Image

നീലച്ചിറകുള്ള മൂക്കുത്തികൾ 9 - സന റബ്സ്

Published on 19 April, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ  9 -  സന റബ്സ്
“അമ്മയെ കാണാനാണെങ്കില്‍ ഞാനും വരുന്നതില്‍ പ്രോബ്ലം ഉണ്ടോ?”  തനൂജയുടെ ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം, കണ്ണടച്ച് അല്പം മയങ്ങാന്‍ ശ്രമിക്കുകയായിരുന്ന ദാസിനെ ഉണര്‍ത്തി.

“തനൂജ ഡല്‍ഹിയില്‍ എങ്ങോട്ടാണ്?”

“എനിക്കല്‍പ്പം ഷൂട്ടിംഗ് മാത്രമേയുള്ളൂ, അത് നാളെയാണ് തുടങ്ങുന്നത്. ഇന്ന് വൈകീട്ട് ഒരു പ്രോഗ്രാം ഉണ്ട്.  ഈവനിഗ് വരെ ഫ്രീയാണ്.”

“ഞാന്‍ വീട്ടില്‍ പോയാല്‍ ഇന്ന് മടങ്ങില്ല. അമ്മയെ കണ്ടിട്ടും വീട്ടില്‍ എല്ലാവരെയും കണ്ടിട്ടും കുറെ നാളായി.” വ്യക്തമായ രീതിയില്‍ തന്നെ ഒഴിവാക്കാനാണ് അത് പറഞ്ഞതെന്നറിഞ്ഞിട്ടും തനൂജ മന്ദഹസിച്ചു.

“ഒഹ്, അങ്ങനെയെങ്കില്‍ വേണ്ട. ഞാന്‍ എന്‍റെ ബാക്കിയുള്ള സമയം ഒരുമിച്ചു ചെലവഴിക്കാമെന്ന് കരുതി. റായിയുടെ അമ്മയെ കാണാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടും ഉണ്ട്. ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട.”

ഇത്തരമൊരു പ്രഖ്യാപനത്തില്‍ ദാസ്‌ ഒഴിവ്കഴിവ് പറയില്ലെന്ന ഉറപ്പോടെ എറിഞ്ഞ ആ ചോദ്യത്തില്‍ ദാസ്‌ വലയുകതന്നെ  ചെയ്തു.

“ഏയ്, എന്ത് ബുദ്ധിമുട്ട്? യു ആര്‍ വെല്‍ക്കം. ഈ കാര്യത്തിന് വേണ്ടി തന്‍റെ തിരക്കുകള്‍ ഒഴിവാക്കേണ്ട എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.” ദാസ്‌ പറഞ്ഞു.

മേഘക്കൂട്ടങ്ങള്‍ പിന്നിലേക്കോടി മറയുന്നത് നോക്കി ദാസ്‌ ഇരുന്നു. തനൂജ ഇപ്പോള്‍ തന്‍റെകൂടെ അമ്മയുടെ അരികിലേക്ക് വന്നാല്‍ എന്തായിരിക്കും അമ്മ കരുതുക? പലപ്പോഴും തന്‍റെ കൂടെ ആളുകള്‍ ഉണ്ടാവാറുണ്ട്. എങ്കിലും വിവാഹക്കാര്യം  സൂചിപ്പിക്കുന്ന ഈ സന്ദര്‍ഭത്തില്‍.... വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുടെ സാന്നിധ്യം  നന്നായിരിക്കുമോ? മിലാന്‍ ആണെങ്കില്‍ തനൂജയുടെ സാന്നിധ്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ ഇതറിഞ്ഞാലോ...

പലവിധ ചിന്തകള്‍ മാറി വന്നെങ്കിലും  തന്‍റെ അതിഥിയായി വരാനൊരുങ്ങുന്ന ആളെ അതിഥിയായിത്തന്നെ പരിചരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് അയാളോര്‍ത്തു.

കാറില്‍ ദാസിനോട് ചേര്‍ന്നുതന്നെ തനൂജയിരുന്നു. ദാസിന്റെ വജ്രാഭരണശാലയുടെ അരികിലെത്തിയപ്പോള്‍ തനൂജ പറഞ്ഞു. “റായ്, ഇവിടെയൊന്നു ഇറങ്ങാമെന്ന് കരുതുന്നു. ഞാനാദ്യമായി റായുടെ അമ്മയെ കാണുമ്പോള്‍ എങ്ങനെയാണ് വെറുതെ പോകുക?”

“നോ നെവെര്‍ തനൂജ, അതിന്‍റെ യാതൊരു ആവശ്യവുമില്ല.” ദാസ്‌ നിരുല്‍സാഹപ്പെടുത്തി.

“നോ റായ്, ചെറിയ എന്തെങ്കിലും ഒരു സമ്മാനം,  വെറും കൈയോടെ ഞാന്‍ എവിടെയും പോകാറില്ല. ഈ സ്പെഷ്യല്‍ സാഹചര്യത്തില്‍ ഒന്നും കൈയില്‍ ഇല്ലാതെ, അത് മോശമായി എനിക്ക് തോന്നുന്നു.”

“തനൂജാ, അമ്മ അങ്ങനെ ഗിഫ്റ്റ് സ്വീകരിക്കുന്ന കൂട്ടത്തില്‍ അല്ല. അതാണ്‌ പറഞ്ഞത്. മാത്രല്ല  മക്കള്‍ക്കെല്ലാം  അമ്മ ഇങ്ങോട്ട് തരികയല്ലാതെ ഒന്നും അങ്ങോട്ട്‌ വാങ്ങാറില്ല.” ദാസ്‌ വീണ്ടും പറഞ്ഞു.

“സാരമില്ല റായ്... എന്റൊരു സന്തോഷത്തിനെന്ന് കരുതിയാല്‍ മതി.”

തനൂജയുടെ നിര്‍ബന്ധത്തിനു ദാസിനു വഴങ്ങേണ്ടി വന്നു. തനൂജയും ദാസും കയറി വന്നപ്പോള്‍ സ്റ്റാഫുകള്‍ എല്ലാവരും ഓടി അരികിലേക്ക് വന്നു. ദാസ്‌ അവരോടു തനൂജയ്‌ക്ക്  ആവശ്യമുള്ള ആഭരണം പെട്ടെന്നെടുത്തു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അവള്‍ അരമണിക്കൂറോളം ചെലവിട്ട്  ഒരു വംഗി തെരഞ്ഞെടുത്തു. എതിര്‍ക്കാന്‍ കഴിയാത്ത ഒരു ചാരുത ആ മനോഹരമായ ആഭരണത്തിനുണ്ടായിരുന്നു.

തനൂജയുടെ തന്‍റെ കാര്‍ഡ് പേര്‍സില്‍ നിന്നെടുത്തപ്പോഴേ  മാനേജര്‍ ചിരിച്ചു. “മേം, ബില്‍ നല്‍കേണ്ടതില്ല. സര്‍ പറഞ്ഞുകഴിഞ്ഞു.”

ദാസ്‌ അപ്പുറത്തിരുന്നു അവളെ കണ്ണടച്ച് കാണിച്ചു. തനൂജ ഷോപ്പില്‍ തന്നെയിരുന്ന് തന്നോട് തര്‍ക്കിച്ചുകളയുമോ എന്നൊരു സംശയം ദാസിനു ഇല്ലാതിരുന്നില്ല. പക്ഷേ അവള്‍ ഒന്നും പറയാതെ  പുഞ്ചിരിയോടെ എഴുന്നേറ്റുവന്നു.

“ഇതിപ്പോള്‍ റായ് വാങ്ങിയത് പോലെ ആയില്ലേ? എങ്ങനെ ഇതിപ്പോള്‍ എന്റെ ഗിഫ്റ്റ് ആകും?”  തിരികെ കാറിലേക്ക് നടക്കുമ്പോള്‍ തനൂജ ചോദിച്ചു.

“എന്‍റെ അതിഥിയായി വീട്ടിലേക്കും എന്റെ ഷോപ്പിലേക്കും  വരുന്ന ആളെക്കൊണ്ട് പണം മുടക്കിക്കുന്നത് ശരിയാണോ?” ദാസ്‌ ചിരിച്ചു.

“എങ്കിലും റായ്, ഇത് ഞാന്‍ പേ ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം.”

“സാരമില്ല തനൂജ, ഈ പൈസ ഒരിക്കലും വെറുതെ ആകില്ല. തനിക്കിതിന്റെ ഓര്‍മ്മകള്‍ എന്നും സൂക്ഷിക്കാം...”  നേരിയ ചിരിയോടെ റായ് പറഞ്ഞു.

 വഴിയുടെ ഇരുവശവും തെങ്ങുകൾ  നിരയായി നിറഞ്ഞു  നിന്നിരുന്ന  ഒരു തോപ്പിലേക്ക് കാര്‍ പ്രവേശിച്ചു.  എല്ലാ തെങ്ങുകള്‍ക്കും ഒരാള്‍ പൊക്കത്തില്‍ വെളുത്ത പെയിന്റടിച്ചിരുന്നു.  അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു ഭാഗത്ത്‌ മാത്രം തെങ്ങും ഇടതുഭാഗത്ത്‌ പച്ചപ്പുല്ലുകളും നട്ടുപ്പിടിപ്പിച്ച രീതിയിലേക്ക് വഴി മാറി.  തെങ്ങിന്‍റെ നിഴലുകള്‍ പുല്ലിലേക്കും റോഡിലേക്കും വീണുകിടന്നു.  തനൂജ കൗതുകത്തോടെ പുറത്തേക്ക് നോക്കിയിരുന്നു. കോട്ടയുടെ ചുറ്റുമെന്നപോലെ കരിങ്കല്ല് കൊണ്ട്  കെട്ടിയ മതിലും ഗേറ്റും അകലെനിന്നേ  കാണാന്‍ തുടങ്ങി.  ഒറ്റവരിയായി വഴി ചുരുങ്ങി ഗേറ്റിനകത്തെക്ക് പ്രവേശിച്ചു. അറേബ്യന്‍ കൊട്ടാരത്തിന്റെ പുറം കാഴ്ചകള്‍പോലെ  ഉയരത്തില്‍ നില്‍ക്കുന്ന ഓരോ പനമരത്തിന്റെ അരികിലും ഇരിക്കുകയോ കിടക്കുകയോ ചെയ്യാവുന്ന വലിയ ഇരിപ്പിടങ്ങളും  ചെറുമേശയും ഇട്ടിരുന്നു. നാല് ഇരിപ്പിടങ്ങള്‍ കഴിഞ്ഞൊരു ചെറിയ ലോണില്‍ പൈന്‍മരത്തെ വെട്ടിയൊതുക്കി നിറുത്തിയപോലെ പച്ചനിറത്തിൽ കുറ്റിചെടികൾ   കണ്ടു. അത്തരം പന്ത്രണ്ടു ഇരിപ്പിടങ്ങളെ കടന്നു  വണ്ടിയോടി. ഒടുവില്‍  തൂവെള്ള നിറത്തിലുള്ള ആ കൂറ്റന്‍  വീടിനു മുന്നില്‍ ചെന്ന് കാര്‍  നിന്നു.

“വാവ്വ്.....എക്സലന്റ് ആന്‍ഡ്‌ ഫാബുലസ്..” തനൂജ തന്‍റെ  എക്സയ്റ്റ്മെന്റ്റ് മറച്ചു വെച്ചില്ല. കാറില്‍ നിന്നും ഇറങ്ങിയ ഉടെന അവള്‍ അപ്പുറത്ത് കണ്ട ചെറിയ വഴിയുടെ അറ്റത്തേക്ക് നടന്നു. അവിടെ ചെറിയൊരു കുടില്‍ ഉണ്ടായിരുന്നു. അരികിലായി നാലഞ്ചു  വാഴകളും  പല നിറത്തിലുള്ള  വേലിപ്പരത്തിപ്പൂക്കളുടെ  ഒരു കൂട്ടവും!

“ഹൌ... ഫന്ടാസ്റ്റിക്... ഡല്‍ഹിയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയാണിത്. പ്രത്യേകിച്ച് റായിയേപ്പോലുള്ള ഒരു വിഐപി യുടെ വീട്ടില്‍ മോഡേണ്‍ ചെടികളായ ആന്തൂറിയവും ഓര്‍ക്കിഡും സ്വിമ്മിംഗ് പൂളുമൊക്കെയാണ് പ്രതീക്ഷിച്ചത് ഞാന്‍..”  തനൂജ വളരെ ആഹ്ലാദവതിയായി കാണപ്പെട്ടു.

“ താങ്ക് യൂ .... സ്വിമ്മിംഗ് പൂള്‍ ഉണ്ട്. ഇവിടെയല്ല , പുറകിലാണ്.” ദാസ്‌ പറഞ്ഞു.

ജോലിക്കാരൊഴികെ മറ്റാരും പുറമേ ഉള്ളതായി തോന്നിയില്ല. തനൂജയോട് ഇരിക്കാന്‍ പറഞ്ഞയാള്‍ അകത്തേക്ക് പോയി. തനൂജ വീടിന്നകങ്ങള്‍ ചുറ്റിക്കാണാന്‍ തുടങ്ങി. വീടെന്നതിലുപരി പ്രൌഢിയാര്‍ന്ന കൊട്ടാരം തന്നെയായിരുന്നു റായ് വിദേതന്‍ ദാസിന്റെ തറവാട്!  ഗംഭീരങ്ങളായ ഉരുളന്‍ തൂണുകള്‍ പലയിടത്തും തലയെടുപ്പോടെ ഉയര്‍ന്നുനിന്നു. ദാസ്‌ ഏതു വഴി എങ്ങോട്ട് കയറിപ്പോയി എന്നറിയാത്തതിനാല്‍ തനൂജ അയാളെ പിന്തുടര്‍ന്നില്ല എന്ന് മാത്രം.

“അമ്മയെ  ഇപ്പോള്‍ കാണാം, തനൂജ ഇരിക്കൂ, എന്തെങ്കിലും കഴിക്കാം....” പുറകില്‍ ദാസിന്‍റെ സ്വരം കേട്ട് അവള്‍ തിരിഞ്ഞു നോക്കി.
അയാളവളെ ഒരിടനാഴിയിലേക്ക് നയിച്ചു. ചിത്രപ്പണികള്‍ നിറഞ്ഞ വാതിലുകളില്‍ വെള്ളനിറത്തിലുള്ള കാര്‍ട്ടണുകള്‍ ഒഴുകിക്കിടന്നു. ഇടനാഴി കഴിഞ്ഞ് അവര്‍ വിശാലമായ ഭക്ഷണശാലയിലേക്ക് പ്രവേശിച്ചു. ജോലിക്കാര്‍ വന്നു ഭവ്യതയോടെ അവരെ ഇരിപ്പിടങ്ങളിലേക്ക് ആനയിച്ചു.

“റായ്, അമ്മ കൂടി വന്നിട്ട് കഴിക്കാമായിരുന്നു. എനിക്കമ്മയെ കാണാന്‍ ധൃതിയായി.” തനൂജയുടെ ആവേശം കണ്ട് ദാസ്‌ ചിരിച്ചു. “അല്പം കൂടി ക്ഷമിക്കൂ, അമ്മ ഈ സമയത്ത് ചായയോ മറ്റെന്തെങ്കിലുമോ കഴിക്കില്ല. നമുക്കങ്ങോട്ടു പോയിക്കാണാം.” അയാള്‍ പറഞ്ഞു.

“ഈ വീട് എപ്പോള്‍ പണിതതാണ്?” അവള്‍ ചോദിച്ചു.

“ഈ വീട് ഈ രൂപത്തില്‍ പണിതിട്ട് ഇരുപതോളം വര്‍ഷങ്ങളായി...അച്ഛനാണ് ഇതിന്റെ ശില്പി. ഞാനിതില്‍ തൊട്ടിട്ടേയില്ല. എല്ലാം അച്ഛന്റെ പ്ലാന്‍ ആണ്.”

“റിയലി ...?” അച്ഛന്‍ ഇത്രയും വലിയൊരു സൗന്ദര്യാരാധകന്‍ ആയിരുന്നോ? ചുമ്മാതല്ല മകനും ഇങ്ങനെയായത്. അല്ലേ?”

“ഹഹ..അച്ഛന്റെ ആശയവും വീക്ഷണങ്ങളും അച്ഛന് മാത്രം അവകാശപ്പെട്ടതാണ്. ആ രീതിയില്‍ ഉയരാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. ഡല്‍ഹിയുടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പലരും പറഞ്ഞിട്ടും അച്ഛന്‍ വഴങ്ങിയില്ല. ബിസിനസ് വിപുലീകരിച്ചത് ഞാന്‍ ആണെങ്കിലും അതില്‍ നിറങ്ങള്‍ ചാലിച്ചൊഴിച്ചത്  അച്ഛന്‍ തന്നെയാണ്. അച്ഛന്‍ മരിക്കും വരെ അതങ്ങനെതന്നെയായിരുന്നു.”

സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ജോലിക്കാരി അടുത്തേക്ക് വന്നു ദാസിനോട് വളരെ പതുക്കെ എന്തോ പറഞ്ഞു. ദാസ്‌ തലകുലുക്കി.

“ശരി, തനൂജാ, നമുക്ക് അകത്തേക്ക് പോകാം... ആര്‍ യൂ റെഡി?”

“യെസ് യെസ്.... ഐ ആം റെഡി.” തനൂജ പെട്ടെന്നെഴുന്നേറ്റു.

വലിയൊരു ഹാളിനെ രണ്ട് ഭാഗങ്ങളായി പിരിച്ചു രണ്ട് ഗോവണികള്‍ ഉയര്‍ന്നിരുന്നു. അത് കയറി വീണ്ടുമൊരു ഇടനാഴിയും താണ്ടി അവര്‍ ഒരു മുറിയുടെ വാതില്‍ക്കലെത്തി. തനൂജ സംശയത്തോടെ അയാളെ നോക്കി. “അമ്മ സുഖമില്ലാതെ കിടപ്പിലാണോ?”

ദാസ്‌ ചിരിച്ചു.  പതുക്കെ ഒന്ന് മുട്ടി അയാള്‍ വാതില്‍പ്പാളി തുറന്നു. “വരൂ...”

അകത്തേക്ക് കടന്ന തനൂജ ആദ്യം കണ്ടത് ചുവന്ന കര്‍ട്ടനുകള്‍ ആയിരുന്നു. നോക്കിനില്‍ക്കേ ആ വിരി രണ്ട് ഭാഗത്തേക്കും  മാറി. നിലത്തു  വിരിച്ച പതുപതുത്ത ചുവന്ന കാര്പ്പെറ്റില്‍ ചവിട്ടി അവള്‍ മുന്നോട്ട് നടന്നു.  വിശാലമായ  വലത് ചുമരില്‍ നീളത്തിലുള്ള വലിയൊരു ഫോട്ടോ മാത്രം! രാജകീയഭാവത്തോടെ ഒരു സ്ത്രീ വിദേതന്‍ ദാസിന്‍റെ തോളില്‍ കൈവെച്ച് നില്‍ക്കുന്നു. ദാസ്‌ ഇരിക്കുന്നു. ആ ഫോട്ടോയിലേക്ക് ആകൃഷ്ടയായി തനൂജ അവിടെത്തന്നെ നിന്നുപോയി.

“വരൂ..” ദാസ്‌ അവളുടെ ചെവിക്കരികില്‍ വീണ്ടും പറഞ്ഞു. അവര്‍ മുന്നോട്ട് നടന്നു.  ഇപ്പുറത്തെ ചുമരിന്റെ വലിയൊരു ഭാഗവും കവര്‍ ചെയ്ത് ഒരു എണ്ണച്ചായചിത്രം കണ്ടു. വെളുത്ത പനിനീര്‍പ്പൂക്കള്‍ മാത്രമായിരുന്നു ആ ചിത്രത്തില്‍! പച്ചത്തണ്ടുകളോടെ!

“നീയെപ്പോള്‍ വന്നു?” തീക്ഷ്ണമായൊരു സ്വരം കാതില്‍ വീണവള്‍ ഞെട്ടിത്തിരിഞ്ഞു.

അവിടെ വലിയൊരു സപ്രമഞ്ചത്തില്‍ വെളുത്ത പട്ടുതുണി വിരിച്ച കിടക്കയിലേക്ക് ചാരി  താഴെ കാല്‍ ചവിട്ടി ഇറങ്ങാനുള്ള ചുവന്ന ചെറിയ പീഠത്തില്‍ കാല്‍ വെച്ച് തങ്ങളെ തന്നെ നോക്കിയിരിക്കുന്ന താരാദേവി! 
ശൂലമുനകള്‍ പോലുള്ള പുരികവും കണ്ണും! 
അവരുടെ കണ്ണുകളിലെ ആജ്ഞശക്തി അപാരമായിരുന്നു.

ദാസ് വേഗം ചെന്ന് അവരെ കെട്ടിപ്പിടിച്ചു. “നീയെപ്പോള്‍ വന്നു?” അവര്‍ അയാളുടെ മുടിയില്‍ തഴുകി.

“ഇപ്പോള്‍ അമ്മേ, അല്പം മുന്‍പ്. ഞാന്‍ നേരത്തെ ഇവിടെ വന്നു. അമ്മയെ മുറിയില്‍ കണ്ടില്ല. അതാ ജോലിക്കാരിയെ ഏല്‍പ്പിച്ചു പോയത്.”

“ഉം....” അവര്‍ കനത്തില്‍ മൂളി തനൂജയെ നോക്കി പറഞ്ഞു. “ഇരിക്കൂ...”

തനൂജ അപ്പുറത്ത് കിടന്ന ആട്ടുകട്ടിലില്‍  ഇരുന്നു. താരാദേവി എഴുന്നേറ്റു ദാസിനരികിലേക്ക് ചാഞ്ഞിരുന്നു. “നീയെന്തെങ്കിലും കഴിച്ചോ?” അവര്‍ ചോദിച്ചു.

“യെസ് അമ്മേ... തനൂജയും ഉള്ളത് കൊണ്ട് ഇപ്പോള്‍ ഓരോ കാപ്പി കുടിച്ചതേയുള്ളൂ. അമ്മ ഇന്ന് പുറത്തൊന്നും പോയില്ലേ?”

“പോകണം. ഇന്ന് വൈകീട്ട് മൈത്രേയി വരുന്നുണ്ട്. അവളുടെ കൂടെ പുറത്തേക്കു പോകണം ... നീ ഇന്ന് പോകില്ലല്ലോ?” അവര്‍ കണ്ണുകള്‍ ഉയര്‍ത്തി അയാളെ നോക്കിയപ്പോള്‍ വലതുമൂക്കിലെ  വജ്രമൂക്കുത്തി തിളങ്ങി.

“ഇല്ല. അമ്മ തനൂജയെ അറിയില്ലേ? എന്‍റെ സുഹൃത്താണ്‌.” അയാള്‍ പറഞ്ഞു.

“അറിയാമല്ലോ, പല സിനിമകളും കണ്ടിട്ടുണ്ട്. ഇപ്പോള്‍ നിന്‍റെ ബിസിനസ് പാര്‍ട്ണര്‍ കൂടിയല്ലെ?”

തനൂജ അവരുടെ മുഖത്തേക്ക് നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അത് ശ്രദ്ധിക്കാതെ അവര്‍ എഴുന്നേറ്റു. “വരൂ, എന്തെങ്കിലും കഴിക്കാന്‍ എടുക്കാം...” പറഞ്ഞിട്ട് അവര്‍ നടന്നു.
“ഒന്നും വേണ്ട ഇപ്പോള്‍....”  അയാളും എഴുന്നേറ്റു. കൂടെ തനൂജയും.
“അത് പറ്റില്ല, നീ നിന്‍റെ ഫ്രണ്ടുമായി വന്നതല്ലേ, മാത്രല്ല കുറച്ച് ലഡ്ഡു ഉണ്ടാക്കിയത് ഉണ്ട്. മൈത്രേയി ദുര്‍ഗാ ക്ഷേത്രത്തില്‍ പോകണമെന്ന് പറഞ്ഞു. അവള്‍ക്കും കൊടുക്കാം എന്ന് കരുതി.”  പറഞ്ഞിട്ട് അവര്‍ മുന്നോട്ടു നടക്കുമ്പോള്‍  തനൂജയേയും ഒന്ന് തിരിഞ്ഞു നോക്കാന്‍ മറന്നില്ല. വട്ടത്തിൽ ഒതുക്കി കെട്ടിവെച്ച നര വീണ  അവരുടെ മുടിയും നിവര്‍ത്തിയിട്ട സാരിയും തീക്ഷ്ണതയേറിയ വാക്കുകളും  ഓരോ ചലനവും പ്രത്യേക അധികാരങ്ങള്‍ കൈമുതലായുള്ള ഒരു രാജ്ഞിയെ ഓര്‍മിപ്പിച്ചു.   ആ മുറിയില്‍ നിന്നിറങ്ങും മുന്നേ തനൂജ ആ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കിയത് താരാദേവി കണ്ടു. അവരൊന്ന് പുഞ്ചിരിച്ചു. 

“മക്കളെയല്ലേ ഇരുത്തേണ്ടത്. എപ്പോഴും മക്കളുടെ സുഖമാണല്ലോ അമ്മമാരുടെ ലക്ഷ്യം,  ‘ആസ്താം താവദിയം പ്രസൂതിസമയേ...
ദുര്‍വാരശൂലവ്യഥാ....  നൈരൂച്യം തനുശോഷണം....’ അല്ലേടാ...”

പകുതിയില്‍ ചൊല്ലിയ  ശ്ലോകം മുറിച്ച് അവര്‍ ദാസിനെ നോക്കി തുടര്‍ന്നു. “എത്രയൊക്കെ സഹിച്ചാലും അമ്മക്ക് മക്കളല്ലേ വലുത്? അവര്‍ എത്ര ചവിട്ടിയാലും മെതിച്ചാലും  എന്തൊക്കെ തെറ്റ് ചെയ്താലും...”

ഹാളിലേക്ക് കയറിയ അവര്‍ അവിടത്തെ അലമാര തുറന്നു ഭംഗിയുള്ള ഒരു ഭരണി പുറത്തെടുത്തു. കൂടെ രണ്ടു പാത്രങ്ങളും സ്പൂണും.

“നിങ്ങള്‍ രണ്ട്പേരും ഇരിക്കൂ, തനൂജ ഇന്ന് തിരികെ പോകുമോ...?” അവര്‍ തിരിഞ്ഞു അവളോടായി ചോദിച്ചു.

“ഉം...പോകും..” തൊണ്ട ശരിയാക്കി നനച്ചുകൊണ്ട് തനൂജ പതുക്കെ പറഞ്ഞു.

ഭരണിയില്‍ നിന്നും ലഡ്ഡു എടുത്ത് പാത്രത്തില്‍ വെച്ച് അവര്‍ ഒരു പ്ലേറ്റ് തനൂജയുടെ അരികിലേക്ക് വെച്ചു. മറ്റൊരു ലഡ്ഡുവില്‍ തന്‍റെ നേര്‍ത്ത കൈവിരലുകളാല്‍ അരികുകള്‍ തട്ടിയെടുത്ത് ഒന്നുകൂടെ ഉരുട്ടി അവര്‍ ദാസിന്റെ വായില്‍ വെച്ച് കൊടുത്തു. അയാള്‍ കൊച്ചുകുട്ടിയെപ്പോലെ വായ്‌ തുറന്നത് തനൂജ കൗതുകത്തോടെ നോക്കിയിരുന്നു.

“ഇനിയും നെയ്യൊഴിക്കണോ...?” താരാദേവി ചോദിച്ചു.
“ഏയ്‌..വേണ്ട വേണ്ട.”  അയാള്‍ കൈയെടുത്തു വിലക്കി.

“അതെന്താ നിനക്ക് ഷുഗറും കൊളസ്ട്രോളുമൊക്കെ ഉണ്ടോ..?”

“അതല്ലമ്മേ.... നെയ്യ് അധികം എനിക്ക് ഇഷ്ടമില്ലന്നു അമ്മയ്‌ക്കറിയാലോ...”

ദാസിന്‍റെ ചുണ്ടിലേക്ക്‌ ബാക്കി ശ്ലോകം കയറിവന്നു.
“ ‘നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ...
ഏകസ്യാപി  ന പുത്രഭാരഭരണക്ലേശസ്യ യസ്യാക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമ:

അവസാനത്തില്‍ ദാസിന്‍റെ തൊണ്ടയിടറി. താരാദേവിയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ട് അയാള്‍ എഴുന്നേറ്റു അമ്മയെ കെട്ടിപ്പിടിച്ചു.

(തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ  9 -  സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക