിരുന്നു.

കുറച്ചു നേരം മിലാന്‍ അവിടെയെല്ലാം ചുറ്റി നടന്നു. കുട്ടികളും സ്ത്രീകളും അവളെ കൗതുകത്തോടെ നോക്കി. ചിലര്‍ അല്പം കൂടി കടന്ന് അവളുടെ മുടിയിലും വസ്ത്രത്തിലുമെല്ലാം തൊട്ടു നോക്കി. അവര്‍ക്കാവശ്യമുള്ള വെള്ളമെത്തിക്കുക എന്നത് താന്‍ വിചാരിച്ചപോലെ ഉടനെ  നടക്കുന്ന കാര്യമല്ല എന്നത് മിലാന് മനസ്സിലായി. ഒരുപാട് മനുഷ്യോര്‍ജ്ജവും പ്രയത്നവും സര്‍വോപരി പണച്ചിലവുവുമുള്ള ഒരു ഭഗീരഥപ്രയത്നമായതിനാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇങ്ങോടു തിരിഞ്ഞു നോക്കുന്നില്ല.

ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ അവരുടെ അരികിലേക്ക് വന്നു. “സര്‍, സെക്ഷ്വലി ട്രാന്‍സ്മിറ്റട് ഡിസീസിനെക്കുറിച്ച് അവയര്‍നസ് കൊടുക്കുവാനുള്ള ഒരു പ്രോഗ്രാം ഉണ്ട്.  എസ്പെഷ്യലി എയിഡ്സ്നെതിരെ.  ഇതിലേക്കായി ഒരു പരസ്യ ചിത്രം അല്ലെങ്കില്‍ ഷോര്‍ട്ട് ഫിലിം ചെയ്താല്‍ കൊള്ളാമെന്നുണ്ട്.”

“ശരി, അതിന് വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യാം....നടീനടന്മാരെ നമുക്ക് കണ്ടെത്താം..” ദാസ് പറഞ്ഞു.

“2005 ല്‍ ഓസ്കാര്‍ കിട്ടിയത് ഇത്തരം ഡോകുമെന്റററിക്കല്ലേ? ഓര്‍ക്കുന്നോ ആ പേര്?” ദാസ്‌ തിരിഞ്ഞു മിലാനോട് ചോദിച്ചു. മറുപടിയൊന്നും കേള്‍ക്കാതെ അവളുടെ തുടുത്ത കവിളില്‍ തന്‍റെ കൈയ്യിലുള്ള പേപ്പര്‍ കൊണ്ട് അയാള്‍ പതുക്കെ തട്ടി. “എന്താണ് എന്‍റെ പെണ്ണ് വാടി നില്‍ക്കുന്നത്? ക്ഷീണിച്ചോ?”

“ഏയ്...ഒന്നുമില്ല, ഇവിടത്തെ സ്ത്രീകളെ കണ്ടപ്പോള്‍ മനസ്സില്‍ ഒരു ഷോക്ക് വീണു.” മിലാന്‍ പറഞ്ഞു.

“സാരമില്ല,വരൂ..” അയാള്‍ അവളെ വിളിച്ചു മുന്നോട്ടു നടന്നു. “കോര്‍ഡിനേറ്റര്‍ ഇപ്പോള്‍ പറഞ്ഞ ഷോര്‍ട്ട് ഫിലിം നിനക്ക് സാധ്യതകളുടെ വിശാലമായ ക്യാന്‍വാസാണ്. ആലോചിക്കൂ.”

“ഇത്തരം സിനിമകളും പരസ്യങ്ങളും ചെയ്യാന്‍ വലിയ ഹീറോകളെ വേണ്ടി വരും. അപ്പോള്‍ തീര്‍ച്ചയായും അവര്‍ അവര്‍ക്കിഷ്ടമുള്ള നായികമാരെ തേടും. ഇല്ലേ?” മിലാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“ഉം....നോക്കാം നമുക്ക്, കല്‍ക്കട്ട വലിയൊരു സിറ്റി അല്ലെ. അവിടെ സ്വാധീനം ചെലുത്താനും ആജ്ഞകള്‍ നല്‍കാനും കഴിയുന്ന വലിയൊരു കോക്കസുണ്ട്. അവിടെയാണ് നീ മത്സരിക്കേണ്ടത്.” ദാസ്‌ പറഞ്ഞു.

 “വൈ കാന്റ് യു ആക്ട്‌...മറ്റൊരാള്‍ എന്തിനാണ്?” ചോദ്യംകേട്ട്, മിലാനും ദാസും  തിരിഞ്ഞു നോക്കി. തനൂജാ തിവാരി! കൂടെ കോര്‍ഡിനേറ്റരും കുറച്ചാള്കളും സംസാരിക്കുന്നു. ഡോക്യുമെന്റ്റിയെക്കുറിച്ചാണെന്ന് തോന്നുന്നു.

“ഒഹ്..യു ആള്‍സോ ഹിയര്‍...?” മിലാനെ അപ്പോള്‍ കണ്ടതുപോലെ   ചോദിച്ച്കൊണ്ട് തനൂജ മുന്നോട്ട് വന്നു. ഡാര്‍ക്ക്‌ഗ്രീന്‍ ഷേയ്ഡിലുള്ള ഗൌണണിഞ്ഞ് ഒരു വലിയ ഹാറ്റ് തലയില്‍ ചെരിച്ചു വെച്ച്  തിളങ്ങുന്ന മുടി അലസമായി പറപ്പിച്ചു തനൂജ അവളെ നോക്കി ചിരിച്ചു. മഞ്ഞകല്ലുള്ള വലിയ ഡോളര്‍ ലോക്കറ്റിനടിയില്‍ പകുതിയോളം തുറന്നിട്ട മാറിടത്തിലേക്ക് ദാസിന്‍റെ കണ്ണുകള്‍ ചെന്ന് തറച്ചത് മിലാന്‍ സ്പഷ്ടമായി കണ്ടു.

“യെസ്...തനൂജാ...” മിലാന്‍ തിരിച്ചും വിഷ് ചെയ്തു.

കണ്ണുകള്‍ പെടുന്നനെ പിന്‍വലിച്ചു മിലാനെ ഒന്ന്നോക്കി ദാസ്‌ തനൂജയ്ക്കരികിലേക്ക്  നടന്നടുത്തു.

“ഹായ്...റായ്...” ചിരിച്ചുക്കൊണ്ട് തനൂജ വേഗത്തില്‍ നടന്നുവന്നു  ദാസിനെ ആലിംഗനം ചെയ്തു. “എന്തിനാണ് മറ്റൊരാള്‍? നായകനായി റായ് ഉണ്ടല്ലോ; നമുക്കഭിനയിച്ചാല്‍ എന്താ ഇവരുടെ ഷോര്‍ട്ട്ഫിലിമില്‍?”

സൂര്യപ്രകാശത്തില്‍ തനൂജയുടെ നെഞ്ചില്‍ കിടന്ന ഡോളര്‍ വെട്ടിത്തിളങ്ങി. ആ വെളിച്ചത്തില്‍ മിലാന്‍ പ്രണോതിയുടെ കണ്ണുകള്‍ ഒരു കടച്ചിലോടെ എരിഞ്ഞു.

                            (തുടരും )
 സന റബ്സ് -   നീലച്ചിറകുള്ള മൂക്കുത്തികള്‍ - 4
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക