Image

പ്രഭുദയ ക്യാപ്റ്റന്റെ സത്ക്കാരം സ്വീകരിച്ച ഡിവൈഎസ്പി ഉള്‍പ്പടെ പത്തു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍

Published on 25 May, 2012
പ്രഭുദയ ക്യാപ്റ്റന്റെ സത്ക്കാരം സ്വീകരിച്ച ഡിവൈഎസ്പി ഉള്‍പ്പടെ പത്തു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍
ആലപ്പുഴ: മത്സ്യബന്ധന ബോട്ടിലിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എം.വി. പ്രഭുദയ കപ്പല്‍ ക്യാപ്റ്റന്‍ ഗോര്‍ഡന്‍ ചാള്‍സ് പെരേരയുടെ സത്ക്കാരം സ്വീകരിച്ചതിന് ആലപ്പുഴ ഡിവൈഎസ്പി മഹേഷ് കുമാര്‍ ഉള്‍പ്പടെ അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന 10 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെരാത്രിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് ഇറങ്ങിയത്.

സംഭവത്തില്‍ നേരത്തെ ഒരു പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കപ്പല്‍ ക്യാപ്റ്റന്റെ സത്ക്കാരം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം ഉടന്‍ ആരംഭിക്കും. ഡോണ്‍ വണ്‍ എന്ന മത്സ്യബന്ധന ബോട്ടിലായിരുന്നു കപ്പല്‍ ഇടിച്ചത്. കേസില്‍ അറസ്റ്റ് ചെയ്ത ക്യാപ്റ്റനെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചതും ഈസ്റ്റര്‍ ദിനത്തില്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ മദ്യസത്ക്കാരം നടത്തിയതും മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

ഇതേത്തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിസ്ഥാനത്തു നില്ക്കുന്ന കപ്പല്‍ ക്യാപ്റ്റനുമായി പോലീസ് ചട്ടങ്ങള്‍ മറന്ന് അനാവശ്യമായ അടുപ്പം കാണിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക