Image

'ഫ്രണ്ട്‌സ് ' ഇല്ല; ഫേസ്ബുക്ക് ഓഹരിവില ഇടിയുന്നു

Published on 22 May, 2012
'ഫ്രണ്ട്‌സ് ' ഇല്ല; ഫേസ്ബുക്ക് ഓഹരിവില ഇടിയുന്നു
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഓഹരിയോട് കൂടുതലാളുകള്‍ ഡിസ്‌ലൈക്ക് പ്രഖ്യാപിച്ചതോടെ ഓഹരിവില മൂക്കുകുത്തി താഴെവീണു. ഇന്നലെ നാസ്ഡാക് ഓഹരിവിപണിയില്‍ 10.99 % വിലയിടിഞ്ഞ് ഫേസ്ബുക്ക് ഓഹരി 34.03 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നലെ മാത്രം ഓഹരിയിലുണ്ടായ വിലയിടിവ് 4.2018 ഡോളറാണ്. യുഎസ് ഓഹരിവിപണി മുന്നേറ്റം നടത്തിയ ദിവസമാണ് ഫേസ്ബുക്ക് ഓഹരിവില താഴേക്കു പതിച്ചതെന്നതു ശ്രദ്ധേയമാണ്. ഈ പോക്കു പോയാല്‍ ഫേസ്ബുക്ക് ഓഹരിവില എവിടെ വരെ താഴേക്കു പോവുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. 

ഫേസ്ബുക്കിന്റെ ഫ്രണ്ടുകള്‍ എവിടെ   എന്നാണ് ഓഹരിനിരീക്ഷകര്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ വന്‍ ഇടിവാണ് ഫേസ്ബുക്ക് ഓഹരിവില ഇടിയുന്നതു മൂലം സംഭവിക്കുന്നത്. ഫേസ്ബുക്ക് ഓഹരി കഴിഞ്ഞ വെള്ളിയാഴ്ച 42.05 ഡോളറില്‍ വ്യാപാരം തുടങ്ങിയെങ്കിലും ക്രമേണ വിലയിടിഞ്ഞ് 38.23 ഡോളറില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഫേസ്ബുക്ക് ഓഹരിയുടെ ഓഫര്‍ പ്രൈസ് ആയി നിശ്ചയിക്കപ്പെട്ട വില 38 ഡോളര്‍ ആയിരുന്നു. അതില്‍ നിന്ന് അല്‍പം ഉയരത്തില്‍ ക്ലോസ് ചെയ്യാനായി എന്നു മാത്രം. എന്നാല്‍ തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഫേസ്ബുക്ക് ഓഹരി മൂക്കുകുത്തി വീണു. 

1995ല്‍ നെറ്റ്‌സ്‌കേപ്പ് ഓഹരിയും 2004ല്‍ ഗൂഗിള്‍ ഓഹരിയും ലിസ്റ്റ് ചെയ്തപ്പോളുണ്ടായ ആവേശം ഫേസ്ബുക്ക് ഓഹരി ലിസ്റ്റ് ചെയ്തപ്പോള്‍ കണ്ടില്ല എന്നതും ശ്രദ്ധേയമാണ്. നെറ്റ്‌സ്‌കേപ്പ് ഓഹരി ആദ്യ ദിവസം തന്നെ ഇരട്ടിവിലയില്‍ അധികമായി. ഗൂഗിള്‍ ഓഹരിവില ആദ്യ ദിവസം തന്നെ 18% വര്‍ധിച്ചു. എന്നാല്‍ ഫേസ്ബുക്ക് ഓഹരി ആദ്യദിവസം തന്നെ നിക്ഷേപകര്‍ വിറ്റൊഴിയുന്നതാണു കണ്ടത്.

യുഎസിലെ ചില ധനകാര്യസ്ഥാപനങ്ങള്‍ ഫേസ്ബുക്ക് ഓഹരി ഷോര്‍ട്ട് ചെയ്യുന്നതാണ് (ആദ്യം വിറ്റ ശേഷം കുറഞ്ഞ വിലയ്ക്കു തിരിച്ചുവാങ്ങല്‍) വില ഇടിയുന്നതിനു കാരണമെന്നു പറയപ്പെടുന്നു. ഫേസ്ബുക്ക് തെറ്റായ സമയത്താണ് ഐപിഒയുമായി വന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെല്ലാം പരിഹരിക്കപ്പെട്ട സമയത്ത് ഐപിഒ വന്നിരുന്നെങ്കില്‍ വില കുതിച്ചുകയറുമായിരുന്നു എന്നാണു വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക