Image

ഹംസയുടെ ശുംഭത്തരത്തിന് എന്ത് മറുപടി പറയാനാണെന്ന് വി.എസ്

Published on 25 May, 2012
ഹംസയുടെ ശുംഭത്തരത്തിന് എന്ത് മറുപടി പറയാനാണെന്ന് വി.എസ്
കൊല്ലം: ടി.കെ. ഹംസയെപ്പോലുള്ളവരുടെ ശുംഭത്തരത്തിന് എന്ത് മറുപടി പറയാനാണെന്ന് വി.എസ് അച്യുതാനന്ദന്‍. തനിക്കെതിരേ ടി.കെ. ഹംസ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.എസ്. 1964 ല്‍ ഡാങ്കേയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് താനും തങ്ങള്‍ ഏറെ ആരാധിക്കുന്ന മുസാഫര്‍ അഹമ്മദും ഉള്‍പ്പെടെയുള്ളവര്‍ പുറത്തുവന്ന് രൂപീകരിച്ച പാര്‍ട്ടിയാണ് സിപിഐ-എം. പാര്‍ട്ടി വളര്‍ന്ന് കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിലെത്തിയപ്പോള്‍ 10 ലക്ഷം അംഗങ്ങള്‍ അണിനിരന്നിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് ഹംസ. അമരാവതിയില്‍ കൃഷിക്കാരെ അമരാവതി കാടുകളിലേക്ക് അടിച്ചിറക്കിയപ്പോള്‍ മാന്യമായ നിലയില്‍ ഭൂമി നല്‍കി മാത്രമേ അവരെ ഒഴിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് എകെജി നിരാഹാര സമരം നടത്തിയിരുന്നു. അന്ന് ഹംസ ഡിസിസി പ്രസിഡന്റായിരുന്നു. 'കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തു ഗോപാലാ ഗോപാലാ' എന്ന് എകെജിക്കെതിരേ മുദ്രാവാക്യം വിളിച്ചവനാണ് ഹംസ. സിപിഎം വളര്‍ന്നതോടെ ഡിസിസിയില്‍ നിന്ന് പയ്യെ പയ്യെ പാര്‍ട്ടിയില്‍ കടന്നു വന്ന് എംഎല്‍എയും എംപിയും മന്ത്രിയുമായി. ഇനിയെപ്പോഴാണ് ആനുകൂല്യം കിട്ടാനെന്ന് കാത്തിരിക്കുന്നയാളാണ് ഹംസയെന്നും ഇത്തരം ആളുകളുടെ ശുംഭത്തരത്തിന് എന്ത് മറുപടി പറയാനാണെന്നും വി.എസ് ചോദിച്ചു. ഹംസ നടത്തിയ പ്രസ്താവന തന്റെ ശ്രദ്ധയില്‍പെട്ടെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടായിരുന്നു വി.എസിന്റെ മറുപടി. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്നവനാണ് വി.എസെന്ന് ഉള്‍പ്പെടെയായിരുന്നു ഹംസയുടെ വിമര്‍ശനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക