Image

പാകിസ്ഥാനിലേക്കു ഫോണ്‍വിളി: സിംകാര്‍ഡ് നല്കിയ മൊബൈല്‍ഫോണ്‍ കടക്കാരനെതിരേ കേസ്

Published on 22 May, 2012
പാകിസ്ഥാനിലേക്കു ഫോണ്‍വിളി: സിംകാര്‍ഡ് നല്കിയ മൊബൈല്‍ഫോണ്‍ കടക്കാരനെതിരേ കേസ്
കോട്ടയം: അനധികൃതമായി സിംകാര്‍ഡ് വിതരണം ചെയ്ത കോട്ടയം നഗരത്തിലെ മൊബൈല്‍ഫോണ്‍ കടക്കാരനെതിരേ വെസ്റ്റ് പോലീസ് കേസെടുത്തു. കടയുടമയെ ചോദ്യം ചെയ്തു വരുന്നു. കുമാരനല്ലൂര്‍ സ്വദേശി ഹരി എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. കബളിപ്പിക്കലിനാണ് കേസ്. കടുത്തുരുത്തിയില്‍ പിടിയിലായ ബംഗ്ലാദേശികള്‍ക്ക് സിം കാര്‍ഡ് നല്‍കിയത് കോട്ടയം ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഹരിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചാണ് ബംഗ്ലാദേശികള്‍ പാകിസ്ഥാനിലേക്ക് നിരവധി തവണ വിളിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. എത്ര സിം കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്, ആര്‍ക്കൊക്കെ, ആരുടെ പേരിലുള്ളത് തുടങ്ങിയ കാര്യങ്ങളാണ് ഇനി അറിയേണ്ടത്. 

ഈ സംഭവത്തെ തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കടകള്‍ റെയ്ഡ് ചെയ്യാനുള്ള നീക്കം നടന്നു വരുന്നു. ഒരാളുടെ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് അയാള്‍ അറിയാതെ നിരവധി സിംകാര്‍ഡുകള്‍ നല്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയ്ഡിനു നീക്കമുള്ളത്. കുമാരനല്ലൂര്‍ സ്വദേശി ഹരി നല്കിയ തിരിച്ചറിയില്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് ബംഗ്ലാദേശികള്‍ക്ക് സിംകാര്‍ഡ് നല്കിയതാണ് കടയുടമ വെട്ടിലായത്. ഒരു തിരിച്ചറിയില്‍ കാര്‍ഡില്‍ നിന്ന് നിരവധി സിം കാര്‍ഡുകള്‍ നല്കിയിട്ടുണെ്ടന്നും വ്യക്തമായി. ഇന്നലെ കട റെയ്ഡ് ചെയ്ത പോലീസ് നിരവധി രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു വെസ്റ്റ് പോലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. കടുത്തുരുത്തിയില്‍ പിടിയിലായ ബംഗ്ലാദേശ് സ്വദേശികളില്‍നിന്നു പിടിച്ചെടുത്ത സിം കാര്‍ഡ് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയുടെ പേരിലുളളതാണെന്നു മനസിലായി. എന്നാല്‍, ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലെന്ന് കണെ്ടത്തി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയാണ് ഇന്നലെ ടിബി റോഡിലെ കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ, ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയ സംഭവത്തില്‍ ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഘത്തിലൊരാള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്കു വിളിച്ചുവെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. സംഘത്തിലുണ്ടായിരുന്ന അല്‍ മമൂന്‍ എന്നയാളാണു പാകിസ്ഥാനിലേക്കു വിളിച്ചതെന്നും ഇയാളാണ് ആദ്യം കേരളത്തില്‍ എത്തിയതെന്നും കണെ്ടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം കേരളത്തിലെത്തിയ മറ്റൊരു സംഘത്തെ കഴിഞ്ഞദിവസം ആലപ്പുഴയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക