Image

യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ 2020 മാറ്റിവച്ചു

Published on 15 April, 2020
 യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ 2020 മാറ്റിവച്ചു

ബര്‍മിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎയുടെ ഈ വര്‍ഷം ജൂലായ് നാലിന് നടത്തുവാനിരുന്ന ദേശീയ കണ്‍വന്‍ഷന്‍ കോറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റിവയ്ക്കുന്നതായി പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് അറിയിച്ചു.

ഇന്നലെ കൂടിയ അടിയന്തിര വീഡിയോ കോണ്‍ഫറന്‍സ് ദേശീയ കമ്മറ്റി മീറ്റിംഗിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ലോകമെമ്പാടുമുള്ള ക്നാനായ ജനത ഉററുനോക്കുന്ന എല്ലാവര്‍ഷവും നാലായിരത്തില്‍പരം സമുദായ അംഗങ്ങള്‍ പങ്കെടുക്കുന്ന ദേശീയ കണ്‍വന്‍ഷന്‍ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മാമാങ്കമാണ്. ചെല്‍ട്ടന്‍ഹാമിലെ ചരിത്രപ്രസിദ്ധമായ ജോക്കി ക്ലബ്ബിലാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ നടത്തുവാനിരുന്നത്. കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്തത്തില്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് കൊറോണ വൈറസ് പകര്‍ച്ചവ്യാധി യു കെ യില്‍ വ്യാപകമാകുകയും പൊതു പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഒരു മാതൃകാ സമൂഹമായി നിലകൊള്ളണമെന്ന് ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.

യുകെകെസിഎ ഈ വര്‍ഷം നടത്തുവാനിരിക്കുന്ന മറ്റു പൊതുപരിപാടികളെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് യൂണിറ്റ് തലങ്ങളില്‍ അറിയിയ്ക്കുമെന്നും ദേശീയ കമ്മറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജിജി വരിക്കാശേരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക