Image

റിയാലിന്‍െറ വിനിമയ നിരക്ക്‌ 145 രൂപ പിന്നിട്ടു

Published on 25 May, 2012
റിയാലിന്‍െറ വിനിമയ നിരക്ക്‌ 145 രൂപ പിന്നിട്ടു
സലാല: ഒമാന്‍ പ്രവാസികളുടെ ചരിത്രത്തില്‍ ആദ്യമായി റിയാലിന്‍െറ വിനിമയ നിരക്ക്‌ 145 രൂപ പിന്നിട്ടു. നാട്ടിലേക്ക്‌ പണമയക്കാനുള്ള ഏറ്റവും മികച്ച നിരക്ക്‌ കൈവരിച്ചപ്പോഴും പെട്രോളിനും അവശ്യ സാധനങ്ങള്‍ക്കും നാട്ടില്‍ കുതിച്ചുകയറുന്ന വില പ്രവാസിയുടെ ജീവിതത്തില്‍ ഇടിത്തീയായി മാറുകയാണ്‌. ഇന്നലെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയപ്പോള്‍ വിനിമയ നിരക്ക്‌ 145.45 വരെ എത്തി. ഈ നിരക്ക്‌ ആഴ്‌ചകള്‍ പിന്നിടുന്നതോടെ 150 വരെ എത്തുമെന്നാണ്‌ ഈരംഗത്തെ വിദഗ്‌ധര്‍ കണക്ക്‌കൂട്ടുന്നത്‌. നാട്ടിലേക്ക്‌ ഉയര്‍ന്ന തുക അയക്കാന്‍ കഴിയുമെന്നത്‌ പ്രവാസികള്‍ക്ക്‌ ആശ്വാസമാണെങ്കിലും തകരുന്ന മൂല്യത്തിനൊപ്പം ഉയരുന്ന അവശ്യസാധനങ്ങളുടെ വില അവരുടെ സന്തോഷം തല്ലികെടുത്തുന്നു. വിനിമയ നിരക്ക്‌ റെക്കോര്‍ഡിലേക്ക്‌ ഉയര്‍ന്ന അതേദിവസം തന്നെയാണ്‌ നാട്ടില്‍ പെട്രോളിന്‍െറ വിലയും സര്‍വകാല റെക്കോര്‍ഡിലേക്ക്‌ എത്തിയത്‌. ഒരേസമയം നാട്ടിലെയും ഗള്‍ഫിലെയും സാമ്പത്തിക വ്യതിയാനങ്ങള്‍ക്ക്‌ ഇരയാകുന്നവരാണ്‌ പ്രവാസികള്‍ എന്നതിനാല്‍ വിനിമയ നിരക്കിലെ മെച്ചം നാട്ടില്‍ വേണ്ടത്ര ആസ്വദിക്കാന്‍ സാധാരണക്കാര്‍ക്ക്‌ കഴിഞ്ഞെന്ന്‌ വരില്ല. വന്‍തുക നാട്ടിലേക്ക്‌ അയച്ച്‌ ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപിക്കാഗ്രഹിക്കുന്നവര്‍ക്ക്‌ ഇത്‌ നല്ല സമയമായിരിക്കാം. എന്നാല്‍, വീട്ടിലെ ചെലവിന്‌ പണമയക്കുന്നവന്‌ അയക്കുന്ന ഉയര്‍ന്ന തുക നാട്ടിലെ വിലപെരുപ്പത്തില്‍ അലിഞ്ഞ്‌ ഇല്ലാതാകാനുള്ളതേയുള്ളു. പെട്രോള്‍ വില വര്‍ധനയില്‍ പ്രവാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌.

നിത്യോപയോഗസാധങ്ങളടക്കമുള്ള വസ്‌തുക്കളുടെ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന ശരാശരി മലയാളിയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുതിന്‌ പെട്രോള്‍ വിലവര്‍ധന ഇടയാക്കുമെന്ന്‌ ഐ.എം.ഐ. സലാല പ്രസിഡന്‍റ്‌ കെ. ഷൗക്കത്തലി മാസ്‌്‌റ്റര്‍ അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ്‌ ദാസ്യം മുഖമുദ്രയാക്കിയ യു.പി.എ. സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങളുടെ ഫലമാണിതെന്ന്‌ അദ്ദേഹം കുറ്റപെടുത്തി. വിലവര്‍ധനയെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ്‌ കേന്ദ്രകമ്മിറ്റിയുടെ പ്രസ്‌താവന അപലപനീയമാണ്‌. സര്‍ക്കാരിന്‍െറ നിഷ്‌ക്രിയത്വത്തിന്‍െറയും കഴിവുകേടിന്‍െറയും ഉദാഹരണം കൂടിയാണ്‌ ഈ വിലവര്‍ധനയെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇസ്ലാമിക്‌ മിഷന്‍ ഫോര്‍ ഇന്ത്യന്‍സ്‌ പ്രസിഡന്‍റ്‌ പറഞ്ഞു.

പെട്രോളിന്‍െറ വിലവര്‍ധന രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ യൂത്ത്‌ അസോസിയേഷന്‍ ഓഫ്‌ സലാല(യാസ്‌) പ്രസിഡന്‍റ്‌ കെ.പി. അര്‍ഷദ്‌ പറഞ്ഞു. ഈ നടപടി ജനജീവിതം പൂര്‍വ്വാധികം ദു:സ്സഹമാക്കും. മന്‍മോഹന്‍ സിന്ദ്‌ പണ്ട്‌ ധനമന്ത്രിയായതു മുതല്‍ രാജ്യത്തെ എങ്ങനെയെല്ലാം വിറ്റുതുലക്കാമന്നാണ്‌ ചിന്തിക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. രൂപയുടെ മൂല്യത്തകര്‍ച്ചയും നാണയപെരുപ്പവും യാദൃശ്ചികമല്ല. മഹാരാജ്യത്തിന്‍െറ ഭാവി ഈവിധം കുളംതോണ്ടിയ പ്രധാനമന്ത്രിയുടെ രാജികൊണ്ടുമാത്രംപാപക്കറ കഴുകിക്കളയാനാവില്ലെങ്കിലും ജനം അത്‌ പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ യാസ്‌ പ്രസിഡന്‍റ പറഞ്ഞു.

പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമായി മാറുന്ന ഇന്ത്യന്‍ ജനത ക്രിയാത്മകമായ പ്രതികരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തയാറായാല്‍ മാത്രമേ വിലവര്‍ധവനടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം സാധ്യമാകൂ എന്ന്‌ സലാല ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്‌ മലയാള വിഭാഗം മുന്‍ കണ്‍വീനറും സര്‍ഗവേദി കോഡിനേറ്ററുമായ സുരേഷ്‌ മേനോന്‍ പറഞ്ഞു.

ബന്ദോ ഹര്‍ത്താലോ പണിമുടക്കോ നടത്തുന്നതുകൊണ്ട്‌ തെറ്റായ നയങ്ങള്‍ തിരുത്തിക്കുന്നതിന്‌ കഴിയില്ല. ദീര്‍ഘകാല ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഒറ്റക്കും കൂട്ടായും നടപ്പാക്കാന്‍ സന്നദ്ധമാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്‍റ പിരിയുന്നതുവരെ വിലവര്‍ധന നീട്ടിവെച്ചുകൊണ്ട്‌ ജനാധിപത്യത്തെ അവഹേളിക്കുകയാണ്‌ യു.പി.എ. സര്‍ക്കാര്‍ ചെയ്‌തതെന്ന്‌ ഒമാന്‍ എഞ്ചിനിയറിംഗ്‌ കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ അക്കൗണ്ടന്‍റ്‌ യാക്കൂബ്‌ അഹമ്മദ്‌ പറഞ്ഞു. കാളവണ്ടിയുഗത്തിലേക്കാണ്‌ ഗവമെന്‍റ്‌ ജനങ്ങളെ നയിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകളോടുള്ള വിധേയത്വത്തിന്‍െറ ഫലമായി ജനങ്ങള്‍ കുത്തുപാളയെടുക്കുകയാണെന്ന്‌ ഗ്‌ളോബല്‍ മൈനിംഗ്‌ കമ്പനി ജീവനക്കാരന്‍ ഷിജു ശശിധരന്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക