Image

അഭയ കേസ്: സി.ബി.ഐ തമ്മിലടിച്ച കാലം

പി.ജി. ജാതവേദന്‍ നമ്പൂതിരി Published on 25 May, 2012
അഭയ കേസ്: സി.ബി.ഐ തമ്മിലടിച്ച കാലം
......
ഇതിനിടെ വേറൊരു പ്രധാന കേസ് കൊച്ചി ബ്രാഞ്ചില്‍ രജിസ്റ്റര്‍ചെയ്യേണ്ടിവന്നു, കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്. കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റില്‍ താമസിച്ചിരുന്ന ഒരു കന്യാസ്ത്രീയുടെ അപകടമരണം സംബന്ധിച്ച കേസ്. മരിച്ചത് സിസ്റ്റര്‍ അഭയ എന്ന പേരില്‍ അറിയപ്പെട്ട ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടി ബീന. രാവിലെ തണുത്ത വെള്ളമെടുക്കാന്‍ അടുക്കളയില്‍ പോയ അവരെ ഏറെ നേരമായിട്ടും തിരികെ കാണാഞ്ഞപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കോമ്പൗണ്ടിലുള്ള ഒരു കിണറ്റില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി അസ്വാഭാവികമരണം രജിസ്റ്റര്‍ചെയ്ത് തുടര്‍ന്നുള്ള നടപടികള്‍ എടുത്തു. ഏതാണ്ട് രണ്ടാഴ്ചയോളം കഴിഞ്ഞ്, അന്വേഷണം ക്രൈംബ്രാഞ്ചിന്റെ കൈയിലെത്തി. ഇതിനിടെ പൊലീസ്അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉന്നയിച്ച്, ചില ആളുകളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ഒരു ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം തുടങ്ങി. അവസാനം സംസ്ഥാന സര്‍ക്കാര്‍, കേസ് സി.ബി.ഐ.യെ ഏല്പിക്കാന്‍ തീരുമാനിച്ചു. 1992 മാര്‍ച്ച് 27-നാണ് സംഭവം നടന്നത്. ഞങ്ങള്‍ രംഗത്തെത്തിയത് കൃത്യം ഒരു വര്‍ഷത്തിനുശേഷവും.

കൊച്ചി ബ്രാഞ്ചിലെ ഡിവൈ.എസ്.പി. വര്‍ഗീസ് തോമസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അയാള്‍, തത്സമയം ഹംസവധക്കേസിന്റെ വിചാരണ നടന്നുകൊണ്ടിരുന്നതിനാല്‍ മുഴുവന്‍സമയവും കോടതിയില്‍ തിരക്കിലായിരുന്നെങ്കിലും എസ്.പി. കേസ് അയാള്‍ക്കുതന്നെ കൊടുത്തു. കടലാസുകളില്‍നിന്ന് ഒരു സാധാരണ അപകടമരണമെന്ന് കണക്കാക്കാമായിരുന്ന ഈ കേസ് ഡിവൈ.എസ്.പി.യെപ്പോലെ ഉയര്‍ന്ന തലത്തില്‍ കൈകാര്യംചെയ്യേണ്ട ആവശ്യം തീര്‍ച്ചയായും ഉണ്ടായിരുന്നില്ല. എന്നിട്ടും ഈ കേസ് ബ്രാഞ്ചിലെ ഏക ഡിവൈ.എസ്.പി. വര്‍ഗീസിന് എന്തിന് കൊടുത്തു എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതും അയാള്‍ അത്യധികം ജോലിത്തിരക്കിലായിരുന്നിട്ടും.

പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലാണ് എത്തിയത്. ഈ കണ്ടെത്തലിന് ഉപോദ്ബലകമായി പറഞ്ഞിരുന്ന കാര്യങ്ങള്‍: ഒന്ന് ഒരു പെണ്‍കുട്ടി കന്യാസ്ത്രീ ആകുമ്പോള്‍ കുടുംബത്തില്‍നിന്ന് പള്ളിക്ക് ഒരു തുക-5000 ആണെന്ന് തോന്നുന്നു-കൊടുക്കേണ്ടതുണ്ട്. ഇത് മുഴുവനും അടയ്ക്കാനുള്ള ധനസ്ഥിതി അഭയയുടെ കുടുംബത്തിന് ഇല്ലാതെപോയി. കോണ്‍വെന്റില്‍നിന്ന് ഈ പൈസ അടച്ചുതീര്‍ക്കാന്‍ ഏറെ സമ്മര്‍ദമുണ്ടായിരുന്നു. രണ്ട്, അഭയയുടെ കുടുംബത്തില്‍ ചിലരൊക്കെ മനോരോഗവും ആത്മഹത്യാപ്രവണതയും ഉള്ളവരായിരുന്നു, അമ്മയും അമ്മാവനും മറ്റും ഇതിനായി ചികിത്സയും തേടിയിട്ടുണ്ട്. മൂന്ന്, മഠത്തില്‍നിന്ന് കൂടുതല്‍ പഠനത്തിനായി കോളേജില്‍ അയച്ചിരുന്ന അഭയ, പരീക്ഷകളില്‍ ദയനീയമായി തോറ്റതിനാല്‍ വിഷാദത്തിന്റെ പിടിയിലായിരുന്നു. ഈ കാരണങ്ങളൊക്കെ ശരിയാണെന്നുവന്നാല്‍, ഒരുപക്ഷേ, ലോലഹൃദയയായ ഒരു പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചേക്കാം എന്നു കരുതാമെങ്കിലും അതിനു മതിയായ തെളിവുകള്‍ വേണമല്ലോ.

ആദ്യമേതന്നെ ഒന്നു പറഞ്ഞോട്ടെ. ഈ കേസിന്റെ മേല്‍നോട്ടത്തിനായി എനിക്ക് മൂന്നു ദിവസങ്ങളേ ചെലവാക്കാന്‍ കഴിഞ്ഞുള്ളൂ-അതും 1993 സപ്തംബറില്‍. ഓഹരിക്കേസുകളും മദ്രാസിലെ സ്‌ഫോടനക്കേസും മറ്റുമായി ഏറെ തിരക്കുള്ള സമയമായതുകൊണ്ട്, കൂടുതല്‍ സമയം ഇതിനുവേണ്ടി കോട്ടയത്തു താമസിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല എന്റേത്. സാധാരണഗതിയില്‍ ഇങ്ങനെ ഒരു കേസിനായി ജോയിന്റ് ഡയറക്ടര്‍ വരേണ്ട ആവശ്യംതന്നെ ഉണ്ടാകേണ്ടതല്ല. പക്ഷേ, ഇവിടെ കാര്യങ്ങള്‍ കുറേയധികം അവതാളത്തിലായി വരുന്നുണ്ടെന്ന് കേസിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായിരുന്നു. മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് നിഗമനം അപ്പാടെ അംഗീകരിക്കാനായിരുന്നു എസ്.പി. മുതിര്‍ന്നത്. അന്വേഷണോദ്യോഗസ്ഥന്‍ നല്കുന്ന കേസ്ഡയറികളുടെ അടിസ്ഥാനത്തിലാണ് ഈ മന്ത്‌ലി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇവിടെ അങ്ങനെയായിരുന്നില്ല. എസ്.പി.യും ഡിവൈ.എസ്.പി.യും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതകളുണ്ടായിരുന്നെന്ന് അറിയാന്‍കഴിഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് ഈ സാഹചര്യത്തില്‍ എനിക്ക് ആവശ്യമായി തോന്നി.

കോട്ടയത്ത് കോണ്‍വെന്റ് സന്ദര്‍ശിച്ചപ്പോള്‍, അവിടെ സംഭവം നടന്ന ദിവസത്തേതുപോലെ എല്ലാം സജ്ജീകരിച്ചിരുന്നത്, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായി. അടുക്കളയില്‍ സാധനങ്ങള്‍ താറുമാറായി കാണപ്പെട്ടു. അഭയയുടെ ചെരിപ്പുകള്‍ രണ്ടിടത്താണ് കിടന്നിരുന്നത്. റഫ്രിജറേറ്റര്‍ തുറന്നും വെള്ളത്തിന്റെ കുപ്പി താഴെ അടപ്പില്ലാതെയും. ശിരോവസ്ത്രം കുടുങ്ങിക്കിടന്നിരുന്ന വെളിയിലേക്കുള്ള വാതില്‍ പുറത്തുനിന്ന് ഭദ്രമായി അടച്ചിരുന്നു. സംഭവസ്ഥലത്ത് അഭയ ആത്മഹത്യചെയ്തതാവാനുള്ള സാധ്യത കാണാന്‍ കഴിഞ്ഞില്ല. എന്റെ സന്ദര്‍ശന നോട്ടില്‍, 'ഈ അടയാളങ്ങള്‍ ആത്മഹത്യയിലേക്ക് കൈചൂണ്ടുന്നില്ല, അവര്‍ തത്സമയം ആകെപ്പാടെ ഒരു മാനസികവിഭ്രാന്തിയിലായിരുന്നെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്നാണെഴുതിയിരുന്നത്. കോണ്‍വെന്റിലെ മറ്റു കന്യാസ്ത്രീകളോടും മദര്‍ സുപ്പീരിയറിനോടും മറ്റും ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തി. അഭയ ഏതെങ്കിലും രീതിയില്‍ അസ്വസ്ഥയായിട്ടോ മനോവ്യഥ അനുഭവിച്ചിരുന്നതായോ അവര്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല. മറ്റുള്ള അന്തേവാസികളും ഇത് സ്ഥിരീകരിച്ചു. അവരുടെ മാതാപിതാക്കളോടൊപ്പവും ഏറെസമയം ചെലവഴിക്കാനായി. അഭയയുടെ മേല്‍ പള്ളിവക പൈസ കൊടുക്കാത്തതിന്റെ പേരില്‍ ഒരു സമ്മര്‍ദവുമുണ്ടായിരുന്നില്ലെന്ന് രണ്ടുപേരും തീര്‍ത്തുപറഞ്ഞു. രണ്ടുമൂന്ന് തവണ പള്ളിയില്‍ അടച്ചുതീര്‍ക്കാനുള്ള പണവുമായി അച്ഛന്‍ തോമസ് പോയിരുന്നെങ്കിലും പിന്നീടാകട്ടെ എന്നു പറഞ്ഞ് അഭയതന്നെയാണയാളെ മടക്കിയയച്ചത്. കുടുംബാംഗങ്ങളില്‍ മനോരോഗമോ ആത്മഹത്യാപ്രവണതയോ ഉണ്ടെന്നുള്ള കണ്ടെത്തലും അവര്‍ പാടേ നിഷേധിച്ചു. അമ്മ ലീലാമ്മയുമായി സംസാരിച്ചതില്‍, ഇവര്‍ ബുദ്ധിസ്ഥിരത കൈവിടാതിരിക്കാന്‍ പാടുപെടുന്ന ഒരു സ്ത്രീയാണെന്ന് (അങ്ങനെയാണ് എസ്.പി. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നത്) വിശ്വസിക്കാനുള്ള യാതൊരു കാരണവും ഞാന്‍ കണ്ടില്ല. മറിച്ച് നല്ല വിവേകവും ബുദ്ധിശക്തിയുമുണ്ടെന്നാണു മനസ്സിലാക്കിയത്. പരീക്ഷയില്‍ തോറ്റിരുന്നെന്നത് ശരിയായിരുന്നു; പക്ഷേ, അതിന്റെപേരില്‍ അഭയ എന്തെങ്കിലും സംഘര്‍ഷം അനുഭവിച്ചിരുന്നതായി തെളിഞ്ഞില്ല. മറിച്ച്, നല്ലതുപോലെ പഠിച്ച് അടുത്ത തവണ ജയം കരസ്ഥമാക്കാം എന്ന ശുഭാപ്തിവിശ്വാസമായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ ഹേതുവായി കാണിച്ചിരുന്ന ഒന്നുംതന്നെ അങ്ങനെ നിലവിലില്ലാതെയായി. അക്കാലത്ത് പത്രമാധ്യമങ്ങളില്‍ വന്നിരുന്ന ചില റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്ന സൂചനകള്‍, ഉദാഹരണമായി അഭയ ഒരു സ്‌നേഹിത സില്‍വിയോട് കോണ്‍വെന്റില്‍ നടന്നിരുന്ന ചില പ്രവൃത്തികളെപ്പറ്റി പറഞ്ഞിരുന്നു എന്നത്, കൂടുതല്‍ അന്വേഷണം അര്‍ഹിച്ചിരുന്നെന്ന് ഞാന്‍ വിശ്വസിച്ചു.

(സെക്കുലര്‍ പൊലീസ് എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാംhttp://www.mathrubhumi.com/books/story.php?id=1636&cat_id=500
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക