Image

കണ്ണീരും കൈയുമായി കലാകാരന്മാരും കാണികളും പിന്നെ സംഘാടകരും

Published on 25 May, 2012
കണ്ണീരും കൈയുമായി കലാകാരന്മാരും കാണികളും പിന്നെ സംഘാടകരും
കണ്ണുനീരും കൈയുമായി കലാകാരന്മാരും സംഘാടകരും; കാശു നഷ്‌ടവും കണ്ണീരുമായി കാണികള്‍. നാട്ടില്‍ നിന്നും കൊണ്ടുവരുന്ന ഷോ ബിസിനസിന്റെ ഈ വര്‍ഷത്തെ സ്ഥിതിയാണിത്‌.
ഒരു ഡസന്‍ ഷോകളാണ്‌ ഈ സീസണില്‍ അമേരിക്കന്‍ മലയാളിയെ പുളക മണിയിക്കാന്‍ എത്തുന്നത്‌. ഇനിയും ചിലതു കൂടി വരാനുമിരിക്കുന്നു.

പല ഷോകളും ബുക്കിംഗ്‌ കിട്ടാതെ മടങ്ങുന്നു.നടത്തുന്ന ഷോകള്‍ക്ക്‌ ആളില്ല. ഒരേ നഗരത്തില്‍ ഒന്നിലേറെ ഷോകള്‍ ഒരേസമയം നടന്നാല്‍ കാണികളെന്തു ചെയ്യും? വരുന്ന കലാകാരന്മാര്‍ പലരും ആഹാരവും താമസവും കിട്ടിയാല്‍ കലാപരിപാടി നടത്താമെന്നു വരെ പറയുന്ന അവസ്ഥ.

ആകെ സ്ഥിതി മോശം. ഇവരൊക്കെ നാട്ടില്‍ തിരിച്ചു ചെന്നു കഴിയുമ്പോള്‍ അമേരിക്കന്‍ മലയാളിയെപ്പറ്റി അധികമൊന്നും നല്ലതു പറയാന്‍ കാണില്ലെന്നതും ഓര്‍ക്കുക.

എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌? ഷോ ബിസിനസ്‌ രംഗത്ത്‌ 39 വര്‍ഷ ത്തെ പരിചയമുളള കുലപതി തന്നെയായ സി. വി ജയന്റെ (താരാ ആര്‍ട്‌സ്‌) അഭിപ്രായത്തില്‍ പ്ലാനിംഗിന്റെ അഭാവമാണ്‌ പ്രധാന കാരണം. രണ്ടും മൂന്നും വര്‍ഷം മുമ്പേ പ്ലാന്‍ ചെയ്‌താണ്‌ താന്‍ ഒരോ ഷോയും നടത്തുന്നതെന്ന്‌്‌ അദ്ദേഹം പറയുന്നു. അതിനാല്‍ വലിയ ലാഭം ഉണ്ടായില്ലെങ്കിലും വലിയ നഷ്‌ടം വരാതെ മുന്നോട്ടു പോകാന്‍ കഴിയുന്നു.

വിസ കിട്ടാന്‍ പണ്ടത്തെപ്പോലെ ഇപ്പോള്‍ പ്രയാസമില്ല. അതിനാല്‍ ഏതെങ്കിലും കുറെ കലാകാരന്മാരെ തട്ടിക്കൂട്ടി പുതിയ സംഘാടകര്‍ ഷോയുമായി എത്തുകയാണ്‌ ബുക്കിംഗ്‌ കിട്ടുമെന്ന പ്രതീക്ഷയില്‍.
പക്ഷേ പ്രതീക്ഷ ഫലിക്കുന്നില്ല. സംഘാടകന്‌ കനത്ത നഷ്‌ടം. കലാകാരന്മാര്‍ക്ക്‌ അമേരിക്കന്‍ മലയാളികളോട്‌ മൊത്തം അമര്‍ഷം.

ഷോ നല്ലതല്ലെങ്കില്‍ കൊണ്ടുവന്നിട്ട്‌ ഒരു കാര്യവുമില്ലെന്നാണ്‌ വിജയന്റെ പക്ഷം. നടിയേയും നടന്മാരെയുമൊക്കെ കാണാന്‍ ആളുകൂടുന്ന കാലം കഴി ഞ്ഞു.

ടി.വി സജീവമായതോടെ മികച്ച കോമഡിയും മറ്റു പരിപാടികളുമൊക്കെ കണ്ടിട്ടാണ്‌ ജനം വരുന്നത്‌. തണുത്തുറഞ്ഞ പ്രകടനം നടത്തി താരങ്ങള്‍ വന്നിട്ട്‌ എന്തുകാര്യം? മോഹന്‍ലാലിന്റെ ഷോ പോലും നല്ലതല്ലെങ്കില്‍ ആളുകള്‍ തിരസ്‌കരിക്കുമെന്ന്‌ കരുതണമെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.

ലാഭനഷ്‌ടങ്ങളെക്കാള്‍ ആളുകള്‍ക്ക്‌ ആഹ്‌ളാദം പകരുന്ന വേദി ഒരുക്കുന്നു എന്ന ആത്മസംതൃപ്‌തിയാണ്‌ ഷോകള്‍ കൊണ്ടുവരാന്‍ പലര്‍ക്കും പ്രേരണ നല്‍കുന്നത്‌. അത്‌ ദുരുപയോഗം ചെയ്യാനും ചിലര്‍ക്ക്‌ മടിയില്ല. കലാകാരന്മാരെന്ന വ്യാജേന ആളുകളെ കൊണ്ടുവരാനും ചിലര്‍ ഷോ ബിസിനസിനെ ഉപയോഗപ്പെടുത്തുന്നു.

സുജാത, ശ്വേത ടീമിന്റെ ഷോയാണ്‌ ഇത്തവണ വിജയന്‍ അവതരിപ്പിക്കുന്നത്‌. ഇതേവരെ നല്ല പ്രതികരണമാണ്‌ കിട്ടിയത്‌. രണ്ടുവര്‍ഷം മുമ്പേ പ്ലാന്‍ ചെയ്‌തതാണ്‌.  ഏപ്രില്‍, മെയ്‌, സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ എന്നീ നാലു മാസങ്ങളാണ്‌ ഷോയ്‌ക്ക്‌ അനുകൂലമായ സമയമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. ഈസ്റ്റര്‍ കഴിഞ്ഞേ ഷോ തുടങ്ങാനാവൂ.  വിന്റര്‍ സീസണില്‍ നമുക്ക്‌ യാത്രയും മറ്റും പ്രയാസമില്ലെങ്കിലും നാട്ടില്‍ നിന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ അതുമായി ഒത്തു പോകുക വിഷമകരമായിരി ക്കും. അതിനാല്‍ വിന്ററിലും കലാപ രിപാടികള്‍ കൊണ്ടുവരിക എളുപ്പമല്ല.

ഷോകളുടെ പരസ്യരീതിക്ക്‌ മാറ്റമുണ്ടായതും ഇതിന്റെ വിജയ സാധ്യതയെസാ രമായി ബാധിച്ചു. മുമ്പൊക്കെ അച്ചടി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നപ്പോള്‍ ഷോകള്‍ക്ക്‌ മികച്ച പ്രതികരണമാണ്‌ കിട്ടിയിരുന്നത്‌.

ഇപ്പോള്‍ എളുപ്പവഴിയായ ഈമെയിലൂടെയായി പരസ്യ പ്രചാരണം. ജങ്ക്‌ മെയില്‍ വിഭാഗത്തില്‍ പെടുന്ന ഇത്തരം മെയിലുകള്‍ ആളുകള്‍ തുറന്നുനോക്കാറേയില്ല.

അച്ചടി മാധ്യമത്തിലാകുമ്പോള്‍ അത്‌ കാണാതെ പോകുക വിഷമകരമാണ്‌. മാത്രവുമല്ല യുവജനതയുടെ ഇഷ്‌ടരീതികളാണ്‌ ഈമെയിലും ടെക്‌സറ്റുമൊക്കെ.

മലയാളത്തിന്റെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഷോയോട്‌ അവര്‍ക്ക്‌ വലിയ പ്രതിപത്തിയൊന്നുമില്ല. കേരളത്തില്‍ ജനിച്ചു വളര്‍ന്ന്‌്‌ അമേരിക്കയിലെത്തിയ യുവത്വം കടന്നവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെയാണ്‌ മലയാളത്തിന്റെ കലാ കാരന്മാരോട്‌ ആദരവ്‌. അവരാകട്ടെ ഈമെയില്‍ പരസ്യങ്ങള്‍ അധികമൊന്നും ശ്രദ്ധിക്കാത്തവരുമാണ്‌. ഫലത്തില്‍ കിട്ടേണ്ട ഓഡിയന്‍സിന്റെ പക്കല്‍ വിവര മെത്താതെ പോകുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു.

ഷോകളുടെ അതിപ്രസരത്തില്‍ ബാലഭാസ്‌കറിന്റേതുപോലുളള നല്ല ഷോകള്‍ അവസരം കിട്ടാതെ രംഗം വിടേണ്ടി വരുന്നത്‌ ഖേദകരമാണെന്ന്‌ ഫോമ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. ഷോ കൊണ്ടുവരുന്നവര്‍ തമ്മില്‍ കോഓര്‍ഡിനേഷന്‍ ഇല്ലാത്തതാണ്‌ ഇതിന്‌ കാരണം.
ന്യൂയോര്‍ക്ക്‌ പോലുളള വന്‍നഗരത്തില്‍ പോലും ഷോ കാണുന്നവരുടെ എണ്ണം രണ്ടായിരത്തില്‍ ഏറെയില്ലെന്ന്‌ മുമ്പ്‌ ഷോകള്‍ നടത്തിയിട്ടുളള ജേക്കബ്‌ റോയി ചൂണ്ടിക്കാട്ടുന്നു. അവര്‍ എത്ര ഷോയ്‌ക്ക്‌ പോകും? അതിനു പുറമെ ഒ രേ ദിവസം ഷോകള്‍ നടത്തിയാല്‍ എന്തു ചെയ്യും?
ഷോ കൊണ്ടുവരുന്നവരും കൊണ്ടുവരാന്‍ പ്ലാനുളളവരും ചേര്‍ന്ന്‌ ഒരു കമ്മിറ്റിയോ സംഘടനയോ ഉണ്ടാക്കുകയാണ്‌ വേണ്ടതെന്ന്‌ അനിയന്‍ ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു.

നാട്ടിലെ അമ്മ, മാക്‌ തുടങ്ങിയ സംഘടനകളുടെ മാതൃകയിലാവാം ഇത്‌. അ തുപോലെ തന്നെ ഒരേസമയത്ത്‌ രണ്ടു ഷോകള്‍ വന്നാല്‍ ഒന്ന്‌ ഈസ്റ്റ്‌ കോസ്റ്റില്‍ തുടങ്ങുമ്പോള്‍ മറ്റേത്‌ വെസ്റ്റ്‌ കോസ്റ്റില്‍ നിന്ന്‌്‌ തുടങ്ങണം. അതിനു മൊക്കെ പ്ലാനിംഗും കോഓര്‍ഡിനേഷനും വേണം.
പല ഷോകള്‍ വരുമ്പോള്‍ സംഘാടകരെ പിണക്കേണ്ടല്ലോ എന്നോര്‍ത്ത്‌ അ മേരിക്കന്‍ മലയാളി പല ടിക്കറ്റുകള്‍ എടുക്കാന്‍ നിര്‍ബന്ധിതനായെന്നിരിക്കും. ഇപ്പോഴത്തെ ഇക്കോണമിയില്‍ അതുമൊരു അധികഭാരം.

ഷോ കൊണ്ടുവരുന്നതിന്‌ സീസണ്‍ അത്ര കാര്യമായെടുക്കേണ്ട എന്ന പക്ഷക്കാരനാണ്‌ അനിയന്‍. 2007 ഡിസംബറില്‍ അനിയന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന സായ്‌കുമാര്‍, ബിന്ദു പണിക്കര്‍ ഷോ മികച്ച വിജയം നേടുകയുണ്ടായി. ന്യൂയോര്‍ക്ക്‌, ചിക്കാഗോ മേഖലയിലാണ്‌ സ്‌നോ പ്രശ്‌നം. ടെക്‌സസിലോ കാലിഫോര്‍ണിയയിലോ അതൊരു വിഷയമല്ല.

ഇത്രയും കാലം നാട്ടില്‍ പോയി സിനിമ പിടിക്കുന്നവരായിരുന്നു കൈപൊളളി വന്നിരുന്നത്‌. ഇപ്പോള്‍ അത്തരക്കാരെ അമേരിക്കയിലും കാണാമെന്നതായി സ്ഥിതി.

നാട്ടില്‍ നിന്നു കൊണ്ടുവരുന്ന കലാകാരന്മാരെ മാന്യമായ രീതിയില്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു ഖേദകരമാണെന്ന്‌ വിജയന്‍ ചൂണ്ടിക്കാട്ടുന്നു. സംഘാടകരെ ആശ്രയിച്ചാണ്‌ അവര്‍ വരുന്നത്‌. താന്‍ അവരെ ഹോട്ടലുകളില്‍ അര്‍ഹമായ സൗകര്യത്തോടെയാണ്‌ പാര്‍പ്പിക്കാറുളളത്‌.

ഷോകളുടെ എണ്ണം കൂടുന്നതു കൊണ്ടുതന്നെ ആര്‍ക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാവില്ലെന്നത്‌ വസ്‌തുതയാണ്‌. കാഴ്‌ചക്കാര്‍ പരിമിതമാണല്ലോ. അവര്‍ക്ക്‌ എത്ര ഷോകള്‍ കാണാനാകും? എന്തായാലും ഇതൊരു കീറാമുട്ടി പ്രശ്‌നം തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക