Image

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് മാക്രോണ്‍

Published on 30 March, 2020
 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് മാക്രോണ്‍
പാരീസ്: യൂറോപ്പില്‍ കോവിഡ് 19 ന്റെ ആദ്യ ഇരയെന്ന ഖ്യാതിനേടിയ ഫ്രാന്‍സില്‍ ഗതിവിഗതികള്‍ ഇപ്പോഴും നിയന്ത്രണാതീതമാണ്.

വൈറസ് ബാധ ഇറ്റലിയില്‍ തുടങ്ങിവച്ചെങ്കിലും ആദ്യ മരണം ഉണ്ടായത് ഫ്രാന്‍സിലാണ്. ഫെബ്രുവരി 26നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യത്. പാരീസ് ആശുപത്രിയില്‍ 60 കാരനായ ഫ്രഞ്ച് പൗരനാണ് മരിച്ചത്. ഒപ്പം 17 പേര്‍ക്ക് അണുബാധകള്‍ ഉണ്ടായതായി രേഖപ്പെടുത്തി. തുടര്‍ന്നു രണ്ടു മരണങ്ങളും കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.പിന്നീടുള്ള വൈറസിന്റെ വ്യാപനം ഇറ്റലിയെപ്പോലെ തന്നെ അതിവേഗത്തിലായിരുന്നു.

ആദ്യം ഇറ്റലിയിലെ കേസുകളില്‍ നാടകീയമായ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ ഫ്രാന്‍സും ഒപ്പം നിന്നു.വടക്കന്‍ ഫ്രാന്‍സിലെ അമിയന്‍സില്‍ 55 വയസുകാരന്‍, സ്ട്രാസ്ബുര്‍ഗില്‍ 36 കാരന്‍. ഇവരൊക്കെതന്നെ ഇറ്റാലിയന്‍ മേഖലയിലെ ലോംബാര്‍ഡിയില്‍ യാത്ര ചെയ്തു മടങ്ങിയവരായിരുന്നു.

രോഗവ്യാപനം ശക്തമായതോടെ രാജ്യം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പക്ഷെ മരണനിരക്കും രോഗപകര്‍ച്ചയും തടയാന്‍ ഇതുകൊണ്ടെന്നും ആയില്ല.

ലോക്ക്ഡൗണ്‍ കൂടുതല്‍ കടുപ്പിച്ച് രാജ്യം

കൊറോണ വൈറസ് ബാധ അതിശക്തമായതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപടികള്‍ രാജ്യത്ത് കൂടുതല്‍ കര്‍ക്കശമാക്കി. ഇതനുസരിച്ച്, വേട്ട, മലകയറ്റം, മീന്‍പിടിത്തം തുടങ്ങിയ ഹോബികള്‍ കൂടി നിരോധിച്ചു.ബീച്ചുകളില്‍ ആരും പോകരുതെന്നും കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.രാജ്യാതിര്‍ത്തികളും അടച്ചു. വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങളിലും ഭേദഗതി വരുത്തി. ജോലിക്കു പോകാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ ഡോക്ടറെ കാണാനോ അടിയന്തരമായ കുടുംബ ആവശ്യങ്ങള്‍ക്കോ ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നതിനോ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന നിയന്ത്രണവും വന്നു.ഇതിനിടെ പാരീസില്‍ പോലീസ് മേധാവിതന്നെ നഗരത്തിന്റെ പല ഭാഗങ്ങളിലും സമ്പൂര്‍ണ യാത്രാ നിരോധനം പ്രഖ്യാപിച്ചു. മാര്‍ച്ച് 17 നു സൈന്യവും രംഗത്തിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും നേരത്തെ തന്നെ അടച്ചിരുന്നു.

രോഗികളുടെ എണ്ണം കാരണം ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയതോടെയാണ് സഹായത്തിനായി സൈന്യത്തെ രംഗത്തിറക്കിയത്.

മാര്‍ച്ച് മൂന്നാം വാരം രോഗബാധിരുടെ എണ്ണം 10,000 ആയി. ഒറ്റ ദിവസം ആയിരം പേര്‍ക്കു പുതിയതായി രോഗം സ്ഥിരീകരിച്ചത് ഭരണ കര്‍ത്താക്കള്‍ക്ക് തലവേദനയായി.

ആരോഗ്യ അടിയന്തരാവസ്ഥ

രോഗം തുടങ്ങി ഏതാണ്ട് ഒരു മാസം പിന്നിട്ടപ്പോള്‍ മരണം ആയിരവും രോഗം ബാധിച്ചവരുടെ എണ്ണം കാല്‍ ലക്ഷവും കടന്നു. ആരോഗ്യമേഖല ആകപ്പാടെ താറുമാറായി. ജനങ്ങളില്‍ ബോധവല്‍ക്കരണം നടക്കുന്നതിനിടെ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ഒരു ദിവസം 112 പേര്‍ മരിച്ചതോടെ ആരോഗ്യ അടിയന്തരാവസ്ഥയും നിലവിലായി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഫ്രാന്‍സ് വീണ്ടും ലോക്ക്ഡൗണിലാണ്. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് ഇളവുള്ളത്.രോഗബാധ രൂക്ഷമായ പ്രദേശങ്ങളില്‍ ആവശ്യമായ സഹായമെത്തിക്കുന്നതിനുള്ള സൈനിക നടപടിക്കും പ്രസിഡന്റ് തുടക്കം കുറിച്ചു.

ഫ്രാന്‍സിന്റെ നൊമ്പരമായി പതിനാറുകാരി

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ചവരില്‍ ഒരു പതിനാറുകാരി ഉള്‍പ്പെട്ടത് രാജ്യത്തിന് തീരാവേദനയായി. വൈറസ് ബാധിച്ച് ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വ്യക്തിയാണ് ജൂലി അല്ലിയറ്റ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി.വളരെ ആരോഗ്യവതിയായിരുന്ന ജൂലിയുടെ മരണം പെട്ടെന്നായിരുന്നു. വൈറസ് ബാധിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടി മരിച്ച സാഹചര്യത്തില്‍ രാജ്യത്ത് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി.
ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് 19 മരണങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ജൂലി. ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അവള്‍ക്ക് ഒരാഴ്ച മുമ്പ് തുടങ്ങിയ ചുമയാണ് മരണത്തില്‍ കലാശിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് മാക്രോണ്‍

കൊറോണ വൈറസ് ബാധയോടു പടപൊരുതുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആദരമര്‍പ്പിച്ചു. വൈറസിനെതിരായ പോരാട്ടം യുദ്ധം തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഫ്രാന്‍സില്‍ കോവിഡ് ബാധ കാരണം മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോരാട്ടത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു എന്നും പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ട്. അതിനവര്‍ക്ക് പ്രതിഫലം ലഭിക്കും. രാജ്യത്തെ ആരോഗ്യ മേഖല ശക്തിപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മാക്രോണ്‍ പറഞ്ഞു.

ഏപ്രിലിന്റെ ആദ്യ പകുതി കൂടുതല്‍ ദുഷ്‌കരമായിരിക്കും: ഫ്രഞ്ച് പ്രധാനമന്ത്രി

കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 15 വരെയുള്ള സമയം കൂടുതല്‍ ദുഷ്‌കരമായിരിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ്. നൂറു വര്‍ഷത്തിനിടെ കണ്ടിട്ടില്ലാത്തത്ര വലിയ ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഫിലിപ്പ് പറഞ്ഞു. ഫ്രാന്‍സില്‍ കഴിഞ്ഞുപോയ 15 ദിവസത്തെക്കാള്‍ മോശമായിരിക്കും വരാനിരിക്കുന്ന 15 ദിവസങ്ങളെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
രാജ്യത്ത് മരണസംഖ്യ 2500 നോട് അടുക്കുകയാണ്. എന്നാല്‍, വൈറസിനോടുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ ഫ്രാന്‍സ് രണ്ടാഴ്ച നീട്ടി

കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ ഏപ്രില്‍ 15 വരെ നീട്ടി. മാര്‍ച്ച് 17 നു തുടക്കത്തില്‍ 15 ദിവസത്തേക്ക് ഫ്രാന്‍സ് ലോക്ക്ഡൗണ്‍ ചെയ്തിരുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇതേനിയമങ്ങള്‍ ബാധകമാകമായിരിക്കും. ഫ്രഞ്ച് പാചകക്കാര്‍ ക്വാറന്റൈന്‍ തടവിനുള്ള മറുമരുന്നായി കുക്കിംഗ്

ഹൗസ് ക്വാറന്റൈനില്‍ തടവിലായതില്‍ നിരാശരായ ഫ്രാന്‍സിലെ സെലിബ്രിറ്റി ഷെഫുകള്‍ ടെലിവിഷന്റേയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും സഹായത്തോടെ പാന്‍ഡെമിക്, ക്വാറന്റൈന്‍ എന്നിവയിലൂടെ ഇരുണ്ട ദിവസങ്ങള്‍ക്ക് വെളിച്ചം പകരുന്നു.

പ്രൈ ടൈം ടെലിവിഷനില്‍, പുതിയ ഷോയുമായി എല്ലാവരും അടുക്കളയില്‍ നിന്ന് പുതിയ മെന്യുകള്‍ അവതരിപ്പിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയില്‍ ദൈനംദിന പാചകത്തിലും പൊതു ജനങ്ങളുടെ കഷ്ടപ്പാടുകളിലും ഷോ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം.

ജര്‍മന്‍ സഹായം

ജീവന്‍ രക്ഷിക്കാന്‍ ജര്‍മനി വെന്റിലേറ്ററുകള്‍ ഫ്രാന്‍സിനു നല്‍കിയതിന് നന്ദി പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വഷളാകുമെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് മുന്നറിയിപ്പ് നല്‍കിയ ഒരു പ്രതിസന്ധിയെ നേരിടാന്‍ ഫ്രാന്‍സ് കഴിഞ്ഞ ഒരാഴ്ചയായി കിഴക്കു നിന്ന് ഡസന്‍ കണക്കിന് ആളുകളെ ഒഴിപ്പിക്കുകയാണ്.

ഒട്ടേറെ വൈറസ് രോഗികള്‍ തീവ്രപരിചരണത്തിലാണ്, കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വെന്റിലേറ്ററുകള്‍ ആവശ്യമാണ്.14,000 തീവ്രപരിചരണ കിടക്കകള്‍ ഉടന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയണ്.ആശുപത്രികളെ സഹായിക്കാന്‍ ഫ്രാന്‍സ് സൈന്യത്തെ അണിനിരത്തി.ശനിയാഴ്ച ഹെലികോപ്റ്റര്‍ വഴി രണ്ട് രോഗികളെ പടിഞ്ഞാറന്‍ ജര്‍മനിയിലെ മെറ്റ്‌സിലേക്കും എസ്സനിലേക്കും കൊണ്ടുവന്നു. ചൈനയില്‍ നിന്നുള്ള ഒരു ബില്യണ്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്, എന്നാല്‍ ലോകമെമ്പാടുമുള്ള സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകത, ക്ഷാമം നേരിടുന്ന സ്ഥിതിയില്‍ മെഡിക്കല്‍ സാധനങ്ങള്‍ വേണ്ടത്ര വേഗത്തില്‍ എത്തിച്ചേരില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവിലെ സ്ഥിതി

40,174 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 2,6.6 ആയി. ദിവസം നാലായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, രോഗലക്ഷണങ്ങളില്ലാത്തവരെല്ലാം രോഗമില്ലാത്തവരല്ലെന്നും, യഥാര്‍ഥ രോഗികളുടെ എണ്ണം കണ്ടെത്തിയതിലും വളരെ കൂടുതലായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഏകദേശം 7500 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടായിരത്തോളം പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആകെ രോഗബാധിതരില്‍ മുപ്പത്തഞ്ചു ശതമാനം അറുപത്തഞ്ചു വയസിനു താഴെയുള്ളവരാണ്.5700 പേര്‍ സുഖം പ്രാപിച്ചുകഴിഞ്ഞു.

എന്നാല്‍ ആകെ 1696 പേര്‍ കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, ആശുപത്രികളില്‍ മരിച്ചവരെ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിട്ടയര്‍മെന്റ് ഹോമുകളിലും മറ്റും മരിച്ചവരുടെ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ശനിയാഴ്ച മാത്രം 319 പേരാണ് രാജ്യത്ത് മരിച്ചത്. ആശുപത്രികളില്‍ മരിച്ചവരുടെ കണക്ക് മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. അല്ലാതെയുള്ള മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ സംഖ്യ ഇതിലും വളരെ വലുതായിരിക്കുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് 4273 പേര്‍ ഫ്രാന്‍സില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നു. വെള്ളിയാഴ്ചത്തേതിനെക്കാള്‍ അഞ്ഞൂറു പേര്‍ കൂടുതലാണിത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക