Image

14 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക്‌ റെസിഡന്റ്‌ കാര്‍ഡ്‌ നിര്‍ബന്ധമാക്കി

Published on 25 May, 2012
14 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക്‌ റെസിഡന്റ്‌ കാര്‍ഡ്‌ നിര്‍ബന്ധമാക്കി
മസ്‌കത്ത്‌: ഫാമിലി ജോയിനിങ്‌ വിസയില്‍ ഒമാനില്‍ കഴിയുന്ന പ്രവാസി കുടുംബത്തിലെ കുട്ടികള്‍ 14 വയസ്‌ പൂര്‍ത്തിയാക്കി 15ാം വയസിലേക്ക്‌ കടന്നാലുടന്‍ നിര്‍ബന്ധമായും റെസിഡന്‍റ്‌ കാര്‍ഡ്‌ സ്വന്തമാക്കണം. അല്ലാത്തപക്ഷം, രക്ഷിതാക്കളെ കാത്തിരിക്കുന്നത്‌ കനത്ത പിഴ ശിക്ഷയാണെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

സിവില്‍ സ്റ്റാറ്റസ്‌ നിയമം ആര്‍ട്ടിക്കിള്‍ 42പ്രകാരം 15 വയസിലെത്തിയ ഏതൊരു ഒമാന്‍ നിവാസിക്കും റെസിഡന്‍റ്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. എന്നാല്‍, വയസ്‌ കണക്കാക്കുന്നത്‌ സംബന്ധിച്ച ആശയകുഴപ്പമാണ്‌ പലപ്പോഴും രക്ഷിതാക്കളെ കനത്ത പിഴയില്‍ ചാടിക്കുന്നതെന്ന്‌ അനുഭവസ്ഥര്‍ പറ
യുന്നു.

നിയമത്തില്‍ പരാമര്‍ശിക്കുന്നത്‌ 15ാം വയസിനെ കുറിച്ചാണെങ്കിലും 14 പൂര്‍ത്തിയാക്കിയ ഉടനെ റെസിഡന്‍റ്‌ കാര്‍ഡിന്‌ അപേക്ഷിച്ചില്ലെങ്കില്‍ നല്ലൊരു തുക പിഴ നല്‍കണം എന്നതാണ്‌ അവസ്ഥ.
2010 ഡിസംബറില്‍ 14 വയസ്‌ പിന്നിട്ട തന്‍െറ മകന്‍ ബസാമിന്‌ റെസിഡന്‍റ്‌ കാര്‍ഡ്‌ എടുക്കാന്‍ അപേക്ഷിച്ചപ്പോള്‍ 17 മാസം വൈകിയതിന്‌ 850 റിയാല്‍ പിഴ നല്‍കാനാണ്‌ തന്നോട്‌ അധികൃതര്‍ നിര്‍ദേശിച്ചതെന്ന്‌ ഒമാനിലെ സാമൂഹിക പ്രവര്‍ത്തകനായി ഇക്‌ബാല്‍ ഒരുമനയൂര്‍ ചൂണ്ടിക്കാട്ടി. മകന്‌ 2011 ഫെബ്രുവരിയില്‍ വിസ പുതുക്കിയിരുന്നു. അന്ന്‌ ഒരുമാസത്തിനകം റെസിഡന്‍റ്‌ കാര്‍ഡ്‌ എടുക്കണമെന്ന്‌ നിര്‍ദേശിക്കുന്ന സീല്‍ വിസക്കൊപ്പം പതിച്ചിരുന്നെങ്കിലും ശ്രദ്ധിച്ചില്ലത്രെ.
സഹപാഠികള്‍ റെസിഡന്‍റ്‌ കാര്‍ഡ്‌ എടുത്തുവെന്ന്‌ മകന്‍ പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ അപേക്ഷിച്ചപ്പോഴാണ്‌ ഭീമമായ പിഴ ലഭിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. താങ്ങാനാവാത്ത പിഴയാണെന്ന്‌ അറിയിച്ചപ്പോള്‍ രണ്ടുവര്‍ഷം വൈകിയാല്‍ വരെ 500 റിയാല്‍ പിഴ മതിയെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. റെസിഡന്‍റ്‌ കാര്‍ഡ്‌ എടുക്കാന്‍ വീഴ്‌ചവരുത്തിയത്‌ മന:പൂര്‍വമല്ലെന്നും പിഴ ചുരുക്കി തരണമെന്നും ആവശ്യപ്പെട്ട്‌ ശനിയാഴ്‌ച വീണ്ടും അധികൃതരെ സമീപിച്ചാനിരിക്കുകയാണ്‌ ഇക്‌ബാല്‍. ഇത്‌ ഇദ്ദേഹത്തിന്‍െറ മാത്രം അനുഭവമല്ല.

സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നുവെന്ന്‌ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്‌ മലയാളംവിങ്‌ ഭാരവാഹിയായ താജ്‌ പറഞ്ഞു. 13ാം വയസില്‍ വിസ പുതുക്കിയ കുട്ടിക്ക്‌ അടുത്തവട്ടം വിസ പുതുക്കുമ്പോള്‍ റെസിഡന്‍റ്‌ കാര്‍ഡിന്‌ അപേക്ഷിച്ചപ്പോഴാണ്‌ വൈകിയെന്ന്‌ തിരിച്ചറിയുന്നത്‌. 500 റിയാല്‍ പിഴ ഈടാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, തന്‍െറ സ്‌പോണ്‍സറും മറ്റും ഇടപെട്ട്‌ പ്രത്യേകം അപേക്ഷ നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ഒരുമാസത്തെ പിഴയായ 50 റിയാല്‍ നല്‍കി റെസിഡന്‍റ്‌ കാര്‍ഡ്‌ സ്വന്തമാക്കുകയായിരുന്നു.

മിക്കവാറും കുടുംബങ്ങള്‍ വിസ പുതുക്കുന്നതിനോടനുബന്ധിച്ചാണ്‌ കുട്ടികള്‍ക്ക്‌ റെസിഡന്‍റ്‌ കാര്‍ഡിന്‌ അപേക്ഷിക്കാറ്‌. എന്നാല്‍, റെസിഡന്‍റ്‌ കാര്‍ഡ്‌ എടുക്കേണ്ട പ്രായപരിധിയും വിസയും തമ്മില്‍ ബന്ധമില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം. കുട്ടികളുടെ വയസിന്‍െറ അടിസ്ഥാനത്തിലാണ്‌ ഇക്കാര്യം തീരുമാനിക്കുന്നതെന്നും ഇവര്‍ പറയുന്നു. റോയല്‍ ഒമാന്‍ പൊലീസിന്‍െറ വെബ്‌സൈറ്റ്‌ ഉള്‍പ്പെടെയുള്ള രേഖകളില്‍ 15 വയസിലെത്തിയവര്‍ക്കാണ്‌ റെസിഡന്‍റ്‌ കാര്‍ഡ്‌ വേണ്ടതെന്ന്‌ പറയുന്നുണ്ട്‌. എന്നാല്‍, 14 വയസ്‌ പൂര്‍ത്തിയാക്കുന്നതോടെ ഇവര്‍ 15ാം വയസിലേക്ക്‌ പ്രവേശിച്ചിവെന്നാണ്‌ അധികൃതര്‍ കണക്കാക്കുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
14 വയസ്‌ പിന്നിട്ട കുട്ടികളുള്ള കുടുംബങ്ങള്‍ വിസ പുതുക്കുന്ന സമയത്തിന്‌ കാത്തുനില്‍ക്കാതെ എത്രയും വേഗം റെസിഡന്‍റ്‌ കാര്‍ഡിന്‌ അപേക്ഷിക്കുന്നതാണ്‌ പിഴ ശിക്ഷ ഒഴിവാക്കുന്നതിന്‌ അഭികാമ്യമെന്നും അനുഭവസ്ഥര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക