Image

കോവിഡ് 19: കടുത്ത നടപടികളുമായി ജര്‍മനി; രണ്ടിലധികം ആളുകളുടെ കൂട്ടം നിരോധിച്ചു

Published on 23 March, 2020
കോവിഡ് 19: കടുത്ത നടപടികളുമായി ജര്‍മനി; രണ്ടിലധികം ആളുകളുടെ കൂട്ടം നിരോധിച്ചു

ബര്‍ലിന്‍: കൊറോണ വൈറസ് പകര്‍ച്ചയെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജര്‍മനി കടുത്ത നടപടികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജര്‍മനിയില്‍ രണ്ടിലധികം ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചു. കൊളോണില്‍ നേരത്തെ തന്നെ ഈ നിയമം നടപ്പിലാക്കിയിരുന്നു.

എന്നാല്‍ കുടുംബങ്ങളെയും ഒരേ വീട്ടില്‍ താമസിക്കുന്നവരെയും പുതിയ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു അതാവശ്യ സ്ഥാപനങ്ങളിലും എത്തുന്ന ആളുകള്‍ തമ്മില്‍ 1.5 മീറ്റര്‍ മുതല്‍ 2 മീറ്റര്‍ വരെ അകലം പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഈ നടപടികള്‍ പോലീസും മറ്റു നിയമപാലകരും നിരീക്ഷിക്കും. കൂടാതെ റസ്റ്ററന്റുകള്‍, ഹെയര്‍ സ്റ്റയില്‍ സെന്ററുകള്‍, റ്റാറ്റൂ തുടങ്ങിയ സൗന്ദര്യ വര്‍ധിത സെന്ററുകള്‍, മസ്സാജ് സെന്ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങി അത്യാവശ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഡെലിവറി സര്‍വീസ് നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കൂടുതല്‍ കടകളും തുറക്കുന്നത് വ്യാപകമാക്കിയിട്ടുണ്ട്. ഫുഡ് ഡെലിവറി ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.നിയമം ലംഘിക്കുന്നവര്‍ക്ക് നേരത്തെ നിലവിലുള്ള പിഴയായ 25,000 യൂറോ വരെയാകാമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഫെഡറല്‍ രാജ്യത്തെ 16 സംസ്ഥാന മുഖ്യ മന്ത്രിമാരുമായി നടത്തിയ ടെലിഫോണ്‍ കോണ്‍ഫറന്‍സിനെ തുടര്‍ന്നു മാര്‍ച്ച് 23 മുതലാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. അടുത്ത രണ്ടാഴ്ച കാലത്തേയ്ക്കാണ് പുതിയ ചട്ടങ്ങളുടെ നിയമസാധുത വേണമെങ്കില്‍ നീട്ടാനും സാധ്യതയുണ്ട്.

കൊറോണ വൈറസ് ബാധ അനിയന്ത്രതമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പൂര്‍ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ബവേറിയ, സാര്‍ലാന്റ്, ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ് എന്നീ സംസ്ഥാനങ്ങള്‍ വാരാന്ത്യത്തിലേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 16 സ്റ്റേറ്റുകളും കടുത്ത നിയന്ത്രണങ്ങള്‍ തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനോടു പൂര്‍ണസഹകരമാണ് ജര്‍മന്‍ ജനത പ്രകടിപ്പിക്കുന്നത്.

ഇതുവരെയായി ജര്‍മനിയില്‍ 27,181 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 113 മരണമാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 422 പേര്‍ രോഗവിമുക്തി നേടിയതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ജര്‍മനിയില്‍ ശരാശരി 35 നും 59 നും ഇടയില്‍ പ്രായമുള്ളവരെയാണ് വൈറസ് ബാധിച്ചിട്ടുള്ളത്. എന്നാല്‍ 15 നും 34 നും ഇടയിലുള്ള യുവജനതെയും ബാധിച്ചിട്ടുണ്ടെന്ന് ബര്‍ലിനിലെ റോബര്‍ട്ട് കോഹ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.

പൊതുസ്ഥലങ്ങളെല്ലാം തീര്‍ത്തും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ബവേറിയയില്‍ അപൂര്‍വമായി ചില ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കോവിഡ് 19 ന്റെ ഭീകരത ജനങ്ങള്‍ ഏറെ മനസിലാക്കിയെന്നാണ് രാജ്യത്തെ പൊതുജീവിതം പ്രതിഫലിപ്പിക്കുന്നത്. ഇതുവരെ ജര്‍മനിയിലെ മലയാളികളില്‍ ആര്‍ക്കും തന്നെ കോവിഡ് 19 ബാധ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലായതു മുതല്‍ ഒട്ടനവധി യുവ നഴ്‌സുമാര്‍ ജര്‍മനിയില്‍ കുടിയേറി ആതുരസേവനം ചെയ്യുന്നുണ്ട്.

ഡിജിറ്റല്‍ ഇക്കോണമിയുടെ കാലത്തും കറന്‍സി നോട്ടുകളുടെ ഉപയോഗം കാര്യമായി തന്നെ തുടര്‍ന്ന ജര്‍മനിക്കാരുടെ ശീലത്തിനും നിയന്ത്രണകാലത്ത് മാറ്റം വന്നിട്ടുണ്ട്. ആകെ പണമിടപാടുകളില്‍ അന്പതു ശതമാനം വളരെ പെട്ടെന്നു തന്നെ കാര്‍ഡുകളിലൂടെയായി. കൊറോണകാലത്തിനു മുന്‍പ് ഇത് 35 ശതമാനം മാത്രമായിരുന്നു. ജര്‍മനിയില്‍ കൊറോണ വൈറസ്ബാധ പ്രതിസന്ധികള്‍ നേരിടാന്‍ സൈന്യത്തെയും സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.

രോഗികളെ ചികിത്സിക്കുന്നതു മുതല്‍, ഗതാഗത സംവിധാനം ഒരുക്കുന്നതിനും പോലീസിനെയും പ്രാദേശിക ഭരണകൂടത്തെയും സഹായിക്കുന്നതിനു വരെ സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തുകയാണ്.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ജര്‍മനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് ബാധയെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേരത്തെ പറഞ്ഞിരുന്നു. ഈ പതിസന്ധി മറികടക്കുന്നതിന് ഓരോ പൗരന്‍മാരും അവരാല്‍ കഴിയുന്നതു ചെയ്യണമെന്നും മെര്‍ക്കല്‍ ആഹ്വാനം ചെയ്തിരുന്നു. ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമാണ് ജര്‍മനിക്കുള്ളത്. എല്ലാ നടപടികളും എടുത്തു കഴിഞ്ഞു.നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവരുടെ വിശ്വാസ പൂര്‍ണമായ സേവനത്തിന് രാജ്യം നന്ദി അറിയിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ക്വാറന്റൈനില്‍

കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ(65) ഹൗസ് ക്വാറന്റൈനില്‍ സ്വയം പ്രതിരോധം തീര്‍ത്തു. കൊറോണ ബാധയെ നേരിടാന്‍ ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ക്കായി പത്രസമ്മേളനവും നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മെര്‍ക്കല്‍ ഹൗസ് ഡോക്ടറെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഡോക്ടര്‍ക്ക് കോവിഡ് 19 പോസിറ്റീവായതിനെ തുടര്‍ന്നാണ് മെര്‍ക്കല്‍ ഹൗസ് ക്വാറന്റൈനില്‍ ആയതെന്ന് സര്‍ക്കാര്‍ വക്താവ് സ്റ്റെഫെന്‍ സൈബര്‍ട്ട് അറിയിച്ചു. അടുത്ത രണ്ടാഴ്ച മെര്‍ക്കല്‍ കാര്യങ്ങള്‍ ഔദ്യോഗിക വസതിയില്‍ വെച്ചായിരിയ്ക്കും നിര്‍വഹിക്കുക.

മെര്‍ക്കലിന്റെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ്. വരും ദിവസങ്ങളില്‍ സാന്പിളുകള്‍ എടുത്തു കൂടുതല്‍ പരിശോധന നടത്തുമെന്നും വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം ബര്‍ലിന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ മെര്‍ക്കല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പെയ്‌മെന്റ് നല്‍കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് ധനമന്ത്രി ഒലാഫ് ഷോള്‍സ് കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റൈന്‍ എടുത്തിരുന്നു. പിന്നീടുള്ള പരിശോധനയില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

കൊറോണ വൈറസ് പോരാട്ടത്തിന് ബൃഹത്തായ സാന്പത്തിക പാക്കേജ്

കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ ജര്‍മനി 822 ബില്യണ്‍ യൂറോയുടെ സാന്പത്തിക സഹായ പാക്കേജ് ആസൂത്രണം ചെയ്തു. കൊറോണ വൈറസ് പോരാട്ടത്തില്‍ സാന്പത്തിക പിന്തുണാ പാക്കേജിന് മെര്‍ക്കല്‍ മന്ത്രിസഭ അനുമതി നല്‍കി. ഇതിനായി 156 ബില്യണ്‍ യൂറോ കടമെടുത്തത്. ഇത് കൊറോണമൂലം പ്രതിസന്ധിയിലായ കുടുംബങ്ങള്‍, വാടകക്കാര്‍, ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, കന്പനികള്‍ എന്നിവരെ സഹായിക്കാനാണ്.

സര്‍ക്കാര്‍ വായ്പയെടുക്കുന്നതിലും നേരിട്ടുള്ള ദൂരവ്യാപകമായ വായ്പ ഗാരന്റികളും അടങ്ങുന്ന ധനസഹായത്തോടെ, കന്പനികളെയും തൊഴിലാളികളെയും ജീവനക്കാരെയും സഹായിക്കുന്നതിനുള്ള നടപടികളുമാണ് മന്ത്രിസഭ തീരുമാനിച്ചത്.

ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ 50 ബില്യണ്‍ ഡോളറും പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിന് 55 ബില്യണ്‍ ഡോളറും ഉള്‍പ്പെടെ 122 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള ചെലവില്‍, ജര്‍മനി തൊഴിലാളികള്‍ക്കും കന്പനികള്‍ക്കുമായി ഒരു സംരക്ഷണ കവചമാണ് ഒരുക്കുന്നത്.

കന്പനികള്‍ക്കുള്ള വായ്പകള്‍ക്കായി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് കെ.എഫ്.ഡബ്ല്യു വഴി മൊത്തം 822 ബില്യണ്‍ ഡോളര്‍ ഗ്യാരന്റി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമെന്നും അതുപോലെ തന്നെ കുറഞ്ഞ സമയങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ടോപ്പ്അപ്പ് വേതനം പോലുള്ള സാമൂഹിക പരിപാടികള്‍ വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ അര്‍ത്ഥമാക്കുന്നുണ്ട്.ഇതിനായി ആഴ്ചാവസാനത്തോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് പച്ചക്കൊടി കാണിക്കുമെന്നാണ് ഭരണശക്ഷിയുടെ പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക