Image

മലയാളി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

Published on 25 May, 2012
മലയാളി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
മനാമ: മലയാളി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മാഹി പള്ളൂര്‍ സ്വദേശിയും ചെന്നൈയില്‍ സ്ഥിര താമസക്കാരനുമായ പ്രമോദ്‌കുമാറിനെയാണ്‌ (38) ബുധനാഴ്‌ച രാത്രി രണ്ട്‌ സ്വദേശി യുവാക്കള്‍ കാറില്‍ തട്ടിക്കൊണ്ടുപോയി തലക്കും കണ്ണിനും കാലിനും ക്രൂരമായി മര്‍ദിച്ചത്‌. നുവൈദറാത്തിലെ കമ്പനിയില്‍നിന്ന്‌ ഡ്യൂട്ടി കഴിഞ്ഞ്‌ രാത്രി ഒമ്പത്‌ മണിയോടെ മഅാമീര്‍ ബസ്‌ സ്‌റ്റോപ്പില്‍ ഗുദൈബിയയിലെ താമസ സ്ഥലത്തേക്ക്‌ പോകാന്‍ സുഹൃത്ത്‌ വാഹനവുമായി വരുന്നത്‌ കാത്തു നില്‍ക്കുമ്പോഴാണ്‌ സംഭവം.

ചോക്‌ളേറ്റ്‌ ബ്രൗണ്‍ നിറത്തിലുള്ള കാറില്‍ വന്നിറങ്ങിയ യുവാക്കള്‍ പ്രമോദ്‌കുമാറിനെ ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റി. ഇറക്കിവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ മര്‍ദനം തുടങ്ങി.

പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ പോകാമെന്ന്‌ പറഞ്ഞാണ്‌ യുവാക്കള്‍ യാത്ര തുടര്‍ന്നത്‌. സിത്രയിലെ പെട്രോള്‍ പമ്പിന്‌ ഇടതു വശത്തെ റോഡിലൂടെ വിജനമായ സ്ഥലത്ത്‌ എത്തിയപ്പോള്‍ പ്രമോദ്‌ കാറിന്‍െറ ഗ്‌ളാസ്‌ ചവിട്ടി പൊട്ടിക്കാന്‍ ശ്രമം നടത്തി. ഈ സമയത്ത്‌ ഇരുമ്പ്‌ കമ്പി കൊണ്ട്‌ യുവാവ്‌ പ്രമോദിന്‍െറ തലക്കടിച്ചു. കണ്ണിനും കാലിനും മര്‍ദമേറ്റു. ഇതിനിടെ വാഹനത്തിന്‍െറ വേഗത കുറഞ്ഞപ്പോള്‍ പൊടുന്നനെ വാതില്‍ ചവിട്ടിത്തുറന്ന്‌ പ്രമോദ്‌ കാറില്‍നിന്ന്‌ ചാടിയിറങ്ങി.
രക്ഷിക്കണേയെന്ന്‌ വിളിച്ചു പറഞ്ഞ്‌ ഓടുന്നതിനിടെ ഇതുവഴി കാറില്‍ വന്ന അറബി അദ്ദേഹത്തിന്‍െറ കാറില്‍ കയറ്റുകയും സിത്ര മാളിനടുത്ത്‌ ഇറക്കി വിടുകയുമായിരുന്നുവെന്ന്‌ പ്രമോദ്‌ പറഞ്ഞു. പിന്നീട്‌ ആംബുലന്‍സ്‌ വിളിച്ച്‌ സല്‍മാനിയ ആശുപത്രിയില്‍ എത്തി. അപ്പോഴൊക്കെ തലയില്‍നിന്ന്‌ രക്തം ഒഴുകുന്നുണ്ടായിരുന്നു. തലക്ക്‌ 12 സെ. മീറ്റര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്‌. പണം അടങ്ങിയ പേഴ്‌സ്‌ യുവാക്കള്‍ കവര്‍ന്നു. മൊബെയില്‍ ഫോണ്‍ അരയില്‍ തിരുകി വെച്ചതിനാല്‍ നഷ്ടപ്പെട്ടില്ല. സല്‍മാനിയ ആശുപത്രിയില്‍ പൊലീസ്‌ പ്രമോദിന്‍െറ മൊഴി എടുത്തു.

ഒന്നര വര്‍ഷം മുമ്പ്‌ ബഹ്‌റൈനില്‍ എത്തിയ പ്രമോദ്‌ സെയില്‍സ്‌ എക്‌സിക്യൂട്ടീവായാണ്‌ ജോലി ചെയ്യുന്നത്‌. കുടുംബസമേതം ഗുദൈബിയയിലാണ്‌ താമസം. പ്രമോദിനെ ഇന്ന്‌ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസില്‍ ഹാജരാക്കുമെന്ന്‌ സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായി പറഞ്ഞു. പ്രമോദിന്‍െറ ബന്ധുവായ വിനോദ്‌, കെ.എം.സി.സി പ്രവര്‍ത്തകനായ ഇബ്രാഹിം തുടങ്ങിയവര്‍ സഹായത്തിന്‌ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക