Image

ചില പ്രതികരണങ്ങളും മറുപടികളും

ചുറ്റുവട്ടം - ശ്രീപാര്‍വ്വതി Published on 25 May, 2012
ചില പ്രതികരണങ്ങളും മറുപടികളും
അമ്മയുടെ കൈ പിടിച്ചുകൊണ്ട് ഞാന്‍ സ്വയം ചോദിച്ചു പോയി " ഒരു കുഞ്ഞുറുമ്പിന് ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്ക് കഴിയുമോ ഇതിലെ രാഷ്ട്രീയമൊന്നും ഞാന്‍ പറയുന്നില്ല എനിക്ക് അറിയില്ല പക്ഷേ ഒന്ന് പറയുന്നു കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു,പേടി തോന്നുന്നു ,മടുപ്പ്തോ ന്നുന്നു..കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ"
ഈ വരികള്‍ ഒരുപക്ഷേ ഇപ്പോള്‍ എല്ലാവര്‍ക്കും പരിചിതമായിട്ടുണ്ടാകും. പ്രശസ്ത ചലച്ചിത്ര നടന്‍ ശ്രീ മോഹന്‍ലാലിന്‍റെ വാക്കുകളാണത്, പ്രയോഗിച്ച സാഹചര്യവും വ്യക്തം, സഖാവ് ടി പി മരിച്ചതിന്‍റെ ആഘാതത്തില്‍ അദ്ദേഹം തന്‍റെ ബ്ലോഗിലെഴുതിയ കുറിപ്പിന്‍റെ ഒരു ഭാഗമാണത്. ഇതിന്‍റെ എല്ലാ ഭാഗങ്ങളും പ്രസക്തമാണ്, ആശുപത്രിയില്‍ കിടക്കുന്ന സ്വന്തം അമ്മയുടെ മുഖം കാണുമ്പോള്‍ ടി പി ചന്ദ്രശേഖരന്‍റെ അമ്മയെ ശ്രീ മോഹന്‍ലാല്‍ ഓര്‍ത്തത് പക്ഷേ ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലും ചാനലുകളിലും വരെ ചര്‍ച്ചകള്‍ തിമിര്‍ക്കുന്നു. എന്തിനാണ്, ഒരു വ്യക്തിയുടെ അഭിപ്രായത്തെ ഇങ്ങനെ ആഘോഷിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫെയ്സ്ബുക്കിലാണ്, വളരെ ആവേശത്തോടെ മോഹന്‍ലാലിന്‍റെ ബ്ലോഗ് പോസ്റ്റിനെ ഏറ്റെടുത്തത്. അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്നു പറയുന്ന മലയാളിയുടെ ക്രൂരത നിറഞ്ഞ സ്വഭാവം ഇവിടെയും പ്രകടമായി എന്നു തന്നെ വിഷമത്തോടെ പറയട്ടെ. എനിക്ക് മോഹന്‍ലാലിനോട് എടുത്താല്‍ പൊങ്ങാത്ത ആരാധനയില്ല. പക്ഷേ ഒരു കഴിവുറ്റ നടനെന്ന നിലയില്‍ ബഹുമാനം ഉണ്ടു താനും. പ്രത്യേകിച്ച് തിരക്കുള്ള മക്കള്‍ സ്വന്തം അമ്മമാര്‍ക്ക് ഒരു അസുഖം വന്നാല്‍ പോലും തിരിഞ്ഞു നോക്കാത്ത ഇക്കാലത്ത് സ്വന്തം അമ്മയുടെ അസുഖത്തെ തിരക്കുകള്‍ മാറ്റി വച്ച് അടുത്തു നിന്ന് പരിചരിക്കുന്ന ആ മകനോട് ബഹുമാനമില്ലെന്ന് പറയുന്നതെങ്ങനെ? ആ അമ്മയുടെ മുഖത്തു നോക്കുമ്പോള്‍ ഹൃദയമുള്ള ഏതൊരാളും ഓര്‍ത്തു പോകും സഖാവ് ടി പി ചന്ദ്രശേഖരന്‍റെ അമ്മയെ കുറിച്ച്. ഇതിലെ രാഷ്ട്രീയം ഇവിടെ ചര്‍ച്ചാ വിഷയമല്ല, വൈകാരികമായ ചില നിമിഷങ്ങളാണ്, പ്രധാനം.

ആക്ഷേപം ഉന്നയിക്കുന്നവരുടെ ആരോപണം ഇങ്ങനെ, ടി പി മരിക്കുന്നതിനും മുന്‍പ് ഇവിടെ സഖാക്കള്‍ മരിച്ചിരുന്നു, അന്നൊന്നും ഈ പറച്ചിലുകള്‍ കേട്ടില്ലല്ലോ, മുല്ലപ്പെരിയാര്‍ ചര്‍ച്ച വന്നപ്പോള്‍ മോഹന്‍ലാല്‍ എവിടെയായിരുന്നു..

വളരെ കഴമ്പില്ലാത്ത ഇത്തരം പറച്ചിലുകള്‍ നമ്മള്‍ മലയാളികള്‍ എന്നാണ്, ഉപേക്ഷിക്കുക? സാഹചര്യത്തിനനുസരിച്ചാണ്, മനുഷ്യന്‍ പ്രതികരിക്കുക, അത് എന്തു തന്നെയായാലും. ഈ അവസ്ഥയില്‍ ശ്രീ ലാല്‍ പ്രതികരിച്ചതില്‍ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിലല്ലെന്ന് കുറിപ്പ് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും എന്നിരിക്കേ അത് എന്തിനിത്ര ചര്‍ച്ചയാക്കി എന്നത് ചിന്തനീയമാണ്. ഗൂഡ്ഡലക്ഷ്യങ്ങള്‍ ഉദ്ദേശിച്ചല്ല എങ്കില്‍ നിസ്സാരമായി ഒരു പ്രതികരണം എന്ന മട്ടില്‍ തള്ളിക്കളയാവുന്ന ഒരു പോസ്റ്റ്, അത് ചിന്തിക്കേണ്ടത് വായനയും ചിന്തയുമുള്ളവരാണ്, അവര്‍ ചിന്തിക്കുമെന്നു തന്നെ കരുതട്ടെ.

ടി പി വധവുമായി ഉയര്‍ന്നു കേട്ട മറ്റൊന്ന്, പ്രമുഖ എഴുത്തുകാരുടെ നിസ്സഹകരണത്തെ കുറിച്ചുള്ള കുറിപ്പുകളായിരുന്നു. ഇത്ര നിഷ്ഠൂരമായ ഒരു ഹത്യ നടന്നിട്ടും പ്രതികരിക്കാത്ത സാംസ്കാരിക നേതാക്കന്‍മാരേയും നെറ്റ്വര്‍ക്ക് സൈറ്റുകള്‍ കണക്കിനു കളിയാക്കി വിട്ടു, ഇതിന്, ബാലന്‍ മാഷിന്‍റെ( കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്) കുറിപ്പ് അത്യന്തം ചിന്തനീയമായിരുന്നു. രൂപ കൊടുത്താല്‍ കാലുവെട്ടുന്നവരുള്ല കൊച്ചിയില്‍ താമസിക്കുന്ന തനിക്ക് പ്രായമേറിയെന്ന് അദ്ദേഹം തിരിച്ചറിയുന്നു, ക്ഷുഭിത യൌവ്വനം ഉയര്‍ത്തിയ വിപ്ലവ ചിന്തകള്‍ ഇനി എവിടെ കൊണ്ടാണ്, ഒളിപ്പിക്കേണ്ടത് എന്നറിയാതെ നിസ്സഹായനായ ഒരു സാധാരണ മനുഷ്യനെയാണ്, ആ കുറിപ്പുകളില്‍ വായിക്കാന്‍ കഴിയുക. വിപ്ലവം ഇനിയില്ല, പഴയതു പോലെയല്ല പ്രായമേറി, അപകടം പറ്റി ആശുപത്രിയില്‍ ആയാല്‍ പോലും കമ്മ്യൂണിറ്റികളില്‍ ചീത്ത വിളിക്കുന്ന ഒരു സുഹൃത്തും ബൈസ്റ്റാന്‍ഡര്‍ ആയി പോലും നില്‍ക്കില്ല എന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ട്. എങ്ങനെ തെറ്റു പറയാന്‍ കഴിയും ഈ ചിന്തയെ?

കേരളത്തിലെ ഇന്നത്തെ അവസ്ഥകള്‍ അങ്ങനെയാണെന്ന് ഒരുകാലത്ത് വിപ്ലവത്തിന്‍റെ നെടുംതൂണായിരുന്ന ഒരാള്‍ പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ടതോ?

പക്ഷേ പലര്‍കൂടിയ പാചകപ്പുരയില്‍ സദ്യ നന്നാവില്ല എന്നു പറയുന്നതു പോലെ പല തരത്തിലുള്ള ആശയങ്ങള്‍ സംവദിക്കുന്ന നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളില്‍ ഏതു തരം അഭിപ്രായങ്ങളുമുണ്ടാകാം. അത് തെറ്റെന്നു പറയാന്‍ മുതിരുന്നില്ല. പക്ഷേ ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ ആക്ടീവായി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ പലപ്പോഴും പല പോസ്റ്റുകളും കാണുമ്പോള്‍ ഉണ്ടാകുന്ന സഹതാപം തന്നെ ഇപ്പോഴും. മോഹന്‍ലാലിനെ ചീത്ത വിളിക്കാം ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ തെറി പറയാം പൃഥ്വിരാജിന്‍റെ ഫോട്ടോ ജഗതിയുടേതുമായി മോര്‍ഫ് ചെയ്ത് കളിക്കാം പക്ഷേ ഇതൊക്കെ അവനവന്‍റെ മനസ്സിലെ നിസ്സഹകരണ ശേഷി വെളിപ്പെടുത്തുന്നുണ്ടെന്ന് പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ എന്നാണ്, മനസ്സിലാക്കുക? അവനവന്, ചെയ്യാന്‍ കഴിയാത്തത് മറ്റുള്ലവരുടെ ബാദ്ധ്യതയാണെന്ന് കരുതുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

എഴുത്തുകാരും സാംസ്കാരിക നായകന്‍മാരും സിനിമാ നടന്‍മാരുമൊക്കെ മനുഷ്യരാണ്, ജീവനുള്ളവര്‍, അവനന്‍റെ ജീവനെ ഭയക്കുന്നവര്‍, സ്വന്ത ബന്ധങ്ങളുള്ലവര്‍, ഭയക്കേണ്ടതിനെ ഭയക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഒരു മാറ്റം അത് എങ്ങനെയാണെന്ന് ആര്‍ക്കാണ്, നിശ്ചയം?

അതുകൊണ്ട് പ്രതികരിക്കുന്നവര്‍ പ്രതികരിക്കട്ടെ, പ്രതികരിക്കുന്നവരെ ക്രൂശിക്കാതിരുന്നുകൂടെ,പ്രതികരിക്കാത്തവരെ സഹതാപം കൊണ്ടെങ്കിലും കല്ലെറിയാതെയും???
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക