Image

ഒരു അണുവിന്റെ സന്ദേശം-(ഭാഗം: 1 - ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 27 March, 2020
 ഒരു അണുവിന്റെ സന്ദേശം-(ഭാഗം: 1  - ജോണ്‍ വേറ്റം)
ആകസ്മികസംഭവങ്ങള്‍ മനുഷ്യനെ എവിടെയെത്തിക്കും? നേട്ടങ്ങള്‍ സന്തോഷവും നഷ്ടങ്ങള്‍ സന്താപവും നല്‍കാറുണ്ട്. എന്നാല്‍, രോഗശയ്യയില്‍ വീഴുമ്പോള്‍ അസ്വസ്ഥരായി ഏറെ ചിന്തിക്കുന്നവരും,  സ്വന്ത പ്രവര്‍ത്തികളിലേക്കു തിരിഞ്ഞുനോക്കി പശ്ചാത്തപിക്കുന്നവരും, സൗഖ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും കുറവല്ല. തനിക്ക്, രോഗസൗഖ്യം കിട്ടില്ലെന്നും മരണം മുന്നിലെത്തിയെന്നും അറിഞ്ഞു കരയാത്തവര്‍ വിരളം.

ഏകദൈവത്തിലോ ബഹുദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ് അധികം. അവരുടെ വിശ്വാസവീഥികള്‍ വിഭിന്നമാണെങ്കിലും ജീവിപ്പിക്കുന്ന ശക്തിയെ- ആത്മാവിനെ- തരുന്നതും എടുക്കുന്നതും സ്രഷ്ടാവ് മാത്രമാണെന്ന ധാരണയില്‍ നില്‍ക്കുന്നു. ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ മതവിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങളെ വേര്‍തിരിച്ചുനോക്കുമ്പോള്‍, അവയിലെല്ലാം സ്വീകാര്യമായഭാഗങ്ങള്‍ ഉണ്ടെന്നു കാണാം.
കൃത്യമായി നിറവേറ്റപ്പെട്ട നിരവധി പ്രചവനങ്ങള്‍ നിറവേറാനുള്ള മറ്റ് പ്രവചനങ്ങളില്‍ അടിയുറപ്പിച്ചു വിശ്വസിക്കാന്‍ സഹായിക്കുന്നു. ജ്ഞാന മാര്‍ഗ്ഗപ്രദര്‍ശകങ്ങളായ ഹൈന്ദവവേദഗ്രന്ഥങ്ങള്‍ നന്മതിന്മകളുടെ കാലവിവരണവും മനുഷ്യന് മരണവും പുനര്‍ജന്മവും ഉണ്ടെന്നു പ്രവചിക്കുന്നു. ഏകദൈവത്തിലും മനുഷ്യന്‍ ദൈവസൃഷ്ടിയാണെന്ന വിശ്വാസത്തിലും വളര്‍ന്ന യഹൂദ കൈസ്തവ ഇസ്ലാം മതങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് ഗണ്യമായ ബന്ധമുണ്ട്. മിശിഹാ ജനിക്കുമെന്ന യഹൂദക്രൈസ്തവമതങ്ങള്‍ അംഗീകരിക്കുന്നുവെങ്കിലും ക്രിസ്തുവന്നുവെന്നും വീണ്ടും വരുമെന്ന് ക്രൈസ്തവരും; വന്നില്ല പിന്നയോ വരുമെന്ന് യഹൂദരും വിശ്വസിക്കുന്നു. യേശു തന്റെ മരണ പുനരുത്ഥാനങ്ങളെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട്. (ബൈബിള്‍ മത്തായി 17:22, മര്‍ക്കൊസ് 10: 33-34, യോഹന്നാന്‍ 12:32). പ്രസ്തുത പ്രവചനങ്ങള്‍ നിറവേറിയെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അന്ത്യകാല ലക്ഷണങ്ങളെക്കുറിച്ചും യേശു പ്രവചിച്ചിട്ടുണ്ട്. അത് ആകാശവും ഭൂമിയും ചേര്‍ന്ന ഒരു ലോകത്തിന്റെ ശാശ്വതനാശത്തെയാണോ സൂചിപ്പിക്കുന്നത്? പ്രസ്തുത പ്രവചനങ്ങളില്‍ പൊന്തിനില്‍കുന്ന വചനം ഇപ്രകാരം: ലോകാരംഭം മുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാകും(ബൈബിള്‍ മത്തായി 24:21, മര്‍ക്കൊസ് 13: 19). ഇപ്പോഴുള്ള അനുബന്ധസാഹചര്യത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രവചനം ചിന്തനീയമാണ്.

യേശുവിന്റെ രണ്ടാമത്തെ വരവിനുമുമ്പ് ഉദിച്ചു വരേണ്ട 'അന്ത്യനാള്‍' അഥവാ യഹോവയുടെ ദിവസം ഉണ്ടാകുന്നതിനു മുന്നോടിയായി ആകാശവും ഭൂമിയും അതിലുളള സമസ്തചരാചരങ്ങളും നശിപ്പിക്കപ്പെടുമെന്നാണോ പ്രവചനം അര്‍ത്ഥമാക്കുന്നത്? ആകാശവും ഭൂമിയും ഒഴിഞ്ഞുപോവുകയും സൃഷ്ടിക്ക് മുമ്പ് ഉണ്ടായിരുന്ന രൂപരഹിതവും ശൂന്യവുമായിരുന്ന അവസ്ഥയില്‍ എത്തിച്ചേരുമെന്നാണോ സമര്‍ത്ഥിക്കുന്നത്? അത് യാഥാര്‍ത്ഥ്യമെങ്കില്‍ ഭൂമിയില്‍ നിവര്‍ത്തിക്കേണ്ട, യെശയ്യാവിന്റെയും യേശുവിന്റെയും ഇതരപ്രവചനങ്ങള്‍ എങ്ങനെ എവിടെ നിറവേറും? യേശുവിന്റെ രണ്ടാമത്തെ വരവിനു മുമ്പ്, ഭൂമിയെ അശുദ്ധമാക്കുന്ന മ്ലേച്ഛത നീക്കപ്പെടണമെന്നല്ലെ പ്രസ്തുതപ്രവചനത്തിന്റെ വിവക്ഷ? ആകാശത്തിന്റെയും ഭൂമിയുടെയും സമ്പൂര്‍ണ്ണനാശനമാണ് സംഭവിക്കുന്നതെങ്കില്‍, അവസാനത്തോളം സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും(മത്തായി 24: 13 ,  തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഭൂമിയുടെ അറ്റം മുതല്‍ നാലുദിക്കുകളില്‍ നിന്നും കൂട്ടിച്ചേര്‍ക്കും(മര്‍ക്കൊസ് 13: 27) എന്നീ പ്രവചനങ്ങള്‍ എങ്ങനെ നിവൃത്തിയാകും?
ലോകത്തുള്ള സകലരാഷ്ട്രങ്ങളെയും കൂട്ടിച്ചേര്‍ത്തു ഭൂമിയില്‍ സമാധാനം സ്ഥാപിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോര്‍ക്കിലുള്ള മന്ദിരത്തിന്റെ പ്ലാസയുടെ കന്മതിലില്‍മേല്‍ കൊത്തിയിരിക്കുന്ന വചനം: 
'They all Beat Their Swords Into Plowshares
And Their Spears into Pruning Hooks
Nation Shallnot Life Up Sword Against
Nation Neither Shall They Learn War -Anymore.
ISAIAH' 
നന്മകളും സമാധാനവും നിറഞ്ഞ, യുദ്ധരഹിതമായൊരവസ്ഥ ഭൂമുഖത്ത് ഉണ്ടാകുമെന്ന പ്രത്യാശയാണ് ഈ പ്രവചനം(യെശയ്യാവ് 2: 4) നല്‍കുന്നത്.

 ഒരു അണുവിന്റെ സന്ദേശം-(ഭാഗം: 1  - ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക