Image

നമ്മുടെ നാട്ടിൽ ഒരാളും പട്ടിണിയായിപ്പോകരുത് (ഡോ: എസ്.എസ്. ലാൽ)

Published on 25 March, 2020
നമ്മുടെ നാട്ടിൽ ഒരാളും പട്ടിണിയായിപ്പോകരുത്  (ഡോ: എസ്.എസ്. ലാൽ)
മരണം വരെ ഖദറിട്ടിരുന്ന ഒരു നല്ല കോൺഗ്രസുകാരൻറെ മകനാണ് ഞാൻ. വേഷത്തിലെ ഖദർ മാത്രമല്ല. 2012 ജൂലൈയിൽ മരിക്കുന്നതു വരെ അച്ഛൻറെ കൈയിൽ ഒരു പേഴ്‌സ് ഇല്ലായിരുന്നു. എൻറെ ഓർമ്മയിൽ അച്ഛൻ ഒരു അലമാരയോ മേശയോ പൂട്ടി താക്കോൽ സൂക്ഷിച്ചിരുന്നില്ല. കൈക്കൂലി പോയിട്ട് സ്നേഹത്താലുള്ള ഒരു ചായപോലും മറ്റൊരാളിൽ നിന്ന് അച്ഛൻ വാങ്ങിക്കഴിച്ചിട്ടില്ല. എൻറെ ഒരു വയസിൽ തുടങ്ങി എൻ്റെ കല്യാണ സമയത്തുപോലും ഞങ്ങൾ തിരുവനന്തപുരത്ത് വാടക വീട്ടിലായിരുന്നു താമസം.

ആദ്യ കാലത്ത് എൻ.ജി.ഒ. അസോസിയേഷൻറെയും പിന്നീട് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻറെയും സ്ഥാപക നേതാവായിരുന്നു അച്ഛൻ. ലീഡർ കെ. കരുണാകരനുമായി പതിറ്റാണ്ടുകളുടെ ബന്ധമായിരുന്നു. ശ്രീ എ.കെ. ആന്റണിയുൾപ്പെടെയുള്ളവർക്ക്‌ അച്ഛനോട് വലിയ ഇഷ്ടമായിരുന്നു. പിൽക്കാലത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയപ്പോഴും വീട്ടിൽ സർക്കാർ ഫോൺ അല്ലായിരുന്നു ഞങ്ങൾ ഉപയോഗിച്ചത്. അച്ഛൻ ഒരിക്കൽപ്പോലും സർക്കാർ വാഹനം ഉപയോഗിച്ചിട്ടില്ല. ഓട്ടോറിക്ഷയിലാണ് അക്കാലത്തും സെക്രട്ടേറിയറ്റിൽ പോയിരുന്നത്. ചിലപ്പോൾ ബസിലും.

അച്ഛനും അമ്മയ്ക്കും കിട്ടിയിരുന്ന ശമ്പളത്തിൻറെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്നും ഞങ്ങളുടെ വീട്ടിൽ ചെലവാക്കിയിരുന്നത്. എനിയ്ക്ക് ഓർമ്മയുള്ള കാലം മുതൽ അച്ഛൻറെയും അമ്മയുടെയും വരുമാനത്തിൻറെ ഓരോ ഭാഗങ്ങൾ എത്തുന്ന ഒരുപാട് ബന്ധുക്കളുടെ വീടുകൾ ഉണ്ടായിരുന്നു. ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ചില ബന്ധുക്കൾ. പല വീടുകളിലും ആ ചെറിയ തുകകൾ അക്കാലത്ത് വലിയ ആശ്വാസമായിരുന്നു. അമ്മ ഒരിക്കലും അച്ഛനോട് പരാതി പറഞ്ഞിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായപ്പോൾ അമ്മയുടെ ആഗ്രഹങ്ങളാണ് മാറ്റിവച്ചത്.

അച്ഛൻ മരിക്കുന്നതു വരെ വീട്ടിലെ അടയ്ക്കാത്ത അലമാരയിലും മേശയിലും നിന്ന് അച്ഛനും അമ്മയ്ക്കും ജീവിക്കാൻ അത്യാവശ്യമുള്ള പണം ഒഴികെ ബാക്കിയെല്ലാം ആവശ്യക്കാരായ ഒരുപാട് മനുഷ്യരുടെ വീടുകളിലേക്ക് എത്തി. ഒരു പരസ്യമോ വാർത്തയോ ഇല്ലാതെ.

കമ്മ്യൂണിസ്റുകാരായ ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും അച്ഛനുണ്ടായിരുന്നു. പക്ഷേ, അച്ഛൻറെയത്രയും മനുഷ്യ സ്നേഹിയാകാൻ കഴിയുന്നില്ലെന്ന് അവരിൽ പലരും പറയുമായിരുന്നു.

അച്ഛന് സമ്പാദ്യ ശീലം ഇല്ലാത്തതിൻറെ ബുദ്ധിമുട്ട് ഞാനും അനിയത്തിയും കുറെയൊക്കെ അനുഭവിച്ചിട്ടുണ്ട്. എന്നാൽ അതുകാരണം ഉള്ളതുകൊണ്ട് തൃപ്തിയായി ജീവിക്കാൻ പഠിച്ചു.

മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് നീണ്ടുനിന്ന മെഡിക്കൽ സമരങ്ങൾ നയിച്ചപ്പോൾ ആരോഗ്യ മന്ത്രിക്ക് ഞാനും ശത്രുവായി. അദ്ദേഹത്തിൻറെ വകുപ്പിൽ ജോലി ചെയ്തിരുന്ന അച്ഛനെ തരംതാഴ്ത്തി. അമ്മയെ പല തവണ വടക്കോട്ട്‌ സ്ഥലം മാറ്റി. അങ്ങനെ രണ്ടുപേരും ആ സർക്കാർ മാറുന്നതുവരെ ശമ്പളമില്ലാത്ത ലീവിൽ വീട്ടിൽ നിന്നു. അനിയത്തിയുടെ രോഗം, ഞങ്ങൾ രണ്ടുപേരുടെയും പഠനം. അതാണ് അമ്മയ്ക്കും മാറി നിൽക്കാൻ പറ്റാതായത്. രണ്ടരക്കൊല്ലം. അക്കാലത്ത് ഞങ്ങൾ നന്നായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു. അച്ഛന് കടങ്ങളൊക്കെ വാങ്ങേണ്ടി വന്നു. മെഡിസിന് പഠിച്ചിരുന്ന എൻറെ കാര്യവും അഗ്രികൾച്ചറിന് പഠിച്ചിരുന്ന അനിയത്തിയുടെ കാര്യവും ശരിക്കും പരുങ്ങലിലായി.

പണത്തിനു ബുദ്ധിമുട്ടിയ ആ കാലത്ത് എന്നെ സഹായിച്ച ചില മനുഷ്യരുണ്ട്. അച്ഛൻ പോലും അറിയാതെ എൻറെ കയ്യിൽ കാശ് വച്ചുതന്ന കുറെ നല്ല മനുഷ്യർ. ധനികരല്ല, സാധാരണ മനുഷ്യർ. അതിൽ പ്രധാനി ഒരു മല്ലിക ആന്റി ആയിരുന്നു. ആരോഗ്യ വകുപ്പിലെ ഒരു നഴ്സിങ് അസിസ്റ്റൻറ് ആയിരുന്നു അവർ. അവരുടേത് വലിയ ജോലി അല്ലെങ്കിലും അവരുടെ മനസ് വലുതായിരുന്നു. കുടുംബപരമായി അത്യാവശ്യം സമ്പത്തുമുള്ള സ്ത്രീ. ഒരു സംഘടനയുടെ സംസ്ഥാന നേതാവും ആയിരുന്നു അവർ. ആരോഗ്യ വകുപ്പിൻറെ ലീഗൽ ഓഫീസറായിരുന്ന അച്ഛനും ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന അമ്മയും അവധിയിൽ നിൽക്കുമ്പോൾ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ഈ മകൻ പല ദിവസവും കൂട്ടുകാർക്കൊപ്പം കോളേജിൽ ബിരിയാണി കഴിച്ചത് ഒരു ചെറിയ ആശുപത്രി ജീവനക്കാരിയായ മല്ലികയാന്റി ആരുമറിയാതെ എൻറെ കയ്യിൽ മടക്കി വച്ചു തന്ന നോട്ടുകൾ ഉണ്ടായിരുന്നതിനാലാണ്. പല കുടുംബ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അറിയാതെ പോയ ഞങ്ങളുടെ ബുദ്ധിമുട്ട് കൃത്യമായി അറിഞ്ഞ ഒരു വിധവ. ജോലിയ്ക്കു പോകാൻ കഴിയാത്തവരുടെ വീട്ടിലെ ബുദ്ധിമുട്ട് അങ്ങനെ ഞാൻ പണ്ടേ അറിഞ്ഞിട്ടുണ്ട്

അച്ഛൻറെ ശീലങ്ങളിൽ ഞാൻ പ്രധാനമായി തുടരുന്ന കാര്യം എനിക്കായി അനാവശ്യ ചെലവുകൾ ഒന്നും ഇല്ലെന്നതാണ്. സന്ധ്യയ്ക്കും അങ്ങനെ തന്നെ. അതുവഴി മിച്ചം വരുന്ന പണം ചില മനുഷ്യരുടെ ജീവിതങ്ങൾ മെച്ചപ്പെടുത്താനായാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അത് കൂടുതൽ വിശദീകരിക്കാൻ തുനിയുന്നില്ല.

ഞാനും ബി.എസ്.സി. ക്കാലത്ത് ഖദറൊക്കെ ഇട്ട് നടന്നിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ ചെയർമാനായപ്പോൾ ഖദർ സ്ഥിരം വേഷമായെന്ന് കരുതിയ സുഹൃത്തുക്കളും അദ്ധ്യാപകരും ഉണ്ടായിരുന്നു. മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ റിസൾട്ടാണ് എൻറെ ദേഹത്ത് ആദ്യമായി കോട്ട് കയറ്റിയത്. പിന്നെ പലയിനം കോട്ടുകൾ ഇട്ടു. എങ്കിലും അച്ഛൻ മരിച്ചപ്പോൾ അച്ഛൻറെ ബാക്കിയായ ഖദർ ഷർട്ടുകൾ ഞാൻ ജനീവയ്ക്ക് കൊണ്ടുവന്നു. അച്ഛനോടും ഖദറിനോടും ഉള്ള ഇഷ്ടം കൊണ്ട്. ഇപ്പോൾ അമേരിക്കയിലും അതൊക്കെ ഞാൻ സൂക്ഷിക്കുന്നു.

ഇന്ന് ഇത്രയും പറയാൻ കാരണമുണ്ട്. കോവിഡ് രോഗം കാരണം തൊഴിൽ ഇല്ലാതെ വീട്ടിലിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതിൽ പലരും ഉറപ്പുള്ള തൊഴിലുകൾ ഉള്ളവരാണ്. ജോലിസ്ഥലത്തു പോയില്ലെങ്കിലും മാസാവസാനം ശമ്പളം കിട്ടും. എന്നാൽ അന്നന്നത്തെ കൂലി കൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യർ നമുക്കിടയിലുണ്ട്. അവരുടെ കാര്യം അവതാളത്തിലാണ്. ഞാനും സന്ധ്യയുമായി പല ദിവസമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്. ഇന്ന് ഞങ്ങൾ ഒരു തീരുമാനമെടുത്തു. ഇനി പറയാൻ പോകുന്നത് അതാണ്.

കോവിഡ് രോഗവ്യാപനം കാരണം മനുഷ്യർ ബുദ്ധിമുട്ടുന്ന ഈ സമയത്ത് നമ്മൾ നമുക്കറിയാവുന്ന നിർധനരായ ഒരു കുടുംബത്തെയെങ്കിലും പുതുതായി സഹായിക്കാൻ ശ്രമിക്കുക. ധനമായോ അവശ്യ സാധനങ്ങളായോ. മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന സാമ്പത്തിക ശേഷിയുള്ള എല്ലാവരും ഓരോ കുടുംബത്തെയെങ്കിലും സഹായിക്കണം. പലരും നമ്മളോട് സഹായം ചോദിയ്ക്കാൻ മടിക്കും. പക്ഷേ, നമ്മൾ അങ്ങോട്ട് വിളിച്ചു ചോദിക്കണം. സർക്കാരുകൾക്ക് എല്ലാവരെയും കണ്ടെത്തി സഹായിക്കാൻ കഴിയില്ല. നമ്മൾ കൂടി ചേർന്നതാണ് സർക്കാർ എന്നതും ഓർക്കുക. മാത്രമല്ല, നമ്മൾ തന്നെ ഓരോരുത്തരെ നേരിട്ട് സഹായിച്ചാൽ മറ്റു ചിലർ ഇറങ്ങി പണം പിരിച്ചെന്നും വീട്ടിൽ കൊണ്ടുപോയെന്നുമുള്ള പരാതിയും ഒഴിവാകും. കൊടുക്കുന്നവനും വാങ്ങുന്നവനും മാത്രം അറിഞ്ഞാൽ മതി.

ജോലിയില്ലാതെ വന്നാൽ ജീവിതം അവതാളത്തിലാകുന്നവർ ദിവസ ജോലിക്കാരാണ്. അതിൽ സ്ത്രീകൾ പ്രത്യേക പരിഗണന അർഹിക്കുന്നു. വിധവകളായ സ്ത്രീകളുടെ കാര്യം ഓർത്തപ്പോൾ കൂടുതൽ സങ്കടം തോന്നി. ഞാനും സന്ധ്യയും മക്കളും ഇന്ന് ആ തീരുമാനമെടുത്തു. കോവിഡ് പ്രശ്നം തീരുന്നതുവരെ രണ്ടു കുടുംബങ്ങളെ പുതിയതായി സഹായിക്കാൻ. അതിനായി രണ്ട് വിധവകളുടെ കുടുംബങ്ങളെ ഞങ്ങൾ കണ്ടുവച്ചു. രണ്ടു വീട്ടിലും സ്ത്രീകളുടെ പണി പോയിക്കഴിഞ്ഞു. അവരെ ഞങ്ങൾ ദത്തെടുക്കുന്നു.

ഇതൊക്കെ നാട്ടിൽ എപ്പോഴേ നിങ്ങളിൽ പലരും ചെയ്തു തുടങ്ങിക്കാണും. എന്നാലും ഇക്കാര്യം ഓർക്കാത്തവരെ ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. കൈയിൽ പണമുള്ളവർ ഓരോ കുടുംബത്തെ കണ്ടുപിടിച്ച് സഹായിക്കുക.

ഈ വിഷയം ഞാൻ ശ്രീ. ശശി തരൂരിനെ അറിയിച്ചു. അദ്ദേഹം നയിക്കുന്ന എ.ഐ.പി.സി. യുടെ കോവിഡ് നിയത്രണ പ്രവർത്തങ്ങളിൽ ഞാനും പങ്കാളിയാണ്. ഇന്നലെ ശ്രീ. എ.കെ. ആന്റണിയുമായും സംസാരിച്ചിരുന്നു. മൈത്രേയനുമായും വിശദമായി സംസാരിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയോടും ഇത് പറഞ്ഞു. ഇനി ആരോഗ്യ മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചില സുഹൃത്തുക്കളെയും വേറേ കുറെ നല്ല മനുഷ്യരെയും കൂടി വിളിക്കണം.

ഇതൊരു ചലഞ്ചായിട്ടൊന്നും പറയുന്നതല്ല. നമുക്ക് കഴിയുമെന്ന വിശ്വാസം ഉള്ളതുകൊണ്ട് പറയുകയാണ്. ഒന്ന് ഓർമ്മിപ്പിച്ചെന്നു മാത്രം. കോവിഡ് മൂലം ഉണ്ടായ പ്രശ്ങ്ങൾ അടുത്ത മൂന്നോ നാലോ മാസം നീണ്ടുനിൽക്കാം. അപ്പോൾ നമ്മുടെ നാട്ടിൽ ഒരാളും പട്ടിണിയായിപ്പോകരുത്. നമ്മൾ സഹായിക്കാൻ മറന്നതുകാരണം ഒരു കുഞ്ഞും പട്ടിണി കിടന്നു മരിക്കരുത്. ആരും ആത്മഹത്യ ചെയ്യരുത്.

ഞാനിട്ടിരിക്കുന്ന ഈ നല്ല കോട്ടിനു പിന്നിൽ ഒരുപാട് സാധാരണ മനുഷ്യരുടെ നന്മയുണ്ട്. ആപത്തു കാലത്ത് കറൻസി നോട്ടുകൾ തന്ന മല്ലിക ആന്റിയുടേത് ഉൾപ്പെടെ. അത് തിരിച്ചു കൊടുക്കുകയാണ്. ഇപ്പോഴും.
നമ്മുടെ നാട്ടിൽ ഒരാളും പട്ടിണിയായിപ്പോകരുത്  (ഡോ: എസ്.എസ്. ലാൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക