Image

സുഖമാകട്ടെ ലോകം - ആൻസി സാജൻ

Published on 17 April, 2020
സുഖമാകട്ടെ ലോകം  - ആൻസി സാജൻ
കേരളത്തിൽ സ്ഥിതിഗതികൾ വൈകാതെ നിയന്ത്രണത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം മിക്കവാറും കോവിഡ് വിമുക്ത ജില്ലയാവാൻ സാധ്യതയുണ്ടെന്നതും ആശ്വാസമാണ്. കുറച്ചു ദിവസത്തിനകം ഇവിടെ ജനജീവിതം കുറെയൊക്കെ സാധാരണ രീതിയിലാകും എന്ന് കേൾക്കുന്നു. സുഖമുണ്ടാകട്ടെ; ലോകം മുഴുവനും.
    ഇന്നലെ പരിപ്പിൽ പോയിരുന്നു. ഇഷ്ടം പോലെ കടകളും സാധനങ്ങളുമൊക്കെയുണ്ട്.മെഡിക്കൽ സ്റ്റോറിലും ചെറിയ കടകളിലുമൊക്കെ മാസ്ക് സുലഭം. കഴുകി ഉപയോഗിക്കാവുന്നതിന് 20 രൂപ.അല്ലാത്തതിന് 16.
ഇനി കുറെ നാളത്തേയ്ക്ക് ഈ മുഖാവരണമില്ലാതെ വയ്യെന്നു തോന്നുന്നു. ലിപ്സ്റ്റിക് ഇട്ട് ചുവപ്പിച്ച ചുണ്ടുകളും വെട്ടിയൊതുക്കി കറുപ്പിച്ച സുന്ദര മീശയുമൊക്കെ അപ്രസക്തമാകുന്നു. രണ്ട് കണ്ണുകളുടെ ആഡംബരം മാത്രം മതി മുഖത്ത്.
    റേഷൻ കടയിൽ ഒറ്റ ആൾ പോലുമില്ല സാധനങ്ങൾ വാങ്ങാൻ.ഒരു സ്നേഹിതനുമായി കുശലം പറഞ്ഞിരിക്കുന്നു കടക്കാരൻ ചേട്ടൻ. എന്നെപ്പോലെ ഒരു പ്രമുഖ എഴുന്നള്ളുന്നതിന് തള്ളൊഴിവാക്കിയതൊന്നുമല്ല. ആവശ്യക്കാരെല്ലാം വന്ന് വാങ്ങിക്കൊണ്ടു പോയി ... സ്നേഹിതൻ ചേട്ടൻ എന്നെക്കണ്ടതും നാട്ടുകാര്യങ്ങൾ പറഞ്ഞു തുടങ്ങി... 'എന്തു സമാധാനമാണിപ്പോൾ നാട്ടിൽ, കള്ളുകുടിയൻമാർ അപ്രത്യക്ഷരായി , കള്ളമില്ല ചതിയില്ല (മാവേലി സ്‌റ്റോറുണ്ട് ) വീട്ടിൽ ഭക്ഷണത്തിന് രുചി പറഞ്ഞ് വഴക്കില്ല., എന്നിങ്ങനെ...
(മീനില്ലാതെ ചോറിറങ്ങത്തില്ലെന്ന് പറഞ്ഞ ഞാനൊക്കെ എത്ര മാറി.. കൊറോണയ്ക്ക് മുമ്പെങ്ങാണ്ട് പിടിച്ചു വച്ച മീനൊക്കെ ബ്ളീച്ചിംഗ് പൗഡറിട്ട് കൊണ്ടു വരുന്നെന്ന് കേട്ട് മീൻകാരൻ ചേട്ടനെ കണ്ടാൽ ഓടിപ്പോകുന്ന സ്ഥിതിയാണിപ്പോൾ)
' ഇഷ്ടം പോലെ സാധനങ്ങളൊണ്ടെന്നേ, പിന്നെന്തിനാ ഈ പരാക്രമം: " റേഷൻ കടക്കാരൻ ചേട്ടന്റെ സ്നേഹിതൻ പറഞ്ഞതിന് ബാക്കിയായി 'ഒരു സമാധാനമൊക്കെ വേണ്ടേന്ന് 'അദ്ദേഹം.
പോട്ടെ ചേട്ടാ ,വീട്ടിൽ നിറയെ അരീം സാധനങ്ങളുമിരിക്കുന്നത് കണ്ടാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക സമാധാനമാണ്... അതു കൊണ്ട് സാരമില്ല.'' എന്നു പറയും പോലെ ഒരു പുഞ്ചിരി പൊഴിച്ച് ഞാൻ നിന്നു.
    പതിനഞ്ച് കിലോ അരി കിട്ടിയതും വാങ്ങി അടുത്ത കടയിലേക്ക് ....
     റേഷൻ മേടിക്കാൻ പ്രത്യേക കാരണമുണ്ട്. സ്പ്രിൻക്ളർ കമ്പനി, റേഷൻ മേടിക്കുന്നവരുടെയൊക്കെ ഡേറ്റ സമ്പാദിക്കുന്നെന്ന് കേട്ടു. ഞങ്ങളുടെ ഡേറ്റ അതിലില്ലെങ്കിൽ ഇനി വരുന്ന നാളുകളിൽ സർക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥ വന്നു ചേർന്നാൽ പുറന്തള്ളപ്പെട്ടു പോയാലോ? ഇരിക്കട്ടെ ,ഏതായാലും15 കിലോ അരിയല്ലേ...
റേഷൻ വാങ്ങിക്കാൻ ഭൂരി ഭാഗം ജനങ്ങളും ഈ മാസം കടകളിലെത്തിയെന്നാണ് കണക്ക്;വളരെ നല്ല കാര്യം. ഞെട്ടറ്റാൽ ചോട്ടിലല്ലാതെ പിന്നെങ്ങോട്ട് വീഴാൻ ' ''?
     അമേരിക്കയിൽ നിന്നും ആശങ്കാകുലമായ ഒരു പാട് വാർത്തകൾ വരുന്നു. മലയാളികൾ മരിക്കുന്ന വിവരങ്ങൾ മണിക്കൂറ് വച്ച് കേൾക്കുന്നു. വളരെയധികം ദു:ഖമുണ്ട്. എഴുത്തിലൂടെ പരിചയപ്പെട്ടവരും കേട്ടറിവുള്ളവരും ഏറെപ്പേരുണ്ട്.
എന്താണിങ്ങനെ സംഭവിക്കാൻ..? ഒട്ടും പ്രതീക്ഷിക്കാത്ത വീഴ്ചകൾ...
ക്ഷേമം തിരക്കി ഇടയ്ക്ക് വിളിക്കുന്ന അപ്പച്ചനും അമ്മയും 'എന്തെടുക്കുന്നു സുഖമല്ലേ 'എന്ന് ചോദിച്ചയച്ച ഇ-മെയിലിന് മറുപടി വന്നിട്ടില്ല.
അവർ സുഖമായിരിക്കട്ടെ...
   അമ്മാ.. അപർണാ പി.ആറിനെ ഓർക്കുന്നില്ലേ...ആളിപ്പം നോർത് കരലൈനയിലല്ലേ ...
അവരൊക്കെ ഇപ്പഴും അവിടെ ജോലിക്ക് പോകുന്നുണ്ടെന്ന് ....,
കൊറോണയെ പേടിച്ച് വീട്ടിലുള്ള മോള് പറഞ്ഞത് കേട്ട് നോർത്ത് കരോളിന എന്ന് പറഞ്ഞ് പഠിച്ച ഞാൻ ഒന്നു ചിന്തിച്ചു. ഇങ്ങനെ പോയും വന്നുമിരിക്കുന്ന ഈ കുഞ്ഞുങ്ങളുടെ അവസ്ഥ കൊണ്ടൊക്കെയാണോ അവിടെ രോഗികൾ കൂടുന്നത് .? ചെറുപ്പക്കാർ രോഗവും വഹിച്ച് വന്ന് പ്രായമായവർക്ക് കൊടുക്കുന്നതാവുമോ..?ഇതിനിടയിൽ മാസ്ക് ലഭിക്കാതെ ജോലി ചെയ്യാൻ വിസമ്മതിച്ച നഴ്സുമാരെ സസ്പെൻറ് ചെയ്തു എന്ന അനാരോഗ്യകരമായ വാർത്തയും ഇന്നു കണ്ടു.
       ഓൺലൈൻ പത്രങ്ങൾ ചെയ്യുന്നതു കൊണ്ട് അമേരിക്ക ഓസ്ടേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുറെയൊക്കെ സ്ഥലപ്പേരുകൾ അറിയാം.50 സംസ്ഥാനങ്ങളുള്ള അമേരിക്കയിലെ എല്ലാ സ്റ്റേറ്റിന്റെയും പേരുകൾ അറിയില്ലെങ്കിലും കുറെയൊക്കെ പരിചയമാണ്. കണക്ടിടെക്റ്റ് എന്നൊരു സ്ഥലപ്പേര് കണ്ടു. മോളത് കനെടികറ്റ് എന്ന് സ്റ്റൈലായി പറയുന്നു. ന്യൂയോർക്ക് ഒരു ദുഃഖം പോലെയായെങ്കിലും ന്യൂ വാർക്ക് എന്ന് വേറൊരു പേര് കണ്ടു. ടൈപ്പിങ്ങ് മിസ്റ്റേക്ക് എന്നാണ് ആദ്യം ധരിച്ചത്.( ഓൺലൈൻ പത്രപ്രവർത്തനമല്ലേ.. ഒരാൾ വാർത്തയിട്ടാൽ കാക്ക റാഞ്ചും പോലെ അടുത്തയാൾ അത് കൊത്തിയെടുക്കുന്ന കാലമാണ്. ഉള്ളതിടട്ടെ.. വാർത്തയല്ലേ.)
സ്ഥലപ്പേരുകൾ അങ്ങനെയാണ് എവിടെയും. മാറിടം എന്നൊരു ദേശം കേരളത്തിലുണ്ട്. മാന്തുക എന്ന് മറ്റൊന്ന്. ഞങ്ങളുടെ പരിപ്പിനും പ്രത്യേകതയുണ്ട്.
     കേരളം അമേരിക്കൻ കാഴ്ചകൾ കണ്ടുതുടങ്ങിയത് 'ഏഴാം കടലിനക്കരെ' എന്ന ഐ.വി.ശശി ചിത്രത്തോടെയായിരുന്നു എന്ന് തോന്നുന്നു. ഞാനത് രണ്ട് തവണ കണ്ടിരുന്നു. ഒരു വലിയ വിസ്മയം പകർന്ന കാഴ്ച തന്നെയായിരുന്നു അത്.സുരലോക ജലധാരയൊഴുകുന്ന നയാഗ്ര കാണാൻ കൊതിക്കാത്തവർ ആരുണ്ട്? ഇന്ന് ലോകത്ത് വേറെ ഒരു പാട് അത്ഭുതങ്ങൾ കാണാനുണ്ടെങ്കിലും അന്ന് കണ്ട അമേരിക്ക മഹാൽഭുതമായിരുന്നു.
അമേരിക്കയിലെ ഒരു ചോക്കലേറ്റ് എങ്കിലും ആസ്വദിക്കാത്ത ആരും നമ്മുടെയിടയിൽ ഉണ്ടാവില്ല. ഭൗതികമായ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് അമേരിക്ക ഒരു പാട് മലയാളികൾക്ക് സമ്മാനിച്ചത്.
   മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യം തീരുമാനത്തിലെത്തിയിട്ടില്ല ഇതുവരെ.. കേരളം പുറം രാജ്യങ്ങളിലുള്ള മലയാളികൾക്കായി സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.
   എല്ലാം ശുഭമായിത്തെളിയട്ടെ.. നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ഈ വലിയ അപകടത്തിൽ നിന്നും ലോകം മുഴുവനും എത്രയും വേഗം സുഖം പ്രാപിക്കട്ടെ: പ്രതിരോധ ഔഷധങ്ങളുടെ കണ്ടുപിടുത്തത്തിൽ ബുദ്ധിയർപ്പിച്ചിരിക്കുന്നവർ യഥാർത്ഥ വഴി കണ്ടു പിടിക്കട്ടെ.

ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക