Image

എവിടെയോ നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ്- ഭാഗം: 6 തോമസ് കളത്തൂര്‍)

Published on 18 April, 2020
എവിടെയോ  നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ്- ഭാഗം: 6  തോമസ് കളത്തൂര്‍)
(ഇതിലെ കഥാപാത്രങ്ങളും  സംഭവങ്ങളും വെറും ഭാവന മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും  ഇല്ല.)          

ടെലിഫോണ്‍ സന്ദേശ പ്രകാരം, ജിജോ പത്തു മണിയോട് കൂടി  രാജന്‍ തോമസിനെ കാണാന്‍ എത്തി.  ഓഫീസ് മുറിയിലിരുന്ന് രണ്ടു പേരും ബിസിനസ് കാര്യങ്ങളെ പറ്റികുറെ  സമയം സംസാരിച്ചു.   അപ്പന്റെ  ആരോഗ്യ സ്ഥിതിയെ പറ്റി ഉള്ള തന്റെ ഉത്കണ്ഠ അറിയിച്ചു,    തന്നെ ഏതു സമയത്തും വിളിക്കാന്‍  മടിക്കരുതെന്നും  പറഞ്ഞു.       രാജന്‍ തോമസ് പതുക്കെ  വീട്ടു കാര്യങ്ങളിലേക്ക് കടന്നു.   വത്സലയും  നളിനിയും അടുത്ത ദിവസം തന്നെ  ഇവിടേക്ക് മാറുന്നതിനെ പറ്റിയും,  അതോടെ ഹൂസ്റ്റണിലെ വീട്ടില്‍  ജിജോ ഒറ്റയ്ക്ക് ആകുന്നതിനെ പറ്റിയുമുള്ള ഉത്കണ്ഠ ജിജോയെ അറിയിച്ചു.   ഇനി എത്രയും വേഗം  ഒരുവിവാഹം കഴിക്കുക  എന്നത്  ജിജോയ്ക്ക്  അത്യന്താപേക്ഷിതം  ആണ്.   ഇനി മിക്ക ദിവസങ്ങളിലും  പെര്‍ലണ്ടില്‍ എത്തി,  അപ്പനെയും അമ്മയെയും  അന്വേഷിക്കുന്നത്  ജിജോയുടെ  ചുമതല കൂടിയാണ്.    ജിജോ,  എല്ലാം തല കുലുക്കി സമ്മതിച്ചു.         പോകാനൊരുങ്ങിയ ജിജോയെ,     ബിബിനും ഭാര്യയും ഉടനെ എത്തുമെന്നും,  "ലഞ്ച്"  കഴിഞ്ഞു പോയാല്‍ മതിയെന്നും  നിര്‍ബന്ധിച്ചു.   ജിജോ സമ്മതിച്ചു,..  അവര്‍ക്കു വേണ്ടി  കാത്തിരിക്കാന്‍  തീരുമാനിച്ചു. 
                   
അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല,   ബിബിനും ഭാര്യയും എത്തി ചേര്‍ന്നു.           കുശല പ്രശ്‌നങ്ങളും ആയി സ്വീകരണ മുറിയില്‍ കടന്നിരുന്നു.      രാജന്‍ തോമസും അവരോടു ചേര്‍ന്നു,  ബിസിനസ് കാര്യങ്ങളെ കുറിച്ച്  സംഭാഷണം ആരംഭിച്ചു.   അപ്പോഴേക്കും  വത്സലയും നളിനിയും എത്തിച്ചേര്‍ന്നു.   അവരുടെ കയ്യിലുണ്ടായിരുന്ന  ബാഗുകളും പാത്രങ്ങളും, എല്ലാവര്‍ക്കുമായി  കൊണ്ടുവന്ന ഉച്ച ഭക്ഷണം ആയിരുന്നു.   അപ്രതീക്ഷിതം ആയിരുന്നു,  കുടുംബം മുഴുവനായുള്ള  ഈ കൂടി വരവ്.   സമ്പത്തും വ്യാളി മുഖം വെച്ച  അഹവും സൃഷ്ടിച്ച അകല്‍ച്ചകള്‍  താനെ അലിഞ്ഞു ഇല്ലാതാകുന്നതായി തോന്നി.      പുറത്തെ പൊള്ളുന്ന ചൂടില്‍ നിന്നും, ശീതമാപിനി  പ്രര്‍ത്തിപ്പിക്കുന്ന വിശാലവും   മനോഹരവുമായ ഒരു  അകത്തളത്തില്‍  പ്രേവേശിച്ച പ്രതീതി... ഒരു പുതിയ ഉണര്‍വ് നല്‍കി.      
      
ഭക്ഷണാനന്തരം  തിരികെ സ്വീകരണ മുറിയില്‍  എല്ലാവരും  ഒത്തുകൂടി.  തമാശകളും പൊട്ടിച്ചിരികളുമായി  സംഭാഷണങ്ങള്‍ തുടര്‍ന്നു.       അമ്മയും നളിനിയും കൂടി  ഇങ്ങോട്ടു പോന്ന സാഹചര്യത്തില്‍,    ഇനി അധിക നാള്‍ ജിജോ ഒറ്റയ്ക്ക് ഹ്യൂസ്റ്റനില്‍ താമസിക്കാതെ ഒരു  കല്യാണം  കഴിക്കേണ്ടതിന്റെ  ആവശ്യകതയെ പറ്റി,   രാജന്‍ തോമസ്  വിവരിച്ചു.     ഐക്യ കണ്ഠമായി  അത് ശരി വെച്ചതിനാല്‍,  ജിജോയും  സമ്മതം മൂളി.        ചേട്ടന്‍ ബിപിനും ഭാര്യയും അനിയന് ഹസ്തദാനം ചെയ്തു,  തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു.    "ഞങ്ങളുടെ ഇന്നത്തെ വരവിന്റെ പ്രധാന ഉദ്ദേശം '" എന്ന് തുടങ്ങിയ ബിപിന്‍,   "നീ പറ ...നീ പറ.."എന്ന് പിറുപിറുത്തു.      ഭാര്യ  പ്രതീകരിക്കാതെ  തല  കുമ്പിട്ടു  ഇരുന്നതിനാല്‍  ബിപിന്‍  തുടര്‍ന്നു.           ഡാഡിയും  മമ്മിയും"....ഗ്രാന്‍ഡ്പായും  ഗ്രാന്‍ഡ് മായും"... ആകാന്‍ ...പോകുന്നു... .    
 
രാജന്‍ തോമസ് സോഫയില്‍ നിന്നുംഅറിയാതെ അല്പം ഉയര്‍ന്നു പോയി...... ഒരു നിമിഷം കണ്ണുകള്‍ അടച്ചു.   രണ്ടു തുള്ളി ആനന്ദ കണ്ണീര്‍,   ആരും കാണാതെ തുടച്ചു മാറ്റി.   മുന്നോട്ടു വന്നു.  രണ്ടു പേരെയും ചേര്‍ത്ത് പിടിച്ചു  ആശ്ലേഷിച്ചു.        ഇതാ.. കുടുംബ വൃക്ഷം തളിര്‍ക്കുന്നു.....പൂക്കുന്നു....കായ്ക്കുന്നു.... .  മനസ്സ്  ഒരു ഉത്സവം  ആഘോഷിക്കുകയാണ്.    എല്ലാവരുടെയും  മുഖങ്ങള്‍ പൂത്തിരി കത്തിച്ചത് പോലെ  തിളങ്ങി നിന്നു.    വത്സല നൃത്തം ചെയ്യുന്നില്ല  എന്ന് മാത്രം.  ജിജോ ചേട്ടനെ കെട്ടിപിടിച്ചു സന്തോഷം  പ്രകടിപ്പിച്ചു.    ഈ  പ്രതികരണങ്ങള്‍ ഉള്‍കൊള്ളുന്ന ആനന്ദം,  അവനെയും, എത്രയും  വേഗം  ഒരു  വിവാഹത്തിലേക്ക് വഴി കാട്ടിയേക്കാം.   നളിനിയും  തന്റെ സന്തോഷം "അഭിനന്ദനങള്‍"  പറഞ്ഞു  പ്രകടിപ്പിച്ചു.    പെട്ടെന്ന്  പ്രസന്നമായ നളിനിയുടെ മുഖത്തേക്ക്,  പയ്യെ പയ്യെ... പൂര്‍വ്വാനുഭവങ്ങള്‍, കാളിമയുടെ പുക ചുരുളുകള്‍ ഊതി വിടാന്‍  തുടങ്ങി.    നളിനിയും ബാലചന്ദ്രനും  ഇതുപോലുള്ള  സന്തോഷ ദിനങ്ങളുടെ  സ്വപ്‌നങ്ങള്‍  അകതാരില്‍  കാത്തു സൂക്ഷിച്ചിരുന്നു,   ഏറ്റവും പ്രാമുഖ്യം നല്‍കി.....    മറ്റെല്ലാ സ്വപ്നങ്ങളും  അതിനു  ചുറ്റുമായും,   അതിനെ  ലക്ഷ്യമാക്കിയും  ആയിരുന്നു.    ഉള്ളിലെ   വേദന  പുറത്തു കാണിക്കാതിരിക്കാന്‍  നളിനി  ആവതു  ശ്രമിച്ചു.   എന്നാല്‍  എല്ലാവരും അതു വായിച്ചെടുത്തു....നിശബ്ദത പാലിച്ചു,        ആ വേദന  അവരുടെ  എല്ലാം മനസ്സില്‍ ദുഃഖത്തിന്റെ  അലയടികള്‍  സൃഷ്ടിച്ചു.   എങ്ങനെ ആശ്വസിപ്പിക്കണമെന്നു  അറിയില്ല.       ഒരാളുടെ സന്തോഷം  മറ്റൊരാളുടെ  ദുഃഖത്തെ  ഉണര്‍ത്തി വിട്ടേക്കാം.    അത്, ഒരിക്കലും ഒരു തെറ്റായി കാണാനും ആവില്ല.  ബിപിനും ഭാര്യയും   യാത്ര പറഞ്ഞു ഇറങ്ങി.    "സൂക്ഷിച്ചും പതുക്കെയും  ഡ്രൈവ് ചെയ്താല്‍  മതി"എന്ന  വത്സലയുടെ  മുന്നറിയിപ്പില്‍,  അമ്മയുടെ അധികാരവും  കരുതലും പ്രകടമായിരുന്നു.       പിന്നാലെ ജിജോയും  പോകാനൊരുങ്ങി.      പോകും  മുന്‍പ് നളിനിയോട്  പ്രത്യേകം യാത്ര പറഞ്ഞു,    അവന്റെ ഉള്ളില്‍  സഹതാപം വളരുക ആയിരുന്നു.    കതകുകള്‍ അടച്ചു എല്ലാവരും  "ഗുഡ് നൈറ്റ്" പറഞ്ഞു,    അവരവരുടെ  മുറികളിലേക്ക്  പോയി,   ഉറങ്ങാനുള്ള ഒരുക്കമായി.
                    
കുറച്ചു ദിവസങ്ങള്‍ കടന്നു പോയി.   ടെലിഫോണില്‍ അന്യോന്യം  ബന്ധപ്പെട്ടു       കൊണ്ടിരുന്നു.        ജിജോ, പലപ്പോഴും  നളിനിയെ  വിളിക്കുന്നതായി  വത്സല മനസിലാക്കി.    അങ്ങനെ ഒരു ബന്ധം വളര്‍ന്നു വന്നെങ്കിലോ  എന്ന് വത്സല  ഭയപ്പെട്ടു.           

"വെളുക്കാന്‍ തേച്ചത്,  പാണ്ഡ്  ആയി…" എന്ന്  മുറുമുറുത്തു കൊണ്ടാണ്, ആ സന്ധ്യയില്‍    വത്സല  രാജന്‍ തോമസിനെ  സമീപിച്ചത്.    "അവനു  മറ്റാരെയും  കാണാന്‍ കഴിഞ്ഞില്ലേ? "ആരാണ്,    എന്തു സംഭവിച്ചു…….   എന്ന്  രാജന്‍ തോമസ് അന്വേഷിച്ചു.   "ഡേറ്റിംഗ് ഒക്കെ ആയി,.. പലേ പെണ്ണുങ്ങളെയും  കൊണ്ട്  നടന്നപ്പോള്‍  കൊഴപ്പം ഒന്നും  പറ്റാതെ,      ഇത്രടം ആയി,..    ബാക്കി ഒള്ളോരുടെ  പ്രാര്‍ത്ഥന കൊണ്ട്".   "ഇപ്പം ദേ!, അന്യ ജാതിക്കാരന്‍  കെട്ടിയ  പെണ്ണിനെ കൂട്ടി  ഒരു രണ്ടാം കെട്ടിനോള്ള  ഭാവം ആരിക്കും".   രാജന്‍ തോമസ് എല്ലാം കേട്ട ശേഷം ഒരു ദീര്‍ഘ നിശ്വാസത്തിന്റെ  അകമ്പടിയോടെ  വത്സലയെ നേരിട്ടു.   "ആ  അന്യ ജാതിക്കാരന്റെ ശരീരമാണ്,   നിന്റെ ഭര്‍ത്താവായ എന്നെ,.. ഇന്ന് ജീവനോടെ നടത്തുന്നത്".സ്വന്തം നെഞ്ചില്‍ തട്ടിക്കൊണ്ട്,     "ഇതാ.., ഈ..  ശരീരത്തിനോട് നിനക്ക്    അറപ്പുണ്ടോ….? വെറുപ്പുണ്ടോ...?., പറ".   "പിന്നെ.. നീ  പറഞ്ഞില്ലേ,      ജിജോ അവളെ കെട്ടിയാല്‍  'രണ്ടാംകെട്ടെന്ന'...നാണക്കേട് ആകുമെന്ന്".   "നമ്മുടെ  ജിജോ,  പല നാട്ടുകാരായ   എത്ര പെണ്‍കുട്ടികളെ  ഡേറ്റ് ചെയ്തു നടന്നു".   "എന്തെല്ലാം  സംഭവിച്ചിട്ടുണ്ടെന്ന് നിനക്കോ എനിക്കോ അറിയില്ല".    "ഇതിലൊക്കെ ഉപരിയായി നളിനി,  'അടക്കവും ഒതുക്കവും'  ഉള്ള  ഒരു  നല്ല പെണ്കുട്ടിയായിട്ടാണ് എനിക്ക്  മനസിലായത്.    അതിലും ഉപരി, ഞാന്‍! എന്റെ ജീവന്‍ കൊണ്ട്  അവളോട് കടപ്പെട്ടിരിക്കുന്നു.   എന്റെ മകന്‍  അവളെ  കല്യാണം ചെയ്താല്‍,  ഏറ്റവും സന്തോഷിക്കുന്നത്  ഞാന്‍ ആയിരിക്കും.    'അവള്‍ എന്റെ മകളായിരിക്കും, ഇനിഎന്നും',   എന്ന് ഞാന്‍ പണ്ടേ പറഞ്ഞു കഴിഞ്ഞല്ലോ.   ധാര്മീകമായ ആ വാക്കു,  ഔദ്യോഗികമാക്കാന്‍  സാധിച്ചാല്‍  ഞാന്‍  സന്തുഷ്ടനും ആയിരിക്കും".      

രാജന്‍ തോമസിന്റെ  ഈ പ്രസംഗം കഴിഞ്ഞപ്പോള്‍,  വത്സലയുടെ  എതിര്‍പ്പു ചിന്തകള്‍ പമ്പ കടന്നു.പെട്ടന്ന് തന്നെ മനസ്സ് അനുകൂലമായി  മാറി.   രോഷവും  ഈര്‍ഷ്യയും അപ്രത്യക്ഷമായി.        തല്‍സ്ഥാനത്തു അനുകമ്പയും ആനന്ദവും തിളങ്ങി വന്നു.   താമസിയാതെ ജിജോയോട് തന്നെ  ചോദിച്ചു,   സത്യ സ്ഥിതി അറിയാന്‍  രാജന്‍ തോമസ് തന്നെ തീരുമാനിച്ചു.   അതിനു ശേഷം,  നളിനിയുമായി  സംസാരിക്കാന്‍  വത്സലയെ  ചുമതല പ്പെടുത്തി .   




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക