Image

അധിക ഹാന്‍ഡ്‌ ബാഗേജ്‌: 100 ദിര്‍ഹം ഈടാക്കും

Published on 25 May, 2012
അധിക ഹാന്‍ഡ്‌ ബാഗേജ്‌: 100 ദിര്‍ഹം ഈടാക്കും
ദുബായ്‌ : അവധിക്കാലമടുത്തതോടെ കയറ്റാവുന്നതില്‍ അധികം ഭാരമുള്ള ഹാന്‍ഡ്‌ബാഗേജുമായി നാട്ടിലേയ്‌ക്കു വിമാനം കയറുന്നവര്‍ സൂക്ഷിക്കുക. അധിക ഭാരത്തിന്‌ അധികം തുക വിവിധ എയര്‍ലൈനുകള്‍ കര്‍ശനമായി ഈടാക്കിത്തുടങ്ങി. ഷാര്‍ജ വിമാനത്താവളത്തില്‍ കയ്യില്‍ വയ്‌ക്കാന്‍ അനുവദനീയമായതിലും കൂടുതല്‍ തൂക്കത്തിലുള്ള ബാഗേജുമായി എത്തിയവരില്‍ നിന്ന്‌ കഴിഞ്ഞ ദിവസം 100 ദിര്‍ഹം വീതം ഈടാക്കി. കൈവശം പണമില്ലാതിരുന്നവര്‍ കടം വാങ്ങിയും മറ്റും അഡ്‌ജസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരത്തേ ക്കുള്ള വിമാനത്തിലെ യാത്രക്കാരാണ്‌ ഇതേക്കുറിച്ചു പരാതിപ്പെട്ടത്‌. എന്നാല്‍ നിയമപ്രകാരമുള്ള തുക മാത്രമേ വാങ്ങിയിട്ടുള്ളൂവെന്ന്‌ എയര്‍ലൈന്‍ വക്‌താക്കള്‍ അറിയിച്ചു.

രാജ്യാന്തര നിയമ പ്രകാരം ഹാന്‍ഡ്‌ബാഗേജിന്റെ പരമാവധി അനുവദനീയമായ തൂക്കം ഏഴു കിലോയാണ്‌. ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ അടക്കമാണിത്‌. എന്നാല്‍ പ്രവാസികളില്‍ പലരും 10 കിലോയില്‍ അധികം ഭാരമുള്ള ഹാന്‍ഡ്‌ബാഗേജുമായാണ്‌ നാട്ടിലേക്കു പോകാനെത്തുന്നത്‌. തിരക്കില്ലാത്ത സമയങ്ങളില്‍ അല്‍പം ഭാരം കൂടിയാലും അനുവദിക്കാറുണ്ട്‌. ഹാന്‍ഡ്‌ ബാഗേജ്‌ ചെക്ക്‌ ഇന്‍ കഴിഞ്ഞ ശേഷം ഡ്യൂട്ടിഫ്രീയില്‍ നിന്നു പരമാവധി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പതിവുകാരാണു പ്രശ്‌നത്തിലാകുന്നത്‌.

സാധനങ്ങള്‍ തൂക്കി നോക്കി ഏഴു കിലോയില്‍ കൂടുതലാണെങ്കില്‍ ഷാര്‍ജയില്‍ എയര്‍ അറേബ്യ അധികം തുക ഈടാക്കും. അധിക ബാഗേജുകള്‍ മുകളിലെ കാരിയറില്‍ വയ്‌ക്കുന്നത്‌ അബദ്ധത്തില്‍ കാബിനുകള്‍ തുറക്കാനും അപകടങ്ങളുണ്ടാക്കാനും ഇടയാക്കുന്നതായും എയര്‍ലൈനുകള്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ ഇന്ത്യയാകട്ടെ അധികവലിപ്പമുള്ള ഹാന്‍ഡ്‌ബാഗേജുകള്‍ വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുന്‍പ്‌ തിരിച്ചു വാങ്ങി ബാഗേജിലേക്ക്‌ അയക്കുകയാണു ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക