Image

സ്വവര്‍ഗ രതിക്കാരുടെ വിജയം; ധരുണ്‍ രവിക്ക് നീതി ലഭിച്ചോ?

GK (emalayale exclusive) Published on 21 May, 2012
സ്വവര്‍ഗ രതിക്കാരുടെ വിജയം; ധരുണ്‍ രവിക്ക് നീതി ലഭിച്ചോ?
ന്യൂയോര്‍ക്ക്: റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ടെയ്‌ലര്‍ ക്ലെമന്റി ആത്മഹത്യ ചെയ്ത കേസില്‍ ജൂറി കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയ ഇന്ത്യന്‍ വംശജന്‍ ധരുണ്‍ രവി(20)യെ 30 ദിവസത്തെ തടവിന് ശിക്ഷിച്ചു. രവിയുടെ  ശിക്ഷ ഈ മാസം 31ന് ആരംഭിക്കും. ജയില്‍ ശിക്ഷയ്ക്കു പുറമെ രവിക്ക് മൂന്നു വര്‍ഷത്തെ നല്ല നടപ്പും 300 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനവും മിഡില്‍സെക്‌സ് കൗണ്ടി ജഡ്ജി ഗ്ലെന്‍ ബെര്‍മന്‍ ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഇതിനു പുറമെ സൈബര്‍ അശ്ലീല പ്രചാരണത്തിനെതിരെ രവി കൗണ്‍സിലിംഗിന് വിധേയനാവണമെന്നും നല്ല നടപ്പ് കാലവധിയില്‍ പ്രൊബേഷന്‍ വകുപ്പിന് 10,000 ഡോളര്‍ പിഴ ഒടുക്കണമെന്നും ബെര്‍മന്‍ ഉത്തരവില്‍ വ്യക്തമാക്കി.

പിഴ തുക പക്ഷപാതിത്വപരമായ പെരുമാറ്റത്തിനിരയാവര്‍ക്കുള്ള സൗകര്യമൊരുക്കാനായി വിനിയോഗിക്കും. പക്ഷപാതിത്വപരമായ പെരുമാറ്റം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തെളിവു നശിപ്പിക്കല്‍, ചാരപ്രവര്‍ത്തി നടത്തല്‍ തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളുടെ പേരിലാണ് രവിയെ ജൂറി കുറ്റക്കാരനെന്നു കണ്‌ടെത്തിയത്. ഓരോ കുറ്റങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു കോടതിയുടെ വിധി. ടെയ്‌ലര്‍ ക്ലെമന്റിയോടുള്ള രവിയുടെ നടപടി വിദ്വേഷപരമല്ലെങ്കിലും അസാധരണമാണെന്ന് ജഡ്ജി ഗ്ലെന്‍ ബെര്‍മന്‍ പറഞ്ഞു.

ഗ്രീന്‍ കാര്‍ഡ് മാത്രമുള്ള രവിയെ നാടുകടത്തേണ്‌ടെന്ന് ശുപാര്‍ശ ചെയ്യുമെന്നും ബെര്‍മന്‍ വ്യക്തമാക്കി. വിദ്വേഷപരമായ പെരുമാറ്റത്തിനല്ല രവിയെ ശിക്ഷിക്കുന്നതെന്നും പക്ഷപാതിത്വപരമായ പെരുമാറ്റത്തിനാണെന്നും ബെര്‍മന്‍ പറഞ്ഞു. വിചാരണക്കിടെ 288 തവണ രവി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞെങ്കിലും ഒരിക്കല്‍ പോലും രവി മാപ്പു പറഞ്ഞതായി കണ്‌ടെത്താനായില്ലെന്നും ബെര്‍മന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇരുവിഭാഗവും അറിയിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായാണ് ശിക്ഷ നടപ്പാക്കുന്നതിന് 10 ദിവസത്തെ സ്റ്റേ അനുവദിച്ചിരിക്കുന്നത്.

ശിക്ഷാ വിധി നിര്‍വികാരനായാണ് കേട്ടിരുന്നതെങ്കിലും രവിക്ക് അവസാനം കണ്ണീര്‍ അടക്കാനായില്ല. അത്യന്തം നാടകീയ രംഗങ്ങള്‍ക്കും കോടതിമുറി സാക്ഷ്യം വഹിച്ചു. ചെയ്ത കുറ്റത്തില്‍ രവിക്ക് മനസാക്ഷിക്കുത്തോ പശ്ചാത്തപമോ ഇല്ലെന്ന് ആത്മഹത്യ ചെയ്ത ടെയ്‌ലര്‍ ക്ലെമന്റിയുടെ പിതാവ് ജോ ക്ലെമന്റി ശിക്ഷയ്ക്ക് മുന്നോടിയായി പറഞ്ഞു. തന്റെ മകന് രവി മാനുഷിക പരിഗണനപോലും നല്‍കിയില്ലെന്നും വികാരാധീനനായി ജോ ക്ലെമന്റി പറഞ്ഞു.

എന്നാല്‍ തന്റെ മകന്‍ വെറുക്കപ്പെടേണ്ടവനല്ലെന്നായിരുന്നു രവിയുടെ പിതാവ് രവി പഴനിയുടെ പ്രതികരണം.  വിധി കേള്‍ക്കാനായി കോടതിയിലെത്തിയ രവിയുടെ മാതാവ് സബിത രവി പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 20 മാസത്ത മാനസിക പീഢനം തന്റെ മകനെ തകര്‍ത്തുകളഞ്ഞുവെന്ന് സബിത രവി പറഞ്ഞു. മാധ്യമങ്ങള്‍ രവിക്കെതിരെ തെറ്റായപ്രണം നടത്തുകയായിരുന്നുവെന്നും സബിതാ രവി ആരോപിച്ചു. ധരുണ്‍ രവിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരമാവധി ശിക്ഷയായ പത്തു വര്‍ഷം തടവ് നല്‍കണമെന്ന് തന്റെ ഓഫീസോ ക്ലെമന്റിയുടെ ബന്ധുക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് മിഡില്‍സെക്‌സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഫസ്റ്റ് അസിസ്റ്റന്റായ ജൂലിയ എല്‍.മക്‌ലൂര്‍ ജുറിക്കെഴുതിയ കത്തില്‍ നേരത്തെ പറഞ്ഞിരുന്നു.

നാലാഴ്ച നീണ്ട വിചാരണയില്‍ രവിയുടെ സഹപാഠികളും സഹതാമസക്കാരും റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ റസിഡന്‍സ് ലൈഫ് സ്റ്റാഫും കമ്പ്യൂട്ടര്‍ വിദഗ്ധരുമടക്കം ഇരുപതോളം സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ ജൂറിക്ക് മുമ്പാകെ ഹാജരാക്കിയത്. ക്ലെമന്റിയ്‌ക്കൊപ്പം മുറി പങ്കിട്ട വ്യക്തിയേയും ജൂറിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. നിയമപരമായ കാരണങ്ങളാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രവി സ്വവര്‍ഗാനുരാഗ വിരോധിയായിരുന്നില്ലെന്ന് ന്യൂജേഴ്‌സി കോടതിയില്‍ ആരംഭിച്ച വാദത്തിനിടെ അദ്ദേഹത്തിന്റെ സൃഹൃത്തുക്കളും സാക്ഷികളുമായ ഏഴു പേര്‍ മൊഴി നല്‍കിയെങ്കിലും രവി കുറ്റക്കാരനാണന്ന് ജൂറി കണ്‌ടെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്ത ക്ലെമന്റിയും ധരുണ്‍ രവിയും റട്‌ഗേഴ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നു . തന്റെ ആണ്‍സുഹൃത്തിനൊപ്പം തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്ലെമന്റി അറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ മുറിയിലേക്കു പോയ രവി അവിടെ നിന്ന് രഹസ്യമായി ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ വീക്ഷിച്ചു. ഇരുവരും പരസ്പരം ചുംബിക്കുന്നതു കണ്ട രവി മറ്റൊരവസത്തില്‍ സുഹൃത്തിനൊപ്പം തനിച്ചിരിക്കണമെന്ന് ക്ലെമന്റി ആവശ്യപ്പെട്ടപ്പോള്‍ മുറി വിട്ട് പോകുന്നതിന് മുമ്പ് കമ്പ്യൂട്ടറിന്റെ വെബ്ക്യാം ഓണ്‍ ചെയ്യുകയും ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രഹസ്യമായി കാണുകയും ചെയ്തു. പിന്നീട് ഇക്കാര്യം ട്വീറ്റ് ചെയ്ത് സുഹൃത്തുക്കളെയും അറിയിച്ചു.

സ്വവര്‍ഗാനുരാഗിയെന്ന പേരില്‍ പിന്നീട് രവിയും കൂട്ടുകാരും ക്ലെമന്റിയെ തുടര്‍ച്ചയായി കളിയാക്കാന്‍ ആരംഭിച്ചു. ഇതില്‍ മനംനൊന്ത് 2010 സെപ്റ്റംബര്‍ 22ന് ക്ലെമന്റി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പ്രോസിക്യൂട്ടര്‍ തുടക്കത്തിലേ രവിയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ക്ലെമന്റി സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം പറഞ്ഞ് കളിയാക്കിയ ധരുണ്‍ രവിയുടെയും കൂട്ടുകാരുടെയും നടപടി വെറും കുസൃതിയായി കാണാനാവില്ലെന്നും ആസൂത്രിത ശ്രമമായി മാത്രമെ ഇതിനെ കണക്കാക്കാനാവൂ എന്നും പ്രോസിക്യൂട്ടര്‍ ജൂലി മക്‌ലൂര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ക്ലെമന്റിയുടെ വ്യക്തിത്വത്തെ മോശമായി ചിത്രീകരിക്കാനായി രവിയും കൂട്ടരും ഗൂഢാലോചന നടത്തിയെന്നും ക്രിമിനലുകളെ പോലെ പെരുമാറിയെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
Photo below:
Ravi's parents
Indian protest in front of State House last week
സ്വവര്‍ഗ രതിക്കാരുടെ വിജയം; ധരുണ്‍ രവിക്ക് നീതി ലഭിച്ചോ? സ്വവര്‍ഗ രതിക്കാരുടെ വിജയം; ധരുണ്‍ രവിക്ക് നീതി ലഭിച്ചോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക