image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അമ്മേ, നാരായണീ!(കഥ : ഷാജന്‍ ആനിത്തോട്ടം)

SAHITHYAM 25-Apr-2020 ഷാജന്‍ ആനിത്തോട്ടം
SAHITHYAM 25-Apr-2020
ഷാജന്‍ ആനിത്തോട്ടം
Share
image
ആഴ്ചകളും മാസങ്ങളും നീണ്ട ആലോചനകള്‍ക്കും തീവ്രചിന്തകള്‍ക്കും ശേഷമാണ് അപ്പുക്കുട്ടന്‍ ഒടുവില്‍ അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. എന്തായാലും ജീവിതം ഒന്നേയുള്ളൂ. കുറച്ചെങ്കിലും ആസ്വദിച്ചില്ലെങ്കില്‍പ്പിന്നെ ഇതിങ്ങനെ തള്ളിനീക്കിയിട്ടെന്തുകാര്യം? വയസ്സുകാലത്ത് ചാരുകസേരയില്‍ കിടന്ന്  പിന്നിട്ട കാലം അയവിറക്കുമ്പോള്‍, ചെരുതായെങ്കിലുമൊന്ന് സന്തോഷിക്കുവാന്‍ സുഖകരമായ എന്തെങ്കിലും കുറച്ച് നല്ല ഓര്‍മ്മകള്‍ വേണം; മറ്റാരുമറിയാതെ ഒളിച്ചുവച്ചിരിക്കുന്നവയാണെങ്കില്‍ അവയ്ക്ക് മാധുര്യവും കൂടും. എല്ലാവര്‍ക്കുമുണ്ടല്ലോ ഓര്‍ക്കുവാന്‍ അങ്ങനെയൊക്കെ കുറെ അനുഭവങ്ങള്‍? അപ്പോള്‍പ്പിന്നെ  താനായിട്ടങ്ങനെ ''നല്ല പിള്ള' ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല.

കര്‍ക്കിടക ചികിത്സയ്ക്ക് ഒരു മാസത്തേക്ക് നാട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോഴേ സരസമ്മ ഉടക്കി. അവരങ്ങനെയാണ്. അപ്പുക്കുട്ടന്‍ എന്ത് അഭിപ്രായം പറഞ്ഞാലും ആദ്യമേ എതിര്‍ക്കും. തനിയ്ക്കല്ലാതെ ഈ ലോകത്ത് മറ്റാര്‍ക്കും വിവരമില്ലെന്ന പ്രകൃതമാണവര്‍ക്ക്; അപ്പുക്കുട്ടന്‍ എന്ന 'കോന്തന്‍' ഭര്‍ത്താവിന് പ്രത്യേകിച്ചും. താന്‍ ഓവര്‍ടൈമും ഡബിള്‍ ജോലീമൊക്കെ ചെയ്ത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുഴുവനും പൊട്ട ബിസിനസ്സിനും തല്ലിപ്പൊളി കൂട്ടുകാര്‍ക്കും വേണ്ടി ചിലവാക്കുന്ന 'വിവരമില്ലാത്ത'-വന്റെ തലയില്‍ എങ്ങിനെ നല്ലൊരാശയം വരാനാണ്? മുപ്പതുകൊല്ലം കൂടെപ്പൊറുത്തതുകൊണ്ട് 'ഒന്നിനും കൊള്ളാത്ത'  രണ്ട്  മക്കളെ ഉണ്ടാക്കിയതൊഴിച്ചാല്‍ അപ്പുക്കുട്ടനെക്കൊണ്ട് തനിക്കൊരു ഗുണവുമുണ്ടായിട്ടില്ലെന്നാണവള്‍ അടിയുറച്ച് വിശ്വസിക്കുന്നത്. താനുണ്ടാക്കുന്നതിന്റെ നാലിലൊന്ന് പണം അപ്പനോ മക്കളോ ഈ ജന്മത്ത് ഉണ്ടാക്കാനും പോകുന്നില്ല. 

അടിക്കടിയുണ്ടാകുന്ന തന്റെ നടുവേദനയ്ക്ക് കോട്ടയ്ക്കലില്‍ പോയി ആയുര്‍വ്വേദ ചികിത്സ ചെയ്താല്‍ നല്ല ഫലമുണ്ടാവുമെന്ന് അപ്പുക്കുട്ടന്‍ പലവട്ടം പറഞ്ഞുനോക്കി. കര്‍ക്കിടക മാസത്തെ ചികിത്സയ്ക്ക് കൂടിയ ഫലവും കിട്ടുമെന്നും ഒരുമാസത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിവന്നാല്‍ കടയില്‍ കൂടുതല്‍ ഉഷാറോടെ ശ്രദ്ധിക്കാമെന്നും പറഞ്ഞിട്ടും സരസമ്മ വഴങ്ങിയില്ല. ഒടുവില്‍ 'പൂഴിക്കടകന്‍' പ്രയോഗിച്ചപ്പോഴാണ് അവര്‍ വീണത്: ചികിത്സ കഴിഞ്ഞ് ചുരുങ്ങിയത് ഒരു വര്‍ഷം മദ്യം തൊടാന്‍ പാടില്ലത്രെ. അതില്‍ സരസമ്മ വീണു. മദ്യം കഴിക്കാന്‍ പറ്റില്ലെങ്കില്‍ 'കെളവന്റെ' ചീട്ടുകളീം കമ്പനി കൂടിയുള്ള കള്ളുകുടീം കുറയും. മര്യാദയ്ക്ക് ഗ്യാസ് സ്റ്റേഷനില്‍ പോയി കാര്യങ്ങള്‍ നടത്തിക്കോളും. ഒരുവര്‍ഷത്തെ കള്ളിന്റെയും മറ്റ് ചിലവുകളും കുറച്ചാല്‍ത്തന്നെ നാട്ടില്‍ പോവുന്നതിന്റെ ചിലവ് മുതലാക്കുവാനും പറ്റും. 

പലകുറി ആലോചിച്ചതിനുശേഷം ഒടുവില്‍ സരസമ്മ 'ഓക്കെ' പറഞ്ഞ നിമിഷം അപ്പുക്കുട്ടന്റെ മനസ്സില്‍ 'ലഡു പൊട്ടി'. പക്ഷേ ഭാര്യയുടെ അടുത്ത വാചകം കേട്ടപ്പോള്‍ മനസ്സില്‍ വെള്ളിടി വെട്ടി: ''എന്നാല്‍പ്പിന്നെ ഞാനും കൂടെ വരാം. എന്റെ മുട്ടുവേദനയ്ക്കും ആവാം ചെറിയൊരു ചികിത്സ. കോട്ടയ്ക്കലാവുമ്പോള്‍ നല്ല ട്രീറ്റുമെന്റും കിട്ടും. പണമിത്തിരി ചിലവായാലും വിശ്വസിക്കാവുന്ന ആള്‍ക്കാരാണല്ലോ.'' അപ്പുക്കുട്ടന് കുറേ നേരത്തേക്ക് ശ്വാസമെടുക്കാന്‍പോലും കഴിഞ്ഞില്ല. എന്ത് പറഞ്ഞാണ് ഈ 'പൂതന' യെ ഒന്ന് നിരുത്സാഹപ്പെടുത്തുക? എതിര്‍ത്താല്‍ അവള്‍ക്ക് ഓരോ സംശയങ്ങളാവും. അനുകൂലിച്ചാല്‍ പിന്നെ ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ ഇല്ലാതാവും. അപ്പുക്കുട്ടന്‍ സര്‍വ്വദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചു. 

ദൈവം അപ്പുക്കുട്ടന്റെ പ്രാര്‍ത്ഥന കേട്ടുവെന്ന് പറയാം. പിറ്റേ ആഴ്ച ഒരു സന്ധ്യയ്ക്ക് സരസമ്മ ജോലിയില്‍നിന്നും മടങ്ങിവന്നപ്പോള്‍ പതിവിലും കൂടുതല്‍ ദേഷ്യത്തിലായിരുന്നു. എന്ത് പറഞ്ഞിട്ടും നേഴ്‌സിംഗ് സൂപ്രണ്ട് ഒരു മാസത്തെ അവധിക്ക് സമ്മതിക്കുന്നില്ലത്രെ. സ്റ്റാഫ് ഷോര്‍ട്ടേജിന്റെ കാലമാണ്. പേഷ്യന്റ്‌സാണെങ്കില്‍ എന്നത്തേക്കാളും കൂടുതലും. അടുത്ത ആറ് മാസത്തേക്ക് ആര്‍ക്കും രണ്ട് ദിവസത്തില്‍ കൂടുതല്‍ അവധി കൊടുക്കരുതെന്നാണ് 'മുകളില്‍ നിന്നു'മുള്ള ഓര്‍ഡര്‍ എന്നുപറഞ്ഞപ്പോള്‍, താനിവിടെ പത്തുമുപ്പതുകൊല്ലം ജോലി ചെയ്തതാണ്, ആദ്യമായാണ് ഒരുമാസം നീണ്ട അവധി ചോദിക്കുന്നതെന്ന് പറഞ്ഞുനോക്കി. ''വെറുതെയല്ലല്ലോ, ആഴ്ചതോറും കനത്ത സംഖ്യയുടെ ചെക്ക് തരുന്നില്ലേയെന്നാണ്'' ആ 'ചെറ്റ ഫിലിപ്പീനോ തെണ്ടി' മറുപടി നല്‍കിയതെന്ന് പറഞ്ഞ് സരസമ്മ കുറെ അശ്ലീലവാക്കുകള്‍ ഉരുവിട്ടു. അപ്പുക്കുട്ടന്‍ പക്ഷേ, കടപ്പാട്ടൂര്‍ മഹാദേവന് ഹൃദയം നിറഞ്ഞ് നന്ദി പറയുകയാണ് ചെയ്തത്. ''എന്റെ കടപ്പാട്ടൂരപ്പാ, നീയാ ഫിലിപ്പീനോയെ കാത്തോളണേ'' - അയാള്‍ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. 

''പോകുന്നതൊക്കെ കൊള്ളാം. ചികിത്സ കഴിഞ്ഞ് അധികദിവസം അവിടെയുമിവിടെയും കറങ്ങാതെ മടങ്ങിവന്നോളണം. ഞാനെന്നും വിളിക്കും. റേഞ്ചില്ലെന്നും ചാര്‍ജ്ജില്ലെന്നും പറഞ്ഞ്  ഫോണ്‍ ഓഫ് ചെയ്ത് വച്ചേക്കരുത്. പിന്നെ, നിങ്ങളുടെയാ തള്ളയുടെയടുത്ത് ഇതിന്റെ പേരും പറഞ്ഞ് അധികദിവസം നിന്നേക്കരുത്. എന്റെയും വീട്ടുകാരുടെയും കുറ്റം പറയാനല്ലാതെ അവര്‍ക്ക് വേറൊന്നും മിണ്ടാനില്ലല്ലോ. ആ പിന്നെ, രണ്ടുദിവസമെങ്കിലും ചേര്‍ത്തലയില്‍ താമസിക്കണം. അച്ഛന്റെ കാര്യമോര്‍ക്കുമ്പം... എങ്ങനെ നടന്ന ആളായിരുന്നു എന്റെ അച്ഛന്‍!'' പറഞ്ഞുതീരുന്നതിനുമുമ്പേ സരസമ്മ കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങി. 
അപ്പുക്കുട്ടന് അത് കണ്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. തളര്‍ന്നുകിടക്കുന്ന അച്ഛന്റെ കാര്യമോര്‍ത്തിട്ടാണെങ്കിലും തന്റെ മുമ്പില്‍ അവളൊന്ന് കരഞ്ഞല്ലോ. നാവെടുത്താല്‍ ശാപവാക്കുകളും കുറ്റപ്പെടുത്തലുകളും മാത്രം കേട്ട് മടുത്തു. ഇപ്പോഴെങ്കിലും അവളൊന്ന് എളിമപ്പെടുന്നുണ്ടല്ലോ. അമ്മായച്ഛന്റെ കാര്യമോര്‍ക്കുമ്പോള്‍ തനിക്ക് വിഷമമുണ്ടെങ്കിലും സരസമ്മ തന്റെ മുമ്പിലൊന്ന് കരയുന്നത് കാണുമ്പോള്‍ മനസ്സറിയാതെ സന്തോഷിക്കുന്നു. ഉള്ളിലെ വികാരം പുറത്തുകാണിക്കാതെ  അയാള്‍ സരസമ്മയെ ആശ്വസിപ്പിച്ചു. ഹെഡ്മാസ്റ്ററുടെ മുമ്പില്‍ മുട്ട് വിറച്ചുനില്‍ക്കുന്ന ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെയയാള്‍ ഭാര്യയുടെ എല്ലാ നിബന്ധനകള്‍ക്കും സമ്മതം മൂളി. 

നാരായണിയെക്കാണുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമെന്നോര്‍ത്തപ്പോള്‍ അപ്പുക്കുട്ടന്റെ മനസ്സില്‍ തൃശൂര്‍ പൂരപ്പറമ്പിലെ മേളക്കൊഴുപ്പുയര്‍ന്നു. ഹൃദയത്തിലാകെ ദുന്ദുഭിനാദം. സ്വപ്നങ്ങളുടെ ആകാശത്ത് നിറയെ ചമയങ്ങളുടെ വര്‍ണ്ണപ്പകിട്ട്! അയാള്‍ കലണ്ടറില്‍ നോക്കി. നാളെ, ശനിയാഴ്ച  വൈകിട്ട് എമിറേറ്റ്‌സില്‍ കയറിയാല്‍ തിങ്കളാഴ്ച രാവിലെ നാട്ടിലെത്താം. ഒന്നുരണ്ട് ദിവസം വീട്ടില്‍ തങ്ങണം. അമ്മയ്ക്ക് സംശയമൊന്നും തോന്നരുതല്ലോ. വ്യാഴാഴ്ച നല്ല ദിവസമാണെന്ന് തോന്നുന്നു. അന്ന് രാവിലെ പുറപ്പെടണം. കട്ടപ്പനയല്ല, ഏത് കാട്ടിലാണെങ്കിലും അവളെ തപ്പിപ്പിടിക്കണം. എന്നിട്ട്.... പിന്നത്തെ കാര്യമോര്‍ത്തപ്പോള്‍ അപ്പുക്കുട്ടനറിയാതെ നാണം വന്നു. ഒരു പതിനാറുകാരിയെപ്പോലെ ചുണ്ടുകള്‍ കടിച്ചു.  അവിഹിതമെങ്കിലങ്ങനെ. ഒരു മാസമെങ്കിലും തനിക്കൊന്ന് സുഖിക്കണം. എത്രകൊല്ലമാണിങ്ങനെ ജീവിക്കുന്നത്? തലതെറിച്ച രണ്ട് മക്കളും നന്ദിയില്ലാത്ത ഈ താഡകയും കൂടി തന്റെ ജീവിതം നായ നക്കിയ പരുവത്തിലാക്കാന്‍ തുടങ്ങിയിട്ട് കൊല്ലമെത്രയായി... അമര്‍ഷവും നിരാശയും മൂത്ത് അയാള്‍ പല്ലുകടിച്ചു. എന്തായാലും ഈശ്വരന്മാരുടെ സഹായത്താല്‍ നല്ലൊരു കാരണം കണ്ടുപിടിക്കാന്‍ പറ്റി. അതേ, ഇതുമൊരു കര്‍ക്കിടക 'ചികിത്സ'-യാണല്ലോ. കോട്ടയ്ക്കലിന് പകരം ഹൈറേഞ്ചിന്റെ തണുപ്പിലൊരു സുഖചികിത്സ! അപ്പുക്കുട്ടന് മേലാസകലം കുളിരുകോരിയിടുന്നതുപോലെ  തോന്നി.

നാരായണിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ത്തന്നെ കള്ളിമുണ്ടും ചുവന്ന ബ്ലൗസ്സും ധരിച്ച പണ്ടത്തെ അവളുടെ രൂപമാണ് മനസ്സിലേക്ക് വരുന്നത്. ഒരു അയല്‍ക്കാരി മാത്രമായിരുന്നില്ലല്ലോ അവള്‍. വീട്ടില്‍ അടുക്കളപ്പണിയ്ക്കായി സ്ഥിരം വന്നുകൊണ്ടിരുന്ന അമ്മ ദേവകിയോടൊപ്പം ചെറുപ്പം മുതലേ അവളും വന്നതുകൊണ്ട് നല്ല പരിചയക്കാരും അടുപ്പക്കാരുമായി. പത്താം ക്ലാസ്സില്‍ തോറ്റതോടുകൂടി വീട്ടിലേക്കുള്ള അവളുടെ വരവും കൂടി; അമ്മയ്ക്കാണെങ്കില്‍ അവളുടെ മിടുക്കിലും, പറമ്പിലെയും വീട്ടിലെയും പണികളില്‍  കാണിക്കുന്ന ശുഷ്‌കാന്തിയിലും വലിയ സന്തോഷവും. പ്രായത്തേക്കാള്‍ വളര്‍ന്ന അവളുടെ അവയവഭംഗി കാണുമ്പോള്‍ തന്നെപ്പോലുള്ള ഒരു കോളേജ് കുമാരന് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റും ? 
ഒരു സന്ധ്യയ്ക്ക് വീട്ടിലെ പണികളൊക്കെ കഴിഞ്ഞ് കിണറ്റിന്‍കരയിലുള്ള കുളിമുറിയിലേയ്ക്കവള്‍ കയറുന്നതുകണ്ട്, പതുങ്ങിച്ചെന്ന് മെല്ലെയവളെ കയറിപ്പിടിക്കുമ്പോള്‍ കുതറിയോടാന്‍ ശ്രമിക്കുമോയെന്നാണ് ശങ്കിച്ചത്. പക്ഷേ അതൊന്നുമുണ്ടായില്ല. അരണ്ടവെളിച്ചത്തിലവളുടെ നഗ്‌നസൗന്ദര്യം കണ്ട് നിയന്ത്രണം വിട്ടുപോയി. ''അപ്പ്വേട്ടന്‍ എന്നെ കെട്ടുവോ'' എന്ന 'മണ്ടന്‍' ചോദ്യമാണപ്പോഴവള്‍ ഉന്നയിച്ചത്. ''കെട്ടുന്ന കാര്യമൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം, ഇപ്പോള്‍ നിന്നെ ഞാനൊന്ന് കെട്ടിപ്പിടിയ്ക്കട്ടെ''എന്ന് പറയാനാണപ്പോള്‍ തോന്നിയത്. അയയില്‍ തൂങ്ങിക്കിടന്ന അവളുടെ കള്ളിമുണ്ടും ചുവന്ന ബ്ലൗസും തന്റെ ലുങ്കിയും 'പട്ടുമെത്ത'യാക്കി,  അതില്‍ കിടന്നുകൊണ്ടവളെ പരിരംഭണം ചെയ്യുമ്പോള്‍ നാരായണി നന്നായി സഹകരിച്ചു. എണ്ണത്തുടം പോലുള്ള അവളുടെ നാഭിച്ചുഴിയില്‍ വിരലുകളിട്ടിക്കിളിപ്പെടുത്തിയപ്പോള്‍  നാണംകൊണ്ടവള്‍ കുറുകി: ''അപ്പ്വേട്ടന്‍ എന്നെ കെട്ടുമോ?''  മറുപടിയൊന്നും  പറയാന്‍ നില്‍ക്കാതെ ആവേശപൂര്‍വ്വം അവളെ അടിമുടി ആസ്വദിക്കുകയായിരുന്നു. മലകളും താഴ്‌വരയും കടന്ന് ഒടുവില്‍ താന്‍ തളര്‍ന്നുകിടന്നപ്പോള്‍ വിയര്‍പ്പുമണികള്‍ നിറഞ്ഞ മുഖത്തും ദേഹത്തുമവള്‍ ചുംബനത്തെന്നലുകള്‍ കൊണ്ട് തഴുകി. 

മറ്റാരുമറിഞ്ഞില്ലെന്ന ധൈര്യത്തില്‍ മെല്ലെ വീട്ടിലേക്ക് കയറുമ്പോള്‍ അടുക്കളുടെ പുറംവരാന്തയില്‍ അമ്മ നോക്കിനില്‍ക്കുന്നത് ഒരു വിറയലോടെ കണ്ടു. അത്താഴത്തിന് അന്ന് തല കാണിച്ചില്ല. അമ്മ തന്നെ ചോദ്യം ചെയ്യുന്നതും അച്ഛനെക്കൊണ്ട് തല്ലിക്കുന്നതും ഏതുനിമിഷവും പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. പിറ്റേന്ന് രാവിലെ പണിക്ക് വന്ന ദേവകിയെ അമ്മ ഒരുപാടുപദേശിക്കുന്നതും താമസിയാതെ അവര്‍ മടങ്ങുന്നതുമാണ് കണ്ടത്. അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല, കാണക്കാരിക്കാരന്‍ ഒരു രാജപ്പനുമായി നാരായണിയുടെ കല്യാണമുറപ്പിച്ചുവെന്ന വാര്‍ത്ത കേട്ടു; അമ്മയാണ് ദേവകിക്ക് പണം കൊടുത്ത് സഹായിക്കുന്നതെന്നും.

കല്യാണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് ദേവീക്ഷേത്രത്തിലെ ഉത്സവരാത്രിയില്‍ കൊട്ടുപുരയുടെ മതിലിലിരുന്ന് കൂട്ടുകാരോടൊപ്പം ഗരുഡന്‍ തൂക്കം കണ്ടുകൊണ്ടിരിക്കമ്പോള്‍ നാരായണി അതുവഴി വന്നു. ഒരു സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞവള്‍ വിളിച്ചപ്പോള്‍ ഭയത്തോടെയാണ് അരികിലേക്ക് ചെന്നത്. മനം മയക്കുന്ന ചിരിയോടവള്‍ ചോദിച്ചു: ''അപ്പ്വേട്ടനെന്റെ കല്യാണത്തിന് വര്വോ?'' മറുപടി പറയാതെ കുഴങ്ങി നിന്നപ്പോള്‍ അവള്‍ ആശ്വസിപ്പിച്ചു: ''വേണ്ട, അപ്പ്വേട്ടന്‍ വരണ്ട. എന്നെ മറക്കാതിരുന്നാല്‍ മതി. ഞാനും അപ്പ്വേട്ടനെ ഒരിക്കലും മറക്കില്ല.''
ചെത്തുകാരന്‍ രാജപ്പനെയും വിവാഹം ചെയ്ത് കാണക്കാരിക്ക് പോയ നാരായണിയെ പക്ഷേ, താന്‍ മെല്ലെ മറന്നു. അധികകാലം കഴിയുന്നതിനു മുമ്പേ സരസമ്മ തന്റെ  ജീവിതത്തിലേക്ക് വരികയും ചെയ്തു. അച്ഛന്റെ ബിസിനസ് പങ്കാളിയാണ് അങ്ങേരുടെ സ്‌നേഹിതനായ ചേര്‍ത്തലക്കാരന്‍ ഗോപാലന്‍ മുതലാളിയുടെ മകളുമായുള്ള ആലോചന കൊണ്ടുവന്നത്. ഗോപാലന്‍ മുതലാളിയുടെ സഹോദരിയും കുടുംബവും അമേരിക്കയിലാണ്. നഴ്‌സിംഗ് കഴിഞ്ഞ് വിസ കിട്ടി അമേരിക്കയിലെത്തിയ സരസമ്മ അമ്മായിയുടെ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. തറവാട്ടുമഹിമയും പാരമ്പര്യവുമുള്ള കുടുംബത്തില്‍ നിന്നുമൊരു ചെക്കനെ മകള്‍ക്കുവേണ്ടി അന്വേഷിച്ചു നടന്ന  ഗോപാലന്‍ മുതലാളിക്ക് സുന്ദരനും 'സല്‍സ്വഭാവി'യുമായ തന്റെ ആലോചന വന്നപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. 

കെങ്കേമമായിട്ടാണ് കല്യാണം നടന്നത്. അന്‍പത്തൊന്ന് അംബാസിഡര്‍ കാറുകളുടെ അകമ്പടിയോടെ സരസമ്മയെന്ന നവവധു അണിഞ്ഞൊരുങ്ങിയെത്തിയത് ജനം ഒരുകാലത്തും മറക്കില്ല. അഞ്ഞൂറ്റിയൊന്ന് പവനും അഞ്ചുലക്ഷം രൂപയും സ്ത്രീധനമെന്ന് കേട്ടതേ നാട്ടുകാര്‍ മൂക്കത്ത് വിരല്‍വെച്ചുപോയി. നാട്ടുപ്രമാണിയായ അച്ഛനും കുറച്ചില്ല. നാടൊട്ടുക്ക് എല്ലാവരേയും ക്ഷണിച്ച് വിവാഹമൊരു ഉത്സവമാക്കി. വധൂവരന്മാരെ സ്വീകരണപ്പന്തലിലേക്ക് കയറ്റുമ്പോള്‍ പനിനീര്‍ തളിക്കാന്‍ 'മണ്ണത്തൂര്‍ വിശ്വ'-നെന്ന  ലക്ഷണമൊത്ത കൊമ്പനാനയെയാണ്  വരുത്തിയത്. ''നമ്മുടെ അപ്പുക്കുട്ടനല്ല, 'കൊമ്പന്‍ വിശ്വന് പറ്റിയതാ ഈ പെണ്ണ്' എന്ന് സരസമ്മയുടെ ശരീരവും നിറവും കണ്ട് കുടുംബക്കാരായ ചില വലിയമ്മമാര്‍ അഭിപ്രായപ്പെട്ടത് ചെവിയിലെത്തിയെങ്കിലും അതൊന്നും അത്ര കാര്യമാക്കിയില്ല. ഗോപാലന്‍ മുതലാളിയെന്ന സമുദായപ്രമാണിയുടെ മരുമകനാകുന്നതിനേക്കാള്‍ 'സരസമ്മ വഴി ഏഴാം കടലിനക്കരെ'യെന്ന സൗഭാഗ്യത്തിലായിരുന്നല്ലോ അന്നത്തെ മുന്തിയ ശ്രദ്ധ!

ശരീരവലിപ്പവും നിറവുമൊക്കെ മറക്കുമായിരുന്നു, സരസമ്മയുടെ പെരുമാറ്റത്തിലെ താന്‍ പോരിമയും  അഹമ്മദിമിയുമില്ലായിരുന്നെങ്കില്‍. അമേരിക്കയില്‍ വന്ന് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ സ്വഭാവത്തിലൊരു മാറ്റവും കണ്ടില്ല. 'അപ്പൂ' എന്നുള്ള അവളുടെ വിളി കേള്‍ക്കുമ്പോള്‍ത്തന്നെ താനവളുടെ മുമ്പിലൊരു കുട്ടിയാവുന്നതുപോലെ... അപ്പോഴൊക്കെയും നാരായണിയെയും 'അപ്പ്വേട്ടാ' എന്നുള്ള അവളുടെ സ്‌നേഹാര്‍ദ്രമായ വിളികളുമാണോര്‍മ്മ വന്നുകൊണ്ടിരുന്നത്. 
വര്‍ഷങ്ങള്‍ക്ക് മുമ്പൊരിക്കല്‍ അവധിക്ക് കുടുംബസമേതം നാട്ടില്‍ ചെന്നപ്പോഴാണ് നാരായണിയെ അവസാനമായി കണ്ടത്. അപ്പോഴേയ്ക്കുമവളൊരു വിധവയായിക്കഴിഞ്ഞിരുന്നു.  അമ്മ സമയാസമയങ്ങളില്‍ ഫോണിലൂടെ പറഞ്ഞെല്ലാ വിവരങ്ങളുമറിഞ്ഞിരുന്നെങ്കിലും നേരിട്ടവളെ കാണാന്‍ പറ്റിയിരുന്നില്ല.  കാണക്കാരിയില്‍നിന്നും എല്ലാം വിറ്റുപെറുക്കി ഹൈറേഞ്ചിനുപോയ രാജപ്പനും നാരായണിയും  അവിടെ ജീവിതം നന്നായി കരുപ്പിടിപ്പിച്ചുവരുമ്പോഴാണ് ദുരന്തം അവരെ തേടിയെത്തിയത്. കള്ളുചെത്തൊക്കെ നിര്‍ത്തി കൂടുതല്‍ ലാഭകരമായ തടിപ്പണിയിലേക്ക് രാജപ്പന്‍ തിരിഞ്ഞിരുന്നു. ഒരു രാത്രി കൂപ്പില്‍ പണിക്കുപോയ അയാള്‍ ലോറി മറിഞ്ഞ് ജീവന്‍ വെടിഞ്ഞതോടെ നാരായണിക്ക് തുണയായി പറക്കമുറ്റാത്ത ഒരു മകന്‍ മാത്രമവശേഷിച്ചു. 

''അമ്മ പറഞ്ഞാണ് അപ്പ്വേട്ടനും കുടുംബോം നാട്ടില്‍ എത്തീന്നറിഞ്ഞത്. വിവരങ്ങളൊക്കെ നിങ്ങളറിഞ്ഞുകാണുമല്ലോ. എല്ലാരേയും ഒന്ന് കാണണമെന്ന് തോന്നീട്ട് മാത്രം വന്നതാട്ടോ. നിങ്ങളെങ്ങാനും മൂന്നാറിന്  സര്‍ക്കീട്ടടിക്കുന്നുണ്ടെങ്കില്‍ വണ്ടി ഞങ്ങളുടെ വീടുവഴിയൊന്ന് വിടാന്‍ മറക്കല്ലേ.  കട്ടപ്പനേന്ന് ഏലപ്പാറയ്ക്ക് പോകുന്ന വഴി പൈങ്കുറ്റിക്കവലയ്ക്കടുത്താണ് ഞങ്ങളുടെ വീട്. കരിമ്പാറമുക്കിലെത്തിയിട്ട് കളര്‍കോട്ട് രാജപ്പന്റെ വീട് ചോദിച്ചാല്‍ ആരും കാണിച്ചുതരും.'' നാരായണി വീട്ടില്‍ വന്ന് ചിരിച്ചുകൊണ്ട് വിശേഷങ്ങളൊക്കെ പറയുമ്പോഴൊക്കെയും അവളുടെ കണ്ണുകളിലെ വിഷാദം ആര്‍ക്കും വായിച്ചെടുക്കാവുന്നതായിരുന്നു. കൂടെയുണ്ടായിരുന്ന മകനോട് പേര് ചോദിച്ചപ്പോളവന്‍ നാണം കുണുങ്ങി അമ്മയുടെ മുഖത്തേക്ക് നോക്കി, മൂക്കില്‍നിന്നുമൊലിച്ചിറങ്ങിയ സ്രവം നാവുകൊണ്ട് തോര്‍ത്തിയെടുത്തു. അതുകണ്ട് തന്റെ മക്കള്‍ ''വൂ...ഡിസ്ഗസ്റ്റിംഗ്'' എന്ന് പറഞ്ഞപ്പോള്‍ അറിയാതെ ചിരിച്ചുപോയത് ഇന്നുമോര്‍ക്കുന്നു. 

''പേര് പറയടാ കുട്ടാ'' നാരായണി മകനെ പ്രോത്സാഹിപ്പിച്ചു. 
''വാസു'' അവന്‍ മടിച്ചുമടിച്ചു പറഞ്ഞു. 

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സരസമ്മയെക്കൊണ്ട് അവള്‍ക്ക് കൊടുപ്പിച്ച പണം മടിയോടെയെങ്കിലും വാങ്ങി നാരായണി തന്റെ  ബ്ലൗസിനുള്ളിലേക്ക് തിരുകുമ്പോള്‍ അറിയാതെ ആ മാറിടത്തിന്റെ സൗന്ദര്യം നോക്കിനിന്നുപോയി. കാലമെത്ര കഴിഞ്ഞിട്ടും നാരായണിയുടെ സ്തനഭംഗിക്കും ശരീരവടിവിനും ഒരു കുറവുമുണ്ടായിരുന്നില്ല. താളത്തില്‍ നടന്നുനീങ്ങിയ അവളുടെ ശില്പഭംഗിയുള്ള ഉരുണ്ട നിതംബം വല്ലാതെ മോഹിപ്പിക്കുന്നതായിരുന്നു. ഗേറ്റിലെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി അവള്‍ സമ്മാനിച്ച ചിരിയും ആ മേനിയഴകുമാണ് ഇന്നും മനസ്സില്‍ തുടിച്ചുനില്‍ക്കുന്നത്. 

പെട്ടികളെല്ലാം പായ്ക്ക് ചെയ്ത് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ എത്രയും വേഗം നേരമൊന്ന് വെളുക്കാനാഗ്രഹിച്ചു. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം- അപ്പുക്കുട്ടന്‍ മനസ്സില്‍ കണക്കുകൂട്ടി. എത്രയും വേഗം പൈങ്കുറ്റിയില്‍ ചെന്ന് നാരായണിയുടെ വീടന്വേഷിച്ച് കണ്ടുപിടിക്കണം. അവളെയും കൂട്ടി മൂന്നാറിലോ കൊടൈക്കനാലിലോ മറ്റോ പോകണം. ഇപ്പോള്‍ ഏതാണ്ട് പ്രായപൂര്‍ത്തിയെത്തിയേക്കുന്ന മകനെ എന്തെങ്കിലും തുകയോ മറ്റോ കൊടുത്ത് ഒഴിവാക്കാവുന്നതേയുള്ളൂ. അപ്പ്വേട്ടനുവേണ്ടി അതിനൊക്കെ പറ്റിയ വഴി നാരായണിയെന്ന മിടുക്കി കണ്ടുപിടിക്കാതിരിക്കില്ല.

''അപ്പു ഉറങ്ങിയോ?'' കിംഗ് സൈസ് കട്ടിലിന്റെ സിംഹഭാഗവും കവര്‍ന്നെടുത്ത് വടയക്ഷിയെപ്പോലെ  കിടക്കുന്ന സരസമ്മയുടെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ അപ്പുക്കുട്ടന്‍ കണ്ണുകള്‍ മുറുകെയടച്ച്, ഉറക്കം നടിച്ചുകിടന്നു. സരസമ്മ പക്ഷേ, അനുനയത്തിലയാളെ കുലുക്കി വിളിച്ചുണര്‍ത്തി. 

''അപ്പു നാളെ പോയാല്‍ ഒരുമാസം കഴിഞ്ഞല്ലേ വരൂ?'' ശൃംഗാരച്ചിരിയോടെ അവരത് പറയുമ്പോള്‍ ഇരുട്ടില്‍ മിന്നാമിനുങ്ങിനെപ്പോലെ തിളങ്ങിയ അവരുടെ കണ്ണുകളിലെ ഭാവം അപ്പുക്കുട്ടന് എളുപ്പത്തില്‍ മനസ്സിലായി. അവജ്ഞയോടെ അയാള്‍ തിരിഞ്ഞുകിടന്നു. 

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി വീട്ടിലെത്തി അധികം കഴിയുന്നതിനുമുമ്പേ അപ്പുക്കുട്ടന്‍ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ആയൂര്‍വ്വേദ ചികിത്സയ്ക്കുവേണ്ടി മാത്രമായുള്ള വരവായതുകൊണ്ട് ഇത്തവണ അമ്മയോടൊപ്പം ബന്ധുവീട് സന്ദര്‍ശനങ്ങളോ മറ്റ് പ്രോഗ്രാമുകളോ ഉണ്ടാവില്ലെന്നറിയിച്ചപ്പോള്‍ അമ്മ ഒന്ന് തേങ്ങിയതുപോലെ.... ഭിത്തിയില്‍ മാലയിട്ട് ഫ്രെയിം ചെയ്ത് വച്ചിരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കിയതേയില്ല. കള്ളം പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ അത് തിരിച്ചറിയുവാനുള്ള അച്ഛന്റെ കഴിവ് ഇപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ടാവില്ലല്ലോ?! 
വ്യാഴാഴ്ച രാവിലെ തന്നെ കവലയില്‍ നിന്നുമൊരു ടാക്‌സി വരുത്തി അപ്പുക്കുട്ടന്‍ യാത്ര പുറപ്പെട്ടു. ഡ്രൈവര്‍ ഒരു കാരണവശാലും ഊഹിക്കുകപോലും ചെയ്യാതിരിക്കാനായി തൊടുപുഴ റീജന്‍സി ഹോട്ടലിന് മുമ്പില്‍ ചെന്നപ്പോള്‍ അയാളെ മടക്കിയയച്ചു. നാട്ടില്‍ച്ചെന്ന് അയാള്‍ പറയാവുന്ന പരമാവധി പരദൂഷണം താനിവിടെ ബാറില്‍ തങ്ങി മദ്യപിച്ചുവെന്നായിരിക്കും. ഹൂ കേര്‍സ്? രണ്ട് ഡ്രിങ്കും വിസ്തരിച്ചൊരു ഊണും കഴിഞ്ഞ് മറ്റൊരു ടാക്‌സിയില്‍ കട്ടപ്പനയ്ക്ക് വിടുമ്പോള്‍ മനസ്സില്‍ നുരഞ്ഞുപൊന്തിയത് നാരായണിയെന്ന 'മാന്‍ഷന്‍ ഹൗസി'ന്റെ സൗന്ദര്യലഹരിയായിരുന്നു. കാറിന്റെ പാതിതുറന്ന ജനലിലൂടെ ഇളം തണുപ്പുള്ള കിഴക്കന്‍കാറ്റ് വീശിയടിച്ചപ്പോള്‍ അപ്പുക്കുട്ടന്റെ ചുണ്ടില്‍ അറിയാതൊരു മൂളിപ്പാട്ട് പിറന്നു: ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ, നീ വരുമ്പോള്‍...'' 

'മാള്‍ബേറാ'യുടെ പായ്ക്കറ്റില്‍ നിന്നുമൊരെണ്ണമെടുത്ത് തീ കൊടുത്തപ്പോള്‍ സാമാന്യമര്യാദയ്ക്കയാള്‍ ഡ്രൈവറോട് ചോദിച്ചു: 
''വലിക്കുമോ?''
''വല്ലപ്പോഴും... ഇപ്പോള്‍ എന്തായാലും വേണ്ട സര്‍.'' 
അയാളെ സന്തോഷിപ്പിക്കാനായി ഒരു പുതിയ പാക്കറ്റ് മുഴുവനായി സമ്മാനിച്ചു. അതോടെ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. കട്ടപ്പനയപ്പുറം പൈങ്കുറ്റിയെന്ന് പറഞ്ഞ് ഓട്ടം വിളിക്കുമ്പോള്‍ അയാളുടെ മുഖത്ത്  ഉടലെടുത്തതെന്ന് തോന്നിച്ച അവജ്ഞാഭാവം എന്തായാലും ഇപ്പോഴില്ല. 
''സോറി, പേര് ചോദിക്കാന്‍ വിട്ടു...''
''എന്റെ പേര് മനോജ്..... സാര്‍ വെളിയില്‍ നിന്ന് വരുന്നതായിരിക്കുമല്ലോ. എവിടുന്നാ''? -- ഡ്രൈവര്‍  അനാവശ്യ സ്വാതന്ത്ര്യമെടുക്കുന്നില്ലേയെന്ന് സന്ദേഹിച്ചെങ്കിലും യാത്രയുടെ വിരസതയകറ്റാന്‍ അയാളുമായി എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കുന്നത് നന്നായിരിക്കുമെന്ന് അപ്പുക്കുട്ടന് തോന്നി. 
''ലണ്ടനീന്നാ....നാട്ടിലെ വീട് കോട്ടയത്തിനടുത്താ..''
''സാര്‍ കളര്‍കോട്ടമ്മയെ കാണാന്‍ പോകുവായിരിക്കും അല്ലേ? ഇപ്പം പുറത്തൂന്ന് വരുന്നവര് ഒരുപാട് പേര്‍ അങ്ങോട്ട് പോകാറുണ്ട്.''
''കളര്‍കോട്ടമ്മയോ... അതാരാ...? '' അപ്പുക്കുട്ടന് ഒന്നും പിടികിട്ടിയില്ല. 
''സോറി സാര്‍... പൈങ്കുറ്റിക്ക് പോകണമെന്ന് പറഞ്ഞപ്പം ഞാന്‍ കരുതി....''
''എനിക്ക് പൈങ്കുറ്റിക്ക് തന്നെയാണ് പോകേണ്ടത്. അവിടെ എന്റെ ഒരു സ്‌നേഹിതന്‍ രാജപ്പന്റെ വീട്ടില്‍ പോകണം. പൈങ്കുറ്റിക്കവലയ്ക്ക് മുമ്പ് കരിമ്പാറമുക്ക് എന്നോ മറ്റോ ആണ് അവരുടെ വീടിരിക്കുന്ന സ്ഥലത്തിന്റെ പേര്. അതിരിക്കട്ടെ, ആരാണീ കളര്‍കോട്ടമ്മ?''
''എന്റെ സാറേ, അതൊരു ഫ്രോഡ് കേസാ. സാറവരെ കാണാന്‍ പോകുന്നതല്ലാത്തതുകൊണ്ട് ധൈര്യമായി പറയാമല്ലോ. ഏതാണ്ടൊക്കെ പൂജേം മന്ത്രോം ചെയ്ത് നന്നായിട്ട് ആളെ കൂട്ടുന്നുണ്ട്. സംഗതി തട്ടിപ്പാന്നേ. നമ്മുടെ ആള്‍ക്കാര്‍ക്ക് വല്ല വിവരോമുണ്ടോ? അവരേതാണ്ട് തട്ടിപ്പ് മന്ത്രോം ചൊല്ലി ജപിച്ചുകൊടുക്കുന്ന ചരടും ഏലസ്സും വാങ്ങാന്‍ ഒരുപാട് പേര് ഇടിച്ചുകേറുന്നുണ്ട്. ആദ്യമൊക്കെ കിഴക്കന്‍ മലേല്‍ പണിയെടുക്കുന്ന തമിഴന്മാരും തോട്ടം പണിക്കാരുമായിരുന്നു അവരുടെ ഇരകള്‍. കുറേ നാളായി തെക്കുനിന്നും വടക്കുനിന്നും കൊച്ചീന്നുമൊക്കെ  ആള്‍ക്കാര് വന്നുപോകുന്നു. വൈകുന്നേരത്തെ പൂജ കഴിഞ്ഞ് എല്ലാവര്‍ക്കും ഒരു സ്‌പെഷ്യല്‍ പ്രസാദം കൊടുക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. അവനാണ് സൊയമ്പന്‍ സാധനം. കട്ടന്‍ ചായയില്‍ കഞ്ചാവ്കുരു അരച്ചുചേര്‍ത്തതാണെന്നാ നാട്ടിലെ സംസാരം. എന്തായാലും വരുന്നവര്‍ക്കൊക്കെ 'ഇടുക്കി ഗോള്‍ഡി'ന്റ ടേസ്റ്ററിയാന്‍ പറ്റും''- ഡ്രൈവര്‍ ചിരിച്ചുകൊണ്ട് വലിയ ആവേശത്തോടെയായിരുന്നു ഹൈറേഞ്ചിലെ പുതിയ ആള്‍ദൈവത്തെക്കുറിച്ച് പറഞ്ഞത്.

കട്ടപ്പന ടൗണ്‍ കഴിഞ്ഞ് ഏലപ്പാറ റൂട്ടിലേക്ക് കാര്‍ തിരിഞ്ഞപ്പോള്‍ അപ്പുക്കുട്ടന്‍ ചോദിച്ചു: ''അവര്‍ക്ക് ഭര്‍ത്താവും മക്കളുമൊന്നുമില്ലേ?''-
''ഭര്‍ത്താവൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചത്തിട്ട് കൊല്ലം കുറെയായി. ഒരു മകന്‍ മാത്രമേയുള്ളൂവെന്നാണ് കേട്ടത്. അയാളാണത്രെ കഞ്ചാവരച്ച് മിക്‌സ് ചെയ്യുന്നതിന്റെ ആശാന്‍. നേര്‍ച്ചവരവും പൂജാഫീസുമൊക്കെയായി ചെറിയ തുക വല്ലതുമാണോ സാറേ അവര്‍ക്ക് കിട്ടുന്നത്? ഞാന്‍ തന്നെ ഇതിന് മുമ്പ് തൊടുപുഴേന്ന് അങ്ങോട്ട് നാലഞ്ചുതവണ ഓട്ടം പോയിട്ടുണ്ട്. ഇത്രേം കൊല്ലത്തിനിടയില്‍ അവര്‍ ലക്ഷങ്ങള്‍ ഉണ്ടാക്കിക്കാണും!''
''ഇങ്ങനെ കഞ്ചാവും മറ്റും അരച്ചുചേര്‍ത്തു കൊടുത്താല്‍ പോലീസോ എക്‌സൈസോ പിടിയ്ക്കില്ലേ?''  അപ്പുക്കുട്ടന്‍ നിഷ്‌കളങ്കമായൊരു ചോദ്യം ചോദിച്ചു. 
''പിടിച്ചതുതന്നെ. എന്റെ സാറേ ഇവിടുത്തെ പോലീസും പട്ടാളോമൊക്കെ അവരുടെ വരുതീലാ. എല്ലാവര്‍ക്കും മാസപ്പടിയുണ്ടെന്നാ കേള്‍ക്കുന്നത്. അവരുടെ വീടിനടുത്ത് ഈയിടെയെങ്ങോ നാലഞ്ച് ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ ആശ്രമം പണിയാന്‍ കെട്ടിടത്തിന് കല്ലിട്ടത് സ്ഥലം എം.എല്‍.എ.യാണ്. പിന്നെന്ത് പോലീസ്?''
അപ്പുക്കുട്ടന്‍ എല്ലാം നിസ്സംഗമായി കേട്ടുകൊണ്ടിരുന്നു. സീറ്റിനരികില്‍ ഒതുക്കിവച്ചിരുന്ന വലിയ ബാഗിലേക്കയാള്‍  വെറുതെ നോക്കി. 
കാര്‍ പൈങ്കുറ്റിയിലേയ്ക്കടുക്കുന്തോറും വഴിനീളെ 'കളര്‍കോട്ടമ്മ'യുടെ കൈകൂപ്പി നില്‍ക്കുന്ന വലിയ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കാണാമായിരുന്നു. മഴക്കാര്‍ ഉരുണ്ടുകൂടിയതുകൊണ്ടാവണം വൈകുന്നേരമായപ്പോഴേ വലിയ തോതില്‍ ഇരുട്ട് വീണുതുടങ്ങി.  ആ ഇരുട്ടിലും, പടുകൂറ്റന്‍ ഫ്‌ളെക്‌സുകളിലെ  'കളര്‍കോട്ടമ്മ'-യുടെ പുഞ്ചിരിക്കുന്ന ചിത്രങ്ങളിലൂടെ അപ്പുക്കുട്ടന്‍ കണ്ണോടിച്ചു. കാവിക്കവചത്തിനിടയിലും അവരുടെ അരക്കെട്ടിന്റെ മാദകത്വവും അംഗലാവണ്യവും വെളിപ്പെടുന്നതുപോലെ അയാള്‍ക്ക് തോന്നി. 

ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ടുപോയ കാര്‍ ഒരു വലിയ ആള്‍ക്കൂട്ടത്തിനുമുമ്പില്‍ നിന്നു. ''ചൈതന്യമഠം''  എന്ന ആര്‍ച്ച്‌ബോര്‍ഡ് വച്ച കവാടത്തിലൂടെ ജനം പന്തലിലേക്ക് തള്ളിക്കയറുകയാണ്. ഇരുവശങ്ങളിലും 'കളര്‍കോട്ടമ്മ'യുടെ വലിയ കട്ടൗട്ടുകള്‍! ഉച്ചഭാഷിണിയിലൂടെ അന്തരീക്ഷം നിറയെ മുഴങ്ങുന്ന പ്രാര്‍ത്ഥനാമന്ത്രങ്ങള്‍
''ഇതാണ് സാര്‍ കരിമ്പാറമുക്ക്. ഇവിടെനിന്നോങ്ങോട്ടാണ് തിരിയേണ്ടത്?'' മനോജ് ഉത്തരവിനായി കാത്തു.

''കോട്ടയ്ക്കല്‍.''
അതുപറയുമ്പോള്‍ അപ്പുക്കുട്ടന്റെ മനസ്സില്‍ കള്ളിമുണ്ടും ചുവന്ന ബ്ലൗസുമില്ലായിരുന്നു; പകരം കുഴമ്പില്‍   പൊതിഞ്ഞ തോര്‍ത്തും കുറെ കിഴിത്തുണികളും! അന്തരീക്ഷം  നിറയെ കഷായത്തിന്റെ ഗന്ധം!!



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut